നൂറ്റൊന്ന് ആവര്‍ത്തിക്കുന്ന സമാധാനദൗത്യങ്ങള്‍ / ഫാ. ഡോ. കെ. എം. ജോര്‍ജ്ജ്


മഹാതേജസ്വിയായി അറിയപ്പെട്ടിരുന്ന പ. ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവായെ അടുത്തറിഞ്ഞവര്‍ പലരും ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്. ആഴമായ പ്രാര്‍ത്ഥനയും, കൂദാശാനുഷ്ഠാനങ്ങളും, ഉത്തമ സന്യാസജീവിതവും, തുടര്‍ച്ചയായ തിരുവചനധ്യാനവും, പൈതൃകരചനാപഠനവുമൊക്കെ നിഷ്ഠയോടു കൂടി ജീവിതത്തില്‍ പുലര്‍ത്തിയതാണ് അദ്ദേഹത്തിന്‍റെ ആത്മശോഭയുടെ കാരണം എന്നു പറയാമെങ്കിലും, അവയൊക്കെ നന്നായി അനുഷ്ഠിച്ച പലര്‍ക്കും ലഭിക്കാത്ത ചില സവിശേഷദാനങ്ങള്‍ ദൈവം കുറിച്ചി ബാവായ്ക്ക് കൊടുത്തു. മലങ്കരസഭയുടെ നിര്‍ണ്ണായകമായ വഴിത്തിരിവില്‍ സഭയുടെ മഹാചാര്യനായി, മോശയെപ്പോലെ സമാധാനത്തിന്‍റെയും ഐക്യത്തിന്‍റെയും വാഗ്ദത്തനാട്ടിലേക്ക് മലങ്കരസഭയെ വഴിനടത്തുവാനുള്ള ഭാഗ്യം അദ്ദേഹത്തിനു ലഭിച്ചു. അപൂര്‍വ്വമായ ഉള്‍ക്കാഴ്ചകളും വേദവ്യാഖ്യാനങ്ങളും അദ്ദേഹത്തില്‍ നിന്ന് ഉതിര്‍ന്നത് ഔപചാരികപരിശീലനം കൊണ്ടോ ഉയര്‍ന്ന വിദ്യാഭാസം കൊണ്ടോ അല്ലായിരുന്നു. Intuition എന്ന് ഇംഗ്ലീഷില്‍ വ്യവഹരിക്കുന്ന ഒരു തരം അന്തര്‍ജ്ഞാനവും, താന്‍ സഞ്ചരിക്കേണ്ട വഴിയെക്കുറിച്ചുള്ള സഹജമായ തിരിച്ചറിവും, തന്‍റെ അടുത്തു വരുന്നവരെ വിസ്മയിപ്പിക്കുന്ന ഉള്‍ശോഭയും ദൈവം അദ്ദേഹത്തിനു കൊടുത്തിരുന്നു.
മലങ്കരസഭയുടെയും സമൂഹത്തിന്‍റെയും ചരിത്രഗവേഷണത്തില്‍ നിഷ്ണാതനായ ഡോ. എം. കുര്യന്‍ തോമസ് ഇവിടെ സമാഹരിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്ന യാത്രാരേഖകള്‍ ആനുകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വളരെ പ്രസക്തമാണ്.
ആക്ഷരികമായി പറഞ്ഞാല്‍ മൂന്നു യാത്രാവിവരണങ്ങളാണ് നമ്മുടെ രേഖകള്‍. കുറിച്ചി ബാവാ നേരിട്ടെഴുതിയ യെറുശ്ലേം കത്തുകളും, അദ്ദേഹത്തിനൊപ്പം സിറിയായിലെ ഹോംസിലേക്ക് സമാധാനദൗത്യത്തിനു പോയ ചെറിയമഠത്തില്‍ സ്കറിയാ മല്‍പ്പാനച്ചന്‍റെ യെറുശലേം യാത്രയും, എഡിന്‍ബെറോയില്‍ ആഗോള Faith & Order സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ. ബാവാ നടത്തിയ യാത്രയെപ്പറ്റി അസോസിയേഷന്‍ സെക്രട്ടറി മാളികയില്‍ എം. സി. കുറിയാക്കോസ് റമ്പാച്ചന്‍റെ എഡിന്‍ബെറോ യാത്രാഡയറിയുമാണ് പ്രധാന സംഗതികള്‍. ചില പ്രസക്തങ്ങളായ അനുബന്ധങ്ങള്‍ കൂടെയുണ്ട്. എല്ലാത്തിനെയും സ്പര്‍ശിച്ച് വിലയിരുത്തി ഡോ. കുര്യന്‍ തോമസിന്‍റെ ദീര്‍ഘമായ ആമുഖലേഖനവും.
