1887-ാമാണ്ട് വൃശ്ചികമാസം 13-ാം തീയതി മലങ്കര യാക്കോബായ സുറിയാനി അസോസ്യേഷന്‍ കമ്മിറ്റി കോട്ടയത്ത് സിമ്മനാരിയില്‍ കൂടിയ മീറ്റിംഗില്‍ ഏര്‍പ്പെടുത്തിയ നിശ്ചയങ്ങള്‍.
പോയാണ്ട് ……. മാസം …… തീയതി ഈ സിമ്മനാരിയില്‍ കൂടിയ യോഗത്തില്‍ എല്ലാ പള്ളികളില്‍നിന്നും പിടിഅരി മുതലായത് പിരിച്ചും സിമ്മനാരിയിലെ പഠിത്തം നടത്തപ്പെടണമെന്ന് നിശ്ചയിച്ചുള്ളതിന്മണ്ണം ഇന്നേവരെയുള്ള പിരിവിനും ചിലവിനും എഴുതിയിട്ടുള്ള കണക്കുകള്‍ പരിശോധിച്ചതില്‍ പഠിത്തം മുതലായ സിമ്മനാരി ആവശ്യത്തിന് പിരിവ് മതിയാകാതെ ഇരിക്കുന്നതായി കാണുന്നതിനാല്‍ അതിന്‍റെ നിവാരണത്തിനായി താഴെ പറയുംപ്രകാരം നിശ്ചയിച്ചിരിക്കുന്നു.
1. എല്ലാ പള്ളികളിലെ വീടുകളുടെയും അതുകളില്‍നിന്ന് ശരിയായി പിരിക്കപ്പെടാവുന്ന അരിയുടെയും വകയ്ക്ക് വികാരിയോ വികാരിക്ക് പകരം ഈ വകയ്ക്ക് പ്രത്യേകം പള്ളിതോറും നിയമിക്കപ്പെടാവുന്ന പട്ടക്കാരനോ ഒരു കണക്ക് തയാറാക്കി ശരിയായിട്ടും നിഷ്ക്കര്‍ഷയായിട്ടും പിരിച്ച് സിമ്മനാരിയില്‍ അടക്കേണ്ടതും അവരെക്കൊണ്ട് ഇപ്രകാരമുള്ള കണക്കുകള്‍ തയാറാക്കിക്കുന്നതിനും പിരിക്കുന്നതിനുമായി ഓരോ മെത്രാപ്പോലീത്താ ഇടവകയുടെമേല്‍ വിചാരമായി ഒരു പട്ടക്കാരനെ മദ്ബറോനോ ആയിട്ട് ക്രമമായ ശമ്പളത്തുമ്മേല്‍ നിയമിക്കപ്പെടേണ്ടതും ആകുന്നു.
2. ഇതിന്‍പ്രകാരം എടുക്കപ്പെടുന്ന കണക്കുംപ്രകാരമുള്ള അരിയോ വില പണമോ അതാതു വീട്ടുകാര്‍ ശരിയായി കൊടുക്കാതെ ഇരുന്നാല്‍ അങ്ങനെ നടക്കപ്പെടുന്നവരുടെ ആത്മീയ കൂദാശകള്‍ ഒന്നും വികാരിയോ ഇടവകപട്ടക്കാരോ നടത്തിക്കൊടുത്തു കൂടാത്തതും അങ്ങനെയുള്ളവരെ കുടിശ്ശിക തീര്‍ക്കുന്നതുവരെ മുടക്കി നിര്‍ത്തുന്നതിന് വികാരിമാര്‍ക്ക് അധികാരം ഉള്ളതും ആകുന്നു.
3. പിടിയരി ശരിയായി കൊടുക്കാത്തവരും മുടക്കപ്പെട്ടവരുമായ ആളുകളുടെ ആത്മീയ ദിഷ്ടതികളെ ഏതു പട്ടക്കാരനെങ്കിലും നടത്തിക്കൊടുക്കുന്നതായിരുന്നാല്‍ ആ വിവരം മദ്ബറാനാ മുഖാന്തിരം മെത്രാപ്പോലീത്തായെ ബോധിപ്പിക്കുകയും നിയമപ്രകാരം ശിക്ഷിക്കപ്പെടുകയും ചെയ്യേണ്ടതാകുന്നു.
