നിലപാടുകള്‍ തുറന്ന് പറഞ്ഞ് മലങ്കരസഭയുടെ സീനിയര്‍ മെത്രാപ്പോലീത്താ
ജൂലൈ 3-ലെ സുപ്രീംകോടതി വിധിക്കുശേഷം പരിശുദ്ധ ബാവാ തിരുമേനി പ്രകടിപ്പിച്ച വ്യവഹാരരഹിത സഭ എന്ന സ്വപ്നം സ്നേഹത്തില്‍ക്കൂടി വേണം നേടിയെടുക്കാനെന്നു സീനിയര്‍ മെത്രാപ്പൊലീത്താ തോമസ് മാര്‍ അത്താനാസ്യോസ് പ്രസ്താവിച്ചു. തന്‍റെ എണ്‍പതാം ജന്മദിനം പ്രമാണിച്ച് ബഥേല്‍ പത്രികയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് മെത്രാപ്പൊലീത്താ തന്‍റെ നിലപാട് വ്യക്തമാക്കിയത്.
“1958-ലെ പോലെ യോജിച്ച സഭയുടെ അസോസിയേഷന്‍ പുത്തന്‍കാവില്‍ നടത്തണം. അതാണെന്‍റെ ആഗ്രഹം. ഇക്കാര്യം ഞാന്‍ കാലംചെയ്യുന്നതിനു മുമ്പ് നടക്കും എന്നതാണ് എന്‍റെ വിശ്വാസം.” അദ്ദേഹം തുടര്‍ന്നു പറഞ്ഞു.
ചോദ്യം: 80 വര്‍ഷം മനുഷ്യനായിട്ടും 34 വര്‍ഷം മെത്രാപ്പൊലീത്താ ആയും ജീവിച്ചു. പുറകോട്ട് തിരിഞ്ഞു നോക്കുമ്പോള്‍ സഭയെ എങ്ങനെ വിലയിരുത്തുന്നു.
ഉത്തരം: ഞാന്‍ സഭയ്ക്ക് വേണ്ടി ജീവിച്ച ഒരാളാണ്. ഏതു പ്രവര്‍ത്തനം ചെയ്താലും ഇത് സഭയെ എങ്ങനെ ബാധിച്ചും? സഭയ്ക്കത് മുതല്‍ക്കൂട്ടാകുമോ എന്നാണ് ഞാന്‍ ചിന്തിക്കുന്നത്.
ചോ: ഭരണപരമായ കാര്യങ്ങളില്‍ തിരുമേനിയുടെ പ്രചോദനം ഒന്നു വിശദീകരിക്കാമോ.
ഉ: ഞാന്‍ റോള്‍മോഡല്‍ ആയി കാണുന്നത് പ. വട്ടക്കുന്നേല്‍ ബാവാ തിരുമേനിയെയാണ്. അബുദാബിയില്‍ ഞാന്‍ വികാരിയായിരിക്കുമ്പോള്‍ കഷ്ടാനുഭവ ആഴ്ച നടത്തുന്നിനായി മാത്യൂസ് പ്രഥമന്‍ ബാവാ എഴുന്നളളി. ഒരു ദിവസം സഭാഭരണഘടന എടുത്തുകൊണ്ടുവരുന്നതിന് എന്നോട് ആവശ്യപ്പെട്ടു. ഒരു ദിവസം മുഴുവന്‍ ഇരുന്നു ഭരണഘടനയുടെ ഓരോ വകുപ്പും, പിന്നെയുളള ഓരോ ദിവസവും കൂദാശകളും എല്ലാം പഠിപ്പിച്ചു. പിന്നെ കുറെ ഉപദേശങ്ങള്‍ ഒക്കെ തന്നു.
അവയില്‍ ചിലത്; ഏത് കര്‍മ്മം നടത്തിയാലും അതില്‍ പൂര്‍ണ്ണമായും ഇഴുകിചേര്‍ന്ന് നടത്തണം. കാട്ടിക്കൂട്ടി കര്‍മ്മം നടത്തിയാല്‍ ഫലകരമാകില്ല. ഏതു പ്രോഗ്രാം എവിടെ ഏറ്റിരുന്നാലും സമയത്ത് ചെന്നിരിക്കണം. ഭരണഘടന ഓരോരുത്തര്‍ക്കും ഓരോ റോള്‍ നല്കിയിട്ടുണ്ട്. എല്ലാവരേയും നിര്‍ത്തേണ്ടിടത്തു നിര്‍ത്തണം.
ചോ: ഇത്രയും കാലത്തിനിടയ്ക്ക് സഭയ്ക്ക് വളര്‍ച്ചയാണോ തളര്‍ച്ചയാണോ ഉണ്ടായിട്ടുള്ളത്? എങ്ങനെ വിലയിരുത്തുന്നു?
ഉ: എന്‍റെ ഭദ്രാസനത്തെ സംബന്ധിച്ചാണെങ്കില്‍ വളര്‍ച്ച ഉണ്ടായിട്ടുണ്ട്. കാര്യക്ഷമമായ ഒരു സിസ്റ്റം ഏര്‍പ്പെടുത്താന്‍ കഴിഞ്ഞതാണ് അതിനു കാരണം. ഒത്തിരി കാര്യങ്ങള്‍ക്ക് മാതൃകയാവാനും തുടക്കം കുറിക്കാനും കഴിഞ്ഞു എന്നത് അഭിമാനകരമായി കരുതുന്നു.
ചോ: മലങ്കരസഭയില്‍ പലയിടത്തും ഭരണപരാജയം ഉണ്ടാകുന്നു എന്ന മുറവിളി ഉയരുന്നുണ്ട്. ഈ അര്‍ത്ഥത്തില്‍ അതെല്ലാം അഡ്മിനിസ്ട്രേഷന്‍റെ പരാജയമാണെന്ന് പറയാന്‍ ആകുമോ?
