പഴഞ്ഞി പെരുന്നാളിന് കൊടിയേറി 

പഴഞ്ഞി ∙ പ്രസിദ്ധമായ സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിലെ യെൽദോ മാർ ബസേലിയോസിന്റെ ഓർമപ്പെരുന്നാളിന് ഡോ.ഗീവർഗീസ് മാർ യൂലിയോസ് കൊടിയേറ്റി. പള്ളിക്ക് സമീപത്തെ ഗീവർഗീസ് സഹദാ ചാപ്പലിന്റെ പെരുന്നാൾ പ്രദക്ഷിണത്തിന് ശേഷമായിരുന്നു കൊടിയേറ്റ്. തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് പെരുന്നാൾ. പെരുന്നാൾ ശുശ്രൂഷകൾക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ മുഖ്യ കാർമികത്വം വഹിക്കും.

പള്ളിയിൽ കൊടിയേറിയതോടെ വിവിധ അങ്ങാടികളിലും പെരുന്നാൾ കമ്മിറ്റികൾ കൊടിയേറ്റാൻ തുടങ്ങി. പള്ളിയിൽ പെരുന്നാൾ വരെ ദിവസവും സന്ധ്യാനമസ്കാരത്തിന് ശേഷം ചെണ്ടമേളം അരങ്ങേറും. ഞായറാഴ്ച വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ മിനി പെരുന്നാൾ ആഘോഷിക്കും . പെരുന്നാൾ ദിവസമായ തിങ്കളാഴ്ച രാവിലെ ഏഴിന് മൂന്നിന്മേൽ കുർബാന. പെങ്ങാമുക്ക് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽനിന്നുള്ള പദയാത്രയെ 5.30ന് പള്ളിയിൽ സ്വീകരിക്കും.

6.30ന് പരിശുദ്ധ കാതോലിക്കാ ബാവായുടെ നേതൃത്വത്തിൽ സന്ധ്യാനമസ്കാരം. തുടർന്ന് 7.30ന് കൊടിയും കുരിശും വാദ്യമേളങ്ങളുമായുള്ള പ്രദക്ഷിണം ആരംഭിക്കും. അങ്ങാടി ചുറ്റിയുള്ള പ്രദക്ഷിണത്തെ കത്തിച്ച് വച്ച വിളക്കുകളോടെ ദേശക്കാർ സ്വീകരിക്കും. വിവിധ കുരിശുപള്ളികളിലെ ധൂപപ്രാർഥനയ്ക്ക് േശഷം പള്ളിയിൽ പ്രദക്ഷിണം സമാപിക്കും. പരിശുദ്ധ കാതോലിക്കാ ബാവാ ശ്ലൈഹിക വാഴ്‌വ് നൽകി അനുഗ്രഹിക്കും. രാത്രി ദേശക്കാരുടെ ആനകളും വാദ്യമേളങ്ങളുമായുള്ള എഴുന്നള്ളിപ്പുകളും ഉണ്ടാകും.

ചൊവ്വാഴ്ച 6.30ന് പഴയപള്ളിയിൽ തോമസ് പോൾ റമ്പാൻ മുഖ്യകാർമികനായി മൂന്നിന്മേൽ കുർബാന. പുതിയ പള്ളിയിൽ ഒൻപതിന് പരിശുദ്ധ കാതോലിക്കാ ബാവായുടെ മുഖ്യ കാർമികത്വത്തിൽ അഞ്ചിന്മേൽ കുർബാന. ഉച്ചയോടെ ആരംഭിക്കുന്ന എഴുന്നള്ളിപ്പുകൾ വൈകിട്ട് പള്ളിയിൽ സമാപിക്കും. പ്രദക്ഷിണം, പൊതുസദ്യ എന്നിവയും ഉണ്ടാകും.

