അമ്മേ നിനക്കു ഭാഗ്യം / ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്

സഭയുടെ ആരാധനാവര്‍ഷത്തില്‍ മാതാവിന്‍റെ നാമത്തില്‍ പല പെരുനാളുകളും ക്രമീകരിച്ചിട്ടുണ്ട്. വചനിപ്പു പെരുന്നാള്‍ (രണ്ടു പ്രാവശ്യം ആചരിച്ചു വരുന്നു – നവംബര്‍ മാസം മൂന്നാമത്തെയോ നാലാമത്തെയോ ഞായറാഴ്ച അനിശ്ചിത പെരുനാളിന്‍റെ ക്രമത്തിലും മാര്‍ച്ച് 25-ന് നിശ്ചിത പെരുനാളിന്‍റെ ക്രമത്തിലും), ദൈവമാതാവിന്‍റെ പുകഴ്ച പെരുനാള്‍ (ഡിസംബര്‍ 26), ദൈവമാതാവിന്‍റെ വാങ്ങിപ്പു പെരുനാള്‍ (ആഗസ്റ്റ് 15) ഇവ പ്രധാന പെരുനാളുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. വിത്തുകള്‍ക്കുവേണ്ടി ദൈവമാതാവിന്‍റെ പെരുനാള്‍ (ജനുവരി 15), കതിരുകള്‍ക്കുവേണ്ടി ദൈവമാതാവിന്‍റെ പെരുനാള്‍ (മെയ് 15) എന്നിവ മദ്ധ്യപൂര്‍വ്വ ഏഷ്യയിലെ കാര്‍ഷികകാലത്തോടു ബന്ധിപ്പിച്ച് ഉത്ഭവിച്ച പെരുനാളുകള്‍ ആണ്. ഇവ കേരളത്തിലെ കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ ഇണങ്ങുന്നില്ലെങ്കിലും ഇവയും സാധാരണ പെരുനാളുകളുടെ പട്ടികയില്‍പ്പെടുത്തി മലങ്കരസഭയിലും ആചരിച്ചുവരുന്നു. ഇവ കൂടാതെ സെപ്റ്റംബര്‍ 8-ന് ദൈവമാതാവിന്‍റെ ജനനപ്പെരുനാള്‍ (സഭയുടെ ഔദ്യോഗിക പട്ടികയില്‍ പെടുന്നില്ലെങ്കിലും) എട്ടു ദിവസത്തെ വ്രതാനുഷ്ഠാനങ്ങളോടെ ആചരിച്ചു വരുന്നുണ്ട്. ദൈവമാതാവിന് സഭ നല്‍കുന്ന സ്ഥാനവും വിശ്വാസികള്‍ക്ക് മാതാവിന്‍റെ മദ്ധ്യസ്ഥതയിലുള്ള ആഴമായ വിശ്വാസവുമാണ് ഈ പെരുനാളുകള്‍ സൂചിപ്പിക്കുന്നത്.

ആരാധനാവര്‍ഷത്തില്‍

കര്‍ത്താവിന്‍റെ രക്ഷാകരജീവിതവും പ്രവര്‍ത്തനങ്ങളും ചുരുള്‍ നിവര്‍ത്തി കാണാനും അന്നെന്നപോലെ ഇന്നും അവയില്‍ വിശ്വാസികള്‍ സജീവമായി പങ്കുകൊണ്ട് രക്ഷയില്‍ വളരാനുമാണ് ആരാധനാവര്‍ഷം സംവിധാനം ചെയ്തിരിക്കുന്നത്. ഈ നിലയില്‍നിന്നു നോക്കുമ്പോള്‍ പരിശുദ്ധന്മാരുടെയും പരിശുദ്ധകളുടേയും ഓര്‍മ്മപ്പെരുന്നാളുകള്‍ ആരാധനാവര്‍ഷത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതിന്‍റെ പ്രസക്തി എന്തെന്ന ചോദ്യം സംഗതമായി വരുന്നു. കര്‍ത്താവിന്‍റെ രക്ഷാകര പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളും അതിന് സാക്ഷികളുമാണ് പരിശുദ്ധര്‍. അവരിലൂടെ കര്‍ത്താവിന്‍റെ മഹത്വം എത്ര കണ്ട് മഹത്വീകരിക്കപ്പെട്ടു എന്നു പരിശോധിക്കാനും അതില്‍നിന്ന് പാഠം ഉള്‍ക്കൊള്ളുവാനും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനും അവരുടെ മദ്ധ്യസ്ഥതയില്‍ ശരണപ്പെടാനും പരിശുദ്ധന്മാരുടെ ഓര്‍മ്മപ്പെരുന്നാളുകള്‍ നമുക്ക് അവസരം നല്‍കുന്നു. കര്‍ത്താവിന്‍റെ രക്ഷാകരജീവിതത്തോടു ബന്ധിപ്പിച്ചു മാത്രമേ പരിശുദ്ധന്മാരുടെ ഓര്‍മ്മപ്പെരുന്നാളുകള്‍ക്ക് പ്രസക്തിയുള്ളു.

