പ്രകാശത്തിലേയ്ക്ക് ഒരു തീര്‍ത്ഥയാത്ര പുനഃപ്രസിദ്ധീകരിക്കുന്നു

പ്രകാശത്തിലേയ്ക്ക് ഒരു തീര്‍ത്ഥയാത്ര 20 വര്‍ഷത്തിനു ശേഷം പുനഃപ്രസിദ്ധീകരിക്കുന്നു

പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ ജീവചരിത്രമായ പ്രകാശത്തിലേയ്ക്ക് ഒരു തീര്‍ത്ഥയാത്ര 20 വര്‍ഷത്തിനു ശേഷം പുനഃപ്രസിദ്ധീകരിക്കുന്നു. പരിഷ്ക്കരിച്ച പതിപ്പ് 2017 നവംബര്‍ 24-നു ദൈവഹിതമായാല്‍ പ്രകാശനം ചെയ്യും. ആളുകളുടെ വായന കുറഞ്ഞതുകൊണ്ടും ഞങ്ങളുടെ സാമ്പത്തിക സ്ഥിതി തീരെ മോശമായതുകൊണ്ടും കുറച്ച് കോപ്പികള്‍ മാത്രമേ പ്രസിദ്ധീകരിക്കുന്നുള്ളു. 800 പേജുകളുള്ള ഡീലക്സ് ബൈന്‍ഡിംഗ് ചെയ്ത പുസ്തകത്തിന് 500 രൂപ മാത്രമേ വിലയിട്ടിട്ടുള്ളു. കോപ്പികള്‍ ആവശ്യമുള്ളവര്‍ 550 രൂപ മണിയോര്‍ഡര്‍ ആയോ ചെക്ക് ആയോ സോഫിയാ ബുക്സ്, രണ്ടാം നില, കണ്ടത്തില്‍ ബില്‍ഡിംഗ്, തിരുനക്കര, കോട്ടയം – 686 001 ഫോണ്‍ – 99471 20697 എന്ന വിലാസത്തില്‍ അയക്കുക.

“മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ ജീവിതാനുഭവങ്ങളിലേയ്ക്ക് എത്തിനോക്കാന്‍ പറ്റിയ ഒന്നാംതരം ഒരു ജനാലയാണ് ഈ പുസ്തകത്തിലൂടെ ശ്രീ. ജോയ്സ് തോട്ടയ്ക്കാട് നമുക്ക് നല്‍കുന്നത്. ഇത് ശരിയായ അര്‍ത്ഥത്തില്‍ ഒരു ജീവചരിത്രമാണെന്ന് ഗ്രന്ഥകാരന്‍ അവകാശപ്പെടുന്നില്ല. ഇപ്പോള്‍ പ്രകാശിതമായിരിക്കുന്ന ഗ്രീഗോറിയോസ് തിരുമേനിയുടെ ആത്മകഥ, മറ്റ് കൃതികള്‍, കത്തുകള്‍, അദ്ദേഹത്തെ അടുത്തറിഞ്ഞവരുടെ അഭിപ്രായങ്ങള്‍, തിരുമേനിയുമായി നടത്തിയ അഭിമുഖങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ രചിച്ചിരിക്കുന്ന ഈ പുസ്തകം ജോയ്സ് തോട്ടയ്ക്കാടിന്‍റെ ഗവേഷണചാതുര്യത്തിന്‍റെയും കഠിനാദ്ധ്വാനത്തിന്‍റെയും എല്ലാറ്റിനുമുപരി തിരുമേനിയോടുള്ള വ്യക്തിപരമായ പ്രതിബദ്ധതയുടെയും സാക്ഷ്യഗ്രന്ഥമാണ്. ജോയ്സ് തന്നെ പറയുന്നതുപോലെ, ഭാവിയില്‍ തിരുമേനിയുടെ ചിന്തയെക്കുറിച്ച് ഗവേഷണം നടത്തുന്ന ആര്‍ക്കും ഉപയുക്തമായിത്തീരണം എന്ന ആഗ്രഹത്തോടെയാണ് പല രേഖകളും ഇതില്‍ സമാഹരിച്ചിരിക്കുന്നത്.

മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ അദ്ദേഹത്തിന്‍റെ ആത്മകഥ പൂര്‍ത്തിയാകുന്നതിനു മുമ്പ് ഈ ലോകം വിട്ടുപോയി. പക്ഷേ, തന്‍റെ കൗമാര – യൗവ്വന കാലങ്ങളെക്കുറിച്ച് തിരുമേനി എഴുതിയിരിക്കുന്ന ഏതാനും അദ്ധ്യായങ്ങള്‍ മതി, പുഷ്ക്കലമായ ആ ധന്യ ജീവിതത്തിന്‍റെ സമ്പന്നതകളെ അനാവരണം ചെയ്യാന്‍. ഒരു വിധത്തില്‍ പറഞ്ഞാല്‍, അപൂര്‍ണ്ണമായ തന്‍റെ സ്വന്തം ജീവിതകഥ ഒരു പ്രതീകമാണ്. ഇന്നും സജീവമായി തുടരുന്ന അദ്ദേഹത്തിന്‍റെ ആശയങ്ങളും പുതിയ മനുഷ്യരാശിയെക്കുറിച്ച് അദ്ദേഹം ദര്‍ശിച്ച രൂപരേഖകളും എപ്പോഴും പൂര്‍ണ്ണതയ്ക്കായി വെമ്പുന്നവയാണ്. അദ്ദേഹത്തിന്‍റെ ശിഷ്യലോകത്തിന് അവ പൂര്‍ണ്ണതയിലേക്കുള്ള നിരന്തര ക്ഷണമാണ്. ഇനിയും പൂര്‍ത്തിയാക്കപ്പെടേണ്ട ആ ജീവിത ദര്‍ശനത്തെ പൂരിപ്പിക്കാന്‍ പലരും ശ്രമിച്ചുകൊണ്ടിരിക്കുന്നു. ആ ശ്രമങ്ങളില്‍ ഏറ്റവും പുതിയതാണ് ജോയ്സ് തോട്ടയ്ക്കാടിന്‍റെ ഈ വിശിഷ്ട ഗ്രന്ഥം. തിരുമേനിയെ വര്‍ഷങ്ങളായി അടുത്തറിഞ്ഞ പ്രൊഫ. കെ. എം. തരകന്‍, ഫാ. സി. സി. ചെറിയാന്‍ എന്നിവര്‍ ചെറിയ ജീവചരിത്ര ഗ്രന്ഥങ്ങള്‍ നേരത്തെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതുകൊണ്ട് ഈ പുസ്തകത്തിന്‍റെ പ്രസക്തി നഷ്ടപ്പെടുന്നില്ല. വിലപ്പെട്ട പല രേഖകളും ഇതില്‍ പ്രകാശിപ്പിച്ചിരിക്കുന്നതുകൊണ്ട് ഒരു റഫറന്‍സ് ഗ്രന്ഥമായി ഭാവി പഠിതാക്കള്‍ ഇതിനെ കരുതുമെന്നതിന് സംശയമില്ല. മലയാളവും ഇംഗ്ലീഷും ഇടകലര്‍ന്നുള്ള ക്രമീകരണം സാധാരണ വായനക്കാര്‍ക്ക് പ്രയാസം സൃഷ്ടിച്ചേക്കാമെങ്കിലും, ഈ പുസ്തകം അതിന്‍റെ പ്രഖ്യാപിതലക്ഷ്യം നിറവേറ്റാന്‍ അത് ആവശ്യമാണ്. ഗ്രീഗോറിയോസ് തിരുമേനിയുടെ അപ്രകാശിതങ്ങളായ രചനകളും കത്തുകളും വളരെയേറെയുണ്ട്. അവയെല്ലാം സമാഹരിച്ച് ഓര്‍ത്തഡോക്സ് സെമിനാരിയുടെ ആഭിമുഖ്യത്തിലുള്ള മാര്‍ ഗ്രീഗോറിയോസ് ഫൗണ്ടേഷന്‍റെ ചുമതലയില്‍ പ്രസിദ്ധീകരിക്കുന്നതിന് പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ട്. വിപുലമായ ആ ശേഖരത്തെക്കുറിച്ചുള്ള ചില സൂചനകള്‍ ജോയ്സിന്‍റെ ഈ പുസ്തകത്തിലുണ്ട്.

