കെ. ഇ. മാമ്മന്‍ കണ്ടത്തില്‍ അന്തരിച്ചു

പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യസമര സേനാനിയുമായ കെ.ഇ. മാമ്മൻ അന്തരിച്ചു

കോട്ടയം ∙ പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യസമര പോരാളിയും സാമൂഹികപ്രവർത്തകനുമായ കെ.ഇ. മാമ്മൻ അന്തരിച്ചു. 97 വയസ്സായിരുന്നു. നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. കേരളത്തിലെ മദ്യവിരുദ്ധ മുന്നേറ്റങ്ങളുടെ മുന്നണിപ്പോരാളിയായിരുന്ന മാമ്മൻ, ക്വിറ്റ് ഇന്ത്യ സമരത്തിലും സർ സിപിക്കെതിരായ പോരാട്ടത്തിലും പങ്കെടുത്തിട്ടുണ്ട്. അവിവാഹിതനാണ്.

പ്രശസ്‌തമായ കണ്ടത്തിൽ കുടുംബത്തിൽ കെ.സി. ഈപ്പന്റെയും കുഞ്ഞാണ്ടമ്മയുടെയും ഏഴുമക്കളിൽ ആറാമനായാണ് കണ്ടത്തിൽ ഈപ്പൻ മാമ്മൻ എന്ന കെ.ഇ. മാമ്മൻ ജനിച്ചത്. നാഷനൽ ക്വയിലോൺ ബാങ്ക് മാനേജരായിരുന്ന കെ.സി. ഈപ്പനും കുടുംബവും തിരുവനന്തപുരത്ത് താമസിക്കുന്ന കാലത്ത് 1921 ജൂലൈ 31ന് ആയിരുന്നു മാമ്മന്റെ ജനനം. കുട്ടിക്കാലം മുതലേ തന്നെ സ്വാതന്ത്യ്രസമരത്തിന്റെ ചൂടു കണ്ടാണ് മാമ്മൻ വളർന്നത്.

സെക്രട്ടേറിയറ്റിനു മുന്നിലായിരുന്നു കെ.സി. ഈപ്പന്റെ വീട്. സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളുടെ ഭാഗമായി നടത്തുന്ന പ്രസംഗങ്ങളും മറ്റും സ്‌കൂൾ വിദ്യാർഥിയായിരിക്കെ തന്നെ മാമ്മൻ ശ്രദ്ധിച്ചുവന്നു. കോളജിലെത്തിയതോടെ സമരങ്ങളിൽ സജീവമായി. തിരുവനന്തപുരം ആർട്‌സ് കോളജിൽ ഇന്റർമീഡിയറ്റിനു പഠിക്കുമ്പോൾ ട്രാവൻകൂർ സ്‌റ്റുഡന്റ്‌സ് ഫെഡറേഷന്റെ പ്രസിഡന്റായി. കോട്ടയം തിരുനക്കരയിൽ നടന്ന യോഗത്തിൽ സ്വാതന്ത്യ്രസമരത്തിനായി വിദ്യാർഥികളെ ആഹ്വാനം ചെയ്‌തതിന്റെ പേരിൽ ലോക്കപ്പിലടച്ചു.

സി.കേശവന്റെ പ്രശസ്‌തമായ കോഴഞ്ചേരി പ്രസംഗം കേൾക്കാനിടയായതാണ് മാമ്മന്റെ ജീവിതത്തിൽ വഴിത്തിരിവായത്. അതോടെ മാമ്മൻ പൊതുപ്രവർത്തനത്തിൽ ആവേശപൂർവം പങ്കാളിയായി. തന്റെ രോഷത്തിനു പാത്രമായതിനെത്തുടർന്ന് സർ സിപി, നാഷനൽ ക്വയിലോൺ ബാങ്ക് പൂട്ടിക്കുകയും ഉടമകളെ തടവിലാക്കുകയും ചെയ്‌തപ്പോൾ മാമ്മന്റെ പിതാവ് കെ.സി. ഈപ്പനും ജയിലിലായി. ജയിലിൽ കിടക്കവെയാണ് ഈപ്പൻ മരിച്ചത്. മകനായ മാമ്മനും സിപിയുടെ കണ്ണിലെ കരടായി.

രാഷ്‌ട്രീയപ്രവർത്തനത്തിലെ തീപ്പൊരിയാവുക കൂടി ചെയ്‌തപ്പോൾ തിരുവിതാംകൂറിൽ വിദ്യാഭ്യാസം പൂർത്തിയാക്കാൻ പോലും സർ സിപി, മാമ്മനെ അനുവദിച്ചില്ല. ഇതിനിടെയാണ് തിരുവനന്തപുരം ആർട്‌സ് കോളജിൽ നടന്ന യോഗത്തിൽ സർ സിപിക്കെതിരെ മാമ്മൻ ആഞ്ഞടിച്ചത്. അതോടെ കോളജിൽനിന്ന് പുറത്താക്കപ്പെട്ടു. തുടർപഠനത്തിന് എറണാകുളം മഹാരാജാസിൽ ശ്രമിച്ചെങ്കിലും അവിടെയും പ്രവേശനം നിഷേധിക്കപ്പെട്ടു. ഒടുവിൽ തിരുവിതാംകൂറിനു പുറത്തുള്ള തൃശൂർ സെന്റ് തോമസ് കോളജിൽ പഠിച്ച് ഇന്റർമീഡിയറ്റ് പൂർത്തീകരിച്ചു. 1940ൽ മദ്രാസ് ക്രിസ്‌ത്യൻ കോളജിൽ ബിരുദത്തിനു ചേർന്നു. എന്നാൽ 1942ലെ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തതോടെ അവിടെനിന്നും പുറത്താക്കപ്പെട്ടു. പുറത്താക്കുമ്പോൾ സ്‌കോട്ട്‌ലൻഡുകാരനായ പ്രിൻസിപ്പൽ റവ. ബോയിഡ് പറഞ്ഞു: നിന്റെ ധൈര്യത്തെയും രാജ്യസ്‌നേഹത്തെയും ഞാൻ അനുമോദിക്കുന്നു. പക്ഷേ കോളജിൽ നിന്ന് പുറത്താക്കാതെ നിവൃത്തിയില്ല.