വാങ്ങിപ്പു പെരുനാളിനെപ്പറ്റി

സുറിയാനി സഭാപാരമ്പര്യത്തില്‍ ‘പ. മറിയാമിന്‍റെ വാങ്ങിപ്പു പെരുനാള്‍’ (The Feast of the Departure of St. Mary) എന്ന് വിളിക്കുമ്പോള്‍ ബൈസന്‍റയിന്‍ സഭാപാരമ്പര്യത്തില്‍ ‘പ. മറിയാം നിദ്ര പ്രാപിച്ച പെരുനാള്‍’ (The Feast of the Dormition – Falling Asleep of St. Mary) എന്ന് ഈ പെരുനാളിന് പേരിട്ടിരിക്കുന്നു. രണ്ടും കന്യകമറിയാമിന്‍റെ നിര്യാണമാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ റോമന്‍ കത്തോലിക്കാ സഭ കന്യകമറിയാമിന്‍റെ ശരീരം സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെട്ടതിന് (assumed) കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ട് ഈ പെരുനാളിന് (The Feast of the Assumption of St. Mary) എന്ന് പേര് നല്‍കിയിരിക്കുന്നു. ഈ പെരുനാളിന് കത്തോലിക്കാ സഭ നല്‍കിയിരിക്കുന്ന നിര്‍വചനം നോക്കുക: “മാതാവിന്‍റെ ഇഹലോകജീവിതം പൂര്‍ത്തിയായപ്പോള്‍ അവളുടെ ശരീരവും ആത്മാവും സ്വര്‍ഗ്ഗീയ തേജസ്സിലേക്ക് സ്വീകരിക്കപ്പെട്ടു.” മാതാവിന്‍റെ ശരീരവും ആത്മാവും സ്വര്‍ഗ്ഗത്തിലേക്ക് സ്വീകരിക്കപ്പെട്ടു എന്ന വിശ്വാസം റോമന്‍ കത്തോലിക്കാ സഭ 1950-ലാണ് ‘ഡോഗ്മാ’ (അനുപേക്ഷണീയ വിശ്വാസം) ആയി പ്രഖ്യാപിച്ചത്. നാലാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട ഒരു അപ്പോക്രിഫാ (അനൗദ്യോഗിക ഗ്രന്ഥം) കൃതിയിലൂടെയാണ് ഈ വിശ്വാസത്തിന് പ്രചാരം സിദ്ധിച്ചത്.
സുറിയാനി ആരാധനാ പാരമ്പര്യത്തില്‍ കന്യകമറിയാം സാധാരണ മരണം പ്രാപിച്ചു എന്നും മാതാവിന്‍റെ സംസ്കാരത്തിന് ഭൂലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ശ്ലീഹന്മാര്‍ എത്തിച്ചേര്‍ന്നു എന്നും മരണശേഷം മാതാവിന്‍റെ ശരീരം ജീര്‍ണിക്കാന്‍ അനുവദിക്കാതെ മൂന്നാം ദിവസം സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെട്ടു എന്നും കാണുന്നു. എന്നാല്‍ ശരീരം സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെട്ടു എന്നതിന് വലിയ പ്രാധാന്യം നല്‍കിക്കാണുന്നില്ല. ‘വാങ്ങിപ്പ്’ (ശൂനോയോ) എന്ന പദം എല്ലാ വിശ്വാസികളുടെയും നിര്യാണത്തിന് ഉപയോഗിക്കുന്ന പദം തന്നെയാണ്. വാങ്ങിപ്പു പെരുനാളിന്‍റെ പ്രുമിയോന്‍ – സെദ്റാകളില്‍ മാതാവിന്‍റെ മരണം, ആത്മാവ് എടുക്കപ്പെടുന്നത്, സംസ്കാരം, സംസ്കാരത്തില്‍ ശ്ലീഹന്മാര്‍ പങ്കെടുക്കുന്നത് എന്നീ കാര്യങ്ങള്‍ കാണുന്നു. ശരീരം സ്വര്‍ഗ്ഗത്തിലേക്ക് സ്വീകരിക്കപ്പെട്ടതിനെപ്പറ്റി പരാമര്‍ശിക്കുന്നില്ല. എന്നാല്‍ ചില ഗാനങ്ങളില്‍ മാതാവിന്‍റെ ശരീരം സംസ്ക്കാരം കഴിഞ്ഞ് സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെട്ടു എന്നു കാണുന്നു. ഏലിയായെ അഗ്നിത്തേരില്‍ ഉടലോടെ സ്വര്‍ഗ്ഗത്തിലേക്ക് എടുത്ത ദൈവം രക്ഷകനെപ്പെറ്റ അമ്മയുടെ ശരീരം ജീര്‍ണ്ണതയ്ക്ക് വിട്ടുകൊടുക്കാതെ സ്വര്‍ഗ്ഗത്തിലേക്ക് സ്വീകരിച്ചു എന്നു വിശ്വസിക്കുന്നതില്‍ അസാംഗത്യമൊന്നുമില്ല. എങ്കിലും മാതാവിന്‍റെ വാങ്ങിപ്പാണ് പുരാതന പാരമ്പര്യത്തില്‍ കാണുന്നത്. ശരീരം സ്വര്‍ഗ്ഗത്തിലേക്ക് സ്വീകരിക്കപ്പെട്ടു എന്ന പാരമ്പര്യം പില്‍ക്കാലത്ത് വന്നിട്ടുള്ളതാണ്. ഈ പാരമ്പര്യം പൂര്‍ണ്ണമായി നിരാകരിക്കാതെയും അതേസമയം അതിന് പുരാതനവും അഖണ്ഡിതവുമായ (വാങ്ങിപ്പിന്‍റെ) പാരമ്പര്യത്തിനൊപ്പം സ്ഥാനം കൊടുക്കാതെയുമുള്ള സമീപനമാണ് എല്ലാ ഓര്‍ത്തഡോക്സ് സഭകളും സ്വീകരിച്ചിട്ടുള്ളത്.

