പ. പാമ്പാടി തിരുമേനിയുടെ 1935-ലെ കുന്നംകുളം യാത്ര (1935 ഫെബ്രുവരി 11 – മാര്‍ച്ച് 2)
1. കുന്നംകുളം പ്ലേഗ് ബാധ: പ. ഗീവര്‍ഗീസ് രണ്ടാമന്‍ ബാവാ അയച്ച പൊതു കല്പനയും പ. പാമ്പാടി തിരുമേനിക്ക് അയച്ച കത്തും
1
പൊതു കല്പന
നമ്പര്‍ 59. 26-6-110. കുന്നംകുളം ആര്‍ത്താറ്റുപള്ളി മുതലായ പള്ളികളിലെ വികാരിക്കും ദേശത്തുപട്ടക്കാര്‍ ജനങ്ങള്‍ എന്നിവര്‍ക്കും. കമ്പി കിട്ടി. വ്യസനിക്കുന്നു. നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിപ്പാന്‍ എല്ലാ പള്ളികള്‍ക്കും കല്പന അയച്ചിട്ടുണ്ട്. എല്ലാവരും നിരാശപ്പെടാതെ ദൈവത്തില്‍ ശരണം പ്രാപിക്കണം. മൂന്നു ദിവസത്തെ നോമ്പ് എല്ലാവരും ആബാലവൃദ്ധം നോക്കി അവസാനത്തില്‍ വി. കുര്‍ബ്ബാന ചൊല്ലിക്കയും അനുഭവിക്കുകയും ചെയ്യണമെന്നും മറ്റും.
(1934-1935-ലെ കല്പനബുക്കില്‍ നിന്നും)
2
പ. പാമ്പാടി തിരുമേനിക്ക് അയച്ച കത്ത്
കുന്നംകുളങ്ങരെ പ്ലേഗ് കലശലാണെന്നും അവരെ ആശ്വസിപ്പിക്കുന്ന കല്‍പനകള്‍ അയച്ചുകൊടുക്കണമെന്നും ഇന്നലെ നമുക്കൊരു കമ്പി കിട്ടി. അതിനാല്‍ അവിടുന്നും അവര്‍ക്കു ആശ്വാസത്തിന്‍റെ ഒരു കല്‍പന അയച്ചുകൊടുക്കണം. പ്രത്യേകിച്ചു നമ്മുടെ ജനങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കയും കുര്‍ബാന ചൊല്ലുകയും ചെയ്യുമല്ലോ.
കുംഭമാസം 10-ാം തീയതി വെള്ളിയാഴ്ച മാനേജിംഗ് കമ്മറ്റി കൂടണമെന്നു നിശ്ചയിച്ചിരിക്കയാണ്. 11-ാം തീയതി വലിയ മെത്രാച്ചന്‍റെ അടിയന്തിരവും ആണ്. രണ്ടു സംഗതികള്‍ക്കും ആയിട്ട് ഇവിടെ വന്നുചേരണം.
എന്ന്, 1935-നു കൊല്ലം 1110 മകരമാസം 26-നു കോട്ടയം സിമ്മനാരിയില്‍നിന്നും.
(പാമ്പാടി തിരുമേനി ജന്മശതാബ്ദി സ്മരണിക, 1985, പുറം 187)
2. കുന്നംകുളം പ്ലേഗ് ബാധ: മനോരമ വാര്‍ത്തകള്‍
1
മാര്‍ ഗ്രീഗോറിയോസു മെത്രാപ്പോലീത്താ കുന്നംകുളത്തേക്ക്
പ്ലേഗുനിവാരണാര്‍ത്ഥം ആത്മികശുശ്രൂഷകള്‍ നടത്തുവാന്‍
(സ്വന്തം ലേഖകന്‍)
പുതുപ്പള്ളി
മകരം 30
കുന്നങ്കുളത്ത് അതിഭയങ്കരമായവിധം പ്ലേഗ് ബാധിച്ചിരിക്കുന്നതായും അതിന്‍റെ നിവാരണത്തിനുവേണ്ടി ആത്മികശുശ്രൂഷകള്‍ നടത്തുന്നതിനുവേണ്ടി മെത്രാപ്പോലീത്തന്മാര്‍ ചെല്ലണമെന്നും കുന്നങ്കുളത്തെ മലങ്കരസുറിയാനി സഭാംഗങ്ങള്‍ കമ്പിമൂലം അപേക്ഷിച്ചിരുന്നതനുസരിച്ച്, കോട്ടയം മുതലായ ഇടവകകളുടെ നി. വ. ദി. ശ്രീ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ അവര്‍കള്‍ പാമ്പാടി കുറിയാക്കോസ് ദയറായില്‍ നിന്ന് ഇന്നലെ അടിയന്തിരമായി കുന്നങ്കുളത്തേക്കു പുറപ്പെട്ടിരിക്കുന്നു.
