നസ്രാണി സിംഹം എം. എ. ചാക്കോ

 

 

 

പോലീസ് സൂപ്രണ്ട് എം. എ. ചാക്കോ

ഫാ. ഡോ. ജേക്കബ് കുര്യന്‍

അയ്യമ്പള്ളി മഴുവഞ്ചേരിപറമ്പത്ത് കുടുംബാംഗമായ, കൊച്ചി പോലീസ് സൂപ്രണ്ട് എം. എ. ചാക്കോ, മലങ്കരസഭയുടെ അത്മായ നേതാക്കളില്‍ പ്രമുഖനായിരുന്നു. നിര്‍ണ്ണായക നിമിഷങ്ങളില്‍ വട്ടശ്ശേരില്‍ തിരുമേനിക്ക് ശക്തമായ പിന്തുണ നല്‍കിയ അദ്ദേഹം, പഴയസെമിനാരിയില്‍ നിരന്തര സന്ദര്‍ശനം നടത്തുമായിരുന്നു. സമുദായക്കേസില്‍, സാക്ഷിയായി ദീര്‍ഘമായ വിസ്താരത്തിന് സെമിനാരിയില്‍ താമസിച്ചുകൊണ്ടാണ് അദ്ദേഹം പൊയ്ക്കൊണ്ടിരുന്നത്. അങ്ങനെ സാക്ഷിമൊഴി കൊടുക്കുവാന്‍ വന്ന് സെമിനാരിയില്‍ താമസിക്കുമ്പോള്‍, 1941 ആഗസ്റ്റ് 25-ന് സെമിനാരിയില്‍ വച്ചു തന്നെയാണദ്ദേഹം അന്തരിച്ചത്.

അദ്ദേഹത്തിന്‍റെ മകള്‍ മിസ് സാറാ ചാക്കോ സഭകളുടെ ലോക കൗണ്‍സിലിന്‍റെ പ്രസിഡന്‍റായിരുന്നു. അവരുടെ സ്മരണയ്ക്കായി, സഹോദരന്‍ ഡോ. ചാക്കോ ജോര്‍ജ് സംഭാവന ചെയ്തതാണ്, സെമിനാരിയിലെ സാറാ ചാക്കോ മെമ്മോറിയല്‍ സുറിയാനി ഗ്രന്ഥശേഖരം.

Source: പഠിത്തവീടിന്‍റെ കഥ പഴയസെമിനാരി: ഒരു ചരിത്ര സംക്ഷേപം, ഫാ. ഡോ. ജേക്കബ് കുര്യന്‍, 2017

പഴയസെമിനാരി കമ്മിറ്റി മാളികയില്‍ സൂക്ഷിച്ചിരിക്കുന്ന ചിത്രം

തൃശൂര്‍ പള്ളിയും ചാക്കോ സൂപ്രണ്ടും

ഫാ. ഡോ. ജോസഫ് ചീരന്‍

തൃശൂര്‍ മാര്‍ ഇഗ്നാത്യോസ് പള്ളിയുടെ നിര്‍മ്മാണ ചരിത്രം അനിഷേധ്യമായും ശ്രീ. എം. എ. ചാക്കോയുടെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്നു. മലങ്കരസഭയുടെ ചരിത്രത്തില്‍ പ്രഭ വിതറി നില്ക്കുന്ന രണ്ടോ മൂന്നോ അത്മായ നേതാക്കളില്‍ പ്രാതഃസ്മരണീയനായ ഇദ്ദേഹമാണ് തൃശൂരിലെ ദേവാലയം എന്ന അനേകരുടെ സ്വപ്നത്തിന് ചിറകു നല്‍കിയത്. 1896-ലാണ് തഹസീല്‍ദാര്‍ ജോലി സ്വീകരിച്ചുകൊണ്ട് അദ്ദേഹം തൃശൂരിലെത്തുന്നത്. 1894-ല്‍ വില കൊടുത്തു വാങ്ങിയ സ്ഥലത്ത് പള്ളി പണിയാന്‍ ആദ്യകാലങ്ങളില്‍ അനുവാദം തുടര്‍ച്ചയായി നിഷേധിക്കപ്പെട്ടുകൊണ്ടിരുന്നു. 1903-ലാണ് അനുവാദം ലഭിച്ചത്. അന്ന് ശ്രീ. ചാക്കോ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് ആയിരുന്നു. സംഖ്യാ ബലം വളരെ കുറവായിരുന്ന തൃശൂരില്‍ ഒരു പള്ളി പണിയുക എന്നത് ഒരു സ്വപ്നം തന്നെയായിരുന്നു. തൃശൂരില്‍ താമസമാക്കിയ മിക്ക സുറിയാനിക്കാരും കത്തോലിക്കാ – കല്ദായ പള്ളികളില്‍ അംഗത്വം സ്വീകരിക്കുകയായിരുന്നു പതിവ്. അല്ലാത്തവര്‍ വാരാന്ത്യത്തില്‍ സ്വന്തം ഇടവകയില്‍ പോകുമായിരുന്നു. തൃപ്പൂണിത്തുറ, കുന്നംകുളം മുതലായ പ്രദേശങ്ങളിലെ ചില ജോലിക്കാര്‍ തൃശൂരില്‍ ഉണ്ടായിരുന്നെങ്കിലും ഒരു ദേവാലയ നിര്‍മ്മാണം ഏല്പിക്കുന്ന സാമ്പത്തിക ബാധ്യതകള്‍ ഏറ്റെടുക്കുവാന്‍ അവര്‍ കരുത്തുള്ളവര്‍ ആയിരുന്നില്ല.

