പട്ടക്കാര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന

കര്‍ത്താവേ! സത്യത്തിന്‍റെ വചനത്തെ ഞങ്ങളോട് ഉപദേശിക്കുന്ന ഞങ്ങളുടെ മേല്പട്ടക്കാരെ നീ ഓര്‍ത്തുകൊള്ളണമെ. പ്രത്യേകമായി ഞങ്ങളുടെ പാത്രിയര്‍ക്കീസന്മാരായ ആബൂന്‍ മാര്‍ ഇഗ്നാത്യോസിനെയും, ആബൂന്‍ മാര്‍ ബസ്സേലിയോസിനെയും, ആബൂന്‍ മാര്‍ ഗ്രിഗോറിയോസിനെയും ഞങ്ങളുടെ മേല്പട്ടക്കാരന്‍ മാര്‍ (ഇന്നാരെയും) സത്യവിശ്വാസികളായ ശേഷമുള്ള സകല എപ്പിസ്കോപ്പന്മാരെയും നീ ഓര്‍ത്തുകൊള്ളണമെ. സകല നീതിയോടും ശുദ്ധതയോടും നിന്‍റെ ജനത്തെ ശുശ്രൂഷിപ്പാനായിട്ട് അവര്‍ക്കു നീ ദീര്‍ഘായുസ്സു കൊടുക്കണമെ. അരിഷ്ടതയുള്ള സകല തര്‍ക്കങ്ങളെയും വിരുദ്ധതകളെയും അവരില്‍നിന്നു നീ ഇല്ലായ്മ ചെയ്യണമെ, ആമ്മീന്‍.

കര്‍ത്താവേ! ഞങ്ങളുടെ ഇടവകയിലെ ബഹുമാനപ്പെട്ട പട്ടക്കാരെയും ശെമ്മാശ്ശന്മാരെയും എല്ലാ സ്ഥലത്തുമുള്ള ബഹുമാനപ്പെട്ട പട്ടക്കാരെയും മ്ശിഹായില്‍ ഉള്ള ശെമ്മാശന്മാരെയും ആചാര്യസംബന്ധമായ സകല കൂട്ടത്തെയും ഈഹീദായക്കാരെയും സത്യവിശ്വാസികളായ മല്പാന്മാരെയും നീ ഓര്‍ത്ത് അവരെ അടക്കത്തിലും വെടിപ്പിലും സകല ദൈവാശ്രയത്തിലും നീ വസിപ്പിക്കണമെ. സത്യത്തിന്‍റെ വചനത്തെ നിന്‍റെ തിരുവിഷ്ടംപോലെ ഉപദേശിപ്പാന്‍ അവര്‍ക്കു നീ വായും നാവും ആയിരിക്കണമെ. നിന്‍റെ വചനപ്രകാരം നിന്‍റെ പുല്‍മാലിയില്‍ നിന്‍റെ ആടുകളെ മേയിക്കുമാറാകണമെ. ബഹുമാനമുള്ളതും നിന്‍റെ തിരുനാമമഹത്വത്തിനു കൊള്ളാവുന്നതും ആയ ദീര്‍ഘായുസ്സ് അവര്‍ക്കു നീ കൊടുക്കണമെ, ആമ്മീന്‍.