കുന്നങ്കുളത്തെ പ്ലേഗ് ശമിക്കുന്നതിനു, നി വ ദി മ ശ്രീ മോറാന്‍ മാര്‍ ബസ്സേലിയോസ് കാതോലിക്കാബാവായുടെ സര്‍ക്കുലറനുസരിച്ചു സ്ഥലത്തെ വലിയപള്ളി മുതലായ ദേവാലയങ്ങളില്‍ കഴിഞ്ഞ ഞായറാഴ്ച പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തിയിരിക്കുന്ന വിവരവും പ്രസ്താവയോഗ്യമാണ്.
(12-2-1935)
2
മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ കുന്നംകുളത്ത്
(സ്വന്തം ലേഖകന്‍റെ കമ്പി)
കുന്നംകുളം
12-2-35
മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ അവര്‍കള്‍ ഇന്നുച്ച കഴിഞ്ഞു ഇവിടെ എത്തിയിരിക്കുന്നു. മെ. എം. എ. ചാക്കോ, ചുങ്കത്തു ഇയ്യു, മാര്‍ത്തോമ്മാ പള്ളിയുടെ പ്രധാന ട്രസ്റ്റിയായ പാറമേല്‍ മി. ചുമ്മാര്‍ എന്നിവര്‍ തൃശൂര്‍ വച്ചു മെത്രാപ്പോലീത്തായെ സ്വീകരിച്ചു. എല്ലാവരും കൂടി കുന്നംകുളം പഴയപള്ളിയിലേക്കു പോയി. അവിടെ പട്ടക്കാരും അത്മായക്കാരുമായി അനേകംപേര്‍ കൂടിയിരുന്നു. ഇന്നു പ്ലേഗു മൂലം ആരും മരിച്ചില്ല. ഇപ്പോള്‍ ആകപ്പാടെ 4000 പേര്‍ക്കു കുത്തിവെപ്പു നടത്തി കഴിഞ്ഞിട്ടുണ്ട്. ഊര്‍ജ്ജിതമായ ആരോഗ്യപരിപാലന നടപടികള്‍ നടത്തിവരുന്നു.
