പ. അബ്ദേദ് മ്ശീഹാ ബാവായുടെ ആഗമനവും ഒന്നാം കാതോലിക്കാ ബാവായുടെ വാഴ്ചയും / വാകത്താനം കാരുചിറ ഗീവര്‍ഗീസ് റമ്പാന്‍


(1087 ഇടവം) 7-ന് അബ്ദെദു മ്ശീഹാ പാത്രിയര്‍ക്കീസു ബാവാ ബാഗ്ദാദില്‍ നിന്നു മലയാളത്തേക്ക് യാത്ര തിരിച്ചിരിക്കുന്നതായി മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായ്ക്ക് കമ്പി വന്ന വിവരം മെത്രാപ്പോലീത്താ കഥാനായകനെ അറിയിച്ചു. …

16-ന് കഥാനായകന്‍ വാകത്താനത്തു നിന്നും സിമ്മന്നാരിയിലേക്ക് പോയി. മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ അവിടെ ഉണ്ടായിരുന്നു. 18-ന് പാത്രിയര്‍ക്കീസു ബാവാ കപ്പല്‍ വഴി ഇംഗ്ലണ്ടിലെത്തിയിരിക്കുന്നതായി മെത്രാച്ചനു കമ്പി വന്നു.

19-ന് ബാവായെ എതിരേല്‍ക്കുന്നതിനായി എം. എ. ഗീവറുഗീസു കത്തനാരും എന്‍. ഐ. പോത്തനും ബോംബെയിലേക്ക് പോയി. ബാവാ തിങ്കളാഴ്ച ബോംബെയില്‍ എത്തുമെന്ന് കമ്പിയും വന്നു. 24-ന് ബാവാ ബോംബെയില്‍ എത്തി എന്ന് കമ്പി വന്നു. അന്ന് ബാവാ കുന്നംകുളങ്ങരെ എത്തുമ്പോള്‍ എതിരേല്‍ക്കുന്നതിനായിട്ട് കഥാനായകനും മാക്കാംകുന്നുകാരന്‍ മാത്തുവും വാലിയക്കാരന്‍ പോത്തയും കൂടി വടക്കോട്ട് സിമ്മന്നാരിയില്‍ നിന്ന് പുറപ്പെട്ടു. പിറ്റെദിവസം മുളന്തുരുത്തിയില്‍ എത്തി. ബാവാ വരുമ്പോള്‍ ആ പള്ളിയില്‍ കൊണ്ടുപോവാന്‍ ഏനമുണ്ടോ എന്നറിവാനായി ചാലി കൊച്ചുകോരയുടെ അടുക്കല്‍ പോയി ചോദിച്ചതില്‍ പൊതുവില്‍ ആലോചിച്ച് മറുപടി അയക്കാമെന്ന് പറഞ്ഞു.

സന്ധ്യയോടുകൂടെ അവിടെനിന്നും പുറപ്പെട്ട് പിറ്റെദിവസം എറണാകുളത്ത് എത്തി കൊച്ചീ പോലീസു സൂപ്രണ്ട് എം. എ. ചാക്കോയെ അന്വേഷിച്ചതില്‍ അവിടെ ഇല്ലെന്നറികയാല്‍ തീവണ്ടിയില്‍ തൃശൂര്‍ക്ക് പുറപ്പെട്ട് രാത്രി 8 1/2 മണിക്ക് തൃശൂര്‍ ടിയാന്‍റെ ബംഗ്ലാവില്‍ എത്തി താമസിക്കയും പിറ്റെദിവസം ഞായറാഴ്ച ത്രിശൂര്‍ പള്ളിയില്‍ പോയി കുര്‍ബാന കാണുകയും ചെയ്തു. കുന്നംകുളങ്ങരെ നിന്നും ഒരു പട്ടക്കാരനും ഒരു ശെമ്മാശനും വന്നത്രെ കര്‍മ്മം നടത്തിയതു. 28-ന് ത്രിശൂര്‍ നിന്നും സൂപ്രണ്ടൊരുമിച്ച് കുന്നംകുളങ്ങരെക്കു വണ്ടി വഴിയായി പുറപ്പെട്ട് സന്ധ്യയ്ക്കു അവിടെ എത്തുകയും ബാവായെ കുന്നംകുളം പള്ളിയില്‍ കൊണ്ടുവരണമെന്ന് സൂപ്രണ്ട് പാത്തപ്പനോട് പറകയും ആ വക ചിലവുകള്‍ ചെയ്യാമെന്ന് സമ്മതിക്കയും ചെയ്തു. അന്നു കഥാനായകനും മറ്റും കുന്നംകുളം പള്ളിയില്‍ താമസിക്കയും ചെയ്തു.

