സ്ത്രീ സുരക്ഷ ഉറപ്പാക്കണം: പ. കാതോലിക്കാ ബാവാ

സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുകയും ദുര്‍ബലവിഭാഗങ്ങള്‍ക്ക് അഭയമരുളുകയും ചെയ്യുന്നത് സംസ്കൃത സമൂഹത്തിന്‍റെ ലക്ഷണമാണെന്നും ഇത് ഭാരതത്തിന്‍റെ സമ്പന്ന സാംസ്കാരിക പാരമ്പര്യത്തിന്‍റെ അവിഭാജ്യഘടകമെന്നും, ഇവയുടെ അഭാവത്തില്‍ സംസ്കാര സമ്പന്നരെന്ന് ഊറ്റം കൊളളാന്‍ ആര്‍ക്കും അവകാശമില്ലെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ.

പെണ്‍കുട്ടികള്‍ നാരകീയമായി പീഡിപ്പിക്കപ്പെടുകയും കൊലചെയ്യപ്പെടുകയും നിരപരാധികള്‍ മര്‍ദ്ദനത്തിന് വിധേയരാകുകയും ചെയ്യുന്ന സാഹചര്യം ആവര്‍ത്തിച്ചുകൂടാ. പ്രതികരണങ്ങളും പ്രതിഷേധങ്ങളും ബോധവത്ക്കരണവും മതസൗഹാര്‍ദ്ദത്തിന് കോട്ടം തട്ടാത്തവിധം ആയിരിക്കണം. നീചമായ ഇത്തരം ക്രൂരതകള്‍ക്കെതിരെ ക്രിയാത്മകമായി പ്രതികരിക്കുകയും കുറ്റവാളികളെ മാതൃകപരമായി ശിക്ഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യേണ്ടത് സമാധാനവും മതസൗഹാര്‍ദ്ദവും പുലരണമെന്ന് ആഗ്രഹിക്കുന്ന ഏവരുടെയും കടമയാണ്.