യുക്ത്യതീതവും പ്രകൃത്യാതീതവും

ഒരു സ്ത്രീയില്‍ ദൈവം ജാതനാവുകയോ? കന്യക കുഞ്ഞിനെ പാലൂട്ടുകയോ? ഇതെങ്ങനെ കഴിയും? എന്ന ചോദ്യത്തിന് സാധാരണബുദ്ധിയെ തൃപ്തിപ്പെടുത്തുന്ന ഉത്തരം നല്‍കാനാവില്ല. ദൈവം ലോകത്തില്‍ ഇടപെട്ടു പ്രവര്‍ത്തിക്കുന്നത് പ്രകൃതിനിയമങ്ങളുടെ അതിരുകള്‍ക്കുള്ളിലൊതുക്കാനും യുക്തികൊണ്ട് അളന്ന് തിട്ടപ്പെടുത്താനും കഴിയുകയില്ല. അത് പ്രകൃത്യാതീതവും യുക്ത്യതീതവുമാണ്. അതു ഗ്രഹിക്കാന്‍ പഴയ – പുതിയനിയമ കാലങ്ങളില്‍ ദൈവം ഇടപെട്ടു പ്രവര്‍ത്തിച്ച അനേക സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്; അവയിലേക്ക് തിരിഞ്ഞു നോക്കുകയേ വേണ്ടൂ. കന്യകമറിയാമിന്‍റെ പെരുനാളുകളിലെ പ്രാര്‍ത്ഥനകളിലും വായനകളിലും ഇത്തരം നിരവധി സംഭവങ്ങള്‍ സൂചിപ്പിച്ചുകൊണ്ട് മാതാവിലൂടെ പൂര്‍ത്തീകരിക്കപ്പെട്ട ദൈവിക വ്യാപാരത്തെ മനസ്സിലാക്കുവാന്‍ ശ്രമിക്കുന്നതു കാണാം. ഇവ താരതമ്യപ്പെടുത്തി ധ്യാനിക്കുന്ന ഭക്തര്‍ അതിശയാതിരേകത്തോടെ ‘അമ്മേ നിനക്കു ഭാഗ്യം! നിനക്കു സമാധാനം!’ എന്നിങ്ങനെ മാതാവിനെ പുകഴ്ത്തി പ്രകീര്‍ത്തിക്കുന്നു.