31-ന് ബാവാ പട്ടാമ്പിയില്‍ എത്തുകയും അവിടെ നിന്നും വണ്ടി പിടിച്ച് കുന്നംകുളം പട്ടണത്തോടടുത്തപ്പോള്‍ മേനാവു കൊണ്ടുവന്ന് അതില്‍ കയറ്റി കുന്നംകുളം പള്ളിയിലേയ്ക്ക് കൊണ്ടുപോരികയും ചെയ്തു. ബാവാ ആദ്യം പുത്തന്‍പള്ളിയില്‍ കയറി ലുത്തിനിയായും ഒരു ചെറിയ പ്രസംഗവും കഴിച്ച് അനുഗ്രഹിക്കയും പിന്നെ അവിടെ നിന്നും പുറപ്പെട്ട് രാത്രി 7 മണിക്ക് കുന്നംകുളം പള്ളിയില്‍ എത്തി താമസിക്കയും ചെയ്തു. ബാവായും 3 റമ്പാന്‍മാരും ഉണ്ടായിരുന്നു. ത്രിശൂര്‍ വഴി എതിരേല്പു കേമമാക്കാന്‍ നിശ്ചയിച്ചിരുന്ന പ്രകാരം നടത്താന്‍ ഏനമാകാത്തെതിനാല്‍ പലര്‍ക്കും ഇഛാഭംഗത്തിനിടയായി.

മിഥുനം 1-ന് കഥാനായകന്‍ കുന്നംകുളങ്ങര നിന്നും തിരിച്ചു പോരുമ്പോള്‍ ബാവാ സ്ലീബാ എടുത്ത് അനുഗ്രഹിക്കയും മറ്റും ചെയ്തു. അന്ന് ത്രിശൂര്‍ എത്തി താമസിക്കയും പിറ്റെ ദിവസം പുറപ്പെട്ട് 3-ന് ഞായറാഴ്ച കോട്ടയത്തു സിമ്മന്നാരിയില്‍ എത്തുകയും വിവരങ്ങള്‍ മെത്രാച്ചനോടറിയിക്കയും ചെയ്തു. 6-ന് കഥാനായകന്‍ സിമ്മന്നാരിയില്‍ നിന്നും വാകത്താനത്തേക്ക് പോരികയും 9-ന് വള്ളിക്കാട്ട് പള്ളിയില്‍ പോയി കുര്‍ബാന ചൊല്ലുകയും ചെയ്തു. …

(കര്‍ക്കടകം) 26-ന് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ കല്പന അനുസരിച്ച് കഥാനായകന്‍ കോട്ടയത്തേക്ക് പോയി. പിറ്റെദിവസം തിരിച്ചു പോരികയും ചെയ്തു. മെത്രാന്‍സ്ഥാനം ഏല്‍ക്കണമെന്നും തടസ്സം പറയരുത് എന്നും നിര്‍ബന്ധമായി കല്പിച്ചു. …
(1088 ചിങ്ങം) … 14-ന് (1912 ഓഗസ്റ്റ് 27) പരുമല സിമ്മന്നാരിയില്‍ മാനേജിംഗ് കമ്മട്ടി കൂടി രണ്ടു മൂന്ന് പേര്‍ക്ക് മെത്രാസ്ഥാനവും കണ്ടനാട്ട് ഇടവകയുടെ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായ്ക്കു കാതോലിക്കാ സ്ഥാനവും കൊടുക്കണമെന്ന് നിശ്ചയിച്ചു.

26-ന് കഥാനായകന്‍ വാകത്താനത്തു പള്ളിയില്‍ കുര്‍ബാന ചൊല്ലി. അന്നേദിവസം (1912 സെപ്റ്റംബര്‍ 8) പരുമല വെച്ചു അബ്ദെദ് മ്ശിഹാ പാത്രിയര്‍ക്കീസു ബാവാ മാര്‍ ദീവന്നാസ്യോസ്, മാര്‍ ഈവാനിയോസ് ഈ മെത്രാച്ചന്‍മാരുടെ സഹകരണത്തോടെ കല്ലാച്ചേരില്‍ പുന്നൂസു റമ്പാച്ചനെ ഗ്രീഗോറിയോസ് എന്ന സ്ഥാനപ്പേരില്‍ മെത്രാനായി പട്ടാഭിഷേകം ചെയ്തു.

