ദുബായ് കത്തീഡ്രൽ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് ഡിസംബർ ഒന്നിന് തുടക്കം

ദുബായ്: സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങൾ ഡിസംബർ ഒന്നിന് മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ ഉദ്‌ഘാടനം ചെയ്യും.
ഡിസംബർ 1 വെള്ളി രാവിലെ ഏഴിന് പ്രഭാത നമസ്കാരത്തെ തുടർന്ന് പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന.
ഡൽഹി ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിമിത്രയോസ് മെത്രപ്പോലീത്താ, മുൻ വികാരി സാം വി. ഗബ്രിയേൽ കോർ എപ്പിസ്കോപ്പാ എന്നിവർ സഹ കാർമ്മികരാകും.
ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്‌ഘാടനം വൈകിട്ട് 4.30-ന് വിവിധ പരിപാടികളോടെ ആരംഭിക്കും .
വൈകിട്ട് 6-ന് വിശിഷ്ടാതിഥികളെ മുഖ്യ കവാടത്തിൽ സ്വീകരിക്കും.
തുടർന്ന് നടക്കുന്ന പൊതു സമ്മേളനത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ ഉദ്‌ഘാടനം ചെയ്യും.
ഡൽഹി ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിമിത്രയോസ് മെത്രപ്പോലീത്തായുടെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ഇന്ത്യൻ അംബാസഡർ നവദീപ് സൂരി മുഖ്യാതിഥിയാകും.
മലങ്കര അസ്സോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ ആശംസകൾ നേരും.
നൂറോളം ഗായകർ അടങ്ങിയ ജൂബിലി ക്വയർ ഗാനങ്ങൾ ആലപിക്കും.
പൊതു സമ്മേളനത്തിന് ശേഷം വിവിധ കലാ പരിപാടികൾ അരങ്ങേറും. എത്യോപ്യൻ ഓർത്തഡോക്സ് സഭാംഗങ്ങൾ അവതരിപ്പിക്കുന്ന ഗാനമഞ്ജരി ചടങ്ങുകൾക്ക് മാറ്റുകൂട്ടും .
ചടങ്ങുകൾക്ക് ശേഷം സ്നേഹ വിരുന്നു ഉണ്ടാകും.
1958-ൽ കേവലം നാലു കുടുംബങ്ങളായി ആരംഭിച്ച കൂട്ടായ്മ 1968-ൽ 35 അംഗങ്ങൾ ചേർന്ന് സെന്റ് തോമസ് ഓർത്തഡോക്സ് അസോസിയേഷൻ എന്ന പേരിൽ കോൺഗ്രിഗേഷനായി രൂപാന്തരപ്പെട്ടു.
ഫാ. കെ.കെ.പുന്നൂസ് ( പിൽക്കാലത്തു കൽക്കട്ട ഭദ്രാസനാധിപനായ സ്തേഫനോസ് മാർ തേവദോസിയോസ് മെത്രാപ്പാലീത്താ) ആയിരുന്നു ആദ്യ വികാരി.
1969 -ൽ കൊല്ലം ഭദ്രാസനാധിപനായിരുന്ന മാത്യൂസ് മാർ കൂറിലോസ് മെത്രാപ്പാലീത്താ (പിൽക്കാലത്തു പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവാ) അന്നത്തെ ദുബായ് ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് റാഷിദ് ബിൻ സയീദ് അൽ മക്തുമുമായി നടത്തിയ ചരിത്രപരമായ കൂടിക്കാഴ്ച് ഇടവകയുടെ വളർച്ചയിൽ നിർണ്ണായകമായ കാൽവയ്പായിരുന്നു.
1972 മെയ് മാസത്തിൽ അന്നത്തെ ബാഹ്യ കേരള ഭദ്രാസനാധിപനായിരുന്ന മാത്യൂസ് മാർ അത്താനാസിയോസ് മെത്രാപ്പാലീത്താ (പിൽക്കാലത്തു പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ  കാതോലിക്കാ ബാവാ) ദുബായ് ഭരണകൂടവുമായി നടത്തിയ ചർച്ചയെ തുടർന്ന് അന്നത്തെ ദുബായ് ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് റാഷിദ് ബിൻ സയീദ് അൽ മക്തും ദേവാലയം നിർമ്മിക്കാൻ സബീൽ ഈസ്റ്റിൽ 68000 ചതുരശ്ര അടി സ്ഥലം സൗജന്യമായി നൽകി.
1974 ജൂൺ 20-ന് ഫാ.എം.വി. ജോർജ് ( പിൽക്കാലത്തു ഗീവർഗീസ് മാർ ഒസ്താത്തിയോസ്  മെത്രാപ്പാലീത്താ) ദേവാലയത്തിനു ശിലാസ്ഥാപനം നിർവ്വഹിച്ചു.
1976 ഡിസംബർ 31-നു ജോസഫ് മാർ പക്കോമിയോസ് മെത്രാപ്പോലീത്താ പള്ളിയുടെ കൂദാശ കർമ്മം നിർവ്വഹിച്ചു.