സ്വന്തനിലയില്‍ ഗവേഷണവും പത്രപ്രവര്‍ത്തനവും നടത്തുന്ന ശ്രീ. ജോയ്സ് തോട്ടയ്ക്കാട്, ഈ ഗ്രന്ഥരചനയിലൂടെ മാര്‍ ഗ്രീഗോറിയോസ് തിരുമേനിയെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന എല്ലാവരുടെയും അഭിനന്ദനവും നന്ദിയും അര്‍ഹിക്കുന്നു. എല്ലാം നന്മയ്ക്കായി തീരട്ടെ.”

– ഫാ. ഡോ. കെ. എം. ജോര്‍ജ്
(അവതാരികയില്‍ നിന്നും)

മനോഹരമായൊരു ‘തീര്‍ത്ഥയാത്ര’ / ഫാ. ഡോ. ജേക്കബ് കുര്യന്‍

ശ്രീ. ജോയ്സ് തോട്ടയ്ക്കാടിന്‍റെ “പ്രകാശത്തിലേയ്ക്ക് ഒരു തീര്‍ത്ഥയാത്ര” എന്ന ഗ്രന്ഥം അനശ്വരപ്രതിഭയായ ഡോ. പൗലൂസ് മാര്‍ ഗ്രീഗോറിയോസിനെക്കുറിച്ച് നാളിതുവരെ ഉണ്ടായിട്ടുള്ള കൃതികളില്‍ ഏറ്റം മനോഹരം എന്നു പറയേണ്ടിയിരിക്കുന്നു. ധൈഷണിക പ്രപഞ്ചത്തിലെ കുലപര്‍വ്വതവും, ‘ക്രൈസ്തവഭരത’ത്തിലെ ദ്രോണാചാര്യരും, ദാര്‍ശനിക വിഹായസിലെ ‘പൗരസ്ത്യ താര’വും ആയിരുന്ന ഗ്രീഗോറിയോസ് തിരുമേനിക്ക് ശിഷ്യരനവധി ഉണ്ടായിരുന്നെങ്കിലും, അവരില്‍നിന്ന് വ്യത്യസ്തനായി ഒരു അജ്ഞാത ശിഷ്യനായി സ്വയം വിശേഷിപ്പിച്ചുകൊണ്ടാണ് ശ്രീ. ജോയ്സ്, ഗ്രീഗോറിയോസ് തിരുമേനിയെക്കുറിച്ച് ചിലതൊക്കെ പ്രസിദ്ധീകരിക്കാന്‍ ഒരുമ്പെട്ടത്. അന്തരാളത്തിലെ ഒരു സര്‍ഗ്ഗചേതന ജോയ്സിനെ ഗ്രീഗോറിയോസ് തിരുമേനിയിലേക്കാകര്‍ഷിച്ചു. ആ അടുപ്പം ‘പ്രകാശത്തിലേയ്ക്ക് ഒരു തീര്‍ത്ഥയാത്ര’യായി പരിണമിച്ചു. ആ തീര്‍ത്ഥയാത്രയില്‍ പട്ടിണിയും, ഉറക്കിളപ്പും, ധാരണപിശകുകളും, സാമ്പത്തിക പരാധീനതയും വേണ്ടുവോളം ഉണ്ടായിരുന്നിരിക്കണം. ആത്മാവിനെ ബാധിച്ച ഒരസ്വസ്ഥതയ്ക്ക് അല്പമെങ്കിലും ശാന്തിയുണ്ടായത് അന്തരാളത്തില്‍ ആരോ ഏല്പിച്ച ദൗത്യം പൂര്‍ത്തീകരിച്ചപ്പോഴാണെന്നു തോന്നുന്നു.