കന്നിമാസം രണ്ടിന് (1912 സെപ്റ്റംബര്‍ 15) നിരണത്തു പള്ളിയില്‍ വെച്ച കണ്ടനാടു ഇടവകയുടെ മാര്‍ ഈവാനിയൊസ മെത്രാപ്പൊലിത്തായെ ടി ബാവായും മാര്‍ ദീവന്നാസ്യൊസ, ഗ്രീഗൊറിയൊസ എന്നീ മെത്രാച്ചന്മാരും കൂടി കിഴക്കിന്‍റെ കാതൊലിക്കായായി സ്ഥാനാഭിഷെകം ചെയ്തു.

(കന്നി) 1-9 ഈ തീയതികളില്‍ കഥാനായകന്‍ വാകത്താനത്തു പള്ളിയില്‍ കുര്‍ബാന ചൊല്ലി. …
… 26-ന് കോട്ടയം പേഷ്കാര്‍ അയ്യപ്പന്‍പിള്ളയും ചങ്ങനാശ്ശേരി മജിസ്ട്രേട്ട് നീലാണ്ടപ്പിള്ളയും ഏതാനും പോലീസുകാരും കൂടി വാകത്താനത്തു പള്ളിയില്‍ പാത്രിയര്‍ക്കീസു ബാവാ വരുന്നതിനാല്‍ വിരോധ കക്ഷികളുണ്ടോ എന്നറിവാനായി വന്നിരുന്നു. …. തുലാ മാസം 2-ന് പാത്രിയര്‍ക്കീസു ബാവാ കല്ലൂപ്പാറ പള്ളിയില്‍ നിന്നും കുറിച്ചി പള്ളിയില്‍ വരത്തക്കവണ്ണം നിശ്ചയിച്ചിരുന്നാറെ പേഷ്ക്കാരുടെ തടസ്സം നിമിത്തം വരുന്നതിന് ഇടയായില്ല……

(ധനു) 16-ന് വാകത്താനത്തു പള്ളിയിലും കഥാനായകന്‍ കുര്‍ബാന ചൊല്ലി. അന്നേദിവസം കാതോലിക്കാ ബാവായുടെ സുഖക്കേടു വിവരം അറിഞ്ഞ് കഥാനായകന്‍ കോട്ടയത്തിന് സിമ്മന്നാരിയിലേക്ക് പോയി അദ്ദേഹത്തെ കാണുകയും പിറ്റെദിവസം തിരിച്ചുപോരികയും ചെയ്തു. …

(മകരം) … 20-ന് … മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ കല്പന വന്നിരുന്നതിനാല്‍ കഥാനായകന്‍ അന്നേദിവസം സന്ധ്യയോടു കൂടെ പരുമലക്ക് പോകയും പിറ്റെദിവസം അവിടെ എത്തുകയും ചെയ്തു. അവിടെ അപ്പോള്‍ അബ്ദേദു മിശിഹാ പാത്രിയര്‍ക്കീസു ബാവായും ശീമ റമ്പാച്ചന്‍മാര്‍ 3 പേരും കല്ലാച്ചേരില്‍ മെത്രാച്ചനും കരവട്ടുവീട്ടില്‍ യൂയാക്കിം റമ്പാനും മറ്റുമുണ്ടായിരുന്നു. ദീവന്നാസ്യോസ് മെത്രാപ്പോലീത്താ കോട്ടയത്തേക്ക് പോയിരുന്നതിനാല്‍ തമ്മില്‍ കാണ്മാന്‍ ഇടയാകാതെ കഥാനായകന്‍ അവിടെത്തന്നെ താമസിച്ചു.

