അന്ത്യ കല്പന / പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ കാതോലിക്കാ ബാവാ
മലങ്കരസഭയില്‍ നിലവിലുള്ള അഭിപ്രായവ്യത്യാസങ്ങളും തര്‍ക്കങ്ങളും കേസുകളും എല്ലാം സമാധാനപരമായി പര്യവസാനിപ്പിച്ച് എല്ലാവരും ദൈവസ്നേഹത്തിലും പരസ്പര ഐക്യത്തിലും വര്‍ത്തിക്കണമെന്നുള്ളത് എന്‍റെ വലിയൊരു അഭിലാഷമാണ്. അതിനുവേണ്ടി ഞാന്‍ എന്നും മുട്ടിപ്പായി പ്രാര്‍ത്ഥിക്കുന്നു.
കാലം ചെയ്ത പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ അന്ത്യകല്പനയില്‍ പറയുന്നു.
84 വയസ്സ് പൂര്‍ത്തിയായപ്പോള്‍ ബാവാ എഴുതിവച്ച അവസാന കല്പന 1996 നവംബര്‍ 8-നാണു തുറന്നത്. പ്രസക്ത ഭാഗങ്ങള്‍ താഴെച്ചേര്‍ക്കുന്നു:
മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമോന്നതവും പരി ശുദ്ധവുമായ അദ്ധ്യക്ഷസ്ഥാനത്തേക്കു പരിശുദ്ധ റൂഹാമൂലം ബലഹീനനായ എന്നെ ദൈവം വിളിച്ചടുപ്പിച്ച നാളുകള്‍ അസ്വസ്ഥതകളും ഛിദ്രവാസനകളും സഭയില്‍ മുളപൊട്ടിക്കൊണ്ടിരുന്ന കാലമായിരുന്നെങ്കിലും സഭയെ ദൈവം നയിക്കുമെന്ന ഉറച്ച വിശ്വാസം എനിക്കു ശുഭാപ്തിവിശ്വാസം നല്‍കിയിരുന്നു.
പരിശുദ്ധ സഭയെക്കുറിച്ച് എനിക്ക് ഒരിക്കലും ആകുലപ്പെടേണ്ടി വന്നിട്ടില്ല. ദൈവത്തില്‍ ആശ്രയിച്ചുകൊണ്ട് ദൈവം നല്‍കിയിട്ടുള്ള നന്മകളിന്‍പ്രകാരം പരമാവധി പ്രവര്‍ത്തിക്കുക മാത്രമേ ചെയ്തിട്ടുള്ളു.
കര്‍ത്താവേശുമിശിഹായുടെ ശിഷ്യന്മാരിലൊരുവനായ പരിശുദ്ധ മാര്‍ ത്തോമ്മാ ശ്ലീഹായാല്‍ സ്ഥാപിക്കപ്പെട്ട പൗരാണികമായ ഒരു സഭയാണു നമ്മുടേത്. നമുക്കു നമ്മുടേതായ ചരിത്രവും പാരമ്പര്യവും ആചാരാനുഷ്ഠാനങ്ങളും വിശ്വാസാചാരങ്ങളും ആരാധനാരീതികളും ഭരണസംവിധാനങ്ങളുമുണ്ട്. അവയൊക്കെയും ഭേദപ്പെടുത്തുവാനും മാറ്റിമറിക്കുവാനും കാലാകാലങ്ങളില്‍ പലപ്പോഴും ശ്രമങ്ങളും പ്രലോഭനങ്ങളും പീഡനങ്ങളും നടന്നിട്ടുണ്ടെങ്കിലും അവയെല്ലാം അതിജീവിച്ച് ദൈവത്തിന്‍റെ പരിശുദ്ധ സഭ ഇന്നും സത്യവിശ്വാസത്തില്‍ മാറ്റം കൂടാതെ നിലനില്‍ക്കുന്നു.
നമ്മുടെ പൂര്‍വികര്‍ പ്രാണത്യാഗത്തോളം കഷ്ടതകള്‍ സഹിച്ചു പരിപാലിച്ച സഭയുടെ സ്വാതന്ത്ര്യവും സത്യവിശ്വാസവും കുറ്റംകൂടാതെ പരിപാലിക്കുവാനും അവരുടെ കാലടികള്‍ പിന്തുടരുവാനും ദൈവം ബലഹീനനായ എനിക്കും ശക്തി നല്‍കി.
