മസ്കറ്റ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയുടെ പ്രവർത്തനങ്ങൾ മാതൃകാപരം: മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ 

പരുമല: മസ്കറ്റ് മാർഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവക നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. ഇടവകയുടെ ആഭിമുഖ്യത്തിൽ നടന്ന മസ്കറ്റ് സംഗമത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. ഇടവക നടത്തിവരുന്ന വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളും നിർധനർക്കായി നടപ്പാക്കുന്ന ക്ഷേമപദ്ധതികളും അനേകർക്ക് സാന്ത്വനമായിട്ടുണ്ടെന്നും മന്ത്രി അനുസ്മരിച്ചു.
ചടങ്ങിൽ മലങ്കര സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ അനുഗ്രഹ പ്രഭാഷണം നടത്തി. ഒമാൻ എന്ന അനുഗ്രഹീത ഭൂമിയിൽ നാലര ദശാബ്ദങ്ങൾ പിന്നിടുന്ന ഇടവക സഭയ്ക്കും സമൂഹത്തിനും നൽകുന്ന സംഭാവനകൾ നിസ്തുലമാണെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു. മലങ്കര ഓർത്തഡോക്സ് സഭ ഈ വർഷം ആരംഭിക്കുന്ന വിധവാ പെൻഷൻ പദ്ധതിയിൽ മസ്കറ്റ് ഇടവകയുടെ ആദ്യ സംഭാവന സ്വീകരിച്ചു കൊണ്ട് പദ്ധതിയുടെ ഉദ്ഘാടനവും കാതോലിക്കാ ബാവാ നിർവ്വഹിച്ചു. ഇടവക ഈ വർഷം നടപ്പാക്കുന്ന തണൽ കാൻസർ ചികിത്സാ സഹായ പദ്ധതി, ഡയാലിസിസ് യൂനിറ്റിനുള്ള സഹായം, വിവാഹം, വിദ്യാഭാസം, ഭവന നിർമ്മാണം, സ്വയം തൊഴിൽ കണ്ടെത്തൽ തുടങ്ങിയവയ്ക്കുള്ള സഹായ പദ്ധതികളുടെ പ്രഖ്യാപനവും ചടങ്ങിൽ നടന്നു.
ഇടവക മെത്രാപ്പോലീത്താ ഡോ . ഗീവർഗീസ് മാർ യൂലിയോസ്‌ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, സഭാ വൈദിക ട്രസ്റ്റി ഫാ. ഡോ. എം. ഓ. ജോൺ, അസ്സോസ്സിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂർ, പരുമല സെമിനാരി മാനേജർ ഫാ. എം. സി. കുറിയാക്കോസ്, പരുമല സെന്റ്. ഗ്രീഗോറിയോസ് മെഡിക്കൽ മിഷൻ ആശുപത്രി സി. ഇ. ഓ. ഫാ. എം. സി. പൗലോസ്, സഭാ മാനേജിങ് കമ്മറ്റി അംഗവും ജനറൽ കൺവീനറുമായ ഡോ. ഗീവർഗീസ് യോഹന്നാൻ എന്നിവർ പ്രസംഗിച്ചു.  ട്രസ്റ്റി ബിജു പരുമല ഇടവക ചരിത്രം അവതരിപ്പിച്ചു. കോ-ട്രസ്റ്റി ജാബ്‌സൺ വർഗീസ്, സെക്രട്ടറി ബിനു കുഞ്ചാറ്റിൽ എന്നിവർ പദ്ധതി സമർപ്പണം നടത്തി. വികാരി ഫാ. പി. ഓ മത്തായി സ്വാഗതവും അഡ്വ. എബ്രഹാം മാത്യു നന്ദിയും പറഞ്ഞു.
പരിപാടികളുടെ ഭാഗമായി ഇടവകയിൽ സേവനമനുഷ്ഠിച്ച വൈദികരുടെയും പൂർവ്വകാല അംഗങ്ങളുടെയും നിലവിലെ അംഗങ്ങളുടെയും സമാഗമം, അലുംനി അസ്സോസ്സിയേഷൻ രൂപവത്ക്കരണം, കാൻസർ ബോധവത്ക്കരണ സെമിനാർ, പൊതു ചർച്ച എന്നിവയും നടന്നു.