(13-2-1935)
3
കുന്നംകുളത്തെ പ്ലേഗ്
(സ്വന്തം ലേഖകന്‍)
കുന്നംകുളം
കുംഭം 4
രണ്ടു ദിവസങ്ങള്‍ ആയിട്ടു ഇവിടെ മരണങ്ങള്‍ ഉണ്ടായിട്ടില്ല. ഇതേവരെ ഏകദേശം 30 പേര്‍ പ്ലേഗ് രോഗത്താല്‍ മൃതിയടഞ്ഞിട്ടുണ്ട്. ആറു ഡാക്ടറന്മാര്‍ കുത്തിവെപ്പു മുറയ്ക്കു നടത്തിവരുന്നു. ഏകദേശം അയ്യായിരത്തോളം പേരെ ഇന്നേവരെയായി കുത്തിവച്ചു കഴിഞ്ഞു. പ്ലേഗ് നടപടിക്രമം അനുസരിച്ചു കുത്തിവെക്കാത്തവരെ ശിക്ഷിക്കുന്നതാണെന്നു ഗവര്‍മ്മെണ്ടില്‍നിന്നും വിജ്ഞാപനം ചെയ്തിരിക്കുന്നു. എലിക്കണികളില്‍ എഴുപതും എണ്‍പതും വീതം എലികളെ ദിവസംതോറും കിട്ടിക്കൊണ്ടിരിക്കുന്നു. ഇപ്പോഴും എലികള്‍ അവിടവിടെ ചത്തുവീഴുന്നുണ്ട്. ‘പ്ലേഗ് വിജിലന്‍സ്’ കമ്മട്ടിക്കാരും, സ്പെഷ്യല്‍ ഡ്യൂട്ടിക്കാരും പട്ടണത്തില്‍ പാഞ്ഞോടി വേണ്ട സഹായങ്ങള്‍ തക്കസമയത്തു ചെയ്തുവരുന്നുണ്ട്. ഒരു വലിയ ധനാഢ്യനും മഹാമനസ്കനും, ആയ ശ്രീമാന്‍ പി. ഒ. ഇയ്യുക്കുട്ടി പട്ടണത്തിലുള്ള മറ്റു ധനികന്മാരെ ചേര്‍ത്ത് ഒരു വലിയ ഫണ്ടു സാധുസംരക്ഷണാര്‍ത്ഥം പിരിച്ചുവരുന്നുണ്ട്. അദ്ദേഹത്തിന്‍റെ ഈ പരിശ്രമത്തില്‍ എല്ലാവരും അദ്ദേഹത്തെ സഹായിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു. നിരാധാരന്മാരും, അനാഥരും ആയവരെ ചെന്നുകണ്ടു അവര്‍ക്കുവേണ്ട ധനസഹായം ചെയ്യുന്നതിന് അദ്ദേഹവും തന്‍റെ കൂട്ടുകാരും ചെയ്യുന്ന പരിശ്രമങ്ങള്‍ തികച്ചും അഭിനന്ദനാര്‍ഹങ്ങള്‍ ആണ്.
നി വ ദി ശ്രീ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത അവര്‍കളുടെ അഭിപ്രായപ്രകാരം, വ്യാഴം, വെള്ളി, ശനി (കുംഭം 2, 3, 4) എന്നീ മൂന്നു ദിവസങ്ങളില്‍ നോമ്പു നോക്കുകയും പ്രത്യേകം പ്രാര്‍ത്ഥനകള്‍ നടത്തുകയും ചെയ്തിരിക്കുന്നു. ഈ ദിവസങ്ങളില്‍ പഴയ പള്ളിയില്‍ വി. കുര്‍ബാന അര്‍പ്പിക്കുകയും രാവിലെയും ഉച്ചയ്ക്കും വൈകിട്ടും പ്രാര്‍ത്ഥനകള്‍ നടത്തുകയും ചെയ്തു. ഇതില്‍ എല്ലാ സ്ത്രീപുരുഷന്മാരും പങ്കുകൊണ്ടിരുന്നു. ഇന്നു (ശനിയാഴ്ച) വി. കുര്‍ബാനയ്ക്കു ശേഷമേ കച്ചവടം മുതലായ ജോലികളില്‍ ഏര്‍പ്പെടുവാന്‍ പാടുള്ളു എന്ന് അറിയിച്ചു കൊണ്ട് ഒരു നോട്ടീസ് ഇന്നലെ പ്രസിദ്ധം ചെയ്തിരുന്നു. അതനുസരിച്ചു ഇന്നു രാവിലെ കമ്പോളത്തിലെ കടകള്‍ എല്ലാം അടയ്ക്കുകയുണ്ടായി.
ഏതായാലും നി വ ദി ശ്രീ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ പാദസ്പര്‍ശം കുന്നംകുളത്തു ഉണ്ടായതോടുകൂടി പ്ലേഗുരോഗാതുരന്മാരായ പലര്‍ക്കു സുഖവും ആശ്വാസവും മറ്റും ഉണ്ടായി എന്നുള്ള വിവരവും പ്രസ്താവിച്ചുകൊള്ളുന്നു.
