74. മേല്‍ 70-മതു വകുപ്പില്‍ പറയുന്നപ്രകാരം സെമിനാരി മുതലായതിനെപ്പറ്റി ഹൈക്കോര്‍ട്ടില്‍ 1059-മാണ്ട് വക 137-ാം നമ്പ്ര് 1061-മാണ്ട് തുലാ മാസത്തില്‍ വിധിയായ ശേഷം വാദി മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ അപേക്ഷയിന്മേല്‍ വിധി നടത്തിപ്പാന്‍ ഉണ്ടായ ഉത്തരവുംകൊണ്ട് ആലപ്പുഴ കോര്‍ട്ടില്‍ ഗുമസ്തന്‍ നാണുപണിക്കര്‍ എന്ന ആള്‍ കമ്മീഷണറായി സെമിനാരിയില്‍ വരികയും കോട്ടയം തഹസീല്‍ദാര്‍ മാധവന്‍പിള്ളയും പോലീസ് ഇന്‍സ്പെക്ടര്‍ വെയിഗസും കൂടി നിന്നു സെമിനാരിയുടെ വാതിലുകളുടെ താഴുകള്‍ കൊല്ലനെ കൊണ്ടു തല്ലിച്ചു വാദിക്കു കൈവശപ്പെടുത്തി കൊടുത്തു. ഇത് 1886 കര്‍ക്കടകം 3-നു 1061 കര്‍ക്കടകം 1-നു വ്യാഴാഴ്ചയും പിറ്റേ രണ്ടു ദിവസങ്ങളിലുമായിട്ടാണ് നടത്തിയത്. മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായും മാര്‍ അത്താനാസ്യോസ് ശെമവൂന്‍ ബാവായും കര്‍ക്കടകം 3-നു വ്യാഴാഴ്ചയാകുന്ന ശുദ്ധമുള്ള മാര്‍ തോമ്മാ ശ്ലീഹായുടെ പെരുനാള്‍ ദിവസം സെമിനാരിയില്‍ പ്രവേശിച്ചു അവിടെ താമസിച്ചു വരുന്നു.
(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)
“ഇതിനിടയില്‍ മാര്‍ ദിവന്നാസ്യോസ് മെത്രാപ്പോലീത്തായും8 മാര്‍ ശെമഓന്‍ അത്തനാസ്യോസ് ബാവായും കോട്ടയത്ത് പുത്തനങ്ങാടി കുരിശു പള്ളിയില്‍ നീങ്ങിയിരിക്കുമ്പോള്‍ ഗീവറുഗീസു ശെമ്മാശു തിരുമേനികളെ കാണ്‍മാനായി കുരിശുപള്ളിയില്‍ എത്തി അനുഗ്രഹം വാങ്ങി അവിടെ താമസിച്ചു. പിറ്റെ ദിവസമായ കര്‍ക്കടകം 3-ന് സിമ്മനാരി വ്യവഹാരം ബാവാ കക്ഷികള്‍ക്ക് ഗുണമായി വിധി ഉണ്ടായതിനാല്‍ വിധി നടത്തി സിമ്മനാരി കൈവശപ്പെടുത്തുന്നതിനായി തിരുമേനികള്‍ കുരിശുപള്ളിയില്‍ നിന്ന് പുറപ്പെട്ട് പുത്തന്‍പള്ളിയില്‍ കേറി പ്രാര്‍ത്ഥനയും കഴിച്ച് താഴത്തങ്ങാടി വഴിയായി സിമ്മനാരിയില്‍ എത്തി. അന്ന് വലിയ വെള്ളപ്പൊക്കമായിരുന്നതിനാല്‍ ബോട്ട് സിമ്മനാരിയുടെ പടിഞ്ഞാറെ മിറ്റത്ത് അടുത്തു. ഗീവറുഗീസു ശെമ്മാശു തിരുമേനികളോട് കൂടെ സിമ്മനാരിയിലേക്ക് പോയി. സിമ്മനാരി മുഴുവന്‍ പൂട്ടി ഇട്ടിരിക്കുകയായിരുന്നു. ആദ്യമേ പടിഞ്ഞാറെ വലിയ വാതിലിന്‍റെ പൂട്ട് തല്ലിച്ചു. പിന്നീട് പള്ളിയുടേതും തല്ലിച്ചു. പള്ളിയുടെ ത്രോണോസിങ്കലും കബറിങ്കലും പ്രാര്‍ത്ഥനകള്‍ കഴിച്ചു. തിരുമേനികള്‍ പടിഞ്ഞാറെ കെട്ടിന്‍റെ തെക്കും വടക്കുമുള്ള വലിയ ഹോള്‍ മുറികളില്‍ താമസിക്കയും ചെയ്തു.”
(രണ്ടാം കാതോലിക്കാ പ. ഗീവര്‍ഗീസ് പ്രഥമന്‍ ബാവായുടെ ഡയറിയില്‍ നിന്നും)