നവീകരണക്കാരുമായി 1860-കളില്‍ ശക്തമായ പോരാട്ടം ആരംഭിച്ച പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് ദ്വിതീയന്‍ മെത്രാപ്പോലീത്തായുടെ പ്രധാന പ്രവര്‍ത്തനങ്ങളിലൊന്ന് ദേവാലയ നിര്‍മ്മാണവും അതിനോടനുബന്ധിച്ചുള്ള വിദ്യാലയ നിര്‍മ്മാണവും ആയിരുന്നു. 250-ലേറെ പ്രാഥമിക വിദ്യാലയങ്ങള്‍ കൊച്ചി-തിരുവിതാംകൂര്‍ ദേശത്ത് ആരംഭിച്ച അദ്ദേഹം പ്രബലമായ ഇടവകകളുടെ സഹായത്തോടെയാണ് ദേവാലയ നിര്‍മ്മാണവും വിദ്യാലയ നിര്‍മ്മാണവും പ്രാവര്‍ത്തികമാക്കിയത്. നവീകരണക്കാര്‍ക്ക് ബലമുണ്ടായിരുന്ന കേന്ദ്രങ്ങളിലെല്ലാം ന്യൂനപക്ഷക്കാരായ യാക്കോബായക്കാരെ ഉദ്ദേശിച്ച് ദേവാലയ നിര്‍മ്മാണം നടത്തിയിരുന്നു. നവീകരണക്കാര്‍ക്ക് ശക്തി തെക്കന്‍ ഇടവകകളില്‍ ആയിരുന്നതിനാല്‍ ആ പ്രദേശങ്ങളിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. 1873-ല്‍ പരുമലയിലും 1876-ല്‍ മുളന്തുരുത്തിയിലും മലങ്കര അസോസിയേഷന്‍ സമ്മേളിച്ചപ്പോള്‍ സ്വീകരിച്ച തീരുമാനങ്ങള്‍ പ്രകാരം വിദ്യാലയ നിര്‍മ്മാണവും ദേവാലയ നിര്‍മ്മാണവും സഭ പൊതു ചുമതലയായി ഏറ്റെടുത്തു. ഈ സാഹചര്യം വളരെ സംഖ്യാബലം കുറഞ്ഞ തൃശൂരിലെ സുറിയാനിക്കാര്‍ക്ക് പ്രതീക്ഷയുണ്ടാക്കി. സഭയുടെ നെടുങ്കോട്ടയായി പ്രവര്‍ത്തിച്ച് നവീകരണക്കാരുടെ നേതൃത്വത്തില്‍ നടന്ന പാശ്ചാത്യ വല്‍ക്കരണ പ്രസ്ഥാനത്തെ തടഞ്ഞുനിര്‍ത്തിയ പുലിക്കോട്ടില്‍ തിരുമേനിയുടെ വലംകൈ ആയി പ്രവര്‍ത്തിച്ചുവന്ന പനയ്ക്കല്‍ ഐപ്പൂരു മുതലാളിയെ അവര്‍ ആശ്രയിച്ചു. നവീകരണക്കാരുമായുള്ള കേസും കോലാഹലവും കഴിഞ്ഞാല്‍ തൃശൂര്‍ പള്ളിയുടെ നിര്‍മ്മാണം പരിഗണിക്കാമെന്ന് അദ്ദേഹം പ്രതീക്ഷ നല്‍കി. 1889-ലെ റോയല്‍ കോടതി വിധിക്കു ശേഷവും കൊച്ചിയില്‍ വ്യവഹാരം തുടരുകയായിരുന്നു. മലങ്കരസഭയുടെ തലപ്പള്ളി എന്ന് പേരു കേട്ട മാര്‍ത്തോമ്മാ പൈതൃകമുള്ള ദേവാലയം നവീകരണക്കാരുടെ കൈകളിലായിരുന്നു. 1905-ലാണ് ആ വ്യവഹാരം നമുക്കനുകൂലമായി അവസാനിച്ചത്. അപ്പോഴേക്കും ശ്രീ. എം. എ. ചാക്കോ ഉദ്യോഗാര്‍ത്ഥം തൃശൂരിലെത്തിയിരുന്നു. സത്യസന്ധനും കാര്യപ്രാപ്തനും സമുദായ സ്നേഹിയുമായ അദ്ദേഹം തൃശ്ശൂരിലെ സുറിയാനിക്കാരുടെ നേതൃത്വത്തിലേക്ക് ക്ഷണനേരം കൊണ്ട് ഉയര്‍ന്നു. ആ നേതൃത്വമാണ് തൃശൂര്‍ പള്ളിയുടെ നിര്‍മ്മാണം സഫലമാക്കിയതെന്ന് മുന്‍ അദ്ധ്യായത്തില്‍ നാം കണ്ടു. അദ്ദേഹം തൃശൂര്‍ പള്ളി ചരിത്രത്തിന്‍റെ അഭിമാനകരമായ പ്രധാനസ്തംഭമായി എന്നതിനാല്‍ വായനക്കാര്‍ക്കായി അദ്ദേഹത്തിന്‍റെ ജീവ ചരിത്ര സംക്ഷേപം ഇവിടെ ചേര്‍ക്കുന്നു.