(18-2-1935)
4
കുന്നംകുളം
(സ്വന്തം ലേഖകന്‍)
കുംഭം 13
ഇവിടങ്ങളില്‍ പ്ലേഗിന്‍റെ ശക്തി വളരെ കുറഞ്ഞിരിക്കുന്നു. ഇപ്പോള്‍ രണ്ടു മൂന്നു പേര്‍ക്കു രോഗമുണ്ടെന്നു സംശയിക്കുക മാത്രമേ ചെയ്യുന്നുള്ളു. പല ആളുകളും ഈ രോഗത്തില്‍നിന്നു സുഖം പ്രാപിച്ചുവരുന്നുണ്ട്. റോഡുകളില്‍ കൂടിയുള്ള ജനസഞ്ചാരവും, വ്യാപാരവും എല്ലാം മുന്നെപ്പോലെയായിരിക്കുന്നു. വിദ്യാലയങ്ങള്‍ ഉടനെ തുറക്കുന്നതായിരിക്കും.
പരേതനായ മാര്‍ ദീവന്നാസ്യോസു മെത്രാപ്പോലീത്തായുടെ ഓര്‍മ്മദിവസം കുംഭം 11-ാംനു ഇവിടെ കൊണ്ടാടിയിരിക്കുന്നു. അന്നു മാര്‍ ഗ്രീഗോറിയോസു മെത്രാപ്പോലീത്താ അവര്‍കള്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കയും ചെയ്തിരിക്കുന്നു.
ഇന്നലെ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ അവര്‍കള്‍ പുത്തന്‍പള്ളിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചിരിക്കുന്നു. എം ജി എം സണ്ടേസ്കൂള്‍ കുട്ടികളുടെ സമ്മാനദാനവും മെത്രാപ്പോലീത്താ അവര്‍കളുടെ അദ്ധ്യക്ഷതയില്‍ ഇന്നുതന്നെ നടത്തപ്പെടുകയുണ്ടായി. മെത്രാപ്പോലീത്താ അവര്‍കള്‍ ഇന്നു ചിറളയം പള്ളിയിലേക്കു പോകുന്നതും ബുധനാഴ്ച (കുംഭം 15) ഇവിടെനിന്നു കോട്ടയത്തേക്കു പോകുന്നതുമായിരിക്കുമെന്നറിയുന്നു.
(27-2-1935)
5
കുന്നംകുളം
(സ്വന്തം ലേഖകന്‍)
കുംഭം 15
മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ അവര്‍കള്‍ ഇന്നലെ (കുംഭം 14) പഴഞ്ഞിയിടവകക്കാരുടെ ക്ഷണപ്രകാരം അവിടേക്കു പോയിരുന്നു. ഇടവകജനങ്ങളും പട്ടക്കാരും കൂടി അദ്ദേഹത്തെ ഹാര്‍ദ്ദമായി സ്വീകരിച്ചു. മെത്രാപ്പോലീത്താ അവര്‍കള്‍ പള്ളിയില്‍ പ്രവേശിച്ച് ലുത്തിനിയായും മറ്റും കഴിഞ്ഞ് അവിടത്തെ പ്രമാണികളും മറ്റുമായി കുറേനേരം സംഭാഷണം നടത്തിയതിനുശേഷം വലിയ ജനക്കൂട്ടത്തോടും ഗാസ്സ്ലൈറ്റു മുതലായവയോടുംകൂടി, അത്യാസന്നനിലയില്‍ കിടക്കുന്ന പള്ളിവികാരിയായ, റവ. ഫാ. പി. ഐ. മത്തായി കത്തനാരവര്‍കളുടെ വീട്ടില്‍പോയി അന്ത്യകൂദാശ കഴിച്ച് കുന്നംകുളത്തേക്ക് തിരിയെപ്പോയി. മെത്രാപ്പോലീത്താ അവര്‍കള്‍ വെള്ളിയാഴ്ച (കുംഭം 17-നു) ഇവിടെനിന്ന് എറണാകുളത്തിനു പോകുന്നതും അന്ന് അവിടെ താമസിച്ച് ശനിയാഴ്ച കാലത്ത് എറണാകുളം പള്ളിയില്‍ വി. കുര്‍ബാന അര്‍പ്പിച്ചശേഷം അന്നുതന്നെ കോട്ടയത്തിന് മടങ്ങുന്നതുമായിരിക്കും.
