മാവേലിക്കര പ്രസംഗം സംബന്ധിച്ചു ഒരു തിരുത്ത് / ഫാ. ഡോ. എം. ഒ. ജോൺ

ഓഗസ്റ്റ് ആറാം തീയതി മാവേലിക്കര പുതിയകാവ് പള്ളിയിൽ ഞാൻ നടത്തിയ ഒരു പ്രസംഗം സോഷ്യൽ മീഡിയയിൽ വരികയും മലങ്കര സഭയിലെ ഇരുവിഭാഗത്തിലും പെട്ട വളരെയധികം ആളുകൾ കാണുകയും കേൾക്കുകയും ചെയ്തു. അതേസമയം അതിൽ ഒരു വസ്തുതാപരമായ പിഴവ് വന്നിട്ടുണ്ട്. അങ്കമാലി ഭദ്രാസനത്തിലെ അംഗസംഖ്യ സംബന്ധിച്ചാണത്. അങ്കമാലി ഭദ്രസനത്തിലെ പാത്രിയര്കീസു വിഭാഗത്തിന്റെ അംഗസംഖ്യ ഞാൻ മനസിലാക്കിയതിലും വളരെ കുറവാണു എന്നാണ് എനിക്ക് ഇപ്പോൾ അറിയുവാൻ സാധിക്കുന്നത്. സഭയുടെ മുന്പോട്ടുള്ള നിലപാടുകൾ എന്തായിരിക്കും എന്നതിനെ സംബന്ധിച്ചു പലരും പറയുന്ന അഭിപ്രായങ്ങൾ എനിക്ക് അറിയാമായിരുന്നത് ഞാൻ അവിടെ പങ്കുവെച്ചു എന്നുള്ളതേയുള്ളു. യോചിക്കണമെന്നു ചിലർ പറയുന്നു, പിടിച്ചെടുക്കണമെന്ന് ചിലർ പറയുന്നു, വിട്ടുകൊടുക്കണമെന്ന് ചിലർ പറയുന്നു എന്നാണ് പറഞ്ഞത്. അതൊന്നും എന്റെ അഭിപ്രായമല്ല. മലങ്കര സഭയിലെ ഭൂരിപക്ഷവും ആഗ്രഹിക്കുന്നത് സമാധാനമാണ്.
സുപ്രീം കോടതി വിധി സംബന്ധിച്ചു എന്റെ അഭിപ്രായം ഞാൻ ആദ്യമേ തന്നെ ആ പ്രസംഗത്തിൽ വ്യക്തമാക്കിയിരുന്നു. അതാണ് ആ പ്രസംഗത്തിന്റെ പ്രധാന ഭാഗം. സുപ്രീം കോടതി വിധി അനുസരിക്കുകയല്ലാതെ പാത്രിയര്കീസു വിഭാഗത്തിന്റെ മുമ്പിൽ ഇപ്പോൾ യാതൊരു മാർഗവും ഇല്ല. മലങ്കര സഭയിൽ ശാശ്വത സമാധാനവും ഐക്യവും ഉണ്ടാകണമെന്നാണ് പ.കാതോലിക്ക ബാവ തിരുമേനി ആവർത്തിച്ചാവർത്തിച്ചു പറയുന്നത്. നൂറു ശതമാനവും ഞാൻ അതിനോട് യോചിക്കുന്നു. അത് തന്നെയാണ് എന്റെ അഭിപ്രായം. ഇത് സംബന്ധിച്ചു അന്തിമ തീരുമാനം എടുക്കേണ്ട സമിതികൾ എന്ത് തീരുമാനം എടുക്കുന്നുവോ അതിനോട് പൂർണമായും യോചിച്ചു തന്നെ ഞാൻ നിൽക്കും. കഴിഞ്ഞ ദിവസം പ്രശ്നമുണ്ടായ വരിക്കോലി പള്ളിയുടെ കാര്യം സംബന്ധിച്ചു എന്റെ കഴിവിനനുസരിച്ചു ഇടപിടാവുന്നിടത്തോളം ഞാൻ ഇടപെട്ടിട്ടുണ്ട്. മണർകാട്, കോതമംഗലം തുടങ്ങിയ പള്ളികളും സുപ്രീം കോടതി വിധി അനുസരിച്ചും 1934 ലെ ഭരണഘടനാ അനുസരിച്ചും ഭരിക്കപ്പെടണമെന്നാണ് എന്റെ അഭിപ്രായം എന്നതിന് ആർക്കും സംശയം വേണ്ട.

ഫാ. ഡോ. എം.ഒ. ജോൺ
വൈദിക ട്രസ്റ്റി