കൊച്ചി സംസ്ഥാനത്തു ചെറായി ചക്കരക്കടവില്‍ മഴുവഞ്ചേരിപ്പറമ്പത്ത് മറിയയുടെയും അയ്യമ്പിള്ളി മഴുവഞ്ചേരിപ്പറമ്പത്ത് അവിരയുടെയും നാലു മക്കളില്‍ ഒരാളായി 1870 ഒക്ടോബര്‍ 19-ന് കാക്കപ്പന്‍ – അതായിരുന്നു വിളിപ്പേര്‍ – ജനിച്ചു. അയ്യമ്പിള്ളിയിലും എറണാകുളത്തുമായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ നിന്ന് ബി. എ. ബിരുദം നേടി. നിയമപഠനം ആരംഭിച്ചു. ആദ്യ വര്‍ഷത്തെ എഫ്. എല്‍. പാസ്സായി. പിതാവിന്‍റ മരണത്തോടെ നിയമപഠനം അവസാനിപ്പിച്ച് നാട്ടില്‍ എത്തി. വടക്കന്‍പറവൂര്‍ ഈരാളില്‍ കുഞ്ഞുവര്‍ക്കിയുടെയും താത്ത (സാറ) യുടെയും മൂത്ത മകള്‍ മേരിയെ 1891-ല്‍ വിവാഹം കഴിച്ചു. ആ ദമ്പതികള്‍ക്ക് 11 മക്കള്‍ ജനിച്ചു. പത്തു പേരുകള്‍ ലഭ്യമാണ്. 1. മേരി പൗലൂസ് (തൃശൂര്‍), 2. എം. സി. എബ്രഹാം (ബാംഗ്ലൂര്‍), 3. ഡോ. ചാക്കോ ജോര്‍ജ്ജ് (തൃശൂര്‍) 4. സാറാ ചാക്കോ, 5. എം. സി. ജേക്കബ് (മദ്രാസ്), 6. സലോമി (ചിന്നമ്മ) ബാംഗ്ലൂര്‍, 7. ശോശാമ്മ (കോട്ടയം), 8. ആനി മാത്യു (എറണാകുളം), 9. മാര്‍ത്ത (മിനി) ബാംഗ്ലൂര്‍, 10. ജോണ്‍ ചാക്കോ (മോന്‍സി) ഇംഗ്ലണ്ട്.