ഇന്നലെ ഡി. എസ്. പി., തലപ്പള്ളി തഹശീല്‍ദാര്‍ തുടങ്ങി ചില ഉദ്യോഗസ്ഥന്മാര്‍ ഇവിടെ എത്തി പ്ലേഗിനു കുത്തിവെക്കുന്ന സ്ഥലം മുതലായതു പരിശോധന കഴിച്ച് ജനങ്ങളെ ധൈര്യപ്പെടുത്തി മടങ്ങിപ്പോയിരിക്കുന്നു. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ഹെല്‍ത്തു ഡയറക്ടറായി ഇപ്പോള്‍ സ്ഥാനം വഹിച്ചുകൊണ്ടിരിക്കുന്ന ചീഫ് മെഡിക്കല്‍ ആപ്പീസര്‍ ഡോക്ടര്‍ റാഘവേന്ദ്രറാവു പട്ടണപരിശോധനയ്ക്കായി ഇവിടെ എത്തി ചില രോഗികളായി (പ്ലേഗു മൂലം) കിടക്കുന്ന ചിലരുടെ വീടുകള്‍ സന്ദര്‍ശിച്ചശേഷം മടങ്ങിപ്പോയിരിക്കുന്നു. ബഥനി ഐസൊലേഷ്യന്‍ വാര്‍ഡില്‍ രോഗികളായി കിടന്നിരുന്ന രണ്ടുപേരില്‍ ഒരുത്തനെ അവിടെനിന്നു പിരിച്ചുവിട്ടിരിക്കുന്നു.
(4-3-1935)
6
കുന്നംകുളം
(സ്വന്തം ലേഖകന്‍)
17-7-110
മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ അവര്‍കള്‍ ഇന്നു പന്ത്രണ്ടു മണിക്കു കോട്ടയത്തേക്കു തിരിച്ചിരിക്കുന്നു. അദ്ദേഹത്തെ യാത്രയയ്ക്കുന്നതിനും മറ്റുമായി വളരെ അധികം ജനങ്ങള്‍ പഴയപള്ളിയില്‍ കൂടിയിരുന്നു. മെത്രാപ്പോലീത്താ അവര്‍കള്‍ ഇന്നു കാലത്തു വിശുദ്ധ കുര്‍ബാന കഴിഞ്ഞു എല്ലാവരോടും യാത്രയും പറഞ്ഞു പട്ടണത്തെ അനുഗ്രഹിച്ചും കൊണ്ടു സ്ഥലം വിട്ടിരിക്കുന്നു. നാളെ (18-7-10) എറണാകുളത്തു വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചശേഷം അന്നുതന്നെ കോട്ടയത്തിനു പോകുന്നതായിരിക്കും.
പ്ലേഗിനു വളരെ ശാന്തതയുണ്ട്. വിദ്യാലയങ്ങള്‍ എല്ലാം തുറന്നു. കച്ചവടങ്ങള്‍ അഭിവൃദ്ധിപ്പെട്ടുവരുന്നു.