ഉ: സാരഥ്യം വഹിക്കുന്നവര്‍ അതതിന്‍റെ ഭരണഘടന ശരിയായി പഠിക്കണം. ഞാന്‍ സുന്നഹദോസ് സെക്രട്ടറിയായി ചുമതല ഏറ്റെടുക്കാന്‍ ചെല്ലുമ്പോള്‍ ഓഫീസ് ചുമതലക്കാര്‍ സുന്നഹദോസിന്‍റെ അക്കൗണ്ടില്‍ നിന്നും നല്കേണ്ട എക്യുമെനിക്കല്‍ റിലേഷന്‍സ് വക ഒരു വൗച്ചര്‍ എന്‍റെ അടുക്കല്‍ കൊണ്ടുവന്നു. അവരുടെ വിചാരം, സുന്നഹദോസ് സെക്രട്ടറിയ്ക്ക് ഒരു ക്ലാര്‍ക്കിന്‍റെ ജോലിയാണ് എന്നാണ്. സുന്നഹദോസിന്‍റെ വരവുചെലവ് കണക്ക് ബാവാ തിരുമേനി നേരിട്ട് കൈകാര്യം ചെയ്യേണ്ടതാണ്. ഞാന്‍ അവരെ നേരെ മാത്യൂസ് ദ്വിതീയന്‍ ബാവായുടെ അടുക്കലേയ്ക്കു വിളിപ്പിച്ച് ഇതു മനസ്സിലാക്കി കൊടുത്തു. അതോടെ അത്തരം നടപടികള്‍ അവസാനിച്ചു.
അതേപോലെ സഭ വക സ്കൂളുകളുടെ ചുമതല ലഭിച്ചപ്പോള്‍ ആദ്യമായി എന്‍റെ മുമ്പില്‍ വന്നത് നിരണം മണ്ണാംതോട്ടുവഴി സ്കൂളിന്‍റെ ഒരു ബില്ലാണ്. ആദ്യം ഓടിച്ച് ഒന്ന് നോക്കി. അതിന്‍റെ വര്‍ഷം തെറ്റായി ആണ് എഴുതിയിരുന്നത്. ചുമതലപ്പെട്ടവരെ വിളിച്ച് ഇത് ചൂണ്ടിക്കാണിച്ചപ്പോള്‍ ഓഫീസ് സ്റ്റാഫിന് മനസ്സിലായി ഞാന്‍ ഓരോന്നും സൂക്ഷ്മമായി പരിശോധിക്കുന്നു എന്ന്. അവര്‍ പിന്നീട് കൂടുതല്‍ ശ്രദ്ധാലുക്കളായി.
പുത്തന്‍കാവില്‍ ഞാന്‍ പഠിക്കുമ്പോഴാണ് കേരളാ എഡ്യൂക്കേഷണല്‍ റൂള്‍സ് (കെ.ഇ.ആര്‍.) നിലവില്‍ വന്നത്. അതിനുശേഷം ധാരാളം ഭേദഗതി ഉണ്ടായിട്ടുണ്ട്. എന്നെ സഭ വക സ്കൂളുകളുടെ ചുമതല ഏല്പിച്ചപ്പോള്‍ ആദ്യം ചെയ്തത് ദയറായില്‍ പോയിരുന്ന് കെ.ഇ.ആര്‍. മുഴുവന്‍ പഠിക്കുക ആയിരുന്നു. അതു മുഴുവന്‍ ശരിയായി പഠിച്ചിട്ടാണ് ഞാന്‍ സ്കൂളിന്‍റെ ഓഫീസില്‍ കാലുകുത്തിയത്.
ചോ: ന്യായപ്രമാണം എന്താണെന്ന് പഠിച്ച് അത് അനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ ഒരു പ്രശ്നവും ഉണ്ടാകില്ല എന്നാണോ തിരുമേനി ഉദ്ദേശിക്കുന്നത്?
ഉ: അതെ. അത് അനുസരിച്ചാല്‍ സഭയില്‍ ഒരു പ്രശ്നങ്ങളുമുണ്ടാകില്ല. നിയമലംഘനമാണ് എല്ലാ പ്രശ്നങ്ങളുടെയും മൂലകാരണം. റൂള്‍സ് എന്താണെന്ന് നമ്മള്‍ മനസ്സിലാക്കണം.
ചോ: ഓരോ മനുഷ്യരുടെയും വിവിധ മേഖലകളിലെ കഴിവുകള്‍ കണ്ടെത്തുവാനും അത് പരമാവധി ഉപയോഗിക്കുവാനും തിരുമേനി പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. എന്താണിതിനു കാരണം?
ഉ: കൂടുതല്‍ കൂടുതല്‍ കഴിവുള്ളവര്‍ ഉയര്‍ന്നുവന്നാലേ ഏതു പ്രസ്ഥാനവും വളരൂ. എന്‍റെ സഭ വളരണം എന്നാണ് എന്‍റെ ആഗ്രഹം. എന്നെക്കാള്‍ കഴിവുകുറഞ്ഞവര്‍ വന്നാല്‍ എന്‍റെ സഭ ചുരുങ്ങും. എല്ലാ സ്ഥാനികളും അവരേക്കാള്‍ കഴിവുള്ളവരെ വേണം ഉപസ്ഥാനികളായി നിയമിക്കാന്‍. എങ്കിലേ പ്രസ്ഥാനം വളരൂ. അതുകൊണ്ട് എന്‍റെ വൈദികര്‍ എന്നെക്കാള്‍ ഉയര്‍ന്നുവരണം എന്നാണ് എന്‍റെ ആഗ്രഹം. ഞാന്‍ അതിന് പരമാവധി വഴിയൊരുക്കും. ഞാന്‍ ഭദ്രാസനത്തിന്‍റെ ചുമതല ഏല്ക്കുമ്പോള്‍ ചെങ്ങന്നൂര്‍ ഭദ്രാസനത്തില്‍ നിന്നും വൈദികസെമിനാരിയില്‍ ആരും പഠിപ്പിക്കുന്നുണ്ടായിരുന്നില്ല. ഇന്ന് സ്ഥിരം അധ്യാപകരില്‍ നാല് പേര്‍ ഈ ഭദ്രാസനത്തില്‍ നിന്നാണ്. വിവിധ മേഖലകളില്‍ എന്‍റെ വൈദികര്‍ ഉന്നത പരിശീലനം നേടുന്നുമുണ്ട്.