1896-ല്‍ ഹജൂര്‍ കച്ചേരിയില്‍ ഗുമസ്തന്‍ ആയി നിയമിതനായി. ക്രമേണ മജിസ്ട്രേട്ട്, തഹശീല്‍ദാര്‍, ദിവാന്‍ പേഷ്ക്കാര്‍, ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് എന്നീ ഉദ്യോഗങ്ങളിലേക്ക് പ്രമോഷന്‍ കിട്ടി. ഇക്കാലത്താണ് തൃശൂര്‍ മാര്‍ ഇഗ്നേഷ്യസ് പള്ളിയുടെ നിര്‍മ്മാണത്തിന് ശ്രീ. ചാക്കോ നേതൃത്വം നല്‍കിയത്. നവീകരണക്കാരുമായി നടത്തിയ ഐതിഹാസികമായ പോരാട്ടകാലത്ത് ഇ. ജെ. ജോണ്‍ വക്കീലിനെയും കെ. സി. മാമ്മന്‍ മാപ്പിളയെയും ഇ. എം. ഫിലിപ്പിനെയും പനയ്ക്കല്‍ ഐപ്പൂരുവിനെയും അക്കര കുര്യന്‍ റൈട്ടറേയും കണ്ടെത്തിയ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് ദ്വിതീയന്‍ മെത്രാപ്പോലീത്താ എം. എ. ചാക്കോയെ ശ്രദ്ധിച്ചു. അങ്ങനെയാണ് അദ്ദേഹം വടക്കന്‍ കേന്ദ്രങ്ങളിലെ അത്മായ നേതൃസ്ഥാനത്തേക്കുയര്‍ന്നത്. 1905-ല്‍ കുന്നംകുളം വ്യവഹാരം അവസാനിച്ചശേഷം കുന്നംകുളം പള്ളികളില്‍ ക്രമീകൃത ഭരണം ഏര്‍പ്പെടുത്തുവാന്‍ മെത്രാപ്പോലീത്തായ്ക്ക് എം. എ. ചാക്കോയുടെ സഹായം ലഭിച്ചു. 1893 മുതല്‍ തൃശൂര്‍ താമസമാക്കിയ ശേഷം സൈക്കിള്‍ ചവിട്ടി കുന്നംകുളം പള്ളികളിലും ചേലക്കര പള്ളിയിലും പതിവായി ആരാധനയില്‍ പങ്കെടുത്ത എം. എ. ചാക്കോ പേഷ്ക്കാര്‍ കുന്നംകുളം – പഴഞ്ഞി മേഖലയുടെയും പുലിക്കോട്ടില്‍ തിരുമേനിയുടെയും കണ്ണിലുണ്ണിയാവാന്‍ ഏറെസമയം വേണ്ടിവന്നില്ല. അദ്ദേഹവുമായുള്ള ബന്ധമാണ് ദേവാലയ നിര്‍മ്മാണത്തിന് ആവുന്നത്ര പിന്‍തുണ നല്‍കുവാന്‍ ആര്‍ത്താറ്റ് – കുന്നംകുളം പള്ളികളെയും വൈദികരെയും പ്രേരിപ്പിച്ചത്. ആ കാര്യങ്ങള്‍ മുന്‍ അധ്യായങ്ങളില്‍ പ്രസ്താവിച്ചിട്ടുണ്ട്.

1913-ല്‍ ടൗണിന്‍റെ ഹൃദയഭാഗത്ത് വിസ്തൃതമായ പുരയിടത്തില്‍ ഫ്യൂഡല്‍ മാതൃകയില്‍ പണിത ഒരു രണ്ടു നില കെട്ടിടം അദ്ദേഹം വാങ്ങിച്ചു. വീടിന് മാഞ്ചര്‍ളി ബംഗ്ലാവ് എന്ന് പേരിട്ടു (മഴുവഞ്ചേരിപറമ്പത്ത്, ഈരാളില്‍ എന്നീ കുടുംബപേരുകളുടെ സംയോജനം).
എം. എ. ചാക്കോ പരമ ഭക്തനായിരുന്നു. നോമ്പും പ്രാര്‍ത്ഥനകളും മുടക്കം കൂടാതെ അനുഷ്ഠിച്ചു. മക്കളും ഇവയൊക്കെ അനുസരിച്ചാണ് വളര്‍ന്നത്. എല്ലാ കുട്ടികളും സന്ധ്യാ പ്രാര്‍ത്ഥനയ്ക്ക് സന്നിഹിതരാകണമെന്നത് ഒരു നിയമം തന്നെയായിരുന്നു.

