121. 1856 മത കുംഭ മാസം 23-നു ഊര്‍ശ്ലേമിന്‍റെ അബ്ദല്‍ നൂര്‍ ഒസ്താത്യോസ് ഗ്രീഗോറിയോസ് ബാവായും ആ ദേഹത്തിന്‍റെ ശുശ്രൂഷക്കാരനായ അബ്ദുള്ളാ റമ്പാനും കൂടെ കൊച്ചിയില്‍ വന്നിറങ്ങുകയും അവിടെ നിന്നും ബോട്ടു കയറി 25-നു സെമിനാരിയില്‍ എത്തി മെത്രാപ്പോലീത്തായുമായിട്ടു കണ്ടു സെമിനാരിയില്‍ പാര്‍ക്കയും അന്ന് കൂറിലോസ് ബാവാ പുതുപ്പള്ളിക്കു പോയിരുന്നതിനാല്‍ 26-നു ആ ദേഹവും വന്നു കണ്ടു ബാവാന്മാര്‍ രണ്ടും മെത്രാപ്പോലീത്തായും റമ്പാനും കൂടെ നാലഞ്ചു ദിവസം സെമിനാരിയില്‍ പാര്‍ത്തു അവിടെ നിന്നും ചെറിയപള്ളിയില്‍ മൂന്നു ദിവസം പാര്‍ക്കയും പിന്നീട് നിരണത്തു പള്ളിയില്‍ പോയി അവിടെ നിന്നും തെക്കേ ദിക്കിലുള്ള പള്ളികളില്‍ സഞ്ചരിച്ചു വരുന്നു. ഊര്‍ശ്ലേമിന്‍റെ ബാവായും അത്താനാസ്യോസ് മത്തിയൂസ് മെത്രാപ്പോലീത്തായും കൂടെ റസിഡണ്ട് സായിപ്പിനു എഴുതി അയയ്ക്കയും മണ്ടപത്തുംവാതില്‍തോറും ഉത്തരവ് വരികയും ചെയ്തു.
ഉത്തരവ് വന്ന് അതിനെ പ്രമാണിച്ചു ചെങ്ങന്നൂര്‍ മണ്ടപത്തുംവാതുക്കല്‍ നിന്നും എഴുതിയ ചീട്ടിനു പകര്‍പ്പ്.
നമ്പ്ര 620.
വടക്കേക്കര പ്രവൃത്തിയില്‍ പാര്‍വത്തിയാര്‍ക്കു എഴുതിവരുന്ന ചീട്ട്. ഊര്‍ശ്ലേം എന്ന ദേശത്തു നിന്നും ഒരു മെത്രാപ്പോലീത്താ ഇപ്പോള്‍ കോട്ടയത്തു വന്നിരിക്കുന്നപ്രകാരവും ഈ സംസ്ഥാനത്തുള്ള സുറിയാനി പള്ളികളും ചെന്നു കാണണമെന്നും അപ്പോള്‍ അതതു സ്ഥലത്തുള്ള ഉദ്യോഗസ്ഥന്മാര്‍ ചെന്നു വേണ്ടുംപ്രകാരം മര്യാദയായി വിചാരിക്കയും സഹായങ്ങള്‍ ചെയ്തുകൊടുക്കയും ചെയ്യുന്നതിനു നിദാനം വരണമെന്നു ആ മെത്രാപ്പോലീത്തായും മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്തായും ബഹുമാനപ്പെട്ട ബോംബെയില്‍ ഗവര്‍ണര്‍ സായിപ്പ് അവര്‍കളും എഴുതിയിട്ടുള്ള ലെറ്ററുകള്‍ കൊടുത്തയക്കുന്നുവെന്നും മഹാരാജശ്രീ റസിഡണ്ട് സായിപ്പ് അവര്‍കള്‍ 1856-ാം വര്‍ഷം മാര്‍ച്ച് മാസം 17-നു എഴുതിയ കായിതം ചെല്ലുകകൊണ്ടു ആ മെത്രാപ്പോലീത്താ ഈ മണ്ടപത്തുംവാതുക്കല്‍ ചേര്‍ന്ന പ്രദേശങ്ങളില്‍ ഉള്ള പള്ളികള്‍ കാണുന്നതിനു എത്തിയാല്‍ മര്യാദയായി വിചാരിച്ചു വേണ്ടുന്ന സഹായങ്ങള്‍ ചെയ്തുകൊള്ളണമെന്നും 9-നു എഴുതിയ ഉത്തരവു വന്നിരിക്കകൊണ്ട് അപ്രകാരം ആ മെത്രാപ്പോലീത്താ ആ പ്രവൃത്തിയില്‍ ചേര്‍ന്ന പള്ളികള്‍ കാണുന്നതിനു എത്തിയാല്‍ ആ വിവരം ഉടന്‍ ഇവിടെ എഴുതി അയയ്ക്കുന്നതുമല്ലാതെ മര്യാദയായി വിചാരിച്ചു വേണ്ടുന്ന സഹായങ്ങളും ചെയ്ത അവസ്ഥയ്ക്കു എഴുതി വരികയും വേണം. ഈ ചെയ്തിക്കു ചീട്ട് എഴുതിയ കാര്യം വിചാരിക്കുന്ന ജമാപന്തി രായസം വേലുപിള്ള.