ചോ: മറ്റുള്ളവരുടെ കഴിവിനേയും പ്രവൃത്തിയേയും പരസ്യമായി അഗീകരിക്കാനും അഭിനന്ദിക്കാനും ഉളള അപൂര്‍വ്വ ഗുണം തിരുമേനിക്ക് എങ്ങനെ ഉണ്ടായി?
ഉ: വൈദികര്‍ക്ക് എക്സ്പോഷര്‍ ഉണ്ടാകാന്‍ ഞാനാഗ്രഹിക്കുന്നു. എങ്കിലേ സഭ വളരൂ. അതാണെന്‍റെ അടിസ്ഥാന തത്വം. ബറോഡയിലെ എന്‍റെ ജീവിതസാഹചര്യമാണ് ഇത്തരമൊരു മനോഭാവം വളര്‍ത്തിയെടുത്തത്.
ചോ: തിരുമേനി സെക്രട്ടറിസ്ഥാനം വഹിക്കുമ്പോഴാണ് പ. എപ്പിസ്കോപ്പല്‍ സുന്നഹദോസ് നിശ്ചയിക്കുന്ന എല്ലാ സ്ഥാനത്തിന്‍റെയും കാലാവധി അഞ്ചു വര്‍ഷം ആയിരിക്കുമെന്നും ഒരാള്‍ക്ക് അത് പരമാവധി രണ്ടു തവണ ആയിരിക്കുമെന്നും ധാരണ ഉണ്ടാക്കിയത്. തിരുമേനി തന്നെ സ്ഥാനമൊഴിഞ്ഞു മാതൃകയുമായി. എന്താണിതിനുള്ള പ്രചോദനം?
ഉ: ഈ ചിന്ത എന്‍റെ മനസ്സില്‍ വരുന്നത് ഒരു പ്രസിഡന്‍റ് തിരഞ്ഞെടുപ്പു സമയത്ത് അമേരിക്ക സന്ദര്‍ശിച്ചപ്പോഴാണ്. അവിടെ പ്രസിഡന്‍റിനു നാലു വര്‍ഷം വീതമുള്ള രണ്ടു തവണ മാത്രമേ ഭരിക്കാനാവൂ. പത്തു വര്‍ഷം പൂര്‍ത്തിയാക്കിയ ഞാന്‍ സിനഡ് സെക്രട്ടറി സ്ഥാനവും സ്കൂള്‍ മാനേജര്‍ സ്ഥാനവും ഒഴിഞ്ഞു. അടുത്ത കാലത്ത് ഇതേ മാനദണ്ഡത്തില്‍ എം.ഒ.സി. പബ്ലിക്കേഷന്‍സ് പ്രസിഡന്‍റ്, വൈദിക സംഘം അദ്ധ്യക്ഷന്‍ എന്നീ സ്ഥാനങ്ങളും ഒഴിഞ്ഞു.
ചോ: ഇത് മറ്റു സ്ഥാനികള്‍ക്കും ബാധകമാക്കുന്നത് നല്ലതല്ലേ?
ഉ: ഞാന്‍ ആരംഭമിട്ട ഈ കീഴ്വഴക്കം ഇന്നും തുടരുന്നു എന്നതില്‍ സന്തോഷമുണ്ട്. സഭയിലെ ഇതര സ്ഥാനികള്‍ക്കും രണ്ടുതവണ എന്ന പരിധി വെക്കുന്നത് വളരെ നല്ലതാണ്.
ചോ: സ്നേഹത്തില്‍ക്കൂടി വേണം സഭാ സമാധാനം നേടിയെടുക്കാനെന്നു തിരുമേനി പറഞ്ഞു. അത് പ്രായോഗികമായി എങ്ങനെ നടപ്പാക്കാം?
ഉ: സ്നേഹത്തില്‍ക്കൂടി ഇക്കാര്യം നേടിയെടുക്കണമെന്നു തന്നെയാണ് എന്‍റെ അഭിപ്രായം. ഈ വിധി വന്നശേഷം ഞാന്‍ സ്ഥലത്തില്ലാതിരുന്നപ്പോള്‍ മാന്തളിര്‍ പള്ളിയിലെ ഒരു കുടുംബം സഭയിലേക്ക് വന്നു. മടങ്ങിവന്ന ഞാന്‍ കൊച്ചി എയര്‍പോര്‍ട്ടില്‍ നിന്ന് നേരെ പോയത് അയാളുടെ വീട്ടിലേക്കാണ്. ആ സന്ദേശം പലയിടത്തും പ്രചരിച്ചു. അതിനു മുമ്പ് അതേ പള്ളിയിലെ മറുവിഭാഗത്തിലെ ഒരാള്‍ മരിച്ചു. അദ്ദേഹത്തിന്‍റെ മകന്‍ ബാഹ്യകേരളത്തില്‍ നമ്മുടെ പള്ളി അംഗമാണ്. വികാരി വന്ന് വിവരം എന്നോട് പറഞ്ഞതനുസരിച്ച് ഞാനാണ് ശുശ്രൂഷയ്ക്ക് നേതൃത്വം നല്കിയത്. അവന്‍ എന്നെങ്കിലും നമ്മുടെ സഭ വിട്ടുപോകുമോ? ഇതുപോലെ മുഴുവന്‍ പേരേയും സ്നേഹത്തില്‍ കൂടെ നേടിയെടുക്കണം.
ചോ: സ്നേഹത്തില്‍ കൂടി സഭാസമാധാനം നേടുന്നതിനു സഭ ഹൃസ്വകാല അടിസ്ഥാനത്തിലും ദീര്‍ഘകാല അടിസ്ഥാനത്തിലും ചെയ്യേണ്ട കാര്യങ്ങളും കാഴ്ചപ്പാടും എന്തായിരിക്കണം?
ഉ: സുപ്രീംകോടതി ജഡ്ജ്മെന്‍റിന്‍റെ ഒരു കോപ്പി, ഈ വിധിയുടെ അടിസ്ഥാനത്തില്‍ സമാധാനത്തിന് ഞങ്ങള്‍ ഒരുക്കമാണെന്ന പ. ബാവാതിരുമേനിയുടെ കവറിംഗ് ലെറ്ററോടെ, അന്ത്യോക്യാ പാത്രിയര്‍ക്കീസിന് അയച്ചുകൊടുക്കണം. കഴിയുമെങ്കില്‍ ഒരു മെത്രാപ്പൊലീത്താ വഴിയോ യോഗ്യനായ ഒരു പട്ടക്കാരന്‍ വഴിയോ നേരിട്ട് എത്തിച്ച് കൊടുക്കണം. അപ്പോള്‍ സ്വാഭാവികമായി പന്ത് അവരുടെ കോര്‍ട്ടിലോട്ട് തട്ടിയിട്ടു.
പിന്നീട് ഇക്കാര്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സമഭാവനയുളള യോഗ്യരായ കുറച്ചുപേരെ ചേര്‍ത്ത് ഒരു സമിതി ഉണ്ടാക്കണം. മറുഭാഗവും അപ്രകാരം ഒരു സമിതി ഉണ്ടാക്കട്ടെ.അവര്‍ കൂടിയാലോചിച്ച് ഒരു പ്രായോഗികമായ റിപ്പോര്‍ട്ട് തയ്യാറാക്കണം. അതാണ് വേണ്ടത്.
മറുവിഭാഗത്തിലെ വൈദിക സ്ഥാനികളേയും നമ്മള്‍ കരുതണം. അവര്‍ ശത്രുക്കളല്ല, നമ്മുടെ സഹോദരന്മാരാണ്.
ഇപ്പോള്‍ സുപ്രീംകോടതി, നിങ്ങള്‍ സമാധാനത്തിന് എന്തു ചെയ്തു എന്നു ചോദിച്ചാല്‍ നമുക്ക് പറയാന്‍ ഒന്നുമില്ല എന്ന അവസ്ഥയാണുള്ളത്.
ഒരു സഭ, ഒരു തലവന്‍, ഒരു നിയമം എന്നതാവണം അടിസ്ഥാന കാഴ്ചപ്പാട്.
ചോ: ഈ ഒരു കാല്‍വയ്പ് നമ്മുടെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്ന് തിരുമേനി പ്രതീക്ഷിക്കുന്നുണ്ടോ?
ഉ: ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. കാരണം അങ്ങനെയുളള വിശാലമായ ഒരു ചിന്താഗതി പലരിലുമില്ല എന്നതാണ്.
ചോ: സഭയില്‍ എന്തുകൊണ്ട് കുറച്ചുപേര്‍ യോജിപ്പിനു വിഘാതമായി നില്ക്കുന്നു?
ഉ: പേഴ്സണല്‍ ഇന്‍ററസ്റ്റ് അഥവാ സ്ഥാപിത താല്പര്യം. സഭയുടെ താല്പര്യം അവര്‍ കണക്കിലെടുക്കുന്നില്ല. സഭയുടെ യോജിപ്പിനുവേണ്ടി എന്തു ത്യാഗം സഹിക്കാനും ഞാന്‍ സന്നദ്ധനാണ്. ആവശ്യമെങ്കില്‍ അതിനായി ഇപ്പോള്‍ സ്ഥാനം ഒഴിയാനും ഞാന്‍ തയ്യാറാണ്.
ഏതു സ്ഥാനത്ത് എത്തുന്നവരും ആ പ്രസ്ഥാനത്തിനുവേണ്ടി പ്രവര്‍ത്തിക്കണം. അതിന്‍റെ ഉന്നമനത്തിനായിരിക്കണം മുന്‍തൂക്കം നല്കേണ്ടത്. സഭയുടെ പദവികളില്‍ എത്തുന്നവര്‍ അവരുടെ സ്ഥാപിത താല്പര്യങ്ങള്‍ക്കുവേണ്ടി സഭയെ ഉപയോഗിക്കുന്നത് പരിശുദ്ധാത്മാവിനു വിരുദ്ധമായ പാപമാണ്.
ഇപ്പോഴത്തെ സുപ്രീംകോടതി വിധിയില്‍ ഞാന്‍ കാണുന്നത് നമ്മുടെ സഭ ഒരു ദേശീയ സഭ ആണെന്ന അംഗീകാരം ലഭിച്ചു എന്നതാണ്. ഇത് എനിക്ക് അഭിമാനം പകരുന്നു. കാരണം, നോര്‍ത്ത് ഇന്‍ഡ്യയില്‍ ഞാന്‍ പോകുന്നിടത്തെല്ലാം പറയുന്ന കാര്യമാണ് Malankara Orthodox Church is a National Church എന്നത്. ഈ വിധി നടപ്പാകുന്നതോടെ ഇന്ത്യയില്‍ ഒരു ഓര്‍ത്തഡോക്സ് സഭ മാത്രമാവും. അതോടെ നമുക്കു നഷ്ടപ്പെട്ട പ്രതാപം തിരിച്ചു പിടിക്കാനാവും. നമ്മള്‍ ശ്രമിക്കേണ്ടത് അതിനുവേണ്ടിയാണ്; സ്നേഹത്തിലൂടെ.