‘പ്രിയ മകനേ, എന്തെങ്കിലും ആവശ്യവുമായി നിന്‍റെ വാതില്‍ക്കല്‍ വരുന്നവരോട് ഇല്ലെന്ന് പറയരുത്’ എന്ന പ്രിയ മാതാവിന്‍റെ ഉപദേശം ചാക്കോ പ്രത്യക്ഷരം അനുസരിക്കുമായിരുന്നു. പുകയില മുറുക്ക് ശീലിച്ചിരുന്ന അദ്ദേഹം റിട്ടയര്‍ ചെയ്ത ശേഷം ചര്‍ക്കയില്‍ നൂല്‍നൂല്‍പ്പ്, ആശാരിപ്പണി, കട്ടിലിന് കയര്‍ കെട്ടല്‍ എന്നീ ജോലികള്‍ ഹോബിയായി പരിശീലിച്ചിരുന്നു. സഭാരംഗത്ത് അറിയപ്പെടുന്ന നേതാവായി കഴിഞ്ഞ ചാക്കോയുടെ ഭവനത്തില്‍ പ്രശസ്ത അതിഥികള്‍ക്ക് പഞ്ഞമില്ലായിരുന്നു. റാവുസാഹിബ് ഒ. എം. ചെറിയാന്‍, ഇലഞ്ഞിക്കല്‍ ജോണ്‍ വക്കീല്‍, കെ. സി. മാമ്മന്‍ മാപ്പിള, എം. എ. അച്ചന്‍ (ഫാ. ഗീവറുഗീസ് പണിക്കര്‍), എം. വി. ശാലോം എന്ന യഹൂദന്‍, ഇവരൊക്കെ അതിഥികളില്‍ ഉള്‍പ്പെടുന്നു. കുന്നംകുളം-പഴഞ്ഞി വഴി വടക്കോട്ടു പോകുന്ന എല്ലാ സഭാ മേലദ്ധ്യക്ഷന്മാര്‍ക്കും തൃശൂര്‍ പള്ളി വിശ്രമകേന്ദ്രമായിരുന്നു. താമസം പള്ളിയിലാണെങ്കിലും അവര്‍ക്കുള്ള ഭക്ഷണം തയ്യാറാക്കുന്നത് മാഞ്ചര്‍ളിയിലായിരുന്നു. ഭക്ഷണം ഭൃത്യരുടെ വശം കൊടുത്തയയ്ക്കുമ്പോള്‍ മക്കളില്‍ ആരെങ്കിലും കൂടെ പോകണം.

ആലുവായിലെ യൂണിയന്‍ ക്രിസ്ത്യന്‍ കോളജും ക്രൈസ്തവ മഹിളാലയം ഹൈസ്കൂളും ആരംഭിച്ചപ്പോള്‍ പ്രാരംഭ ചര്‍ച്ചകളില്‍ ചാക്കോ ഭാഗഭാക്കായിരുന്നു. മഹിളാലയത്തിന്‍റെ പ്രഥമ ഹെഡ്മിസ്ട്രസ് മകള്‍ സാറാ ചാക്കോ ആയിരുന്നു.
തൃശൂരിലെ കാഴ്ച്ചബംഗ്ലാവും മൃഗശാലയും മാഞ്ചര്‍ളിക്ക് സമീപമായിരുന്നു. കുട്ടികള്‍ക്ക് വിജ്ഞാനപ്രദമായ സന്ദര്‍ശന രംഗമായിരുന്നു അവിടം. ഒരു ഫീറ്റണ്‍ വണ്ടി മാഞ്ചര്‍ളിയിലുണ്ടായിരുന്നു. അന്ന് തൃശൂരില്‍ കാത്തലിക് ബിഷപ്പിന് മാത്രമേ അത്തരത്തില്‍ ഒരു വണ്ടിയുണ്ടായിരുന്നുള്ളു.