(5-3-1935)
3. പ്ലേഗിനെ ഭയപ്പെടാത്ത സാക്ഷാല്‍ ഇടയന്‍
കുന്നംകുളം ഇടവകയില്‍ പ്ലേഗ് ബാധിച്ചിരിക്കുന്നു എന്ന വിവരം അറിഞ്ഞപ്പോള്‍ സുറിയാനി സഭാ മേലദ്ധ്യക്ഷനായ പ. കാതോലിക്കാ ബാവാ തിരുമനസ്സുകൊണ്ട് ഈ ഇടവകയ്ക്കു വേണ്ടി പ്രത്യേക പ്രാര്‍ത്ഥനകളും ആരാധനകളും കഴിച്ചുവരികയായിരുന്നു. എന്നാല്‍ ഈ മഹാമാരി വര്‍ദ്ധിച്ചു വരുന്നു എന്നു കേട്ട ഉടനെ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ തിരുമേനി ഇവിടേക്കു പുറപ്പെട്ടിട്ടുണ്ടെന്നുള്ള കമ്പി ഇന്നലെ കിട്ടി. ഇന്നു കാലത്ത് 11.30-നുള്ള വണ്ടിക്ക് തിരുമനസ്സുകൊണ്ടു തൃശൂര്‍ സ്റ്റേഷനില്‍ എത്തി.
മെസേഴ്സ് എം. എ. ചാക്കോ, ചുങ്കത്ത് ഇയ്യു, മര്‍ത്തോമ പള്ളി മേയിക്കുകാരന്‍ പാറമല്‍ ചുമ്മാര്‍ മുതലായവര്‍ തിരുമേനിയെ അവിടെവെച്ച് സ്വീകരിക്കുകയും, ഒന്നരമണിയോടുകൂടി കുന്നംകുളത്ത് എത്തിച്ചേരുകയും ചെയ്തു.
(പഴയ കൊച്ചിയിലെ ഒരു മികച്ച ദിനപ്പത്രമായിരുന്ന ഗോമതിയില്‍ 1110 മകരം 30-നു തിരുമേനിയുടെ എഴുന്നള്ളത്തിനെക്കുറിച്ചു പ്രസിദ്ധീകരിച്ച വാര്‍ത്ത. പാമ്പാടി തിരുമേനി ജന്മശതാബ്ദി സ്മരണിക, 1985, പുറം 72))
4. കുന്നംകുളങ്ങര പ്ലേഗ് മഹാമാരി
ഈ വാര്‍ഷിക റിപ്പോര്‍ട്ട് അവസാനിപ്പിക്കുന്നതിനു മുമ്പായി റിപ്പോര്‍ട്ട് വര്‍ഷത്തില്‍ നമ്മുടെ സഭയുടെ ഒരു കേന്ദ്രമായ കുന്നംകുളത്തുണ്ടായ പ്ലേഗ് മഹാമാരിയെപ്പറ്റി അല്പം പ്രസ്താവിക്കേണ്ടതായിട്ടുണ്ട്. കുന്നംകുളത്ത് പ്ലേഗ് ബാധിച്ചു എന്നറിഞ്ഞയുടനെ തന്‍റെ ആടുകള്‍ക്കുവേണ്ടി തന്‍റെ ജീവനെ ബലികഴിക്കുവാന്‍ തയ്യാറുള്ള ആ മഹനീയമായ ക്രിസ്തീയ ദര്‍ശനത്തോടു കൂടി നി. വ. ദി. ശ്രീ. കോട്ടയം ഇടവകയുടെ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ തിരുമനസ്സുകൊണ്ട് സ്വമനസ്സാലെ കുന്നംകുളങ്ങരയില്‍ എഴുന്നള്ളുകയും രോഗശമനത്തിനുവേണ്ടി പബ്ലിക്കായി ആത്മികശുശ്രൂഷകള്‍ നടത്തുകയും, കൂടാതെ ഭയലേശമെന്യേ രോഗികളെ അവരുടെ വീടുകളിലും ആശുപത്രികളിലും ചെന്നു കാണുകയും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും അവര്‍ക്കുവേണ്ട ആതുരശുശ്രൂഷകള്‍ ചെയ്യുകയും പ്ലേഗ് രോഗത്തിനു ശമനം ഉണ്ടാകുന്നതുവരെ കുന്നംകുളങ്ങര അങ്ങാടിയില്‍ താമസിക്കുകയും ചെയ്തു എന്നുള്ള വസ്തുത മലങ്കരസഭയുടെ പൊതുവായും കുന്നംകുളങ്ങര നിവാസികളുടെ പ്രത്യേകമായുമുള്ള അതിരറ്റ കൃതജ്ഞതയോടും സ്മരണയോടും കൂടി രേഖപ്പെടുത്തിക്കൊള്ളുന്നു.
