നീതിന്യായ വ്യവസ്ഥയെ ആദരിക്കുകയാണ് സമാധാന സ്ഥാപനത്തിനുളള മാര്‍ഗ്ഗം: ഓര്‍ത്തഡോക്സ് സഭ

 
2017 ജൂലൈ 3 ലെ ബഹു. സുപ്രീംകോടതിയുടെ വിധി പിറവം സെന്‍റ് മേരീസ് പളളിയില്‍ നടപ്പിലാക്കുന്നതിന് പോലീസ് സംരക്ഷണം തേടി ഓര്‍ത്തഡോക്സ് ഭാഗം വികാരിയും ഭാരവാഹികളും ബഹു. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി സംബന്ധിച്ച് ആഭ്യന്തരവകുപ്പ് നല്‍കിയിരുന്ന സത്യവാങ്മൂലം പോലീസിന് പ്രവര്‍ത്തനസ്വാതന്ത്ര്യം അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നതാണെന്ന് സഭാ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍. എന്നാല്‍ സഭയില്‍ സമാധാനം പുന:സ്ഥാപിക്കുന്നതിനായുളള ശ്രമങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗങ്ങള്‍ തെറ്റിദ്ധാരണ പരത്തുന്നവിധത്തിലുളളതാണ്. സമാധാന സ്ഥാപനത്തിനുളള ആദ്യ നടപടി ഈ രാജ്യത്തെ നീതിന്യായവ്യവസ്ഥയെ ആദരിക്കയും ബഹു. സുപ്രീം കോടതിയുടെ വിധിയും 1934 ലെ സഭാഭരണഘടനയും അംഗീകരിക്കുകയും ചെയ്തുകൊണ്ടായിരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
 
1958, 1995 എന്നീ വര്‍ഷങ്ങളിലും മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലമായ സുപ്രീം കോടതിവിധി ഉണ്ടായിട്ടുണ്ട്. അതിന് മുമ്പും പിന്‍പും ഉഭയകക്ഷി ചര്‍ച്ചകളുടെയും മധ്യസ്ഥശ്രമങ്ങളുടെയും പരമ്പര തന്നെ ഉണ്ടായിട്ടുണ്ട്. അവയില്‍ നിന്നും കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് മന്ത്രിസഭാ ഉപസമിതിയുടെ ആഭിമുഖ്യത്തില്‍ നടന്നിട്ടുളള സഭാ സമാധാന സ്ഥാപനശ്രമങ്ങളില്‍ നിന്നും യാക്കോബായ വിഭാഗം ഏകപക്ഷീയമായി പിന്മാറുകയാണ് ചെയ്തത്. മന:പൂര്‍വ്വം സംഘര്‍ഷം സൃഷ്ടിച്ച് ക്രമ സമാധാനനില തകരാറിലാണെന്ന് വരുത്തി ആരാധനാലയങ്ങള്‍ പൂട്ടിക്കുന്നതിനും അനധികൃതമായി പളളികള്‍ കൈയ്യേറുന്നതിനുമാണ് യാക്കോബായ വിഭാഗം ശ്രമിച്ചത്. സഭയില്‍ ശാശ്വത സമാധാനത്തിന് അടിസ്ഥാനമാകേണ്ട സഭാഭരണഘടനയെക്കുറിച്ചും ബഹു. സുപ്രീംകോടതിയുടെ വിധിയെക്കുറിച്ചും പരി. പാത്രിയര്‍ക്കീസ് ബാവാ മൗനം പാലിക്കുന്നത് സമാധാനം സ്ഥാപിക്കാനുളള ശ്രമമായി കരുതാനാവില്ല.
 
ഇച്ഛാശക്തിയുളള സര്‍ക്കാര്‍ പ്രശ്നത്തിന്‍റെ ഗൗരവം മനസ്സിലാക്കി ഉണര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇടവകയിലെ അംഗങ്ങളുടെ ഭൂരിപക്ഷം ഉള്‍പ്പെടെയുളള വിഷയങ്ങളില്‍ കോടതികള്‍ വിശദമായ വാദം കേള്‍ക്കുകയും തീര്‍പ്പ് കല്പിക്കുകയും ചെയ്തിട്ടുളളതാണ്. പിറവത്തെ സിംഹഭാഗം ഇടവകാംഗങ്ങളും 1934 ലെ ഭരണഘടന അംഗീകരിക്കുന്നതായി ഉറപ്പ് നല്‍കിയിട്ടുണ്ട്. ക്രമസമാധാനം നിലനിര്‍ത്തിക്കൊണ്ട് നിയമം നടപ്പിലാക്കാന്‍ സര്‍ക്കാരിന് ബാധ്യതയും മാര്‍ഗ്ഗങ്ങളുമുണ്ട്. അഡ്വക്കേറ്റ് ജനറലിന്‍റേതായി ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടുവെന്ന് പറയപ്പെടുന്ന രേഖയിലെ പരാമര്‍ശങ്ങള്‍ പലതും വാസ്തവവിരുദ്ധങ്ങളാണ്. പാത്രിയര്‍ക്കീസ് ബാവായുടെ മലങ്കരയിലെ അധികാരം ശൂന്യബിന്ദുവില്‍ എത്തിയെന്ന് കോടതികള്‍ ആവര്‍ത്തിച്ച് സ്ഥാപിച്ചിട്ടുണ്ട്. പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായും പരിശുദ്ധ കാതോലിക്കാ ബാവായും തമ്മില്‍ ഈജിപ്റ്റില്‍ കൂടിക്കാഴ്ച്ച നടത്തുന്നു എന്ന വാര്‍ത്ത അടിസ്ഥാനരഹിതവും അവാസ്തവവുമാണ്. സമാധാനചര്‍ച്ചയ്ക്കുളള നീക്കങ്ങള്‍ ഉണ്ട് എന്ന വ്യാജേന കോടതിവിധി നടപ്പാക്കുന്നതിനുളള ശ്രമങ്ങളെ അട്ടിമറിക്കുവാനുളള നീക്കം സംശയാസ്പദമാണെന്ന് അഡ്വ. ബിജു ഉമ്മന്‍ ആരോപിച്ചു.