1910-ല്‍ അദ്ദേഹം പോലീസ് സൂപ്രണ്ടായി നിയമിതനായി. സഭാചരിത്രത്തില്‍ അദ്ദേഹം തിളക്കം ആര്‍ജ്ജിക്കുന്നത് അതിനുശേഷമാണ്. പുലിക്കോട്ടില്‍ തിരുമേനിയുടെ കാലത്ത് രൂപംകൊണ്ട അത്മായ നേതൃത്വത്തിന്‍റെ ഭാഗമെന്ന നിലയില്‍ ഇ. ജെ. ജോണ്‍, കെ. സി. മാമ്മന്‍ മാപ്പിള എന്നിവരോടൊപ്പം ചാക്കോ സൂപ്രണ്ടും അതി ശക്തമായി മലങ്കര മെത്രാപ്പോലീത്തായെ പിന്‍തുണച്ചു. വൈദിക ട്രസ്റ്റിയോടും അത്മായ ട്രസ്റ്റിയോടും മെത്രാപ്പോലീത്താ വിയോജിക്കുന്ന ഘട്ടങ്ങളില്‍ മൂന്നു പേരും അതൊഴിവാക്കാന്‍ ശ്രമിച്ചിരുന്നു. എങ്കിലും നിലപാടുകളില്‍ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറില്ലാത്ത മലങ്കര മെത്രാപ്പോലീത്തായെ തള്ളിപ്പറഞ്ഞ് സഭയില്‍ അരാജകത്വം ക്ഷണിച്ചുവരുത്താന്‍ അവര്‍ ഒരുക്കമായിരുന്നില്ല. സിംഹത്തെ കൊല്ലാന്‍ കാടിനു തീവെയ്ക്കുന്ന ബുദ്ധിശൂന്യത കൂട്ടുട്രസ്റ്റികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് അവരാരും പ്രതീക്ഷിച്ചിരുന്നുമില്ല. മെത്രാപ്പോലീത്താ മുടക്കപ്പെട്ടതോടെ അവരുടെ പൗരുഷം പൂര്‍വ്വാധികം ഉണര്‍ന്നു. മെത്രാപ്പോലീത്തായുടെ നിലപാടുകളെ അപഗ്രഥിച്ച് വിലയിരുത്തുന്നതിനേക്കാള്‍ വിദേശ ശത്രുവിനെ പ്രതിരോധിക്കയാണ് തങ്ങളുടെ പ്രാഥമിക കര്‍ത്തവ്യം എന്ന് അവര്‍ തീരുമാനിച്ചു. പിന്നീടുള്ള ശബ്ദായമാനമായ സംഭവങ്ങളില്‍ അവര്‍ മലങ്കര മെത്രാപ്പോലീത്തായെ പിന്‍തുണച്ചത് ഈ ദേശാഭിമാനത്തിന്‍റെ പ്രേരണയാലാണ്. പില്‍ക്കാലത്തെ എല്ലാ അസോസിയേഷന്‍ സമ്മേളനങ്ങളിലും മാനേജിംഗ് കമ്മിറ്റികളിലും ഈ ത്രിമൂര്‍ത്തികള്‍ മെത്രാപ്പോലീത്തായുടെ പിന്നില്‍ പാറപോലെ ഉറച്ചു നിന്നു.

ഉദ്യോഗത്തിലിരിക്കുമ്പോള്‍ വെളുപ്പിന് നാലു മണിക്ക് കൃത്യമായി അദ്ദേഹം ഉണരും. നേരം വെളുക്കുന്നതിനു മുമ്പ് എഴുത്തുകുത്തുകള്‍ പൂര്‍ത്തിയാക്കും. അനന്തരം പ്രഭാത പ്രാര്‍ത്ഥന നടത്തും. പിന്നീട് പ്രഭാത ഭക്ഷണം. ഒമ്പത് മണി വരെയും തോട്ടത്തില്‍ ചെടികള്‍ക്ക് തടം ഉണ്ടാക്കുക, വളമിടുക, കിളയ്ക്കുക എന്നീ ജോലികളിലേര്‍പ്പെടും. ഓഫീസ് ജോലികള്‍ കൃത്യനിഷ്ഠയോടും സത്യസന്ധതയോടെയും ചുമതലാബോധത്തോടെയും ഈശ്വരാരാധനപോലെ നിവര്‍ത്തിക്കുമായിരുന്നു. വൈകിട്ട് കുളികഴിഞ്ഞ് അര മണിക്കൂര്‍ പത്രം വായന നിര്‍ബന്ധം. സകുടുംബം സന്ധ്യാ പ്രാര്‍ത്ഥന നിര്‍വഹിക്കും. അത്താഴം കഴിഞ്ഞാല്‍ ഉടനെ കിടക്കും. ഇതായിരുന്നു ദിനചര്യ.