26-ന് പാത്രിയര്‍ക്കീസു ബാവായും മറ്റും ചെങ്ങന്നൂര്‍ പള്ളിയിലേക്ക് നീങ്ങത്തക്കവണ്ണം ഒരുങ്ങിയിരിക്കയാല്‍ കഥാനായകന്‍ കാലത്തെ തന്നെ തനതു വള്ളം പിടിച്ച് ചെങ്ങന്നൂര്‍ക്ക് പോകയും ഉച്ചകഴിഞ്ഞ് അവിടെ എത്തുകയും ചെയ്തു. അപ്പോള്‍ അവിടെ കോട്ടയത്തു നിന്നും കാതോലിക്കാ ബാവായും മാര്‍ ദീവന്നാസ്യോസു മെത്രാപ്പോലീത്തായും കാലത്തെതന്നെ എത്തീട്ടുണ്ടായിരുന്നു. മെത്രാച്ചനുമായി തമ്മില്‍ കണ്ടപ്പോള്‍ സ്ഥാനം ഏല്‍ക്കുന്നതിനെക്കുറിച്ച് പറകയും വല്ല നിവൃത്തിയുമുണ്ടെങ്കില്‍ ഇതില്‍ നിന്നും കഥാനായകനെ ഒഴിച്ചുവിടണമെന്ന് അറിയിക്കയും സമ്മതിക്കാഞ്ഞതിനാല്‍ ദൈവേഷ്ടം പോലെ വരട്ടെ എന്നു വച്ച് സമ്മതിക്കയും ചെയ്തു. 4 മണിയോടു കൂടെ ബാവായും പരിവാരങ്ങളും വലിയ എതിരേല്‍പ്പോടെ അവിടെ വന്നുചേരുകയും ചെയ്തു. വന്നയുടനെ ബാവാ ചെങ്ങന്നൂര്‍ പള്ളിയുടെ വടക്കുവശത്ത് നന്നായി അടുത്തിരിക്കുന്ന പള്ളിയില്‍ കയറി പ്രാര്‍ത്ഥന കഴിക്കയും പിന്നീട് പഴയ വലിയ പള്ളിയിലും എത്തി ലുത്തിനിയായും ഒരു ചെറിയ പ്രസംഗവും കഴിച്ച് അവിടെ താമസിക്കയും രാത്രി 9 മണി കഴിഞ്ഞ് സ്ഥാനം ഏല്‍ക്കുവാന്‍ നിശ്ചയിച്ചിരുന്നവരെ കൊണ്ട് ശല്‍മൂസായില്‍ ഒപ്പു വയ്പിക്കയും കൈമുത്തിക്കയും ചെയ്തു. സ്ഥാനം ഏല്‍ക്കേണ്ടവര്‍ രാത്രി നമസ്കാരം കൊണ്ടും മസുമൂറാ വായന കൊണ്ടും സമയം കഴിച്ചു.

27-ന് (1913 ഫെബ്രുവരി 9) കാലത്തെ എല്ലാവരും പള്ളിയകത്തിറങ്ങി നമസ്കാരം കഴിക്കയും ബാവാ കുര്‍ബാനക്കാരംഭിക്കയും ചെയ്തു. വിശ്വാസപ്രമാണം കഴിഞ്ഞ് സ്ഥാനം ഏള്‍ക്കുന്ന യൂയാക്കിം റമ്പാനെയും കഥാനായകനെയും ബാവായുടെ കൈ മുത്തിച്ചു കൊണ്ട് പള്ളിയുടെ വടക്കു വശത്ത് ബാവാ ഇരിക്കുന്നതിനായി കെട്ടിഒരുക്കിയിരുന്ന മുറിയിലേക്ക് കൊണ്ടുപോയി രണ്ട് കസേരയില്‍ തലയും മുഖവും ശോശാപ്പാ ഇട്ട് മൂടി ഇരുത്തുകയും ശേഷം പേര്‍ പള്ളിയകത്തേക്ക് പോയി കുര്‍ബാനയില്‍ സംബന്ധിക്കയും ബസുമുല്‍ക്കാ സമയത്ത് മെത്രാച്ചന്‍മാരും റമ്പാച്ചന്‍മാരും പട്ടക്കാരും ശെമ്മാശന്‍മാരും വടക്കേ മുറിയിലേക്ക് വന്ന് സ്ഥാനാര്‍ത്ഥികളെ മദ്ബഹായിലേക്കും മറ്റും കൊണ്ടുപോകയും കാതോലിക്കാ ബാവായും മെത്രാച്ചന്‍മാരും റമ്പാച്ചന്‍മാരും കൂടി പട്ടംകൊടയുടെ ക്രമം കഴിച്ചു തുടങ്ങുകയും ചെയ്തു. സ്ഥാനാര്‍ത്ഥികള്‍ രണ്ടു പേരും പള്ളിനടയില്‍ വച്ച് സുറിയാനി ഭാഷയില്‍ ശല്‍മൂസ വായിച്ച് സ്ഥാനാഭിഷേക സമയത്ത് യൂയാക്കിം റമ്പാന് ഈവാനിയോസെന്നും കഥാനായകന് പീലക്സിനോസ് എന്നും നാമകരണം ചെയ്തു. അതു കഴിഞ്ഞ് എല്ലാവരും ഉക്സിയോസ മൂന്നു പ്രാവശ്യം ചൊല്ലി. അപ്പോള്‍ സ്ഥാനാര്‍ത്ഥികളെ കസേരയില്‍ ഇരുത്തി മേല്‍പ്പോട്ട് ഉയര്‍ത്തിയിരുന്നു.

