സ്ലീബാ ശെമ്മാശന്‍റെ കത്ത്

സ്ലീബാ ശെമ്മാശന്‍ (പിന്നീട് സ്ലീബാ മാര്‍ ഒസ്താത്തിയോസ്) ആലുവാ സെമിനാരിയില്‍ കടവില്‍ മാര്‍ അത്താനാസ്യോസിന്‍റെ കൂടെ താമസിച്ചുകൊണ്ടിരുന്ന വാകത്താനത്തു ഗീവറുഗീസ് റമ്പാച്ചന് (പിന്നീടു മലങ്കരയിലെ ദ്വിതീയ പൗരസ്ത്യ കാതോലിക്കാ) സ്വന്ത കൈപ്പടയില്‍ അയച്ച ഒരു എഴുത്തിന്‍റെ തര്‍ജ്ജമ താഴെ ചേര്‍ക്കുന്നു:

യഥാര്‍ത്ഥമായി സ്നേഹിക്കപ്പെട്ടവനും, വെടിപ്പും ശോഭയുമുള്ള ഒനുവായക്കാരനും ആയി എത്രയും ബഹുമാനപ്പെട്ടിരിക്കുന്ന അന്തോനിയോസിനടുത്ത ഗീവറുഗീസ് റമ്പാച്ചന് സമാധാനവും വിശുദ്ധ കൈകളുടെ ചുംബനവും.

വളരെ ബഹുമാനിക്കപ്പെട്ടിരിക്കുന്ന വിശുദ്ധനായ ആബൂന്‍ മാര്‍ അത്താനാസ്യോസിന്‍റെ രോഗത്തെക്കുറിച്ച് ഈയിടെയായി ഞാന്‍ ഒന്നും അറിയുന്നില്ല എന്നു നിങ്ങളുടെ സത്യസ്നേഹത്തോട് അറിയിച്ചുകൊള്ളട്ടെ. ഇതു ഹേതുവായി ദൈവമായ കര്‍ത്താവ് ആത്മാവിന്‍റെയും ശരീരത്തിന്‍റെയും പരിപൂര്‍ണ്ണ സുഖം അദ്ദേഹത്തിനു കൊടുക്കുന്നതിനും നമുക്കു തന്‍റെ അംഗീകാരയോഗ്യമായ പ്രാര്‍ത്ഥനകളാലും സമൃദ്ധിയായ വാഴ്വുകളാലും കടങ്ങളുടെ പരിഹാരവും പാപങ്ങളുടെ മോചനവും നല്‍കുന്നതിനും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ആമ്മീന്‍.

ഈ എഴുത്തോടുകൂടെ ഇപ്പോള്‍ ഗ്രമത്തി (വ്യാകരണം) പ്പുസ്തകം ഞാന്‍ നിങ്ങള്‍ക്ക് അയയ്ക്കുന്നു. അതു നിങ്ങള്‍ക്കു കിട്ടിയോ ഇല്ലയോ എന്നറിവാനായി ബലഹീനനായ നമുക്കു നിങ്ങള്‍ മറുപടി അയയ്ക്കണമെന്നു ഞാന്‍ അപേക്ഷിക്കുന്നു. നമ്മുടെ ഹൃദയത്തില്‍ ആശ്വാസം ഉണ്ടാകുമാറു പിതാവിന്‍റെ രോഗത്തെക്കുറിച്ചു വിവരമായി എന്നെ അറിയിക്കണം. തുര്‍ക്കി രാജാവിനാല്‍ മോറാന്‍ പാത്രിയര്‍ക്കീസ് പാത്രിയര്‍ക്കാ സ്ഥാനത്തു നിന്നു തള്ളപ്പെട്ടു എന്ന്, നിങ്ങള്‍ വര്‍ത്തമാനക്കടലാസില്‍ നിന്നു കേട്ടത്, നിങ്ങള്‍ അറിഞ്ഞിരിക്കുന്നപ്രകാരം അല്ല. ആദ്യമായി ലൗകിക അധികാരത്തില്‍ നിന്നു മാത്രമല്ലാതെ പാത്രിയര്‍ക്കാസ്ഥാനത്തില്‍ നിന്ന് അദ്ദേഹം തള്ളപ്പെട്ടിട്ടില്ല. ഇപ്പോഴും ആത്മീകകാര്യങ്ങളില്‍ അദ്ദേഹം തന്നെ പാത്രിയര്‍ക്കീസാകുന്നു. അദ്ദേഹമല്ലാതെ മറ്റു പാത്രിയര്‍ക്കീസ് ഇല്ല താനും. അബ്ദുള്ളാ ആയ ആബൂന്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ പാത്രിയര്‍ക്കീസിന്‍റെ ലൗകികഅധികാരം ഇല്ലാതായി എന്നു കണ്ട ഉടനെ അദ്ദേഹത്തിന്‍റെ മാതാവിന്‍റെ മാര്‍വിലേക്കു – അതായത് വിശുദ്ധസഭയിലേക്കു ……. തിരിച്ചു വന്നിരിക്കുന്നു. ……

മശിഹാകാലം 1905 മിഥുനം 17 നു കോട്ടയം സിമ്മനാരിയില്‍ നിന്നു സ്ലീബാ ശെമ്മാശന്‍.

(എത്രയും സാരവത്തായ ഒരു എഴുത്തുപുസ്തകം എന്ന ഗ്രന്ഥത്തില്‍ നിന്നും)