നിഴലും പൊരുളും

പഴയനിയമകാലത്ത് ദൈവം യിസ്രായേല്യരുടെ ജീവിതത്തില്‍ ഇടപെട്ട് വീണ്ടെടുപ്പും രക്ഷയും വെളിപ്പെടുത്തിയ സംഭവങ്ങള്‍ നിഴലായും കാലത്തികവില്‍ ക്രിസ്തുവില്‍ നിറവേറിയ സംഭവങ്ങള്‍ പൊരുളായും വിവരിക്കുന്ന പതിവ് സഭാപാരമ്പര്യത്തില്‍ ആദിമുതല്‍തന്നെ കാണുന്നുണ്ടല്ലോ. ക്രിസ്തുവിന്‍റെ ജനനമാണ് ക്രിസ്തുസംഭവ പരമ്പരകളില്‍ ആദ്യത്തേത്. ഇതിന്‍റെ രക്ഷാകരമായ പ്രാധാന്യവും അതില്‍ കന്യകമറിയാമിന്‍റെ പങ്കാളിത്തവും പഴയനിയമ സംഭവങ്ങളിലൂടെ വിശദമാക്കുന്നതിന് സഭാപിതാക്കന്മാര്‍ ശ്രമിക്കുന്നു. പഴയനിയമ നിഴല്‍ പുതിയനിയമപ്പൊരുളുമായി തട്ടിച്ചുനോക്കി മാതാവിനെ ഹവ്വയുടെ മകള്‍ (ഉല്പ. 3:1-5), ആന്തരീയ മുള്‍പ്പടര്‍പ്പ് (പുറ. 3:1-5), സ്വര്‍ണ്ണച്ചെപ്പ് (പുറ. 16:32-34), വിശുദ്ധ പര്‍വ്വതം (പുറ. 19:16-23), അഗ്നിസ്തംഭം (പുറ. 40:38, നെഹ. 9:12), അഹറോന്യ ദണ്ഡ് (സംഖ്യ 17:8-10), നിയമപ്പെട്ടകം (യോശു. 3:14, 4:24), ഗിദയോന്യ രോമക്കെട്ട് (ന്യായാ. 6:37-40), ഏലീശായുടെ പുതിയ കുടം (2 രാജാ. 4:1-7), സ്വര്‍ഗ്ഗീയ സിംഹാസനം (യെശ. 6:1-3), ജഡികരഥം (യെഹ. 1:1-28), പൂട്ടിയ വാതില്‍ (യെഹ. 43:1-4, 44:1-2) എന്നിങ്ങനെ പുകഴ്ത്തിപ്പാടുന്ന ധാരാളം ഭാഗങ്ങള്‍ നമ്മുടെ ആരാധനാക്രമങ്ങളിലുണ്ട്.

വചനിപ്പുപെരുന്നാള്‍, കര്‍ത്താവിന്‍റെ ജനനപെരുന്നാള്‍, മാതാവിന്‍റെ ഓര്‍മ്മപെരുന്നാളുകള്‍ എന്നീ സന്ദര്‍ഭങ്ങളിലെല്ലാം മുന്‍പറഞ്ഞിരിക്കുന്ന പ്രകാരം പഴയനിയമ ഭാഗങ്ങള്‍ ഉപയോഗിച്ചുകൊണ്ട് രണ്ട് കാര്യങ്ങള്‍ വിശദമാക്കുവാന്‍ പിതാക്കന്മാര്‍ ശ്രമിക്കുന്നു. (1) കര്‍ത്താവിന്‍റെ രക്ഷാകരമായ ജീവിതവ്യാപാരങ്ങളില്‍ മാതാവിന്‍റെ പങ്ക്, (2) ക്രിസ്തുവിന്‍റെ കന്യകാ ജനനത്തിന്‍റെ വിശ്വസനീയത. ഉദാഹരണമായി ഒരു വേദഭാഗം മാത്രം ഇവിടെ പരിശോധിക്കാം. യോശു. 3:14, 4:10 ഭാഗത്ത് നിയമപ്പെട്ടകം ചുമന്ന പുരോഹിതന്മാരുടെ കാല്‍ യോര്‍ദ്ദാന്‍ നദിയെ സ്പര്‍ശിച്ചപ്പോള്‍ കൊയ്ത്തുകാലത്ത് കരകവിഞ്ഞൊഴുകിയ വെള്ളത്തിന്‍റെ ഒഴുക്ക് നിലച്ചു. വെള്ളമുള്ള നദിയിലൂടെ കടന്നുപോയെങ്കിലും പുരോഹിതന്മാരുടെ കാല്‍ നനഞ്ഞില്ല എന്നു കാണുന്നു. ക്രിസ്തുവിന്‍റെ കന്യകാ ജനനവും അങ്ങനെ തന്നെ. ക്രിസ്തു മറിയാമില്‍ നിന്ന് ജനിച്ചെങ്കിലും അവളുടെ കന്യാവ്രതത്തിന് ഭംഗം വന്നില്ല. നിയമപ്പെട്ടകത്തില്‍ ദൈവം നല്‍കിയ നിയമത്തിന്‍റെ പലകകള്‍ ഉണ്ട്. നിയമം ദൈവജനത്തെ സംബന്ധിച്ചുള്ള ദൈവഹിതമാണ്. കര്‍ത്താവിന്‍റെ കാലമാകുമ്പോഴേക്കും നിയമം (തോറ) ദൈവസാന്നിദ്ധ്യമായി യഹൂദര്‍ കണക്കാക്കിയിരുന്നു. മാത്രമല്ല നിയമപ്പെട്ടകം ദൈവത്തിന്‍റെ കൃപാസനവും ആണല്ലോ. ദൈവസാന്നിദ്ധ്യമുള്ള നിയമപ്പെട്ടകം വഹിച്ചതിനാല്‍ അത്ഭുതം നടന്നു. കര്‍ത്താവിനെ വഹിച്ച പുതിയനിയമത്തിന്‍റെ പെട്ടകമാണ് കന്യകമറിയാം.

