അടയാളങ്ങളെ തിരിച്ചറിയുക: ഫാ. പി.ടി തോമസ്
ജോര്‍ജ് തുമ്പയില്‍
ന്യൂയോര്‍ക്ക്: “ദൈവം തരുന്ന അടയാളങ്ങളെ തിരിച്ചറിയാന്‍ സാധിക്കാത്തതാണ് ഇന്നത്തെ മനുഷ്യന്‍റെ പ്രശ്നം. വി. വേദപുസ്തകം നിറയെ അടയാളങ്ങളുണ്ട്. നാമത് കാണാന്‍ ശ്രമിക്കുന്നുണ്ടോ എന്നാണ് ചിന്തിക്കേണ്ടത്. ദൈവത്തെ അന്വേഷിച്ച് തിരക്കുന്നവര്‍ക്ക് ദൈവം പ്ലാനും പദ്ധതിയും കാട്ടിക്കൊടുക്കും.”. വെസ്റ്റ് ചെസ്റ്റര്‍ ഏരിയയിലെ ഓര്‍ത്തഡോക്സ് പള്ളികളുടെ സംയുക്ത ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളില്‍ മുഖ്യാതിഥിയായി സന്ദേശം നല്‍കി കൊല്‍ക്കൊത്ത ഭദ്രാസനത്തില്‍ നിന്നുള്ള വാഗ്മിയും പ്രാസംഗികനുമായ ഫാ. പി.ടി തോമസ് ഉദ്ബോധിപ്പിച്ചു.
പണം, പവ്വര്‍, എല്ലാം നമുക്കുണ്ട്. ഹവ്വാക്ക് പറ്റിയത് തന്നെയാണ് നമുക്കും പറ്റുന്നത്. ഉള്ളതില്‍ സന്തോഷം കണ്ടെത്താന്‍ കഴിയുന്നില്ല. അനിശ്ചിതത്വമാണ് നമ്മെ മുന്നോട്ട് നയിക്കുന്നത്. ദൈവത്തെ തിരിച്ചറിയുവാന്‍, ദൈവം തരുന്ന അടയാളങ്ങളെ തിരിച്ചറിയുവാന്‍ നമുക്ക് സാധിക്കുന്നില്ല. അടയാളങ്ങളെ കൂട്ടത്തിലുണ്ടായിരുന്നവര്‍ക്ക് മനസിലാക്കാന്‍ സാധിക്കാത്തതുകൊണ്ടാണ് ദൈവത്തിന് പുല്‍ക്കൂട്ടില്‍ ജനിക്കേണ്ടിവന്നത്. ആരും സൗകര്യങ്ങള്‍ ഒരുക്കിയില്ല. നമ്മുടെ പ്രശ്നം അടയാളങ്ങളെ കണ്ടുപിടിക്കാന്‍ സാധിക്കുന്നില്ല എന്നതാണ്.
യോങ്കേഴ്സിലെ സോന്‍ഡേഴ്സ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ ജനുവരി 7 ഞായറാഴ്ച വൈകുന്നേരം നടന്ന 17-ാമത് സംയുക്ത ക്രിസ്മസ് ആഘോഷ പരിപാടികളില്‍ സന്ദേശം നല്‍കി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്‍റ് ഫാ. ജോര്‍ജ് കോശി സ്വാഗതം പറഞ്ഞു. സെന്‍റ് ഗ്രിഗോറിയോസ് പാര്‍ക് ഹില്‍ ഇടവകയിലെ കുട്ടികളുടെ സ്വാഗത നൃത്തത്തോടെയായിരുന്നു പരിപാടികളുടെ തുടക്കം. പള്ളികളുടെ സംയുക്ത ക്വയറിന്‍റെ ഗാനാലാപനം, നേറ്റിവിറ്റി ഷോ, കാന്‍ഡില്‍ ഡാന്‍സ്, ഡിവോഷണല്‍ സോംഗ്, സ്കിറ്റ് ഡാന്‍സ്, ക്രിസ്മസ് കാരള്‍, സാന്‍റാ ക്ലോസിന്‍റെ വരവ് തുടങ്ഹിയവയും മനോഹരമായി അവതരിപ്പിക്കപ്പെട്ടു. കാരള്‍ സംഗീതം, നൃത്തങ്ങള്‍, സ്കിറ്റ്, ഭക്തിഗാനങ്ങള്‍, കലാപരിപാടികള്‍ എന്നിവ അവതരിപ്പിക്കപ്പെട്ടു. സെന്‍റ്മേരീസ് വൈറ്റ് പ്ലെയിന്‍സ് ഇടവക (സ്കിറ്റ്), സെന്‍റ് ജോര്‍ജ് പോര്‍ട്ട് ചെസ്റ്റര്‍ സണ്‍ഡേ സ്കൂള്‍(സമൂഹഗാനം), യോങ്കേഴ്സ് സെന്‍റ് തോമസ് ഇടവക (ഗ്രൂപ്പ് ഡാന്‍സ്), സെന്‍റ് ഗ്രിഗോറിയോസ് ലഡ്ലോ (നൃത്തം), സെന്‍റ് ജോര്‍ജ് പോര്‍ട് ചെസ്റ്റര്‍ ഇടവക (ഗ്രൂപ്പ് സോംഗ്) തുടങ്ങി വിവിധ ഇടവകകളുടെ നേതൃത്വത്തില്‍ പരിപാടികള്‍ നടന്നു. നൂപുര സ്കൂള്‍ ഓഫ് ക്ലാസിക്കല്‍ ഡാന്‍സിലെ കുട്ടികള്‍ ‘വചനം’ ജോണ്‍ ദി ബാപ്റ്റിസ്റ്റ് എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി നൃത്തം അവതരിപ്പിച്ചു.
പ്രസിഡന്‍റ് ഫാ. ഡോ. ജോര്‍ജ് കോശി, വൈസ് പ്രസിഡന്‍റ് ഫാ. നൈനാന്‍ ടി ഈശോ, ക്വയര്‍ കോ ഓര്‍ഡിനേറ്റര്‍ വെരി. റവ. ഫാ. ചെറിയാന്‍ നീലാങ്കല്‍ കോര്‍ എപ്പിസ്കോപ്പാ, ഫാ. എ കെ ചെറിയാന്‍, ഫാ. പോള്‍ പീറ്റര്‍, ഫാ. ഫിലിപ്പ് സി ഏബ്രഹാം, കോഓര്‍ഡിനേറ്റര്‍ ജോണ്‍ ഐസക്, സെക്രട്ടറി ഷൈനി ഷാജന്‍ ജോര്‍ജ്, ട്രഷറര്‍ വര്‍ഗീസ് ജോര്‍ജ്, ജോ. സെക്രട്ടറി അന്നമ്മ വര്‍ഗീസ്, ക്വയര്‍ ലീഡര്‍ ജയ കുര്യന്‍, യൂത്ത് കോഓര്‍ഡിനേറ്റര്‍ റവ. ഡോ. പ്രദീപ് ഹാച്ചര്‍, പി ആര്‍ ഓ/ പബ്ലിസിറ്റി കോഓര്‍ഡിനേറ്റര്‍ എം വി കുര്യന്‍, ഇന്‍റേണല്‍ ഓഡിറ്റര്‍ ജിതിന്‍ മാലത്ത്, എന്നിവരടങ്ങിയ കമ്മിറ്റിയോടൊപ്പം ഇടവക ഭാരവാഹികളും സണ്‍ഡേ സ്കൂള്‍, മര്‍ത്ത മറിയം, എം ജി ഓ സി എസ് എം, മെന്‍സ് ഫോറം എന്നിവരും പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നല്‍കി.
അഞ്ജലി ടറന്‍സണ്‍ (സെന്‍റ് ജോര്‍ജ് പോര്‍ട്ട് ചെസ്റ്റര്‍), റോബര്‍ട് മാത്യു(സെന്‍റ് ഗ്രിഗോറിയോസ് ലഡ്ലോ), ക്രിസ്റ്റി കുര്യന്‍(സെന്‍റ് ഗ്രിഗോറിയോസ് പാര്‍ക് ഹില്‍) എന്നിവര്‍ പരിപാടികളുടെ എം സിമാരായിരുന്നു.