ഇവകളും കുര്‍ബാനയും കഴിഞ്ഞ് ബാവായും ശേഷം പേരും മുറിയിലേക്ക് പോകയും പുതിയ മെത്രാച്ചന്‍മാര്‍ എല്ലാവരേയും കൈമുത്തിക്കയും ചെയ്തശേഷം പുതിയ മെത്രാച്ചന്‍മാരെ ചുവപ്പ് ളോഹയും മറ്റും ധരിപ്പിച്ച് ബാവായുടെ അടുക്കലേക്കു കൊണ്ടുപോയി. “അല്‍ ഹൗതറഓയും” മറ്റും ചൊല്ലിയ ശേഷം ബാവാ അനുഗ്രഹിക്കയും കൈമുത്തിക്കയും ചെയ്തശേഷം എല്ലാവരും പിരിയുകയും ചെയ്തു. അന്ന് പുതിയ മെത്രാന്‍മാരുടെ വകയായി ഒരു സദ്യയും കൂടിയിരുന്ന പട്ടക്കാര്‍ക്കും മറ്റും കൊടുത്തു. പിന്നീട് ബാവായുടെയും പുതിയ മെത്രാന്മാരുടെയും മറ്റും ഒരു ഫോട്ടോ എടുക്കുകയും ചെയ്തു. അന്നു രാത്രി തന്നെ കഥാനായകന്‍ ചെങ്ങന്നൂര്‍ നിന്നും വാകത്താനത്തേക്ക് യാത്ര തിരിക്കയും ചെയ്തു. വാകത്താനത്തു നിന്നും പലരും ചെങ്ങന്നൂര് എത്തിയിട്ടുണ്ടായിരുന്നു.

28-ന് തിങ്കളാഴ്ച 4 മണിക്ക് കഥാനായകന്‍ പിലാപ്പിള്ളില്‍ കടവില്‍ എത്തിയപ്പോള്‍ വാകത്താനത്തു നിന്നും ചിലര്‍ കളിവള്ളങ്ങളില്‍ വന്ന് എതിരേറ്റ് ആഘോഷമായി കൊണ്ടുവരികയും സന്ധ്യയ്ക്കു മുമ്പായി വാകത്താനത്ത് പള്ളിയില്‍ എത്തി ലുത്തിനിയായും ആശീര്‍വാദവും കഴിച്ച് ജനങ്ങളെ കൈമുത്തിക്കയും ആയത് കഴിഞ്ഞ് എല്ലാവരും പിരിയുകയും ചെയ്തു. പള്ളിക്കാര്‍ക്ക് മുന്നറിവൊന്നും കൊടുക്കാതിരുന്നിട്ടും അവരാല്‍ കഴിയുന്നിടത്തോളം പ്രയാസപ്പെട്ട് എതിരേല്‍പ്പ് മോടിയാക്കുവാന്‍ ശ്രമിക്കാതിരുന്നില്ല. …