മലങ്കരസഭയുടെ ഇരുഭാഗത്തുമുള്ള സജ്ജനങ്ങളെയെല്ലാം നിരന്തരം മുള്‍മെത്തയില്‍ കിടത്തി കുത്തിമുറിച്ച് വേദനിപ്പിക്കുകയും, സാധാരണ വിശ്വാസികളായ അവരുടെ പണമെല്ലാം ചോര്‍ത്തിയെടുക്കുകയും ഒരേ കുടുംബത്തിലെ സഹോദരങ്ങളായ അവരെ തീരാത്ത പകയിലേക്കും തെരുവുയുദ്ധങ്ങളിലേക്കും വലിച്ചിഴയ്ക്കുകയും ചെയ്തിരുന്ന സമുദായ/സഭാ കേസ് സമാധാനപരമായി തീര്‍ക്കനും സഭയുടെ ഐക്യം വീണ്ടെടുക്കുവാനും വേണ്ടിയാണല്ലോ വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായും പിന്നീട് അദ്ദേഹത്തിന്‍റെ ശിഷ്യനും മലങ്കരമെത്രാപ്പോലീത്താ എന്ന നിലയില്‍ പിന്‍ഗാമിയുമായ കല്ലാച്ചേരില്‍ ഗീവര്‍ഗ്ഗീസ് ദ്വിതീയന്‍ ബാവായും ശീമയാത്രയ്ക്കു പോകുന്നത്. അവരുടെ യാത്രയുടെ പിന്നിലുള്ള ഉദ്ദേശ്യങ്ങളും യാത്രയില്‍ സംഭവിച്ച കാര്യങ്ങളും, സമാധാനചര്‍ച്ചകളും, അതിന്‍റെ ഭാവപകര്‍ച്ചകളും പരിണതഫലങ്ങളും വേണ്ട പോലെ പരിഗണിച്ചാല്‍ ഭാരതമണ്ണില്‍ ജനിച്ച ആത്മാഭിമാനമുള്ള ആരും അവരെ പ്രണമിക്കും. അവരുടെ ക്രിസ്തീയമായ താഴ്മയും, സഭയുടെ ഐക്യത്തെക്കുറിച്ചുള്ള ആത്മാര്‍ത്ഥമായ ആഗ്രഹങ്ങളും, സഭാശാസ്ത്രപരവും കാനോനികവുമായ സനാതന തത്ത്വങ്ങളില്‍ അടിയുറച്ച് എല്ലാ പ്രലോഭനങ്ങളെയും നേരിടാനുള്ള ദൃഢബോദ്ധ്യവും നമ്മെ വിസ്മയിപ്പിക്കും.