ചോ: നമ്മുടെ പാരമ്പര്യം അനുസരിച്ച് നയരൂപീകരണത്തിനുള്ള പരമാധികാരം പ. എപ്പിസ്കോപ്പല്‍ സുന്നഹദോസിലാണ് നിക്ഷിപ്തമായിരിക്കുന്നത്. പ. സുന്നഹദോസ് യോജിപ്പിന് അനുകൂലമാണെന്നാണ് കഴിഞ്ഞ ദിവസത്തെ പത്രപ്രസ്താവനയിലൂടെ മനസ്സിലാക്കുന്നത്. സീനിയര്‍ മെത്രാപ്പോലീത്താ എന്ന നിലയില്‍ അതിനെ ഒന്നു ക്രോഡീകരിച്ചു പ്രവര്‍ത്തനക്ഷമമാക്കിക്കൂടെ?
ഉ: സീനിയര്‍ മെത്രാപ്പോലീത്തായ്ക്ക് പ്രത്യേക അധികാരമൊന്നുമില്ല. എങ്കിലും തീര്‍ച്ചയായും ഒരു Say ഉണ്ട്. ഈ പ്രാവശ്യം സുന്നഹദോസ് ഈ വിഷയമെടുത്തപ്പോഴും ആദ്യം സംസാരിച്ചത് ഞാനാണ്. എനിക്കു പറയാനുള്ളത് ഞാന്‍ പറയും. അത് പറയേണ്ട വേദിയില്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്. അവിടെ മാത്രമേ ഞാന്‍ പറയൂ.
ചോ: ഇത് ബോധവല്‍ക്കരിക്കേണ്ടത് ആവശ്യമല്ലേ?
ഉ: അത് ഓരോരുത്തരുടേയും മനസ്സില്‍ സ്വയം ഉണ്ടാകേണ്ട കാര്യമാണ്. സഭയെക്കുറിച്ച് ഒരു രീിരലൃി മനസ്സില്‍ ഉണ്ടെങ്കില്‍ സ്വാഭാവികമായി അത് നടന്നിരിക്കും.
ചോ: സഭയില്‍ സമാധാനവും ഐക്യവും ഉണ്ടാകുമെന്നു തിരുമേനിക്ക് തോന്നുന്നുണ്ടോ?
ഉ: എനിക്ക് ഉറപ്പാണ്.
ചോ: എന്താണ് ഇത്ര ഉറപ്പ്?
ഉ: അതിനു പല കാരണങ്ങള്‍ ഉണ്ട്. ഒന്നാമതായി, എന്നെ വഴിനടത്തുന്നത് നമ്മുടെ കര്‍ത്താവിന്‍റെ അമ്മ വചനിപ്പു സമയത്തു പറഞ്ഞ “ദൈവത്തിനു ഒരു കാര്യവും അസാദ്ധ്യമല്ലല്ലോ” (ലൂക്കൊസ് 1:37) എന്ന വചനമാണ്. അത് ഇവിടെയും പ്രാവര്‍ത്തികമാണ്. രണ്ടാമതായി, സുന്നഹദോസിന്‍റെ പത്രപ്രസ്താവന തയ്യാറാക്കിയശേഷം ആദ്യം ഞാന്‍ പോയത് പരുമലയ്ക്കാണ്. അവിടെ മുട്ടിപ്പായി പ്രാര്‍ത്ഥിച്ചാല്‍ അസാധ്യമായി ഒന്നുമില്ല. ഞാന്‍ സ്ക്രീനിംഗ് കമ്മിറ്റി അദ്ധ്യക്ഷനായിരുന്ന രണ്ടു മെത്രാന്‍ തിരഞ്ഞെടുപ്പിലും അവിടെ പ്രാര്‍ത്ഥിച്ച ശേഷമാണ് ബന്ധപ്പെട്ട ഫയലുകള്‍ തുറന്നത്. അവ രണ്ടും ഭംഗിയായി നടന്നു.
ചോ: ഇത്തവണ സുന്നഹദോസ് പോലും അറിയാത്ത, പുതിയ മെത്രാന്‍ തെരഞ്ഞെടുപ്പിന്‍റെ കാര്യം മാധ്യമങ്ങളില്‍ ആരോ പ്രസിദ്ധീകരിച്ചല്ലോ?
ഉ: അത് മൂന്നാംകിട പ്രവര്‍ത്തിയാണ്.
ചോ: സഭാ സമാധാനത്തിനായി തിരുമേനി ഇപ്പോള്‍ എന്തെങ്കിലും ചെയ്യുന്നുണ്ടോ?
ഉ: ജൂലൈ മൂന്നു മുതല്‍ നവംബര്‍ രണ്ടുവരെ ഞാന്‍ കാത്തിരുന്നു. ഒന്നും സംഭവിച്ചില്ല. തുടര്‍ന്ന് കഴിഞ്ഞ പരുമല പെരുന്നാളിന് സഭൈക്യത്തിനായി ഞാന്‍ നോമ്പാരംഭിച്ചു. നോമ്പാരംഭിച്ചത് ആരും പറഞ്ഞിട്ടല്ല. എന്‍റെ സഭ യോജിച്ചു കാണണം എന്ന വലിയ ആഗ്രഹം കൊണ്ടാണ് ഞാന്‍ നോമ്പ് ആരംഭിച്ചത്. സഭയില്‍ സമാധാനം ഉണ്ടാകുന്നതുവരെ ഞാന്‍ നോമ്പിലായിരിക്കും. കണ്ണീരോടെ പ്രാര്‍ത്ഥിച്ചാല്‍ ദൈവം ഫലം തരുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ചോ: സീനിയര്‍ മെത്രാപ്പോലീത്താ എന്ന നിലയില്‍ ഇപ്പോഴത്തെ സുന്നഹദോസ്, മാനേജിംഗ് കമ്മിറ്റി ഇവയുടെ പ്രവര്‍ത്തനത്തെ ഒന്നു വിലയിരുത്താമോ?