… 15-ന് കഥാനായകനും പടിഞ്ഞാറെ വെട്ടിയില്‍ തൊമ്മച്ചനും കാട്ടില്‍ കൊച്ചു പുന്നൂസും എണ്ണച്ചേരീല്‍ കൊച്ചുകുട്ടനും കൂടി പാത്രിയര്‍ക്കീസ് ബാവായെ കാണ്മാനും കൈമുത്തു കൊടുപ്പാനും ആയിട്ട് പരുമലക്ക് പോകയും പിറ്റെദിവസം അവിടെ എത്തുകയും ചെയ്തു. ബാവായ്ക്ക് 23 പവനും റമ്പാച്ചന്‍മാര്‍ മൂന്നു പേര്‍ക്കും 3 പവനും ഒരു ശറുവായ റമ്പാച്ചന് 3 രൂപായും പള്ളിയില്‍ നിന്നും, കഥാനായകന് സ്താത്തിക്കോന്‍ എഴുതുകയും മുടി ചുറ്റിത്തരികയും ചെയ്ത യോഹന്നാന്‍ റമ്പാനുള്ള 22 രൂപാ സ്വന്തമായിട്ടും കൊടുത്തു കൊണ്ട് രാത്രി തന്നെ വാകത്താനത്തേക്ക് പോരികയും ചെയ്തു. …

10-ന് … അന്ന് സ്താത്തിക്കോന്‍ വാങ്ങിക്കൊണ്ട് വരാനായി പരുമലക്ക് ആളയച്ചപ്പോള്‍ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ ഒരു ചുവപ്പു ളോഹ കഥാനായകന് കൊടുത്തയച്ചു. മുന്‍പ് കഥാനായകന്‍ സ്ഥാനം ഏറ്റപ്പോളും അദ്ദേഹം തന്നെ പട്ടു ളോഹ കൊടുത്തിട്ടുണ്ട്. അന്നു സ്താത്തിക്കോനും കൊണ്ടുവന്നു. 12-ന് കഥാനായകനു കുരിശു പണിവാന്‍ തട്ടാന്‍ തമ്പിയെ സ്വര്‍ണ്ണം ഏല്പിച്ചു. 17-ന് വാകത്താനത്തു പള്ളിയില്‍ എണ്ണച്ചേരീല്‍ കത്തനാര്‍ കുര്‍ബാന ചൊല്ലി. കഥാനായകന്‍റെ സ്താത്തിക്കോന്‍ ഭാഷാന്തരം ചെയ്തത് ചക്കുപുരക്കല്‍ ശെമ്മാശന്‍ വായിച്ചു.

… 27-ന് കഥാനായകനും മറ്റും ടിയില്‍ നിന്നും വാകത്താനത്തേക്ക് യാത്ര പുറപ്പെട്ട് പിറ്റെദിവസം രാവിലെ സിമ്മന്നാരിയില്‍ എത്തുകയും ദീനത്തില്‍ ഇരിക്കുന്ന കാതോലിക്കാ ബാവായെ കണ്ടുംവച്ച് 4 മണിക്ക് വാകത്താനത്ത് എത്തുകയും ചെയ്തു.

(മേടം) … 19-ന് (1913 മേയ് 2) വെള്ളിയാഴ്ച കാലത്തു 7 മണിക്ക് പാമ്പാക്കുട ചെറിയപള്ളിയില്‍ വെച്ച് കിഴക്കിന്‍റെ കാതോലിക്കാ ബാവാ കാലം ചെയ്തു. ഈയാണ്ട് ചിങ്ങം 31-ന് നിരണത്തു പള്ളിയില്‍ വെച്ചായിരുന്നു ഇദ്ദേഹത്തെ സ്ഥാനത്തില്‍ പ്രതിഷ്ഠിച്ചതു. കബറടക്കം 20-ന് (1913 മേയ് 3) ശനിയാഴ്ച മലങ്കര ഇടവകയുടെ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായും യൂയാക്കിം മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായും അനേകം പട്ടക്കാരും ജനങ്ങളും കൂടി നടത്തി. ഇദ്ദേഹത്തിന്‍റെ ഒരു വിവരണം ടിയാണ്ടു മേടം 21-ലെ മനോരമ പത്രത്തിന്‍റെ മുഖപ്രസംഗത്തില്‍ കാണുന്നുണ്ട്.
(ഇടവം) … 18-ന് (1913 മേയ് 31) കാതോലിക്കാ ബാവായുടെ അടിയന്തിരം പാമ്പാക്കുടെ ചെറിയ പള്ളീല്‍ വെച്ചു കഴിച്ചു. അതിലേക്ക് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായും ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായും പോയിരുന്നു.

(പ. ബസേലിയോസ് ഗീവര്‍ഗീസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ ‘സഭാജീവിതനാള്‍വഴി’യില്‍ നിന്ന്)