ചരിത്രം ആവര്‍ത്തിക്കുമെന്ന് ഇംഗ്ലീഷില്‍ പറയുമല്ലോ. കഴിഞ്ഞ ആഴ്ച വരെ അങ്ങനെ ആവര്‍ത്തിക്കുകയുണ്ടായി. പുതിയ അന്ത്യോക്യാപാത്രിയര്‍ക്കീസായി സ്ഥാനമേറ്റ പ. ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന്‍ ബാവാ സിറിയായിലെ രാഷ്ട്രീയപരിതസ്ഥിതി മൂലം സ്വന്തം രാജ്യത്തും ആസ്ഥാനത്തും കഴിയാന്‍ പ്രയാസമായതുകൊണ്ട് ലെബാനോനില്‍ താമസിക്കുകയും അതിനിടെ മലങ്കര സന്ദര്‍ശിക്കുകയും ചെയ്തു. അദ്ദേഹത്തിന്‍റെ മുഖ്യ അജന്‍ഡ മലങ്കരയിലെ സമാധാനമാണെന്ന് മുമ്പുതന്നെ മാദ്ധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചിരുന്നതുകൊണ്ട്, അദ്ദേഹം വരുന്ന വിവരം മലങ്കരസഭാനേതൃത്വത്തെ അറിയിച്ചില്ലെങ്കില്‍ പോലും പ. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഒരു സമാധാനദൂത് മുന്‍കൂട്ടി അയച്ചു. അദ്ദേഹത്തിന്‍റെ സന്ദര്‍ശനം സഭാസമാധാനത്തിനു ഉപയുക്തമാകട്ടെ എന്നായിരുന്നു അതിന്‍റെ ചുരുക്കം. തന്‍റെ മുന്‍ഗാമികളായ മഹാരഥന്മാരായ കാതോലിക്കാമാരുടെയും മലങ്കരമെത്രാപ്പോലീത്തമാരുടെയും നല്ല ക്രിസ്തീയമാതൃക പിന്തുടര്‍ന്നാണ് അദ്ദേഹം പാത്രിയര്‍ക്കീസ് ബാവായ്ക്ക് കത്തയച്ചത്.

മലങ്കരസഭയുടെ ഐക്യത്തിനു വേണ്ടി സഭയുടെ സ്വാതന്ത്യം, തനിമ തുടങ്ങിയ ദൈവദത്തമായ തത്ത്വങ്ങള്‍ ബലി കഴിക്കാതെ എന്തു ത്യാഗവും അപമാനവും വ്യക്തിപരമായി സഹിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നാണ് മലങ്കരസഭയുടെ മഹാത്മാക്കളായ നേതാക്കള്‍ അന്ത്യോഖ്യന്‍ സുറിയാനിസഭയുടെ നേതൃത്വത്തെ എപ്പോഴും അറിയിച്ചിട്ടുള്ളത്. അതിനനുസരിച്ച് മാന്യവും ഔദ്ധത്യരഹിതവും ഐക്യപ്രതിബദ്ധതയുമുള്ള മറുപടികള്‍ ശീമയില്‍ നിന്നു കിട്ടിയിട്ടുണ്ടോ എന്ന് മലങ്കരയിലെ ജനങ്ങള്‍ അന്വേഷിക്കേണ്ടതാണ്.
സമാധാനദൗത്യത്തെക്കുറിച്ചുള്ള ചെറിയ മഠത്തില്‍ മല്‍പ്പാനച്ചന്‍റെ ലേഖനം നമുക്ക് ശ്രദ്ധേയമായ വെളിപ്പെടുത്തലുകള്‍ നല്‍കുന്നു. ഏതാണ്ട് മുക്കാല്‍ നൂറ്റാണ്ടു മുമ്പ് മലങ്കരസഭാനേതൃത്വം നടത്തിയ സമാധാനദൗത്യങ്ങളും, അവയ്ക്ക് ശീമയില്‍ നിന്നുണ്ടായ പ്രതികരണങ്ങളും, പാത്രിയര്‍ക്കീസ് ബാവാമാരുടെ നടപടികളും ഇപ്പോഴത്തെ സാഹചര്യവുമായി താരതമ്യം ചെയ്താല്‍ ചരിത്രം ആവര്‍ത്തിക്കുന്നു എന്ന് ചിലര്‍ക്കെങ്കിലും പറയാന്‍ കഴിയും.