ഈ ഗ്രന്ഥത്തെ ലക്ഷണമൊത്ത ഒരു ജീവചരിത്ര ഗ്രന്ഥമായിട്ടോ ഒരു ശാസ്ത്രീയ തൂലികാചിത്രമായിട്ടോ ആരെങ്കിലും അംഗീകരിക്കണം എന്ന് ജോയ്സ് വിചാരിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. ആരോ തന്നെക്കൊണ്ട് ചെയ്യിച്ച ഒരു നിയോഗസ്മരണയില്‍ “ഇത് ഇങ്ങനെയൊക്കെ രൂപപ്പെട്ടു” എന്നായിരിക്കാം അറുനൂറ്റമ്പതില്‍പരം പേജുകളുള്ള ഗ്രന്ഥത്തെക്കുറിച്ച് ജോയ്സിനു പറയാനുള്ളത്. രചനാശൈലിയുടെ ശാസ്ത്രീയവശങ്ങളൊക്കെ പഠിച്ചിട്ട് രചനയ്ക്കൊരുങ്ങുവാനുള്ള സാവകാശമൊന്നും എഴുത്തുകാരന് കൊടുക്കുവാന്‍ ഈ ഗ്രന്ഥത്തിന്‍റെ പിന്നിലെ ഉള്‍പ്രേരണ അനുവദിച്ചില്ല എന്നും ഗ്രന്ഥം വായിക്കുമ്പോള്‍ മനസ്സിലാകും.

പക്ഷേ, അഞ്ചു കാര്യങ്ങള്‍ ഈ ഗ്രന്ഥത്തെ ഒരത്ഭുതമാക്കി മാറ്റുന്നു:

1. വായിക്കുവാന്‍ തുടങ്ങിയാല്‍, നിര്‍ത്താതെ വായിക്കുവാന്‍ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് ഈ പുസ്തകത്തിനുണ്ട്.

2. ഡോ. പൗലൂസ് മാര്‍ ഗ്രീഗോറിയോസിന്‍റെ വ്യക്തിത്വത്തെക്കുറിച്ച് ഗ്രന്ഥകാരന്‍ സ്വയം കാര്യമായ നിരീക്ഷണങ്ങള്‍ ഒന്നും നടത്താതെ, അനുവാചകര്‍ക്ക് അതിന് അവസരം കൊടുക്കാനുള്ള വിഭവങ്ങള്‍ കണ്ടുപിടിച്ച് നിര്‍ലോപം വിളമ്പിയിരിക്കുന്നു.

3. മലയാള ഗ്രന്ഥമാണിതെങ്കിലും, ഇംഗ്ലീഷില്‍ കൊടുക്കേണ്ട വിവരങ്ങള്‍ ഇംഗ്ലീഷില്‍തന്നെ കൊടുത്തിരിക്കുന്നു.

4. ഒരു തൂലികാചിത്രത്തില്‍ അപ്രസക്തമെന്ന് വിചാരിച്ച് തള്ളിക്കളയാവുന്ന പല രേഖകളെയും, പരാമര്‍ശങ്ങളെയും, മുനയും മൂല്യവും ഉള്ളവയായി അവതരിപ്പിച്ചിരിക്കുന്നു.

5. ഒരു ജീവചരിത്രപരമായ ഗ്രന്ഥത്തില്‍ ഗ്രന്ഥകാരന്‍ സ്വയം മറഞ്ഞുനിന്നുകൊണ്ട്, ഒരു യാത്രാസഹായി ആയിത്തീരുന്ന ശൈലിയുടെ ശ്രേഷ്ഠത ഇവിടെ തെളിയിച്ചിരിക്കുന്നു.
ഈ ഗ്രന്ഥത്തില്‍, ജോയ്സ് ഗ്രന്ഥകാരനെന്നതിലുപരി ഒരു രേഖാസമ്പാദകനും തീര്‍ത്ഥയാത്രാ സഹായിയും ആണ്. മുത്തുകള്‍ കോര്‍ത്തു മാലയാക്കുന്ന ജോലി ആര്‍ക്കും ചെയ്യാമെങ്കിലും ചിലരുടെ കൈകളില്‍ രൂപപ്പെടുന്ന മാല അത്ഭുതസൗന്ദര്യം അണിയുന്നതാണ്. അതുതന്നെയാണീ ഗ്രന്ഥത്തിന്‍റെ മഹത്വവും.