(1936-ല്‍ പ്രസിദ്ധീകരിച്ച മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ‘പ്രത്യേക സംഭവങ്ങള്‍’ എന്ന ഉപശീര്‍ഷകത്തില്‍ ചേര്‍ത്തിരിക്കുന്നത്. സമ്പാദകന്‍: പി. സി. വര്‍ഗീസ് ചൊവ്വന്നൂര്‍)
5. കുന്നംകുളത്തു നിന്നും പാമ്പാടി തിരുമേനി എഴുതിയ കത്ത്
ദൈവകൃപയാല്‍ കോട്ടയം മുതലായ ഇടവകകളുടെ
മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായില്‍ നിന്നും
നമുക്കു എത്രയും സ്നേഹിക്കപ്പെട്ടിരിക്കുന്ന വര്‍ഗ്ഗീസിനു വാഴ്വ്.
പ്രിയനേ,
ഞങ്ങള്‍ അവിടെനിന്നും പുറപ്പെട്ട് കോട്ടയം പഴയസിമ്മനാരി, എറണാകുളം, തൃശൂര്‍ എന്നീ സ്ഥലങ്ങള്‍ വഴിയായി ഇന്നലെ രണ്ടു മണിയോടുകൂടി ഇവിടെ എത്തി. ദൈവകൃപയാല്‍ അവിടെ കേട്ടിരുന്നതുപോലെയുള്ള ബഹളങ്ങള്‍ ഇവിടങ്ങളില്‍ കേള്‍പ്പാനില്ലെന്നുള്ളത് വളരെ ആശ്വാസമായി തോന്നുന്നു. ദീനം തീരെ ഇല്ലെന്നു പറയാന്‍ പാടില്ലാത്തവിധം രണ്ടോ, നാലോ സുഖക്കേടുകാര്‍ ചിലയിടങ്ങളില്‍ ഉള്ളതായി തോന്നുന്നു. ഇവിടെ നിന്നും അങ്ങോട്ടുള്ള ഞങ്ങളുടെ യാത്ര ഇന്ന സമയമെന്നു ഇപ്പോള്‍ പറയാന്‍ നിവൃത്തിയില്ല. ദൈവകൃപകൊണ്ടു താമസിയാതെ അങ്ങോട്ടു പുറപ്പെടാമെന്നു വിചാരിച്ച് ആശ്വസിക്കുന്നു.
കൊളമ്പുകാര്‍ അയച്ചിരുന്ന മുന്തിരിങ്ങ കിട്ടി. ഞങ്ങള്‍ ഇങ്ങോട്ടു പോരുന്നവഴിക്കാണു കിട്ടിയത്. അതുകൊണ്ട് അതിന്‍റെ ഓഹരി നിങ്ങള്‍ക്കുകൂടി തരാന്‍ സാധിക്കാതെ പോയല്ലോ എന്നു വിചാരിച്ച് കുണ്ഠിതപ്പെടുന്നു. മുന്തിരങ്ങ ഇവിടെ കിട്ടിയ വിവരത്തിനും, മുന്തിരങ്ങ അയച്ചുതന്നതിനും നന്ദി പറഞ്ഞും ഉടനെ വിവരത്തിനു എഴുതി അയയ്ക്കണം. അവരുടെ മേല്‍വിലാസം അറിയാന്‍ പാടില്ലായ്കമൂലം എഴുതുന്നതാണ്. ഈ എഴുത്തു നമ്മുടെ ആളുകളെ പ്രത്യേകം അറിയിക്കണം. ബലഹീനനായ നാം എല്ലാവരേയും പ്രത്യേകം ചോദിച്ചിരിക്കുന്നു. ദൈവകൃപ നിന്നോടും, ശേഷം എല്ലാവരോടും സദാ വര്‍ദ്ധിച്ചിരിക്കുമാറാകട്ടെ.