എന്നാല്‍ ഈ ആവര്‍ത്തനത്തിന്‍റെ സവിശേഷത നാം തിരിച്ചറിയണം. ഒന്നായിരുന്ന മലങ്കരസഭയെ 1970-കളില്‍ തുടങ്ങി വെട്ടി മുറിയ്ക്കാന്‍ കേരളത്തില്‍ നേതൃത്വം കൊടുത്ത വ്യക്തി(കള്‍) അന്ത്യോഖ്യായുടെയും പാത്രിയര്‍ക്കീസന്മാരുടെയും പേരു പറഞ്ഞാണ് ഇവിടെ ഭക്തജനങ്ങളില്‍ കാലുഷ്യവും സ്പര്‍ദ്ധയും വളര്‍ത്തിയത്. വിദ്വേഷം വളര്‍ത്തുന്ന പല കല്‍പ്പനകളും തീരുമാനങ്ങളും പാത്രിയര്‍ക്കീസന്മാരുടെ പേരില്‍ ഇവിടെയാണ് ഉത്ഭവിച്ചത് എന്ന് എല്ലാവര്‍ക്കും അറിയാം. അന്ത്യോഖ്യായോടുള്ള ഭക്ത്യാദരവുകള്‍ അതിന്‍റെ മൂര്‍ദ്ധന്യത്തില്‍ നിര്‍ത്തിയിരിക്കുമ്പോഴാണ് മാര്‍ അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവാ മലങ്കരയില്‍ വരുവാന്‍ പദ്ധതിയിട്ടത്. ഇവിടത്തെ പാത്രിയര്‍ക്കീസ് വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ ചിലര്‍ ആ പദ്ധതിക്ക് എതിരു നിന്നതും, പാത്രിയര്‍ക്കീസ് ബാവാ തന്‍റെ യാത്രാപരിപാടി റദ്ദു ചെയ്തതും, പിന്നെ ഇവിടെ നിന്ന് ചില മെത്രാന്മാരുടെ ഒരു സംഘം ചെന്ന് വീണ്ടും സന്ദര്‍ശനം പുനരുജ്ജീവിപ്പിച്ചതും എല്ലാവര്‍ക്കും അറിയാമല്ലോ.
മലങ്കരസഭയിലെ പാത്രിയര്‍ക്കീസ് വിഭാഗത്തിന്‍റെ അത്യുന്നതനേതൃത്വം, ഈ പുരാതനസഭയുടെ തനിമയോ സ്വാതന്ത്ര്യമോ കാതോലികമായ വ്യക്തിത്വമോ ഒന്നും കണക്കിലെടുത്തല്ല പാത്രിയര്‍ക്കാ സന്ദര്‍ശനത്തെ എതിര്‍ത്തത് എന്ന അടുത്തുള്ളവര്‍ക്ക് എല്ലാം അറിയാം. ചില സങ്കുചിത സ്വാര്‍ത്ഥതാല്പര്യങ്ങളാണ് യഥാര്‍ത്ഥ കാരണം. ഇത് ഇനിയും ആവര്‍ത്തിക്കും. ഉടനെ ആകണമെന്നില്ല. സഭാതത്ത്വങ്ങളുടെ അടിസ്ഥാനത്തില്‍ പാത്രിയര്‍ക്കാധികാരത്തെ ഇവിടത്തെ പാത്രിയര്‍ക്കീസ് കക്ഷി തന്നെ ചോദ്യം ചെയ്യാന്‍ തക്കവിധം ക്രിസ്തീയസഭയുടെ സ്വഭാവത്തെക്കുറിച്ചും, ഇന്‍ഡ്യയിലെ ക്രിസ്തീയദൗത്യത്തെക്കുറിച്ചും അറിവുള്ള ആളുകള്‍ അവിടെ ഭാവിയില്‍ ഉണ്ടാകും. എങ്ങനെയായാലും അനന്തരഫലം ഒന്നുതന്നെ. ഇന്‍ഡ്യയിലെ ഈ അപ്പോസ്തോലികസഭ വീണ്ടും വീണ്ടും വിഭജിക്കപ്പെടുകയാണ്.