ഷാർജയിൽ താമസമാക്കിയ വിശ്വാസികളുടെ സൗകര്യാർത്ഥം 1975 മുതൽ മാസത്തിൽ ഒരിക്കൽ അവിടെ വിശുദ്ധ കുർബ്ബാന ആരംഭിച്ചു.
1978 ജനുവരി 13-ന് അന്നത്തെ ഇടവക മെത്രാപ്പോലീത്ത ആയിരുന്ന ഡോ. പൗലോസ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്താ ഷാർജ യെ പ്രത്യേക ഇടവകയായി പ്രഖ്യാപിച്ചു.
1983 മെയ് മാസത്തിൽ സെന്റ് തോമസ് ഹാൾ എന്ന പേരിൽ ഓഡിറ്റോറിയം പണി പൂർത്തിയാക്കി കൂദാശ നടത്തി. ഡോ . പൗലോസ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്താ കൂദാശ കർമ്മം നിർവ്വഹിച്ചു.
1985-നു ഡോ . പൗലോസ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്താ  വിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ തിരുശേഷിപ്പ് പള്ളിയുടെ മദ്ബഹയിൽ പ്രതിഷ്ഠിച്ചു.
1991 ജൂലൈ 5-ന് നിലവിലുള്ള ദേവാലയം പുതുക്കി പണിയുവാൻ ശിലാസ്ഥാപനം നിർവ്വഹിച്ചു.
1992 ജൂൺ 12-ന് പുതുക്കി പണിത ദേവാലയത്തിന്റെ കൂദാശ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ മുഖ്യ കാർമ്മികത്വത്തിൽ നിർവ്വഹിച്ചു.
1993 ഒക്ടോബർ മാസത്തിൽ ഇടവകയുടെ സിൽവർ ജൂബിലി ആഘോഷിച്ചു.
1998-ൽ ഇടവക പണി കഴിപ്പിച്ച ഓഫീസ് സമുച്ചയത്തിന്റെ കൂദാശ കർമ്മം പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവാ നിർവ്വഹിച്ചു.
2003 ഒക്ടോബറിൽ ഇടവകയെ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവാ മലങ്കര ഓർത്തഡോക്സ് സഭയിലെ മഹാ ഇടവകയായി പ്രഖ്യാപിച്ചു.
2006 ഡിസംബർ 22-ന് പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ ദിദിമോസ്  പ്രഥമൻ കാതോലിക്കാ ബാവാ ഇടവകയെ കത്തീഡ്രലായി ഉയർത്തി.
2008 ജനുവരി മാസത്തിൽ ഇടവകയുടെ ഭാഗമായിരുന്ന ജബൽ അലി കോൺഗ്രിഗേഷനെ ഇടവകയായി പ്രഖ്യാപിച്ചു.
2012 ജനുവരി മാസത്തിൽ മലങ്കര ഓർത്തഡോക്സ് സഭാ സ്ഥാപനത്തിന്റെ 1960- വാർഷികവും കാതോലിക്കാ സിംഹാസനത്തിന്റെ  പുനഃ സ്ഥാപനത്തിന്റെ ശതാബ്ദിയും ഇടവകയിൽ സമുചിതമായി ആഘോഷിച്ചു.
2013 നവംബർ 22 -ന് ഇടവക പണി പൂർത്തിയാക്കി ബഹുനില കെട്ടിട സമുച്ചയത്തിന്റെ കൂദാശ കർമ്മം നിർവ്വഹിച്ചു.
ഷാർജ സെന്റ് ഗ്രിഗോറിയോസ് ദേവാലയം, റാസൽ ഖൈമ സെന്റ് മേരീസ് ദേവാലയം, ഫുജൈറ സെന്റ് ഗ്രിഗോറിയോസ് എന്നീ ഇടവകകളുടെ മാതൃ ഇടവകയാണ് ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ.
നിലവിൽ ഇടവകയിൽ 3000 കുടുംബങ്ങൾ അംഗങ്ങളായുണ്ട്.
ദുബായുടെ വളർച്ചയോടൊപ്പം ഭരണ നേതൃത്വത്തിന് വിധേയമായി പല ജീവ കാരുണ്യ പ്രവർത്തനങ്ങളിലും സജീവമായി ഇടപെടുവാൻ ഇടവകക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ഇടവക വികാരി ഫാ. നൈനാൻ ഫിലിപ്പ് പനക്കാമറ്റം അഭിപ്രായപ്പെട്ടു.
പത്ര സമ്മേളനത്തിൽ മലങ്കര അസ്സോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ,  വികാരി ഫാ.നൈനാൻ ഫിലിപ്പ് പനക്കാമറ്റം, സഹ വികാരി ഫാ.സജു തോമസ്, ജനറൽ കൺവീനർ ടി.സി ജോർജ്, ഇടവക ട്രസ്റ്റീ മാത്യു കെ. ജോർജ്, സെക്രട്ടറി ബിജുമോൻ കുഞ്ഞച്ചൻ, ജോയിന്റ് ജനറൽ കൺവീനർമാരായ ജോസ് ജോൺ, പി.കെ. ചാക്കോ എന്നിവരും സംബന്ധിച്ചു.
വിവരങ്ങൾക്ക് 04 – 337 11 22