ഇങ്ങനെ ഓരോ വേദഭാഗവും സംഭവവും കന്യകമറിയാമിലൂടെ നടന്ന രക്ഷാകരമായ ക്രിസ്തു സംഭവത്തോട് ബന്ധിപ്പിച്ച് സഭ ധ്യാനിക്കുകയും അതില്‍ പങ്കുചേരാന്‍ ഭാഗ്യം സിദ്ധിച്ച മാതാവിനെ പ്രകീര്‍ത്തിക്കുകയും ചെയ്യുന്നു.

ഭാഗ്യവതി

ദൈവം ‘ഇറങ്ങി വസിക്കാന്‍’ കന്യകമറിയാമിന് ഭാഗ്യം ലഭിച്ചു. അമ്മയുടെ ഭാഗ്യം നമുക്കും അവകാശപ്പെടാം. മണ്‍പാത്രങ്ങളെങ്കിലും സ്വയം ശുദ്ധീകരിച്ച് ദൈവകരങ്ങളില്‍ സമര്‍പ്പിച്ചാല്‍ കര്‍ത്താവ് അമൂല്യമായ ദാനങ്ങള്‍ നിറച്ച് നമ്മെ മാനപാത്രമാക്കിത്തീര്‍ക്കും. വെറുമൊരു ഈറ്റക്കഷണം സംഗീതജ്ഞന്‍റെ കരങ്ങളില്‍ സ്വരമധുരമായ ഗാനം പുറപ്പെടുവിക്കുന്ന മുരളിയായി രൂപാന്തരപ്പെടുന്നത് നാം അത്ഭുതത്തോടെ കാണുന്നുണ്ടല്ലോ. ടാഗോറിന്‍റെ ഗീതാഞ്ജലിയില്‍ (ഒന്നാം കീര്‍ത്തനം) നിന്ന് ചില വരികള്‍ ഉദ്ധരിക്കട്ടെ:

“നീ എന്‍റെ ഉരുവം ഒരിക്കലും തീരാത്തതാക്കി. അതിലാണ് നിന്‍റെ കൗതുകം! മുമ്പ് എത്ര പ്രാവശ്യം നീ ഈ മണ്‍ചിമിഴ് കമഴ്ത്തിക്കളഞ്ഞു – പിന്നെയും നീ അതില്‍ നവജീവന്‍ നിറക്കുന്നു.

ഇതോ വെറുമൊരു ഈറ്റക്കഷണം – ഒരു പുല്ലാങ്കുഴല്‍. എന്നിട്ടും നീ അതിനെ നിന്‍റെ മുരളിയാക്കി മേടുകളിലും അല്ലിക്കാടുകളിലും നദീതടങ്ങളിലും നിന്‍റെ പ്രാണനെ നിത്യനൂതനമായ സ്വരമാധുരിയാക്കി പാടി നടക്കുന്നു.”

ശുദ്ധീകരിച്ച് സ്വയം സമര്‍പ്പിച്ചതിനാല്‍ മാതാവിന് ദൈവത്തോട് ഏറ്റവും അടുത്ത സ്വാതന്ത്ര്യവും സാമീപ്യവും ഉണ്ടായി. ദൈവം അവളെ തന്‍റെ കരങ്ങളിലെടുത്തു. അക്ഷരാര്‍ത്ഥത്തില്‍ തന്നെ ദൈവം അവളില്‍ ഉടലെടുത്തു. അമ്മേ, നിനക്കു ഭാഗ്യം! ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചാലും.