മോസ്കോ: തങ്ങളുടെ ക്രിസ്ത്യന്‍ വേരുകളും, പാരമ്പര്യവും മറക്കുന്നത് വഴി യൂറോപ്പ് ആത്മഹത്യക്കൊരുങ്ങുകയാണെന്നു മോസ്കോ പാത്രിയാര്‍ക്കേറ്റിന്റെ എക്സ്റ്റേണല്‍ ചര്‍ച്ച് റിലേഷന്‍സ് സമിതി ചെയര്‍മാന്‍ ഹിലാരിയോണ്‍ ആല്‍ഫയേവ് മെത്രാപ്പോലീത്താ.
ലണ്ടനിലെ റഷ്യന്‍ എംബസി സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂറോപ്പില്‍ ഇപ്പോള്‍ സംഭവിക്കുന്ന ആകമാന മാറ്റത്തിന്റെ മുഖ്യകാരണങ്ങള്‍ കുടിയേറ്റവും, മതനിരപേക്ഷതയുമാണെന്നും അദ്ദേഹം പറഞ്ഞു.
യൂറോപ്പ്യന്‍ യൂണിയനില്‍ മാത്രമായി ഏതാണ്ട് 1.8 ദശലക്ഷത്തോളം അഭയാര്‍ത്ഥികള്‍ എത്തിയിട്ടുണ്ടെന്നാണ് ഫ്രോണ്ടെക്സ് ഏജന്‍സി നല്‍കുന്ന വിവരം. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് 2000ല്‍ 49.3 ദശലക്ഷമായിരുന്നത് 2015 ആയപ്പോഴേക്കും 76.1 ദശലക്ഷമായി ഉയര്‍ന്നു. കുടിയേറ്റത്തോടൊപ്പം യൂറോപ്പ്യന്‍ സമൂഹത്തിന്റെ മതനിരപേക്ഷത യൂറോപ്പിന്റെ മൂല്യച്യുതിക്ക് കാരണമായിട്ടുണ്ട്. ബ്രിട്ടനിലെ പകുതിയോളം പേര്‍ യാതൊരു മതത്തിലും വിശ്വസിക്കാത്തവരാണ്. എന്നാല്‍ റഷ്യയില്‍ ഇതിനു വിരുദ്ധമായ സാഹചര്യമാണുള്ളത്.
വെറും 13% മാത്രമാണ് അവിടെ യാതൊരു മതത്തിലും വിശ്വസിക്കാത്തവര്‍. പാശ്ചാത്യലോകത്ത് ക്രിസ്തുമതത്തിന് ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്ന തളര്‍ച്ച 1917 കാലഘട്ടങ്ങളില്‍ റഷ്യന്‍ സഭ നേരിട്ട വിനാശത്തിന് തുല്ല്യമാണ്. യൂറോപ്യന്‍ യൂണിയന്‍ തങ്ങളുടെ ക്രിസ്ത്യന്‍ വേരുകളെക്കുറിച്ച് മറന്ന അവസ്ഥയിലാണ്. സ്വന്തം വ്യക്തിത്വത്തെ നശിപ്പിച്ചുകൊണ്ടുള്ള ഈ പോക്ക് യൂറോപ്പ്യന്‍ യൂണിയന്റെ വ്യക്തിത്വത്തിന്റെ ആത്മഹത്യയിലേക്കാണ് നയിക്കുകയെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ക്രിസ്ത്യന്‍ യൂറോപ്പ് ഇല്ലാതാകുന്നത് തടയുവാന്‍ വിവിധ സഭകള്‍ ഏകോപിച്ച് പ്രവര്‍ത്തിക്കണമെന്നും യൂറോപ്പിലെ ക്രിസ്ത്യാനികള്‍ നൂറ്റാണ്ടുകളായി തങ്ങള്‍ പിന്തുടര്‍ന്നു വന്ന ക്രിസ്തീയ മൂല്യങ്ങളേയും, പാരമ്പര്യത്തേയും സംരക്ഷിക്കണമെന്നും ആഹ്വാനം ചെയ്തുകൊണ്ടാണ് അദ്ദേഹം തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്. സെപ്റ്റംബര്‍ 22-ന് സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ നയതന്ത്ര പ്രതിനിധികള്‍, രാഷ്ട്രീയക്കാര്‍, വ്യവസായികള്‍, മത പ്രമുഖര്‍ ഉള്‍പ്പെടെ നിരവധി പേരാണ് പങ്കെടുത്തത്.