മലങ്കരസഭ ഇന്നു നാനാവിധത്തില്‍ വളര്‍ന്നു വികസിച്ചു. ആത്മികവും സാമൂഹികവും ജീവകാരുണ്യപരവുമായ മേഖലകളില്‍ പടര്‍ന്നു പന്തലിച്ച് അനേകര്‍ക്ക് ആശ്വാസം നല്‍കി. ആയതില്‍ എന്‍റെ ഹൃദയം ആനന്ദിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നു.
ധാരാളം പുതിയ ദേവാലയങ്ങളും ഭദ്രാസനങ്ങളും ആരാധനാലയങ്ങളും ആതുരാലയകേന്ദ്രങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മിഷന്‍ പ്രവര്‍ത്തനകേന്ദ്രങ്ങളും വിവിധ സ്ഥാപനങ്ങളും പുതുതായി സ്ഥാപിക്കുവാനും മുമ്പുണ്ടായിരുന്നവ വികസിപ്പിക്കുവാനും ദൈവം ഇടയാക്കി.
നമ്മുടെ സഭ ഒരു എപ്പിസ്കോപ്പല്‍ സഭയാണ്. സഭയുടെ ആത്മികവും ലൗകികവുമായ കാര്യങ്ങളുടെ പ്രധാന ഭാരവാഹിത്വം മലങ്കര മെത്രാപ്പോലീത്തായില്‍ നിക്ഷിപ്തമാണ്. പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസും സഭാ മാനേജിംഗ് കമ്മിറ്റിയും വര്‍ക്കിംഗ് കമ്മിറ്റിയും മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനും പരസ്പര ബഹുമാനത്തോടും അച്ചടക്കത്തോടും മേലദ്ധ്യക്ഷസ്ഥാനത്തോടുള്ള വിധേയത്വത്തിലും വര്‍ത്തിച്ചുകൊള്ളണമെന്നു ഞാന്‍ ഉപദേശിക്കുന്നു.
എന്‍റെ സഭാ ജീവിതകാലമൊക്കെയും മറ്റുള്ള സഹോദരസഭകളുമായി ഐക്യത്തിലും സ്നേഹത്തിലുമാണു കഴിഞ്ഞിട്ടുള്ളത്. ലോകത്തുള്ള എല്ലാ സഭകളും ഒന്നായിച്ചേരണമെന്നും ഒരുമിച്ചു ദൈവത്തെ മഹത്വപ്പെടുത്തണമെന്നും ഉള്ളത് എന്‍റെ ജീവിതാഭിലാഷമായിരുന്നു. പല എക്യുമെനിക്കല്‍ സമ്മേളനങ്ങളിലും ഞാനതു പ്രസ്താവിച്ചിട്ടുണ്ട്. നമ്മുടെ സഭയുടെ സത്യവിശ്വാസം കൈവെടിയാതെ മറ്റെല്ലാ ക്രിസ്തീയ സഭകളുമായി നിങ്ങള്‍ സ്നേഹത്തിലും സാഹോദര്യത്തിലും വര്‍ത്തിക്കണമെന്നും ഉദ്ബോധിപ്പിക്കുന്നു.
ഭാരതത്തില്‍ മതങ്ങള്‍ മതങ്ങളെ എതിര്‍ക്കുന്ന പ്രവണത അടുത്തയിടയായി വളര്‍ന്നുവരുന്നുണ്ട്. എല്ലാ മതത്തില്‍പ്പെട്ടവരും സഹോദരങ്ങളാണെന്ന ബോധത്തില്‍, ആരുടെയും ഹൃദയത്തെ വ്രണപ്പെടുത്താത്ത സാഹോദര്യബന്ധം എല്ലാ മതങ്ങളുമായി നിങ്ങള്‍ പുലര്‍ത്തണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു.