തൃശൂരില്‍ പൊട്ടിപ്പുറപ്പെട്ട നായര്‍-നസ്രാണി കലാപം അവസാനിച്ച ഉടനെ 1921-ല്‍ ചാക്കോ സൂപ്രണ്ടിനെ എക്സൈസ് കമ്മീഷണറായി വകുപ്പ് മാറ്റി നിയമിച്ചു. ആശ്വാസമെന്നോണം പ്രതിമാസം 50 രൂപാ ശമ്പള വര്‍ദ്ധനയും നല്‍കി. തൃശൂര്‍ ലഹളക്കാലത്ത് ശക്തമായ ഒരു എതിര്‍ പക്ഷം ചാക്കോയ്ക്ക് നേരെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. എക്സൈസ് കമ്മീഷണര്‍ക്കെതിരെ ഒരു പണാപഹരണ കേസ് ഉണ്ടായി. പ്രാഥമിക കോടതിയില്‍ അദ്ദേഹം ശിക്ഷിക്കപ്പെട്ടു എങ്കിലും അപ്പീല്‍ കോടതിയില്‍ അദ്ദേഹം ശിക്ഷയില്‍ നിന്ന് വിമോചിതനായി. കേസ് ജയിച്ചതിനെ തുടര്‍ന്ന്, 1925-ല്‍ പെന്‍ഷന്‍ പറ്റിയ അദ്ദേഹത്തിന് പൂര്‍ണ്ണ പെന്‍ഷനും ശമ്പളകുടിശ്ശികയും ലഭിച്ചു. കാര്യങ്ങള്‍ തുറന്നു പറയുക എന്ന സ്വഭാവം പലപ്പോഴും ശത്രുക്കളെ ഉണ്ടാക്കുമായിരുന്നു. തന്മൂലം പ്രബലരായ ശത്രുക്കളോട് എതിരിടേണ്ടി വരുന്നതിലെ ക്ലേശങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. എന്നാല്‍ അതൊന്നും അദ്ദേഹത്തിന്‍റെ സ്ഥൈര്യത്തെയോ ധൈര്യത്തെയോ ബാധിച്ചിരുന്നില്ല.

മലങ്കരസഭാ സമാധാനം അദ്ദേഹത്തിന്‍റെ വലിയ സ്വപ്നം ആയിരുന്നു. വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസ് കാലം ചെയ്തതോടെ അത് സാധ്യമാകുമെന്ന് അദ്ദേഹം ആത്മാര്‍ത്ഥമായി വിശ്വസിച്ചു. വ്യത്യസ്ത സംസ്കാരം പുലര്‍ത്തുന്ന വടക്കന്‍ ഇടവകകളും തെക്കന്‍ ഇടവകകളും ഓരോ സ്വതന്ത്ര ആര്‍ച്ച് ബിഷപ്പുമാരുടെ കീഴില്‍ ഭരിക്കപ്പെടണമെന്നും അതിനായി കൊച്ചി സംസ്ഥാനത്തിന്‍റെ തലസ്ഥാനമെന്ന നിലയില്‍ എറണാകുളത്ത് ഒരു സഭാകേന്ദ്രം രൂപപ്പെടുത്തണമെന്നും അദ്ദേഹം ഉറക്കെ ചിന്തിച്ചു. ആലുവായിലും കോട്ടയത്തുമായി നടന്ന എല്ലാ സമാധാന ചര്‍ച്ചകളിലും ചാക്കോ സൂപ്രണ്ട് സജീവമായി പങ്കെടുത്തു. എന്നാല്‍ കാതോലിക്കാ സ്ഥാനം റദ്ദാക്കുവാനുള്ള മാര്‍ യൂലിയോസിന്‍റെ നിര്‍ബന്ധം എല്ലാ സന്ധി സംഭാഷണങ്ങളെയും പരാജയപ്പെടുത്തി. കൊച്ചിയിലൊരു സഭാ കേന്ദ്രമെന്ന ആശയത്തെ കാര്യമായി ആരും പിന്തുണച്ചതുമില്ല.