ഉ: സുന്നഹദോസിന്‍റെ വിഷയത്തില്‍ ഉള്‍പ്പെട്ട ആത്മീയ / കൂദാശപരമായ കാര്യങ്ങള്‍ ആര്‍ക്കും ചോദ്യം ചെയ്യാനാവില്ല. ഇക്കാര്യങ്ങളില്‍ സുന്നഹദോസിന്‍റെ പ്രവര്‍ത്തനം ഒരു തൃപ്തികരമായ നിലവാരത്തിലാണോ, സുന്നഹദോസ് ശ്രദ്ധിക്കേണ്ട മേഖലകള്‍ നൂറു ശതമാനം ശ്രദ്ധിക്കുന്നുണ്ടോ എന്ന് എനിക്ക് സംശയമുണ്ട്. ഉദാഹരണമായി ഇന്ന് കല്യാണം കഴിഞ്ഞാല്‍ ഇവന്‍റ് മാനേജ്മെന്‍റാണ് കാര്യങ്ങള്‍ നടത്തുന്നത്. വികാരി പ്രാര്‍ത്ഥിക്കണമെങ്കില്‍ ഇവന്‍റ് മാനേജര്‍ അനുവദിക്കണം. ഇക്കാര്യങ്ങളെ കുറിച്ച് വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ ചേര്‍ത്ത് ബുക്ക്ലെറ്റുണ്ടാക്കി സഭ മുഴുവന്‍ നടപ്പാക്കണം. അത് എന്‍റെ മനസ്സിലെ വലിയ ഒരു ആശയമാണ്. ഇതൊക്കെ സുന്നഹദോസ് ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.
ചോ: വൈദികരുടെയിടയിലെ അച്ചടക്കം നഷ്ടപ്പെടുന്നു എന്ന ആരോപണത്തെപ്പറ്റി?
ഉ: വൈദികരുടെ ഇടയിലെ അച്ചടക്കം നഷ്ടപ്പെടുന്നു എന്നത് പൊതുവായ ഒരു ആരോപണമാണ്. കൂദാശകളുടെ കാര്യത്തില്‍ ഓരോരുത്തരും അവനവന്‍റെ ഇഷ്ടമനുസരിച്ച് നടത്തുന്നുണ്ടെന്ന് എനിക്കറിയാം. പക്ഷേ ആവശ്യമായ പരിശീലനം ഇന്ന് വൈദികാര്‍ത്ഥികള്‍ക്ക് കിട്ടുന്നുണ്ടോ എന്ന് എനിക്ക് സംശയമുണ്ട്. മുമ്പ് അവിടെ പിള്ളാരുടെ കൂടെ താമസിക്കുന്ന വൈദികരായിരുന്നു അധ്യാപകര്‍. ഇന്ന് എത്ര അധ്യാപകരുണ്ട് ഒരു സന്ധ്യാനമസ്കാരത്തിന്? ചുരുക്കംപേര്‍ മാത്രം. പണ്ട് എല്ലാവരും അവിടെ സന്നിഹിതരായിരുന്നു.
യൂഹാനോന്‍ മാര്‍ സേവേറിയോസ് തിരുമേനി പരുമലയില്‍ താമസിക്കുന്ന സമയത്ത് മെത്രാന്മാരായി തിരഞ്ഞെടുക്കപ്പെട്ട ഞങ്ങള്‍ റമ്പാച്ചന്മാരായി അദ്ദേഹത്തില്‍ നിന്നും അവിടെവെച്ച് ആരാധനാ പരിശീലനം നേടി. അക്കാലത്ത് തിരുമേനിയോട് ഞാന്‍ പറഞ്ഞു; തിരുമേനി പരുമലയില്‍ താമസിക്കാതെ പഴയ സെമിനാരിയുടെ പടിഞ്ഞാറെ കെട്ടില്‍ താഴെയുള്ള ഒരു മുറിയില്‍ താമസിക്കുന്നതാണ് അത്യാവശ്യം. അതിന്‍റെ ഒരു വ്യത്യാസം സെമിനാരി പിള്ളേര്‍ക്ക് ഉണ്ടാകും. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്: your presene makes a lot of difference in seminary. ഇന്ന് അധ്യാപകര്‍ എല്ലാവരും ക്ലാസ് കഴിഞ്ഞു കാറില്‍ കയറി സ്ഥലംവിടുന്നു. വൈദിക അധ്യാപകര്‍ സെമിനാരിയില്‍ നിര്‍ബന്ധമായും താമസിക്കണം. സെമിനാരിയെക്കുറിച്ച് നല്ല ഒരു ചര്‍ച്ച കഴിഞ്ഞ സുന്നഹദോസില്‍ നടന്നു.
ഞാന്‍ ഫോര്‍മലായി നമ്മുടെ സെമിനാരിയില്‍ പഠിച്ചിട്ടില്ല. ഞാന്‍ വേദശാസ്ത്രം പഠിച്ചത് സെറാമ്പൂര്‍ കോളജില്‍ ആണ്. അക്കാലത്താണ് വന്ദ്യനായ ഡോ. വി. സി. ശാമുവേല്‍ അച്ചന്‍ അവിടെ അധ്യാപകനായി ചാര്‍ജെടുത്തത്. 2-ാം വര്‍ഷം എം. വി. ജോര്‍ജ് അച്ചന്‍ (പിന്നീട് ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പൊലീത്താ) ഞങ്ങള്‍ വിശ്വസിക്കുന്നു എന്ന പുസ്തക രചനയ്ക്ക് എന്‍റെ അടുത്ത മുറിയിലാണ് വന്നു താമസിച്ചത്. അന്ന് കല്‍ക്കട്ട പള്ളി വികാരി ഫാ. കെ. കെ. മാത്യൂസ് (പിന്നീട് മാത്യൂസ് മാര്‍ ബര്‍ന്നബാസ് മെത്രാപ്പൊലീത്താ) ആയിരുന്നു. ഈ മൂന്നു വൈദികരാണ് എന്നെ വൈദികവൃത്തിയില്‍ സ്വാധീനിച്ചതും പരിശീലിപ്പിച്ചതും. പാസ്റ്ററല്‍ വര്‍ക്കിന്‍റെ കാര്യത്തില്‍ എന്‍റെ മാതൃക കെ. കെ. മാത്യൂസ് അച്ചനായിരുന്നു. അത്തരം പരിശീലനങ്ങള്‍ എന്നെ നന്നായി സ്വാധീനിച്ചിട്ടുണ്ട്.
