കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ അമേരിക്കന്‍ ഭദ്രാസനത്തിലെ തര്‍ക്കങ്ങള്‍ക്കു പരിഹാരമെന്നവണ്ണം തോമസ് മാര്‍ മക്കാറിയോസ് മെത്രാപ്പോലീത്തായ്ക്ക് എട്ട് ഇടവകകളുടെ സ്വതന്ത്ര ഭരണച്ചുമതല നല്‍കാന്‍ പരിശുദ്ധ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് തീരുമാനിച്ചു. അതിനു പുറമേ മാര്‍ ബര്‍ന്നബാസ് മെത്രാപ്പോലീത്തായ്ക്ക് സഹായത്തിനായി അസിസ്റ്റന്‍റ് മെത്രാപ്പോലീത്തായെ നിയമിക്കുന്നതിനും സുന്നഹദോസിന് തീരുമാനമുണ്ട്.
പുതിയ തീരുമാനങ്ങള്‍ വന്നതോടെ കഴിഞ്ഞ ജനുവരിയില്‍ പ്രാബല്യത്തിലാക്കിയ താല്‍ക്കാലിക സംവിധാനം അസാധുവായി (മാത്യൂസ് മാര്‍ ബര്‍ന്നബാസിനെ ഭദ്രാസന മെത്രാപ്പോലീത്തായായും തോമസ് മാര്‍ മക്കാറിയോസിനെ, കാനഡ, യൂറോപ്പ് ഭദ്രാസന ചുമതല കൂടാതെ സീനിയര്‍ മെത്രാപ്പോലീത്തായായും നിലനിര്‍ത്തുന്നതായിരുന്നു പ്രസ്തുത സംവിധാനം). സുന്നഹദോസ് തീരുമാനങ്ങള്‍ വിശദീകരിച്ച സുന്നഹദോസ് സെക്രട്ടറിയും, ചെങ്ങന്നൂര്‍ ഭദ്രാസനാധിപനുമായ തോമസ് മാര്‍ അത്താനാസ്യോസ്, ഓതറ ദയറായില്‍ വച്ച് ഇക്കാര്യങ്ങള്‍ മലയാളം പത്രത്തെ അറിയിച്ചു. കോട്ടയം പഴയസെമിനാരിയിലെ സോഫിയാ സെന്‍ററില്‍ ജൂലൈ 29, 30, 31 നായിരുന്നു സുന്നഹദോസ്.
അമേരിക്കന്‍ ഭദ്രാസനത്തിലെ 64 ഇടവകകളില്‍ ക്വീന്‍സ് (എല്‍മോണ്ട്) സെന്‍റ് ഗ്രീഗോറിയോസ്, സഫേണ്‍ സെന്‍റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ്, റോക്ക്ലാന്‍ഡ് സെന്‍റ് പീറ്റേഴ്സ്, ഫിലഡല്‍ഫിയ സെന്‍റ് മേരീസ്, ഡിട്രോയിറ്റ് സെന്‍റ് തോമസ്, ഷിക്കാഗോ സെന്‍റ് ഗ്രീഗോറിയോസ്, ബ്രൂക്ക്ലിന്‍ സെന്‍റ് ബസേലിയോസ്, ഫിലഡല്‍ഫിയ സെന്‍റ് തോമസ് എന്നീ ഇടവകകളാണ് മക്കാറിയോസ് തിരുമേനിയെ ഏല്‍പ്പിച്ചത്. മക്കാറിയോസ് തിരുമേനിയോട് കൂറുള്ളതും ബര്‍ന്നബാസ് തിരുമേനി സന്ദര്‍ശിച്ചിട്ടില്ലാത്തതുമായ ഇടവകകളാണിവ. ബര്‍ന്നബാസ് തിരുമേനിക്ക് ഒരു അസിസ്റ്റന്‍റ് മെത്രാപ്പോലീത്തായെ നല്‍കുന്നതിന് പരിശുദ്ധ ബാവാ തിരുമേനിയോട് ശുപാര്‍ശ ചെയ്യാനാണ് സുന്നഹദോസ് തീരുമാനം. മക്കാറിയോസ് തിരുമേനിക്കു പകരം താല്‍ക്കാലിക അടിസ്ഥാനത്തിലായിരിക്കും പുതിയ സംവിധാനം.
മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ അമേരിക്കന്‍ ഭദ്രാസനത്തിലെ അന്തഃഛിദ്രങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷനായി നിയമിച്ച മാത്യൂസ് മാര്‍ യൗസേബിയോസ്, ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് എന്നിവര്‍ സമര്‍പ്പിച്ച നാലു പേജുള്ള റിപ്പോര്‍ട്ടാണ് അജണ്ടയിലെ 19-ാം ഇനമായി സുന്നഹദോസ് ചര്‍ച്ചക്കെടുത്തത്. എന്നാല്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അപ്പാടെ സുന്നഹദോസ് സ്വീകരിച്ചില്ല.
സുന്നഹദോസ് തീരുമാനപ്രകാരം അമേരിക്കന്‍ ഭദ്രാസനത്തില്‍ ഇനിമേല്‍ ഡിവിഷന്‍ അനുവദിക്കുന്നതല്ല. ഭദ്രാസനാധിപന്‍റെ അനുമതിയോടുകൂടി മാത്രമേ ഇനിയുള്ള എന്തു കാര്യങ്ങളും നിശ്ചയിക്കൂ. ഭദ്രാസന വൈദികരുടെ സ്ഥലംമാറ്റവും ശമ്പള വിതരണവും ഭദ്രാസന കേന്ദ്ര ഓഫീസിലൂടെ മാത്രമേ കൈകാര്യം ചെയ്യാനാവൂ. ഇത് ഉടന്‍ പ്രാബല്യത്തില്‍ വരുത്തേണ്ടതാണെന്ന് സുന്നഹദോസ് നിര്‍ദ്ദേശിച്ചു.
സഭയുടെ നിയമങ്ങള്‍ക്കനുസൃതമല്ലാതെ പ്രവര്‍ത്തിക്കുന്ന ഇടവകകള്‍ക്കും കോണ്‍ഗ്രിഗേഷനുകള്‍ക്കും അയോഗ്യത കല്‍പ്പിക്കുകയും ചെയ്യും.