1928-ല്‍ നടന്ന കൊച്ചിന്‍ നിയമസഭാ കൗണ്‍സിലിലേക്ക് ഞാറയ്ക്കല്‍ നിയോജക മണ്ഡലത്തില്‍ നിന്നും 1931-ല്‍ നടന്ന മൂന്നാമത്തെ തെരഞ്ഞെടുപ്പില്‍ വെള്ളാരപ്പിള്ളി മണ്ഡലത്തില്‍ നിന്നുമായി രണ്ടു വട്ടം ചാക്കോ സൂപ്രണ്ട് കൊച്ചി നിയമസഭയില്‍ എം. എല്‍. സി. ആയി.
1940-ല്‍ മൂന്ന് ദിവസത്തെ പ്രത്യേക പരിപാടികളോടെ ചാക്കോ ദമ്പതികളുടെ വിവാഹ സുവര്‍ണ്ണ ജൂബിലി തൃശ്ശൂരില്‍ വച്ച് ആഘോഷിച്ചു. സമുദായക്കേസ് നടന്ന കാലം, കോട്ടയം കോടതിയില്‍ മൊഴി കൊടുക്കുവാന്‍ ബാവായുടെ ദൂതനായി വന്ന മണലില്‍ യാക്കോബ് കത്തനാരോടൊപ്പം ചാക്കോ സൂപ്രണ്ട് കോട്ടയത്തേയ്ക്ക് യാത്രയായി. പഴയ സെമിനാരിയുടെ മുകളിലത്തെ നിലയിലായിരുന്നു താമസം. 1941 ആഗസ്റ്റ് 25-ന് പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവാ അര്‍പ്പിച്ച കുര്‍ബ്ബാനയില്‍ സംബന്ധിച്ചു. കുര്‍ബ്ബാന അനുഭവിച്ചു. പ്രഭാത ഭക്ഷണം കഴിഞ്ഞ് വസ്ത്രം മാറി കോട്ട് ധരിച്ച് വാക്കിംഗ് സ്റ്റിക്ക് കൈയിലെടുത്ത് ഗോവണിയോടടുത്തപ്പോള്‍ അസ്വസ്ഥത തോന്നി. കൂടെയുള്ളവര്‍ താങ്ങി മുറിയില്‍ ഒരു കട്ടിലില്‍ കിടത്തി. പ. ബാവാ ഉടനെ തൈലാഭിഷേകം നടത്തി. ഡോ. വരുന്നതിനു മുമ്പ് അദ്ദേഹം പരലോകം പൂകി. അവിചാരിതമായ ആ വിയോഗം കുടുംബത്തെയും നാടിനെയും സഭയെയും ശത്രു മിത്ര ഭേദമെന്യെ ദുഃഖത്തിലാഴ്ത്തി. ആഗസ്റ്റ് 26-ന് തൃശൂര്‍ മാര്‍ ഇഗ്നാത്തിയോസ് പള്ളിയില്‍ നടന്ന കബറടക്കത്തിന് പ. കാതോലിക്കാബാവായും പുത്തന്‍കാവില്‍ കൊച്ചുതിരുമേനിയും കോട്ടയം-കുന്നംകുളം വൈദികരും നേതൃത്വം നല്‍കി.
അദ്ദേഹത്തിന്‍റെ ഓര്‍മ്മയെ ശാശ്വതീകരിക്കുവാന്‍ പടിഞ്ഞാറേക്കോട്ട പള്ളിയില്‍ സ്ഥാപിതമായ അപ്പര്‍ പ്രൈമറി സ്കൂളിന് ചാക്കോ മെമ്മോറിയല്‍ എന്ന് നാമകരണം ചെയ്തു. ആ സ്കൂള്‍ പ്രവര്‍ത്തനം നിലച്ചപ്പോള്‍ പള്ളിപ്പറമ്പിന്‍റെ തെക്കുകിഴക്കു ഭാഗത്തായി നിര്‍മ്മിച്ച വിശാലമായ ഓഡിറ്റോറിയത്തിന് ആ മഹാത്മാവിന്‍റെ പേര്‍ നല്‍കിയിരിക്കുന്നു. അദ്ദേഹത്തിന് ശേഷം മകന്‍ ഡോ. ചാക്കോ ജോര്‍ജ്ജിന്‍റെയും മകള്‍ മേരി പൗലൂസിന്‍റെയും കുടുംബങ്ങള്‍ തൃശൂര്‍ ഇടവകയ്ക്ക് വേണ്ടി ചെയ്ത സേവനങ്ങള്‍ അനവധിയാണ്.

Source: തൃശൂര്‍ സെന്‍റ് ഇഗ്നേഷ്യസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ചരിത്രം, ഫാ. ഡോ. ജോസഫ് ചീരന്‍, 2009