വളരെ നാളുകളായി പറയുകയും എഴുതുകയും ചെയ്തത് ആവര്‍ത്തിക്കുന്നത് ക്ഷമിക്കണം. അന്ത്യോഖ്യാപാത്രിയര്‍ക്കീസ് ബാവാമാര്‍ വ്യക്തിപരമായി എത്ര നല്ലവരും സമാധാനകാംക്ഷികളും ആയിരുന്നാലും, മലങ്കരയില്‍ വന്ന് നമ്മുടെ പാവം നിഷ്കളങ്കരായ ഭക്തജനങ്ങളും, അവസരസേവകരായ രാഷ്ട്രീയനേതാക്കളും, അതിസമ്പന്നരായ ചില വിശ്വാസികളും, മാധ്യമങ്ങളും നല്‍കുന്ന സ്വീകരണ സല്‍ക്കാരങ്ങളും, സുവര്‍ണ്ണ ഹസ്തചുംബനങ്ങളും, മലയാളികളുടെ വംശീയമായ വിധേയത്വ ഭാവത്തോട് ചേര്‍ന്ന്, മലങ്കരസഭയെ എങ്ങനെയും വെട്ടി മുറിച്ച നശിപ്പിക്കണം എന്ന് ചിന്തിക്കുന്ന ചില ബാഹ്യശക്തികളുമായി സമരസപ്പെട്ട് വരുമ്പോള്‍ ഒരു പാത്രിയര്‍ക്കീസ് ബാവായും ഇവിടത്തെ ലൗകികാധികാരം കൈവിടുകയില്ല. അവരും മനുഷ്യരാണ് എന്ന് മറക്കരുത്. അപ്രമാദിത്വസിദ്ധാന്തം ഓര്‍ത്തഡോക്സ് സഭകള്‍ ഒരിക്കലും സ്വീകരിച്ചിട്ടില്ല. അതുകൊണ്ട് പാത്രിയര്‍ക്കീസുമാരെ വെറുതെ കുറ്റപ്പെടുത്തരുത്. സ്വന്തം രാജ്യവും ജനങ്ങളും ആസ്ഥാനവും സിംഹാസനവും നഷ്ടപ്പെട്ട എത്ര രാജാക്കന്മാര്‍ ശ്രീരാമനെപ്പോലെ വനവാസത്തിന് സ്വയം തയാറാകും?

സഭയിലും സമൂഹത്തിലും വെറും സാധാരണക്കാരായ പാവപ്പെട്ട വിശ്വാസികളെ അധികാരിവര്‍ഗ്ഗം എങ്ങനെയൊക്കെ വഞ്ചിക്കയും വഴി തെറ്റിക്കയും ചെയ്യുന്നു എന്ന് മനസ്സിലാക്കുമ്പോള്‍, വാക്കുകള്‍ രൂക്ഷമാകുന്നത് ക്ഷന്തവ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഇതിനൊക്കെ ഈ ഭൂമിമലയാളത്തില്‍ പരിഹാരം ഒന്നുമില്ലേ എന്ന് ന്യായമായും ചോദിക്കാം. പരിഹാരമുണ്ട് എന്നുതന്നെയാണ് എളിയ അഭിപ്രായം. പ്രശ്നപരിഹാരത്തിന് മലങ്കരയുടെ സാത്വികരും ജ്ഞാനികളുമായ നേതാക്കള്‍ ഒരു നൂറ്റാണ്ടായി നല്‍കിയിരുന്ന വിനയപൂര്‍വ്വമായ നിര്‍ദ്ദേശങ്ങളും, അതിനു ശീമയിലെ നേതൃത്വത്തില്‍ നിന്ന് ലഭിച്ചിരുന്ന മറുപടികളും ബദല്‍വ്യവസ്ഥകളും മറ്റും ഇന്നത്തെ സാഹചര്യത്തില്‍ നമുക്ക് മനസ്സിലാക്കുവാന്‍ സഹായിക്കുന്നവയാണ് ഈ പുസ്തകത്തിലെ രേഖകള്‍.
മലങ്കരസഭയില്‍ ആദ്യമായി അന്ത്യോഖ്യാബന്ധത്തിനു പുറത്ത് ലോകത്തിലെ ഇതര ഓര്‍ത്തഡോക്സ് സഭകളുമായി വ്യാപകമായ ബന്ധം ഉണ്ടായത് പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ കാലത്താണ്. അന്ത്യോഖ്യാസുറിയാനിക്കാരുടെ മാത്രം വിധേയത്വത്തില്‍ കഴിഞ്ഞുകൂടിയിരുന്നെങ്കില്‍ ഒരിക്കലും ഇത്തരം ബന്ധങ്ങളെ അവര്‍ മലങ്കരയില്‍ പ്രോത്സാഹിപ്പിക്കുകയില്ലായിരുന്നു.