എന്‍റെ പിതാമഹന്‍ കിഴക്കേത്തലയ്ക്കല്‍ തോമ്മാ കത്തനാരോടും പിതൃസഹോദരന്‍ പുത്തന്‍കാവില്‍ കൊച്ചു തിരുമേനിയോടും ജനങ്ങള്‍ കാട്ടുന്ന സ്നേഹാദരബഹുമാനങ്ങള്‍ എനിക്കറിയാം. ആ പൈതൃകം കാത്തുസൂക്ഷിക്കേണ്ടത് എന്‍റെ ബാദ്ധ്യതയാണെന്നു ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. എന്നെ മേല്പട്ടക്കാരനായി അസോസിയേഷന്‍ തിരഞ്ഞെടുത്ത ദിവസത്തിനുശേഷം ഒരു രാത്രിപോലും എന്‍റെ സ്വന്തം വീട്ടില്‍ ഞാന്‍ അന്തിയുറങ്ങിയിട്ടില്ല. വൈദികര്‍ സ്വകാര്യഭവനങ്ങളില്‍ അന്തിയുറങ്ങരുത് എന്നാണ് എന്‍റെ പക്ഷം. സഭാ സ്ഥാപനങ്ങള്‍, ദയറാകള്‍, പള്ളികള്‍, അരമനകള്‍ ഇവ മാത്രമേ ഇതിനുപയോഗിക്കാവൂ. സ്വന്തം സ്ഥാപനത്തിന്‍റെ മാന്യത കാക്കേണ്ടത് ഓരോരുത്തരുടെയും ചുമതലയാണ്. വാക്കിലും പ്രവര്‍ത്തിയിലും.
ചോ: വിദ്യാഭ്യാസ മേഖലയിലുളള താല്പര്യവും ആ സരണിയിലുളള പരിശീലനവും മൂലം തിരുമേനിക്ക് വിദ്യാര്‍ത്ഥികളോട് നല്ല ബന്ധം ഉണ്ട്. ആ പരിചയത്തില്‍ നിന്നും കഴിഞ്ഞ ഒരു തലമുറ മലയാളികളുടെ കാഴ്ചപ്പാടില്‍ വന്ന മാറ്റം – കേരളത്തിനകത്തും പുറത്തും – വിശകലനം ചെയ്യാമോ?
ഉ: വടക്കെ ഇന്‍ഡ്യയില്‍ അവിടുത്തെ സംസ്കാരവുമായി ഇഴുകി ചേരുകയാണ് നമ്മുടെ കുട്ടികള്‍. നമ്മുടെ സംസ്കാരം അവരില്‍ നിന്നു നഷ്ടപ്പെടുന്നു. ഇതു തന്നെയാണ് വിദേശത്തേയ്ക്കു കുടിയേറിയ മലയാളികളുടെ സ്ഥിതിയും.
അവിടെയാണ് എനിക്ക് ഗുജറാത്തികളോട് കൂടുതല്‍ ബഹുമാനം. അമേരിക്കയില്‍ ചെന്നാലും ഗുജറാത്തികളും പഞ്ചാബികളും അവരുടെ സംസ്കാരം ഉയര്‍ത്തിപ്പിടിക്കും. അമേരിക്കയിലും അവര്‍ ഗുജറാത്തിയെ സംസാരിക്കൂ. നമ്മുടെ നാട്ടിലെ കുട്ടികള്‍ കേരളം വിട്ടാല്‍ മലയാളം മറക്കും. ഭാഷയും വേഷവും മറക്കും.
കേരളത്തിലെ കുട്ടികള്‍ വളരെ ആപത്ക്കരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. അധ്യാപകരും മാതാപിതാക്കളും കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ട അടിയന്തിര സാഹചര്യമാണ് ഇപ്പോഴുള്ളത്. അതിന്‍റെ കുറവ് അപകടങ്ങളെയാണ് വിളിച്ചുവരുത്തുന്നത്. ഇതു പേരന്‍റിംഗിന്‍റെയും സ്കൂളിംഗിന്‍റെയും പ്രശ്നമാണ്. ഇന്ന് കേരളത്തില്‍ ബോധവല്‍ക്കരണം ആവശ്യമായിരിക്കുന്നത് കുട്ടികള്‍ക്കല്ല; മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കുമാണ്. അതില്‍ സഭയ്ക്ക് എന്തു ചെയ്യാനാകും എന്നു ഗൗരവമായി ചിന്തിക്കണം. ഉത്തമ പേരന്‍റിംഗിന് ആവശ്യമായ ബോധവല്‍ക്കരണം സഭ നിര്‍ബന്ധമായും നല്കണം.
നമ്മുടെ ചെങ്ങന്നൂര്‍ കണ്‍വന്‍ഷനില്‍ ഓരോ പ്രാവശ്യവും ഓരോ തുറയില്‍പ്പെട്ടവര്‍ക്ക് ഈ വിധത്തില്‍ മാര്‍ഗ്ഗദര്‍ശനം നല്കുന്നുണ്ട്. അത് വിപുലീകരിക്കണം എന്നാണ് എന്‍റെ ആഗ്രഹം. അടുത്ത തലമുറയെ കരുതേണ്ടത് മാതാപിതാക്കളോടൊപ്പം സഭയുടേയും ബാധ്യതയാണ്. അതിനു സഭ സജ്ജമാകണം. മാതാപിതാക്കളെ സജ്ജരാക്കണം.
ചോ: തിരുമേനി കൃഷിയില്‍ അതീവ തല്പരനാണെന്നും വാസസ്ഥലമായ ഓതറ ദയറാ ഒരു നിറഞ്ഞ ഒരു കൃഷിയിടമാണെന്നും അറിഞ്ഞിട്ടുണ്ട്. ഇതു ശരിയാണോ?