(ആദ്യ പതിപ്പിനെക്കുറിച്ച് ‘ന്യൂ വിഷന്‍’ മാസികയില്‍ 1998-ല്‍ എഴുതിയ പുസ്തകാഭിപ്രായം)

പുതിയ പതിപ്പിന്‍റെ ആമുഖം

ഓര്‍ത്തഡോക്സ് വൈദികസെമിനാരിയില്‍ ഇടദിവസം വി. കുര്‍ബ്ബാന അര്‍പ്പിക്കുവാന്‍ ചുമതലവന്ന ഒരു അദ്ധ്യാപകന്‍ വെളുപ്പിനെ എഴുന്നേറ്റ് കുളിയും പ്രാര്‍ത്ഥനയും ഒക്കെ കഴിഞ്ഞ് ഇരിക്കുമ്പോള്‍ പുസ്തകം വായിക്കുവാന്‍ ഒരു ഉള്‍വിളി തോന്നി. ഷെല്‍ഫില്‍ നോക്കിയപ്പോള്‍ കണ്ണില്‍പെട്ടത് ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ ജീവചരിത്രമാണ്. പുസ്തകമെടുത്ത് വെറുതെ തുറന്ന് ഒരു ഭാഗം വായിക്കാനാരംഭിച്ചു. ഫാ. പോള്‍ വര്‍ഗീസ് ഓര്‍ത്തഡോക്സ് സെമിനാരിയില്‍ ചാര്‍ജ്ജ് എടുത്ത ഭാഗമായിരുന്നു അത്. ആ ഭാഗം വളരെ ഹൃദയസ്പര്‍ശിയായി അദ്ദേഹത്തിന് അനുഭവപ്പെട്ടു. അച്ചന്‍റെ കണ്ണുകളില്‍ കണ്ണുനീര്‍ പൊടിഞ്ഞു. ഈ അനുഭവ കഥ എന്നോടു പറഞ്ഞപ്പോള്‍ കേട്ട എന്‍റെ കണ്ണിലും കണ്ണുനീര്‍ പൊടിഞ്ഞു. കാരണം ഞാന്‍ എഴുതിയ “പ്രകാശത്തിലേയ്ക്ക് ഒരു തീര്‍ത്ഥയാത്ര” എന്ന ഗ്രന്ഥമായിരുന്നു അച്ചന്‍ വായിച്ചത്.

2011-ലെ ഒരു ഞായറാഴ്ച ഇടവകപ്പള്ളിയിലെ വി. കുര്‍ബ്ബാന കഴിഞ്ഞ് പള്ളിയില്‍ നിന്നിറങ്ങിയപ്പോള്‍ ഒരു എഴുപതു വയസു കഴിഞ്ഞ വല്യമ്മച്ചി വലിയ സന്തോഷത്തോടെ എന്നോടു പറഞ്ഞു. “മോനെഴുതിയ പുസ്തകം മുഴുവന്‍ ഞാന്‍ വായിച്ചു. നന്നായിരിക്കുന്നു.” 1997-ല്‍ ഞാന്‍ എഴുതി സ്വന്തനിലയ്ക്ക് പ്രസിദ്ധീകരിച്ച ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ ജീവചരിത്രമായ “പ്രകാശത്തിലേയ്ക്ക് ഒരു തീര്‍ത്ഥയാത്ര” 14 കൊല്ലത്തിനു ശേഷം വായിച്ച ഒരമ്മച്ചിയുടെ സ്നേഹപ്രകടനത്തിനു മുമ്പില്‍ മറുപടി പറയാന്‍ വാക്കുകളില്ലാതെ ഞാന്‍ നിന്നു.