ചര്‍വ്വിതചര്‍വ്വണം ചെയ്ത സമാധാന വിഷയങ്ങള്‍ വീണ്ടും ചര്‍ച്ച ചെയ്യാന്‍ ലജ്ജയുണ്ട്. മുമ്പ് പലപ്പോഴും സൂചിപ്പിച്ചിട്ടുള്ളതുപോലെ, ഇതൊക്കെ ഒരു ചരിത്രസാക്ഷ്യത്തിനായി കുറിക്കയാണ്. സന്തോഷത്തോടും അഭിമാനത്തോടും മലങ്കരസഭയ്ക്ക ഒരുമിച്ചു പോകുവാനും, തെറ്റുകള്‍ വന്നാല്‍ ഇവിടെത്തന്നെ പരസ്പരം തിരുത്താനും, അന്ത്യോഖ്യാസഭയുമായി അതിശ്രേഷ്ഠമായ ബന്ധവും സംസര്‍ഗ്ഗവും നിലനിര്‍ത്താന്‍ സഹായിക്കുന്ന കാനോനികമായ വ്യവസ്ഥകളും, സാധാരണ വിശ്വാസികളുടെ ഐക്യകാംക്ഷയും നിലനില്‍ക്കെയാണ് നമ്മുടെ സമൂഹത്തിന്‍റെ നിതാന്തവന്ദ്യദിവ്യമാരായ ചങ്ങലകള്‍ക്ക് ഭ്രാന്തു പിടിക്കുന്നത്. ജനങ്ങള്‍ക്ക് ഭ്രാന്തില്ലെങ്കിലും അധികാരം കൈയാളുന്ന ചങ്ങലകള്‍ വിഭ്രാന്തമായി വലിയുകയും മുറുകുകയും തമ്മില്‍ കൊരുക്കയും ജനങ്ങളെ വിദ്വേഷത്തിന്‍റെ കടുംകെട്ടില്‍ വീഴ്ത്തുകയും ചെയ്യുന്നു. ശ്വാസംമുട്ടി തളര്‍ന്നുവീഴുന്നത് ക്രിസ്തുവിലും തന്‍റെ ശരീരമായ വിശുദ്ധസഭയിലും വിശ്വാസമര്‍പ്പിക്കുന്ന പാവപ്പെട്ട മനുഷ്യര്‍. ഇരുമ്പുചങ്ങലകള്‍ക്ക് ആത്മചൈതന്യമില്ലല്ലോ. വേദനയോ കണ്ണുനീരോ ഇല്ലല്ലോ.
കാലം ചെയ്ത പ. സാഖാ പ്രഥമന്‍ ബാവായോട് ഈ ലേഖകന്‍ വിനയപൂര്‍വം ചോദിക്കയും പിന്നീട് എഴുതിക്കൊടുക്കയും ചെയ്ത ഒരു സംശയമുണ്ട്. മലങ്കരയില്‍ പല തലമുറകളിലായി സഭാസമാധാനത്തിനു വേണ്ടി ആക്ഷരികമായി കണ്ണീരൊഴുക്കി പ്രാര്‍ത്ഥിക്കുന്ന ആയിരങ്ങള്‍ രണ്ടു ഭാഗത്തും ഉണ്ടായിട്ടുണ്ട്. സാധാരണ വിശ്വാസികളും വൈദികരും മേല്‍പ്പട്ടക്കാരും അതില്‍ ഉള്‍പ്പെടും. ഞങ്ങളുടെ പിതാവായ അങ്ങ് കണ്ണീരോടെ പ്രാര്‍ത്ഥിക്കുന്നുണ്ട് എന്നു ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍ ശീമയില്‍ മാറ്റാരെങ്കിലും മലങ്കരയ്ക്കായി കണ്ണീരൊഴുക്കി പ്രാര്‍ത്ഥിക്കുന്നതായി അറിയാമോ? ഇതിന് സാധാരണ ചെയ്യുന്നതുപോലെ അദ്ദേഹം അര്‍ത്ഥഗര്‍ഭമായ മൗനം പാലിക്കയും കാരുണ്യത്തോടെ എന്നെ നോക്കുകയും ചെയ്തിട്ടുണ്ട്.
