(ഇടവഴിക്കല്‍ ഗീവര്‍ഗീസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായുടെ (+ 1927 ജൂണ്‍ 11) ഡയറിയില്‍ നിന്നു കുടുംബാംഗമായ ശ്രീ. ഇ. എ. ഫിലിപ്പ് കുറിച്ചു തന്ന വിവരങ്ങള്‍. ഇംഗ്ലീഷ് തീയതി സൂചിപ്പിച്ചിട്ടില്ലാത്ത സംഭവങ്ങളുടെ തീയതി സമ്പാദകന്‍ ഇറ്റാലിക്സില്‍ നല്‍കിയിട്ടുണ്ട്).
(1) മാര്‍ ഇഗ്നാത്യൊസ അബ്ദംശീഹ് പാത്രിയര്‍ക്കീസു കറാച്ചിയില്‍ നിന്നു ബൊമ്പായില്‍ എത്തുകയും അവിടെ വച്ചു എം. എ. ക്കാരന്‍ ഗീവറുഗീസ കത്തനാര്‍ മുതല്‍പെര്‍ ചെന്നു കാണുകയും ഒരുമിച്ചു ബൊമ്പായില്‍ നിന്നു 1912 ജൂണ്‍ 8-നു പുറപ്പെട്ടു പട്ടാമ്പി വഴി കുന്നംകുളങ്ങരെ എത്തുകയും. അവിടെ കുറച്ചു ദിവസം താമസിച്ചശെഷം കൊച്ചിയില്‍ എത്തുകയും ചെയ്തിരിക്കുന്നു. കൊച്ചിയില്‍നിന്നു തെക്കന്‍ പറവൂര്‍, മുളന്തുരുത്തി ഈ പള്ളികളിലെക്കു പൊയിരിക്കുന്നു.
(2) മാര്‍ ദീവന്നാസ്യൊസ മെത്രാപ്പൊലീത്തായുടെ കല്പനപ്രകാരം അസൊസിയെഷ്യന്‍ മാനേജിംങ്ങ കമ്മട്ടിയില്‍ അദ്ദെഹത്തിന്‍റെ ഭാഗത്തുള്ളവര്‍ 1088 ചിങ്ങം 12-ാംനു (1912 ഓഗസ്റ്റ് 27) ചൊവ്വാഴ്ച പരുമലെ സിമ്മനാരിയില്‍ ഒരു യൊഗം കൂടിയിരുന്നു. അവിടെ എന്തെല്ലാം നിശ്ചയിച്ചു എന്നു പരസ്യമായി അറിയിച്ചിട്ടില്ലെങ്കിലും മുറിമറ്റത്തു മാര്‍ പൌലൂസ ഈവാനിയൊസ മെത്രാപ്പൊലീത്തായെ കിഴക്കിന്‍റെ കാതൊലിക്കാ (മപ്രിയാനാ) ആയിട്ടു വാഴിക്കണമെന്നും പുന്നൂസു റെമ്പാന്‍ വാകത്താനത്തു കാരിചിറ റെമ്പാന്‍ മുതലായി നാലഞ്ചുപെരെ മെത്രാന്മാരായി വാഴിക്കണമെന്നും നിശ്ചയിക്കയും അബ്ദംശീഹ പാത്രിയര്‍ക്കീസുബാവാ അതിനു സമ്മതിക്കയും ചെയ്തു.
(3) 1912-ാമാണ്ട സെപ്ടംബര്‍ മാസം 8-ാംനുക്കു 1088 ചിങ്ങം 24-ാംനു ഞായറാഴ്ച പരുമല സിമ്മനാരി പള്ളിയില്‍ വെച്ചു കല്ലാച്ചെരില്‍ പുന്നൂസ റെമ്പാനെ ഗ്രീഗൊറിയൊസ എന്ന പെരില്‍ മെത്രാപ്പൊലീത്തായായി മാര്‍ ഇഗ്നാത്യൊസ അബ്ദംശീഹ പാത്രിയര്‍ക്കീസ വാഴിച്ചിരിക്കുന്നു. അപ്പൊള്‍ മുറിമറ്റത്തു മാര്‍ ഈവാനിയൊസ മെത്രാപ്പൊലീത്തായും വട്ടശ്ശെരി മാര്‍ ദീവന്നാസ്യൊസ മെത്രാപ്പൊലീത്തായും കൂടെ ഉണ്ടായിരുന്നു. ഈ ഗ്രിഗൊറിയൊസ കുറിച്ചിപള്ളി ഇടവകയില്‍ ഉള്‍പ്പെട്ട കല്ലാച്ചെരില്‍ ഉലഹന്നാന്‍റെ മകന്‍ ആകുന്നു.
(4) മെല്‍ … പറയുന്ന പ്രകാരം മുറിമറ്റത്തു മാര്‍ പൌലൂസ ഈവാനിയൊസ മെത്രാപ്പൊലിത്തായെ മാര്‍ ബസെലിയൊസ എന്ന പെരില്‍ കിഴക്കിന്‍റെ കാതൊലിക്കാ എന്ന സ്ഥാനത്തില്‍ മാര്‍ അബ്ദംശീഹാ പാത്രിയര്‍ക്കീസ 1088-ാമാണ്ടു ചിങ്ങം 31-ാംനുക്കു 1912 സെപ്ടംബര്‍ 15-ാംനുക്കു ഈലൂല്‍ 2-ാംനു ഞായറാഴ്ച നിരണത്തു പള്ളിയില്‍വെച്ചു വാഴിച്ചിരിക്കുന്നു. അപ്പൊള്‍ പാത്രിയര്‍ക്കീസിനൊടുകൂടി മാര്‍ ദീവന്നാസ്യൊസ മെത്രാപ്പൊലീത്തായും പുതിയ മെത്രാന്‍ മാര്‍ ഗ്രീഗൊറിയൊസും ഉണ്ടായിരുന്നു.