1031 മാണ്ട് മീന മാസം 11-നു. …………
125. 121 മത ലക്കത്തില്‍ പറഞ്ഞിരിക്കുന്ന ഊര്‍ശ്ലേമിന്‍റെ ബാവാ തെക്കേ ദിക്കിലുള്ള പള്ളികളില്‍ ഈ സമയം സഞ്ചരിക്കയും എല്ലാ പള്ളികളില്‍ നിന്നും ജനങ്ങള്‍ വരിയിട്ടു ഏറിയ രൂപ കൊടുക്കയും ചെയ്ത് പുതുപ്പള്ളി പള്ളിയില്‍ വന്നിരിക്കുമ്പോള്‍ ആ പള്ളിയില്‍ ……. ഇട്ടി കത്തനാരുടെ മകന്‍ ശെമ്മാശ് ഒന്നാമത് കെട്ടിയിരുന്നവള്‍ മരിച്ചതിന്‍റെ ശേഷം രണ്ടാമത് കെട്ടിയ വിവരം ബാവാ അറിഞ്ഞാറെ ആയതു സുറിയാനി മര്യാദയ്ക്കു വിരോധമാകയാല്‍ ഇനി കത്തനാരുപട്ടം ഏല്‍ക്കരുതെന്നു വിരോധിക്കയും അപ്പോള്‍ ബാവായെ കാണുന്നതിനു മെത്രാപ്പോലീത്താ വരികയാല്‍ ഈ ശെമ്മാശിനു കത്തനാരുപട്ടം കൊടുക്കരുതെന്നും ഒരു മെത്രാന്‍ മറ്റൊരു മെത്രാനെ ഉണ്ടാക്കുന്നത് മര്യാദ അല്ലാഴിക കൊണ്ട് തൊഴിയൂരേക്കു ഒരു മെത്രാനെ ഉണ്ടാക്കരുതെന്നും വിരോധിക്കയും ചെയ്തു. ………..
127. ഊര്‍ശ്ലേമിന്‍റെ ബാവാ പുതുപ്പള്ളിയില്‍ നിന്നും കോട്ടയത്ത് എത്തി രണ്ടു പള്ളികളിലും കുറെ ദിവസം താമസിച്ചുംവച്ച് വടക്കേ ദിക്കുകളില്‍ പോയി പാമ്പാക്കുട, മാമ്മലശ്ശേരി മുതലായ ദിക്കുകളില്‍ സഞ്ചരിക്കുന്നു. മെത്രാപ്പോലീത്താ കോട്ടയത്തു പാര്‍ക്കുന്നു. കൂറിലോസ് ബാവാ ചാലിശ്ശേരി മുതലായ ദിക്കുകളില്‍ പാര്‍ക്കുന്നു. …………
136. 131 മത ലക്കത്തില്‍ പറഞ്ഞിരിക്കുന്ന ഊര്‍ശ്ലേമിന്‍റെ ബാവായും റമ്പാനും കൂടെ മലയാളത്തുള്ള എല്ലാ സുറിയാനി പള്ളികളിലും സഞ്ചരിച്ച് ജനങ്ങളില്‍ നിന്നും പള്ളികളില്‍ നിന്നും ആയിട്ടു ഏകദേശം 20000 രൂപായുടെ വക ഊര്‍ശ്ലേം വകയ്ക്ക് കിട്ടിയതുംകൊണ്ട് കൊച്ചിയില്‍ വന്നു 1857 മത കന്നി മാസം 14-നു ശനിയാഴ്ച കൊച്ചിയില്‍ നിന്നും തീക്കപ്പലില്‍ കയറി പോകയും ചെയ്തു. കപ്പല്‍ കയറിയ സമയം കൂറിലോസ് ബാവായും മത്തിയൂസ് മെത്രാപ്പോലീത്തായും കൂടെ ഉണ്ടായിരുന്നു. ……….
170. 126 മത ലക്കത്തില്‍ പറഞ്ഞിരിക്കുന്നപ്രകാരം ഊര്‍ശ്ലേമിന്‍റെ ബാവാ കൊച്ചിയില്‍ നിന്നും കപ്പല്‍ കയറി ഊര്‍ശ്ലേമില്‍ എത്തിയാറെ, ഊര്‍ശ്ലേമിലുള്ള സുറിയാനിക്കാരുടെ പള്ളിയാകുന്ന മര്‍ക്കോസിന്‍റെ വീട് നന്നായി പണി ചെയ്യിക്കയും മലയാളക്കാരുടെ മുതല്‍ കൊണ്ടു നന്നാക്കിയിരിക്കുന്നു എന്ന് കല്ലേല്‍ കൊത്തിച്ചു പതിക്കയും ചെയ്തിരിക്കുന്നപ്രകാരം മൂസല്‍ എന്ന രാജ്യത്തെ നമ്മുടെ പള്ളിയിലെ കോറി, എല്‍ദാ മുതലായ കശീശന്മാരുടെ എഴുത്തില്‍ കണ്ടിരിക്കുന്നു.
(ഇടവഴിക്കല്‍ നാളാഗമത്തില്‍ നിന്നും)