ഗാന്ധിജിയുടെ ആഹ്വാനമനുസരിച്ച് രാജ്യമെങ്ങും യുവാക്കൾ പഠനമുപേക്ഷിച്ച് രാജ്യത്തിന്റെ മോചനത്തിനു വേണ്ടി ഇറങ്ങുന്ന കാലമായിരുന്നു അത്. അന്നത്തെ ആയിരങ്ങൾക്കൊപ്പം ചേരാനായിരുന്നു കോളജിൽ നിന്ന് പുറത്തായ മാമ്മന്റെയും തീരുമാനം. 1943ൽ നാട്ടിൽ തിരിച്ചെത്തി ദേശീയപ്രസ്‌ഥാനത്തിന്റെ പ്രവർത്തനങ്ങളിൽ പങ്കുചേർന്നു. ഇരുപത്തിരണ്ടാം വയസിൽ താമസം തിരുവല്ലയിലേക്ക് മാറ്റി. തുടർന്ന് തിരുവല്ലയും കോട്ടയവുമായിരുന്നു ദീർഘകാലം പ്രവർത്തനകേന്ദ്രം. 1996ലാണ് വീണ്ടും തിരുവനന്തപുരത്തേക്ക് താമസം മാറ്റിയത്.

രാമാശ്രമം അവാർഡ്, ലോഹ്യാവിചാരവേദിയുടെ അവാർഡ്, ടികെവി ഫൗണ്ടേഷൻ അവാർഡ് തുടങ്ങിയവ ലഭിച്ചു. സാമൂഹിക തിന്മകൾക്കെതിരെ നടത്തുന്ന ധീരമായ പോരാട്ടത്തിന് 1995ൽ കോട്ടയം വൈഎംസിഎ മദർ തെരേസ പുരസ്‌കാരം നൽകി ബഹുമാനിച്ചു. മദ്യനിരോധനത്തിന്റെ ശക്‌തനായ വക്‌താവായ മാമ്മൻ അതിനുവേണ്ടിയും നിരവധി സമരങ്ങളിൽ പങ്കാളിയായി. സ്വന്തമായി വീടോ കാറോ സമ്പാദ്യമോ ഇല്ലാതെയാണ് മാമ്മൻ ജീവിച്ചത്. കൂട്ടിന് ഗാന്ധിയൻ തത്വങ്ങൾ മാത്രം മതി എന്നായിരുന്നു നിലപാട്.

പരിശുദ്ധ കാതോലിക്കാ ബാവാ അനുശോചിച്ചു

കെ. ഇ. മാമ്മന്‍റെ നിര്യാണത്തില്‍ പരിശുദ്ധ കാതോലിക്കാ ബാവാ അനുശോചിച്ചു. അടിസ്ഥാന മാനുഷീക മൂല്യങ്ങള്‍ പാലിക്കുന്നതില്‍ വിട്ടുവീഴ്ച്ചയില്ലാത്ത നിലപാട് പുലര്‍ത്തിയ യഥാര്‍ത്ഥ ഗാന്ധിയനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്നു കെ. ഇ. മാമ്മന്‍ എന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പറഞ്ഞു.

വന്ദ്യവായോധികാനായ കെ.ഇ.മാമ്മന്‍റെ വേര്‍പാടിലൂടെ ഗാന്ധിയന്‍ തലമുറയിലെ അവശേഷിക്കുന്ന അപൂര്‍വ്വംകണ്ണികളിലൊന്നുകൂടി അറ്റുപോയിരിക്കുന്നു.നിസ്വാര്‍ത്ഥസേവനത്തിന്‍റെ ഉത്തമ ഉദാഹരണം.സ്വാതന്ത്രിയസമരകാലത്തെ തിളയ്ക്കുന്ന യുവത്വം.പ്രത്യാഘാതങ്ങള്‍ കണക്കിലെടുക്കാതെ ബോദ്യത്തിനുവേണ്ടിയുള്ള ഉശിരന്‍ നിലപാടുകള്‍.നീതിക്കുവേണ്ടിയുള്ള വിട്ടുവീഷ്ച്ചയില്ലാത്ത പോരാട്ടം.പലപ്പോഴും അതു ഒറ്റയാന്‍ പോരാട്ടമാവുന്നു.സത്യസന്ധമായതുകൊണ്ട് അതിനു വൈകാരിക പ്രതിഫലനം.മദ്യവര്‍ജന പ്രസ്ഥാനത്തിന്‍റെ മുന്നണി വക്താവ്……..ഇടപെട്ടരംഗങ്ങലിലെല്ലാം പൂര്‍ണ്ണസമര്‍പ്പണത്തോടെ മാതൃകാപരമായി വര്‍ത്തിച്ച ആ മഹത്വ്യക്തിത്വത്തിനു ഹൃദയപൂര്‍വമായ പ്രണാമം.

– Joseph M. Puthusserry

തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിൽ കെ.ഇ.മാമ്മന്റെ സംസ്കാരത്തിനു മുമ്പ് സർക്കാരിന്റെ ഔദ്യോഗിക ബഹുമതി അർപ്പിക്കുന്നു.

A memorable day for K.E. Mammen – The Hindu

Gandhian K.E. Mammen celebrates 93rd birthday