ദൈവത്തിന്‍റെ അളവറ്റ സ്നേഹത്തെക്കുറിച്ചു പലപ്പോഴും നിങ്ങളെ ഉദ്ബോധിപ്പിച്ചിട്ടുണ്ട്. ദൈവം സ്നേഹം തന്നെ. തന്‍റെ വലിയ സ്നേഹം നമ്മുടെ രക്ഷയ്ക്കായി സ്വന്തം പുത്രനെ ക്രൂശുമരണത്തോളം ഏല്‍പിച്ചു കൊടുത്തത് നമ്മുടെ വലിയൊരു പ്രത്യാശയാകുന്നു. ‘എന്‍റെ പിതാവ് എന്നെ സ്നേഹിച്ചതുപോലെ ഞാന്‍ നിങ്ങളെ സ്നേഹിച്ചപ്രകാരം തന്നെ നിങ്ങളും തമ്മില്‍ തമ്മില്‍ സ്നേഹിക്കണം’ എന്ന കര്‍ത്താവിന്‍റെ കല്പന നിങ്ങളും പാലിക്കണമെന്നു ഞാന്‍ ഉപദേശിക്കുന്നു.
ആ കര്‍ത്തൃസ്നേഹത്തില്‍ വസിച്ചുകൊണ്ട് ബലഹീനരായവരെ നിങ്ങള്‍ കഴിവുള്ളിടത്തോളവും സഹായിക്കണം. ‘നിങ്ങള്‍ക്കുള്ളതെല്ലാം വിറ്റ് ദരിദ്രന്മാര്‍ക്കു കൊടുക്കുക. എന്നാല്‍ സ്വര്‍ഗരാജ്യത്തില്‍ നിങ്ങള്‍ക്കു നിക്ഷേപം ഉണ്ടാകും’ എന്ന് കര്‍ത്താവ് അരുളിച്ചെയ്തിട്ടുള്ളത് വ്യക്തികളായും ഇടവകളായും സഭയായും നാം മറക്കരുത് എന്ന് ദൈവസ്നേഹത്തില്‍ ഞാന്‍ ഉപദേശിക്കുന്നു.
‘എന്‍റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരില്‍ ഒരുത്തനു നിങ്ങള്‍ ചെയ്തിടത്തോളം എനിക്കും ചെയ്തു. ഈ ഏറ്റവും ചെറിയവരില്‍ ഒരുത്തനു ചെയ്യാതിരുന്നിടത്തോളം എനിക്കാകുന്നു ചെയ്യാഞ്ഞത്’ എന്നാണു കര്‍ത്താവ് അരുളിച്ചെയ്തിട്ടുള്ളത്. വിശക്കുന്നവനു ഭക്ഷണം കൊടുക്കുക, ദാഹിക്കുന്നവനു കുടിപ്പാന്‍ കൊടുക്കുക, അതിഥികളെ ചേര്‍ത്തുകൊള്ളുക, നഗ്നനെ ഉടുപ്പിക്കുക, രോഗികളെ സന്ദര്‍ശിക്കുക, തടവിലിരിക്കുന്നവരെ ചെന്നു കാണുക എന്നിങ്ങനെയുള്ള പുണ്യപ്രവൃത്തികളില്‍ കൂടി യേശുക്രിസ്തുവിന്‍റെ സ്നേഹം ലോകത്തില്‍ നിങ്ങള്‍ പ്രതിഫലിപ്പിക്കണമെന്നും ഞാന്‍ അതിയായി ആഗ്രഹിക്കുന്നു.
നിങ്ങളേവരും വിശുദ്ധ ജീവിതം നയിച്ച് രക്ഷയിലേക്കു വളരുവാന്‍ താല്‍പര്യമുള്ളവരായിരിക്കണം. സഭയുടെ കല്പനകള്‍ മുടക്കം കൂടാതെ പാലിക്കണം. സഭയ്ക്കു പൊതുവായും പള്ളികള്‍ക്കും ഇടവകകള്‍ക്കും നിങ്ങള്‍ കൊടുക്കേണ്ട വിഹിതങ്ങള്‍ ദൈവം നിങ്ങള്‍ക്കു നല്‍കിയിട്ടുള്ള താലന്തുകള്‍ക്കനുസരണമായി കുറവു കൂടാതെ കൊടുക്കുവാന്‍ എപ്പോഴും ഉത്സാഹിക്കണം. നിങ്ങള്‍ ദൈവസന്നിധിയില്‍ ഉയര്‍ത്തുന്ന പ്രാര്‍ത്ഥനകളും നോമ്പനുഷ്ഠാനങ്ങളും ആയതിനു നിങ്ങളെ ശക്തരാക്കുവാന്‍ ഞാന്‍ മുട്ടിപ്പായി പ്രാര്‍ത്ഥിക്കുന്നു.