1997 നവംബറില്‍ പ്രസിദ്ധീകരിച്ച ഗ്രന്ഥം ഒരു വര്‍ഷം കൊണ്ട് സൗജന്യ വിലയ്ക്കും, പലര്‍ക്കും സൗജന്യമായും, വണ്ടിക്കൂലിക്ക് കാശില്ലാതെ കോട്ടയത്തു നില്‍ക്കുമ്പോള്‍ കിട്ടിയ വിലയ്ക്കും, ഒടുവില്‍ ഓര്‍ത്തഡോക്സ് സെമിനാരിയിലെ മാര്‍ ഗ്രീഗോറിയോസ് ഫൗണ്ടേഷനു കൊടുക്കാനുണ്ടായിരുന്ന പതിനായിരത്തില്‍പരം രൂപ കൊടുക്കാനില്ലാഞ്ഞതിനാല്‍ നൂറു കോപ്പി ഫൗണ്ടേഷനും കൊടുത്തതോടെ ഔട്ട് ഓഫ് പ്രിന്‍റ് ആയി. ഗ്രീഗോറിയോസ് തിരുമേനിയുടെ ഇംഗ്ലീഷ് ഗ്രന്ഥങ്ങള്‍ വില്പനയ്ക്കായി വാങ്ങിച്ച വകയില്‍ കൊടുക്കാനുണ്ടായിരുന്നതാണ് ഈ പതിനായിരം രൂപ. ഇതില്‍ ഏറെയും, വായിച്ചാല്‍ ഗുണമുണ്ടാകുമെന്ന് തോന്നിയവര്‍ക്ക് സൗജന്യമായി അയച്ചുകൊടുക്കുകയായിരുന്നു. ബഹുമാന്യനായ ഇ.എം.എസ്. നമ്പൂതിരിപ്പാടിന് ഇങ്ങനെ തിരുമേനിയുടെ പുസ്തകങ്ങളുടെ ഒരു സെറ്റ് അയച്ചുകൊടുത്തതിനെ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ ചിന്തയെ സ്വാധീനിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചതായി കാണിച്ചുകൊണ്ട് ഒരു ലേഖനം തന്നെ ‘ദേശാഭിമാനി’ വാരികയിലെ പംക്തിയില്‍ ഇ.എം.എസ്. എഴുതിയിരുന്നു.

“പ്രകാശത്തിലേയ്ക്ക് ഒരു തീര്‍ത്ഥയാത്ര” വായിച്ചവര്‍ക്കെല്ലാം അത് ഹൃദയസ്പര്‍ശിയായി അനുഭവപ്പെട്ടു എന്ന് അവരുടെ പ്രതികരണങ്ങളില്‍ നിന്നു വ്യക്തമായി. പുസ്തകം വായിച്ചു കരഞ്ഞവരില്‍ റമ്പാച്ചന്മാര്‍ മുതല്‍ സാധാരണക്കാര്‍ വരെയുണ്ട്. തിരുമേനിയെക്കുറിച്ചുള്ള പല ധാരണകളും മാറാനും പുസ്തകം ഇടയാക്കി. ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ്, ഫാ. ഡോ. ഒ. തോമസ് എന്നിവര്‍ ആ സമയത്ത് എല്ലാം പ്രസംഗങ്ങളിലും ഈ പുസ്തകത്തെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു.

പുസ്തകം വായിച്ചു കഴിഞ്ഞാല്‍ ഗ്രന്ഥകാരനെ ആരും സാധാരണ ഓര്‍ത്തിരിക്കാറില്ല. പക്ഷേ, ഈ ഗ്രന്ഥം വായിച്ചവരില്‍ ഭൂരിപക്ഷവും ഇപ്പോഴും എഴുത്തുകാരനെയും ഓര്‍മ്മിക്കുന്നു. ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ്, മാത്യൂസ് മാര്‍ ബര്‍ണബാസ് എന്നീ മെത്രാപ്പോലീത്താമാര്‍ അവരുടെ ജീവിതസായാഹ്നത്തിലും എന്നെ മറന്നിരുന്നില്ല; പൗലോസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ ജീവചരിത്രകാരന്‍ എന്ന നിലയിലാണ് അവരുടെ ഓര്‍മ്മകളില്‍ ഞാന്‍ ഉണ്ടായിരുന്നത് എന്നത് കോരിത്തരിപ്പിക്കുന്ന ഒരു അനുഭവമായിരുന്നു. ഒരിക്കല്‍ ദേവലോകം അരമനയില്‍ വച്ച് എന്‍റെ പേര് മറ്റൊരാള്‍ വിളിക്കുന്നതു കേട്ട് പ. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് രണ്ടാമന്‍ കാതോലിക്കാ ബാവാ (അന്ന് നിയുക്ത കാതോലിക്കാ), 1997-ല്‍ വായിച്ച ജീവചരിത്രത്തിന്‍റെ ഓര്‍മ്മയില്‍ എന്‍റെ പേര് തിരിച്ചറിഞ്ഞതും ആ ഗ്രന്ഥത്തെക്കുറിച്ച് വിസ്മയപൂര്‍വ്വം സംസാരിച്ചതും വിനയപൂര്‍വ്വം ഓര്‍മ്മിക്കുന്നു.