ബുധനാഴ്ച ഏഴിന് കുർബാനയ്ക്ക് ശേഷം ചെണ്ടമേളം, ലേലംവിളി എന്നിവയും ഉണ്ടാകും. പെരുന്നാളിന് വികാരി ഫാ.ജോസഫ് ചെറുവത്തൂർ, സഹവികാരി ഫാ.ഗീവർഗീസ് വർഗീസ്, ട്രസ്റ്റി സുമേഷ് പി.വിൽസൺ, സെക്രട്ടറി ബിനോയ് ടി.മാത്യു എന്നിവരടങ്ങിയ കമ്മിറ്റി നേതൃത്വം നൽകും.

 

പഴഞ്ഞി കത്തീഡ്രലിലേക്ക് പദയാത്ര തിങ്കളാഴ്ച
പഴഞ്ഞി ∙ നൂറ്റാണ്ടുകൾക്ക് മുൻപ് വിശുദ്ധന്റെ തിരുശേഷിപ്പ് കൊണ്ടുവന്നതിന്റെ സ്മരണ പുതുക്കി ഇത്തവണ പെങ്ങാമുക്ക് സെന്റ് പീറ്റേഴ്സ് ആൻഡ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽനിന്ന് പഴഞ്ഞി കത്തീഡ്രലിലേക്ക് പദയാത്ര നടത്തും. തിങ്കളാഴ്ച നാലിന് പെങ്ങാമുക്ക് പള്ളിയിൽ ഡോ.യാക്കോബ് മാർ ഐറേനിയസും ഡോ.ഗീവർഗീസ് മാർ യൂലിയോസും ചേർന്ന് പദയാത്ര ഉദ്ഘാടനം ചെയ്യും.

വിവിധ സ്ഥലങ്ങളിലെ സ്വീകരണത്തിന് ശേഷം പഴഞ്ഞി പള്ളിയിലെത്തുന്ന പദയാത്രയെ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ നേതൃത്വത്തിൽ സ്വീകരിക്കും . പെങ്ങാമുക്കിൽനിന്നാണ് യെൽദോ മാർ ബസേലിയോസിന്റെ തിരുശേഷിപ്പ് പഴഞ്ഞി പള്ളിയിലേക്ക് കൊണ്ടുവന്നത്.

കോതമംഗലം പള്ളിയിൽ കബറടങ്ങിയ യെൽദോ മാർ ബസേലിയോസിന്റെ കബറിടത്തിലേക്ക് പത്തൊൻപതാം നൂറ്റാണ്ടിൽ പെങ്ങാമുക്ക് സ്വദേശി ചെറുവത്തൂർ വറിയത് തീർഥാടനത്തിന് പോയിരുന്നു. അന്ന് കബറിടത്തിൽനിന്ന് ഒരു പിടി മണ്ണുമായി വീട്ടിലെത്തിയ വറിയത് അതിൽ തിരുശേഷിപ്പ് ഉള്ള കാര്യം പിന്നീടാണ് അറിഞ്ഞത്. തുടർന്ന് തിരുശേഷിപ്പ് പഴഞ്ഞി പള്ളിയിലെത്തിക്കുകയായിരുന്നു.

പഴഞ്ഞി പള്ളിയിലെ മദ്ബഹയിലെ തെക്കേ ത്രോണോസിലാണ് തിരുശേഷിപ്പ് സ്ഥാപിച്ചത്. വിശുദ്ധന്റെ സ്മരണ പുതുക്കി പെരുന്നാൾ ദിവസങ്ങളിൽ നാനാജാതി മതസ്ഥർ പള്ളിക്കകത്തും പുറത്തും മുട്ടുകുത്തി വഴിപാട് നടത്താറുണ്ട്.

പള്ളിക്ക് ചുറ്റും മണൽ വിരിച്ച് മുട്ടുകുത്തലിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. പദയാത്രയ്ക്ക് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിലെ ഫാ.ജോൺ പുലിക്കോട്ടിൽ, ഫാ.കെ.ഐ.ഏലിയാസ്, സി.സി.ജോൺ, ജോഷ്വ പി.ജോർജ്, ബിജു സി.ജോബ് എന്നിവരടങ്ങിയ കമ്മിറ്റി നേതൃത്വം നൽകും.