എന്നു 1935-നു 1110 കുംഭം 1-നു കുന്നംകുളം പഴയപള്ളിയില്‍ നിന്നും.
1935-ലെ കുന്നംകുളം യാത്ര: കാലാനുക്രമണിക
1935 ഫെബ്രുവരി 11 (മകരം 29) – പ്ലേഗ് ബാധയറിഞ്ഞ് പ. ഗീവറുഗീസ് രണ്ടാമന്‍ ബാവായുടെ കല്പനപ്രകാരം പാമ്പാടി ദയറായില്‍ നിന്ന് കുന്നംകുളത്തേക്കു പുറപ്പെട്ടു. സന്ധ്യയ്ക്ക് എറണാകുളം സെന്‍റ് മേരീസ് പള്ളിയില്‍ താമസിച്ചു.
1935 ഫെബ്രുവരി 12 (മകരം 30) – പ്ലേഗ് ബാധയറിഞ്ഞ് കുന്നംകുളത്തെത്തി. കുന്നംകുളം പഴയ പള്ളിയിലേക്കു പോയി.
1935 ഫെബ്രുവരി 13 (കുംഭം 1) – കുംഭം രണ്ടാം തീയതി മുതല്‍ മൂന്ന് ദിവസത്തേക്കു കുന്നംകുളത്ത് പ്രത്യേക നോമ്പിന് തിരുമേനി ആഹ്വാനം ചെയ്തു.
1935 ഫെബ്രുവരി 16 (കുംഭം 4 ശനി) – രാവിലെ വി. കുര്‍ബ്ബാനയ്ക്കു ശേഷമേ കടകള്‍ തുറക്കാവൂ എന്ന തിരുമേനിയുടെ ആഹ്വാനപ്രകാരം കുന്നംകുളം കമ്പോളത്തിലെ കടകള്‍ രാവിലെ ഒമ്പതു മണി വരെ തുറന്നില്ല.
1935 ഫെബ്രുവരി 23 (കുംഭം 11) – വട്ടശ്ശേരില്‍ പ. ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ ഒന്നാം ഓര്‍മ്മപ്പെരുന്നാള്‍ ദിനം. തിരുമേനി വി. കുര്‍ബ്ബാന അര്‍പ്പിച്ചു.
1935 ഫെബ്രുവരി 24 (കുംഭം 12) – തിരുമേനി കുന്നംകുളം പുത്തന്‍പള്ളിയില്‍ വി. കുര്‍ബ്ബാന അര്‍പ്പിച്ചു. എം.ജി.എം. സണ്ടേസ്കൂള്‍ കുട്ടികളുടെ സമ്മാനദാനം നിര്‍വഹിച്ചു.
1935 ഫെബ്രുവരി 25 (കുംഭം 13) – തിരുമേനി കുന്നംകുളം ചിറളയം പള്ളിയിലേക്കു പോയി.
1935 ഫെബ്രുവരി 26 (കുംഭം 14) – തിരുമേനി പഴഞ്ഞി ഇടവക്കാരുടെ ക്ഷണപ്രകാരം പള്ളിയിലെത്തി. പി. ഐ. മത്തായി കത്തനാരുടെ ഭവനത്തിലെത്തി അന്ത്യ കൂദാശ നടത്തി കുന്നംകുളത്തേക്ക് തിരികെ പോയി.
1935 മാര്‍ച്ച് 1 (കുംഭം 17) വെള്ളി – തിരുമേനി കുന്നംകുളത്തു നിന്നും കോട്ടയത്തേക്കു മടങ്ങി. സന്ധ്യയ്ക്ക് എറണാകുളം സെന്‍റ് മേരീസ് പള്ളിയില്‍ താമസിച്ചു.
1935 മാര്‍ച്ച് 2 (കുംഭം 18) ശനി – എറണാകുളം സെന്‍റ് മേരീസ് പള്ളിയില്‍ വി. കുര്‍ബ്ബാന അര്‍പ്പിച്ചു. കോട്ടയത്തിനു മടങ്ങിപ്പോന്നു.