ഈ രേഖകളുടെ പ്രസിദ്ധീകരണം പിന്‍തലമുറകള്‍ക്കു സാക്ഷ്യമാണ്. ഡോ. എം. കുര്യന്‍ തോമസ് രേഖകള്‍ക്കും അവയുടെ സൂചനകള്‍ക്കും ടിപ്പണി നല്‍കി നമ്മുടെ വായന സുഗമമാക്കുന്നു. ഒരു തരത്തിലും ഇതില്‍ ഉപയോഗിച്ചിരിക്കുന്ന വാക്കുകള്‍ ആരെയും മുറിപ്പെടുത്താനല്ല എന്ന് നമുക്കറിയാം

സഭയും വേദശാസ്ത്രവും സംസ്കാരവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഗവേഷണപഠനങ്ങള്‍ നടത്താന്‍ വേണ്ടി ആരംഭിച്ചിരിക്കുന്ന സോപാന ഓര്‍ത്തഡോക്സ് അക്കാദമി ഇതിന്‍റെ പ്രസിദ്ധീകരണത്തില്‍ പങ്കാളിയാവുന്നത് കൂടുതല്‍ കലഹങ്ങളും തര്‍ക്കങ്ങളും സൃഷ്ടിക്കാനല്ല. വിശുദ്ധനും സാത്വികനും ദൈവസ്നേഹിയും മഹര്‍ഷിയുമായ ഒരു കാതോലിക്കാ ബാവായും, സത്യസന്ധനും സ്ഥാനമോഹമില്ലാത്തവനും, വലിയ സുറിയാനിപണ്ഡിതനുമായ ചെറിയ മഠത്തില്‍ മല്പാനച്ചനും, ശ്രേഷ്ഠസന്യാസിയും പ്രബുദ്ധനുമായിരുന്ന വന്ദ്യ കുറിയാക്കോസ് റമ്പാച്ചനും പറയുന്ന കാര്യങ്ങളുടെ വിശ്വാസ്യതയിലും, അവരുടെ സഭാദര്‍ശനത്തിലും സമാധാനവാഞ്ഛയിലും വിശ്വാസമുള്ളതുകൊണ്ടുമാണ് ഇവ പുനഃപ്രസിദ്ധീകരിക്കുന്നത്.

ആയുര്‍വേദത്തില്‍ നൂറ്റൊന്ന് ആവര്‍ത്തിക്കുന്ന എണ്ണകളും മറ്റുമുണ്ട്. ആവര്‍ത്തനം സമയവും ചിലവും ഏറുന്നതും വിരസത ഉളവാക്കുന്നതുമാണ്. പക്ഷേ ഈ പ്രക്രിയ മരുന്നിന്‍റെ ഔഷധവീര്യം കൂട്ടുന്നു. അതുകൊണ്ട് ഈ ലേഖനത്തിന്‍റെ ശീര്‍ഷകത്തിലെ നൂറ്റൊന്ന് ആവര്‍ത്തനം മലങ്കരസഭയുടെ സൗഖ്യത്തെ മാത്രം മുന്‍കണ്ടുകൊണ്ടാണ്.
മലങ്കരസഭയുടെ സമാധാനത്തിനും ഐക്യത്തിനും ഈ പ്രസിദ്ധീകരണം സഹായിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

ശുബ്ക്കോനോ തിങ്കള്‍
16 ഫെബ്രുവരി 2015
കോട്ടയം.

(ഡോ. എം. കുര്യന്‍ തോമസിന്‍റെ കുറിച്ചി ബാവായുടെ മൂന്നു പരദേശയാത്രകള്‍ എന്ന കൃതിയുടെ അവതാരിക)