‘ആത്മാവില്‍ തീ പിടിച്ച മനുഷ്യന്‍’ എന്ന് “പ്രകാശത്തിലേയ്ക്ക് ഒരു തീര്‍ത്ഥയാത്ര”യില്‍ പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനിയെ വിശേഷിപ്പിച്ചിട്ടുണ്ട്. പഴയസെമിനാരി ചാപ്പലില്‍ ഒരു വി. കുര്‍ബ്ബാനയില്‍ പങ്കെടുത്തുകൊണ്ടിരിക്കെ മനസ്സില്‍ വീണുകിട്ടിയ ഒരു വിശേഷണമായിരുന്നു അത്. ആത്മാവില്‍ തീ പിടിച്ച മനുഷ്യന്‍റെ ജീവിതം ഇന്നും അനേകരില്‍ തീപ്പൊരിയായി പകരപ്പെടുന്നു എന്നറിയുന്നതില്‍ ഞാന്‍ കൃതാര്‍ത്ഥനാണ്.
തിരുമേനി കാലം ചെയ്തിട്ട് 21 വര്‍ഷമാകുന്നു എന്നത് അടുത്തയിടെ ഒരു ഞെട്ടലോടെയാണ് തിരിച്ചറിഞ്ഞത്. മഹാനായ ആ മനുഷ്യന്‍റെ ഒരു സമഗ്ര ജീവചരിത്രം പ്രസിദ്ധീകരിക്കാന്‍ ആരും ഇതുവരെയും ശ്രമിച്ചില്ല എന്നതും അടുത്ത നിമിഷത്തില്‍ വേദനയോടെ ഓര്‍ത്തു. ഒരു സമഗ്ര ജീവചരിത്രം തയ്യാറാക്കാന്‍ പ്രയോജനപ്പെടുന്ന കുറെയധികം രേഖകള്‍ “പ്രകാശത്തിലേയ്ക്ക് ഒരു തീര്‍ത്ഥയാത്ര”യില്‍ ഉള്‍പ്പെടുത്തിയിരുന്നു. അത് ആ നിലയില്‍ ആരും പ്രയോജനപ്പെടുത്തിയില്ല എന്നത് ദുഃഖമുളവാക്കുന്നു. ദുഃഖിച്ചും വിലപിച്ചുമിരിക്കാതെ അവനവനെക്കൊണ്ട് ചെയ്യാനാവുന്നത് സൃഷ്ടി മുഴുവന്‍റെയും നന്മയ്ക്കായി ചെയ്യുക എന്നതാണ് ഞങ്ങളുടെ പ്രവര്‍ത്തനരീതി എന്നതിനാല്‍ “പ്രകാശത്തിലേയ്ക്ക് ഒരു തീര്‍ത്ഥയാത്ര”യുടെ രണ്ടാം പതിപ്പ് പരിഷ്ക്കരിച്ച് പ്രസിദ്ധീകരിക്കുവാന്‍ ഉടനടി തീരുമാനമെടുത്തു. 2011-ല്‍ തന്നെ ഈ ഗ്രന്ഥത്തിന്‍റെ തൊണ്ണൂറ് ശതമാനം ടൈപ്പ്സെറ്റിംഗ് ജോലികളും പൂര്‍ത്തിയാക്കി ‘ആത്മാവില്‍ തീ പിടിച്ച മനുഷ്യന്‍’ എന്ന പേരില്‍ ഇ ബുക്കായി പൗലോസ് മാര്‍ ഗ്രീഗോറിയോസ് ഡോട്ട് ഇന്‍, മലങ്കര ഓര്‍ത്തഡോക്സ് ടി.വി. എന്നീ വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചു എങ്കിലും സാമ്പത്തിക പരാധീനതകള്‍ കാരണം അച്ചടി പതിപ്പ് പ്രസിദ്ധീകരിക്കാന്‍ വീണ്ടും ആറു വര്‍ഷം കാത്തിരിക്കേണ്ടി വന്നു.

ഈ ഗ്രന്ഥം ഏതെങ്കിലുംവിധത്തില്‍ ആര്‍ക്കെങ്കിലും പ്രയോജനപ്പെട്ടാല്‍ ഞങ്ങള്‍ ധന്യരായി.

ജോയ്സ് തോട്ടയ്ക്കാടും കൂട്ടുകാരും

കോട്ടയം
09-8-2017