(5) വാകത്താനത്തു കാരുചിറ ഗീവറുഗീസ റെമ്പാനെയും കണ്ടനാട്ടു കരൊട്ടു വീട്ടില്‍ യൂയാക്കിം റെമ്പാനെയും 1913 മകരം (സുറിയാനി കണക്കില്‍ 27-നു) ക്കു 1088 മകരം 28-നു (1913 ഫെബ്രുവരി 9) ഞായറാഴ്ച ചെങ്ങന്നൂര്‍ പള്ളിയില്‍ വെച്ചു മാര്‍ അബ്ദംശീഹ പാത്രിയര്‍ക്കീസു ബാവാ മെത്രാന്മാരായി വാഴിച്ചിരിക്കുന്നു. പാത്രിയര്‍ക്കീസിനൊടുകൂടെ മുറിമറ്റത്തു ബസെലിയൊസ കാതൊലിക്കായും മെത്രാന്മാരായ ദീവന്നാസ്യൊസും ഗ്രീഗൊറിയൊസും ഉണ്ടായിരുന്നു. ഇവരില്‍ ഗീവറുഗീസ റെമ്പാനു പീലക്സീനൊസു എന്നും യൂയാക്കീം റെമ്പാനു ഈവാനിയൊസ എന്നും സ്ഥാനപ്പെര്‍ നല്‍കിയിരിക്കുന്നു.
(6) മാര്‍ ഇഗ്നാത്യൊസ അബ്ദംശീഹ് പാത്രിയര്‍ക്കീസു … ബാവാ 1913 മാര്‍ച്ച 3-ാംനുക്കു 1088 കുംഭം 20-ാംനു തിംകളാഴ്ച രാത്രി പരുമല നിന്നു എറണാകുളത്തെക്കും ഉടനെ തന്നെ അവിടെ നിന്നു തീവണ്ടി മാര്‍ഗ്ഗം ബൊമ്പായിക്കും പൊയി. ആ വഴി സ്വദെശത്തെക്കു മടങ്ങുകയാണു. ഊര്‍ശ്ലെം വഴിക്കാണു പൊകുന്നതു.
(7) മെല്‍ … വിവരിച്ചിരിക്കുന്ന മുറിമറ്റത്തു മാര്‍ ബസെലിയൊസ കാതൊലിക്കാ വയസ്സുകാലത്തെ രൊഗത്താല്‍ കൊട്ടയത്തു സിമ്മനാരിയില്‍ താമസിക്കുമ്പൊള്‍ ദീവന്നാസ്യൊസ മുതലായ മെത്രാന്മാര്‍കൂടി കന്തീലായുടെ ക്രമം കഴിച്ചശെഷം കാസൊലിക്കായെ പാമ്പാക്കുടെ ചെറിയപള്ളിയിലെക്കു പാലപ്പള്ളി പൌലൂസ കത്തനാര്‍ മുതല്‍പെര്‍ വന്നു കൊണ്ടുപൊകയും അവിടെവച്ചു 1913 നീസൊന്‍മാസം 18-നുക്കു മെയ്മാസം 2-ാംനു 1088 മെടം 20-ാംനു വെള്ളിയാഴ്ച കാലംചെയ്കയും ആ പള്ളിയില്‍ തന്നെ അടക്കപ്പെടുകയും ചെയ്തു. പുത്തനായി വാഴിക്കപ്പെട്ട ഈവാനിയൊസ യുയാക്കീം മെത്രാന്‍ കബറടക്കത്തിനു ഹാജരുണ്ടായിരുന്നു – ദീവന്നാസ്യൊസു മെത്രാനും പൊയിരുന്നു.
(8) ബസെലിയൊസ കാതൊലിക്കായുടെ … അടിയെന്തരം പാമ്പാക്കുടെ ചെറിയപള്ളിയില്‍ വെച്ചു 1088 ഇടവം 18-നു (1913 മേയ് 31) ശനിയാഴ്ച കഴിച്ചിരിക്കുന്നു.
(മാര്‍ ഇഗ്നാത്തിയോസ് അബ്ദള്ളാ പാത്രിയര്‍ക്കീസില്‍ നിന്ന് 1910 ഓഗസ്റ്റ് 28-ന് മേല്‍പ്പട്ട സ്ഥാനമേറ്റ ക്നാനായ മെത്രാസനത്തിന്‍റെ പ്രഥമ മെത്രാപ്പോലീത്തായായ മാര്‍ സേവേറിയോസ് 1912 – 13 കാലഘട്ടത്തില്‍ മാര്‍ ഇഗ്നാത്തിയോസ് അബ്ദേദ് മ്ശീഹാ പാത്രിയര്‍ക്കീസിന്‍റെ ആഗമനവും കാതോലിക്കാ സ്ഥാനാരോഹണവും സംബന്ധിച്ചു രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങള്‍ പ്രത്യേകം ശ്രദ്ധേയമാണ്).
സമ്പാദകന്‍:- വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