4. പിടിയരി പിരിപ്പിക്കുന്ന വികാരിക്കോ പ്രത്യേകം നിയമിക്കപ്പെടുന്ന പട്ടക്കാരനോ ഓരോ പള്ളിയില്‍ നിന്നും ഈടാകുന്ന അരിയില്‍ നാലൊന്ന് പ്രതിഫലമായി തള്ളി ശിഷ്ടം സിമ്മനാരിയില്‍ ഏല്‍പിക്കാന്‍ തക്കവണ്ണം മദ്ബറാനാ വശം ഏല്‍പിക്കേണ്ടതാകുന്നു.
5. മുന്‍ മീറ്റിംഗിലെ നിശ്ചയപ്രകാരം പിടിയരി പിരിവില്‍ ഉദാസീനമായി കാണപ്പെട്ട ഭവനങ്ങളെ തിട്ടപ്പെടുത്തി അവരുടെമേല്‍ ഉള്ള കുടിശ്ശിക താരതമ്യംപോലെ പിരിപ്പിച്ച് സിമ്മനാരിക്ക് മുതല്‍ കൂട്ടേണ്ടതും ഈ വക കുടിശ്ശിക പിരിവിലും മേല്‍പ്രകാരമുള്ള നിഷ്ക്കര്‍ഷ ചെയ്യേണ്ട തുമാകുന്നു.
6. മേല്‍ ഒന്നാം വകുപ്പിന്‍പ്രകാരമുള്ള മദ്ബറാനാമാരെ കമ്മറ്റി പ്രസിഡണ്ട് അവര്‍കളും ഇടവക മെത്രാപ്പോലീത്താ അവര്‍കളും നിയമിക്കേണ്ടതാകുന്നു.
7. സിമ്മനാരിയില്‍ മുതല്‍ ചുമതല വഹിക്കുന്നതിന് ഒരു മുതല്‍പിടിക്കാരന്‍ ആവശ്യപ്പെട്ടിരിക്കുന്നതിനാല്‍ അടുത്ത മകര മാസം മുതല്‍ ശേഷിയും യോഗ്യതയും ഉള്ള ഒരാളിനെ മുതല്‍പിടി വേലയ്ക്ക് പ്രസിഡണ്ട് അവര്‍കളും സിമ്മനാരിയില്‍ മേലദ്ധ്യക്ഷന്‍ അവര്‍കളും കൂടി നിയമിക്കേണ്ടതാകുന്നു.
പ്രസിഡണ്ട് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ (ഒപ്പ്)
കോട്ടയം ഇടവകയുടെ മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്താ (ഒപ്പ്)
കണ്ടനാട് ഇടവകയുടെ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്താ (ഒപ്പ്)
നിരണം ഇടവകയുടെ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ (ഒപ്പ്)
എളന്തുരുത്തില്‍ പീലിപ്പോസ് കോറെപ്പിസ്കോപ്പാ (ഒപ്പ്)
മാലിത്ര ഏലിയാസ് കത്തനാര്‍ ഒപ്പ് (ഒപ്പ്)
വേങ്കടത്ത് അലക്സന്ത്രയോസ് കത്തനാര്‍ (ഒപ്പ്)
കോടിയാട്ട് യാക്കോബ് കത്തനാര്‍ (ഒപ്പ്)
മാനേജിംഗ് കമ്മറ്റി മെമ്പര്‍മാര്‍:
കുന്നുംപുറത്ത് കോര ഉലഹന്നാന്‍ (ഒപ്പ്)
അടങ്ങപ്പുറത്ത് ഇട്ടന്‍ പണിക്കര്‍ (ഒപ്പ്)
ചാലക്കുഴി മക്കുദിശാ ഗബ്രിയേല്‍ (ഒപ്പ്)
വെടിപ്പറമ്പില്‍ ഉലഹന്നാന്‍ തൊമ്മന്‍ (ഒപ്പ്)
തുകലന്‍ കുഞ്ഞിപ്പൈലോ (ഒപ്പ്)
കോനാട്ട് പൈലി (ഒപ്പ്)
തെക്കേത്തരി ചാക്കോ (ഒപ്പ്)
കല്ലാച്ചേരില്‍ പോത്തന്‍ ഉലഹന്നാന്‍ (ഒപ്പ്)
കുന്നുംപുറത്ത് ഇട്ടൂപ്പ് ഇട്ടി (ഒപ്പ്)
കരവട്ട് വര്‍ഗ്ഗീസ് ചാണ്ടി (ഒപ്പ്)