ഉ: ശരിയാണ്. ഓതറ ദയറാ പച്ചക്കറിയുടെ കാര്യത്തില്‍ സ്വയം പര്യാപ്തമാണ്. എന്നു മാത്രമല്ല, വിഷവിമുക്തമായ പച്ചക്കറി വില്ക്കുന്നുമുണ്ട്. അതു കൂടാതെ പശുവളര്‍ത്തലും കാര്യമായി അവിടെ നടത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം പഞ്ചായത്തിലെ മികച്ച കര്‍ഷകനുളള പുരസ്കാരം ലഭിച്ചത് ദയറായിലെ കൃഷിയുടെ ചുമതലയുളള അച്ചനാണ്. അതില്‍ എനിക്ക് അഭിമാനമുണ്ട്.
വര്‍ഷങ്ങളായി പ. സുന്നഹദോസിന്‍റെ അര്‍ദ്ധവാര്‍ഷിക യോഗങ്ങളില്‍ ഒരു ദിവസമെങ്കിലും ഓതറ ദയറായില്‍ കൃഷി ചെയ്ത വിഭവം വിളമ്പും. ഇപ്പോള്‍ സുന്നഹദോസ് തുടങ്ങുന്ന ദിനംതന്നെ സഹോദര മെത്രാപ്പൊലീത്തമാരില്‍ ചിലര്‍ ചോദിക്കും, “എന്താണ് തിരുമേനി കൊണ്ടുവരുന്നത്?” അത് കേള്‍ക്കുന്നത് അഭിമാനമാണ്.
ചോ: കൃഷിയില്‍ താല്പര്യം ഉണ്ടാകാനുളള കാരണം?
ഉ: ഗുജറാത്തിലെ സ്കൂളുകളില്‍ സോഷ്യല്‍ റീകണ്‍സ്ട്രക്ഷന്‍ എന്ന ഒരു പുതിയ വിഷയം പഠിപ്പിക്കണം എന്ന നിബന്ധന വന്നു. അധ്യാപകര്‍ അത് ഏറ്റെടുക്കാന്‍ വിമുഖത കാണിച്ചു. ഞാന്‍ ആദ്യം ആ വിഷയം പഠിച്ചു രണ്ടുവര്‍ഷം അത് പഠിപ്പിച്ചു. അത് എനിക്കു നല്കിയ ദര്‍ശനം ഇന്ത്യയുടെ വികസനം യഥാര്‍ത്ഥത്തില്‍ ഗ്രാമീണ കാര്‍ഷിക മേഖലയുടെ ഉന്നമനത്തിലാണ് സ്ഥിതി ചെയ്യുന്നത് എന്നാണ്. മഹാനഗരങ്ങള്‍ കേന്ദ്രീകരിച്ച ഏതാനും കോര്‍പ്പറേറ്റുകളുടെ വികസനമല്ല, ഗ്രാമീണ കാര്‍ഷിക മേഖലുടെ വികസനമാണ് ഇന്ത്യയുടെ അടിസ്ഥാനം എന്ന യാഥാര്‍ത്ഥ്യം ഞാന്‍ മനസ്സിലാക്കി. അങ്ങിനെ ഞാനും കാര്‍ഷികവൃത്തിയില്‍ ആകൃഷ്ടനായി.
ചോ: നൂതന കാര്‍ഷിക രീതികള്‍ എങ്ങനെയാണ് മനസ്സിലാക്കിയത്?
ഉ: മുകളില്‍ പറഞ്ഞ പുസ്തകത്തിലെ ഒരു വിഷയം ഇസ്രായേയിലെ കീബുട്സുകളെ കുറിച്ചാണ്. ഞാന്‍ അവരുടെ കൃഷി സാങ്കേതിക വിദ്യ അന്വേഷിച്ചു. യെരുശലേമില്‍ ചെന്നപ്പോള്‍ യഹൂദന്മാര്‍ സ്വന്തം കീബൂട്ട്സ് എന്ന സ്വപ്നം അവരില്‍ നിന്ന് നേരില്‍ക്കണ്ട് മനസ്സിലാക്കി. അതാണ് ഓതറ ദയറായില്‍ അനുധാവനം ചെയ്യുന്നത്.
ചോ: നാളത്തെ സഭയെ തിരുമേനി എങ്ങനെ കാണുന്നു?
ഉ: സഭയുടെ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കണം. ആരാധനയില്‍ വേദഭാഗങ്ങള്‍ വെട്ടിച്ചുരുക്കി പ്രാര്‍ത്ഥനകള്‍ പൂര്‍ത്തീകരിക്കാതെ പോകുന്നതില്‍ മനോവിഷമമുണ്ട്. ഇതിന് പരിഹാരമായിട്ടാണ് ശവസംസ്കാര ശുശ്രൂഷയില്‍ പഴയനിയമമടക്കം വേദഭാഗങ്ങള്‍ ഞാന്‍ വായിപ്പിക്കുന്നത്. ദേശീയ ഭാവങ്ങള്‍ സഭയുടെ സമ്പത്താണ്. തദ്ദേശീയമായ ആചാരങ്ങളും ഭാവങ്ങളും നഷ്ടപ്പെടാതെ സൂക്ഷിക്കണം. സഭയില്‍ ഐക്യമുണ്ടായി ശക്തമായി മുന്നേറണം.
ചോ: തിരുമേനി ഇപ്പോഴും ശുഭാപ്തി വിശ്വാസിയാണോ?
ഉ: അതെ.
ചോ: എല്ലാ കാര്യത്തിലും?
ഉ: അതെ. തീര്‍ച്ചയായും.
(അശീതിയിലേയ്ക്കു പ്രവേശിക്കുന്ന ചെങ്ങന്നൂര്‍ ഭദ്രാസന മെത്രാപ്പോലീത്താ തോമസ് മാര്‍ അത്താനാസ്യോസ് ബഥേല്‍ പത്രികയ്ക്ക് നല്‍കിയ അഭിമുഖം. ബഥേല്‍ പത്രിക, മാര്‍ച്ച് 2018)