ദൈവതിരുനാമം മഹത്വപ്പെടട്ടെ
മലങ്കരസഭയുടെ നീതിപൂര്‍വ്വമായ സമാധാന ഐക്യത്തിലേക്കുള്ള ഒരു സ്നേഹാഭ്യര്‍ത്ഥന
ഫാ. സി. സി. ചെറിയാന്‍
മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയിലെ പ്രിയ സഹോദരങ്ങളെ, ഏവര്‍ക്കും ക്രിസ്തുവിന്‍റെ നാമത്തില്‍ സ്നേഹവന്ദനം!
നമ്മുടെ സഭയില്‍ തലമുറകളായി നീണ്ടുനില്‍ക്കുന്ന വ്യവഹാരത്തിന് അന്ത്യം കുറിച്ചുകൊണ്ട് ഒരു സഭയായി യോജിച്ചു വളര്‍ന്ന് മുന്നോട്ട് പോകുവാന്‍ ദൈവം നമുക്ക് വഴികാണിച്ചു തന്നിരിക്കുന്നു. ഇനിയും ആ വഴിയില്‍കൂടി ദൈവാശ്രയത്തോടെ ഒന്നിച്ച് മുന്നോട്ട് കുതിച്ച് ദൈവനാമ മഹത്വത്തിനായും ഉത്തമ ക്രിസ്തീയ സാക്ഷ്യത്തിനായും പ്രവര്‍ത്തിക്കുവാന്‍ നമുക്ക് എല്ലാവര്‍ക്കും നമ്മുടെ പരിധികളും പരിമിതികളും തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ പരിശുദ്ധാത്മാവ് നമ്മുടെ ഹൃദയങ്ങളെ സ്പര്‍ശിക്കാന്‍ അനുവദിക്കുക.
ഐക്യത്തിലേക്കുള്ള പൊതുആഹ്വാനം ലഭിച്ചെങ്കിലും അതിനെതിരായി പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്ന ശക്തികളും നിലനില്‍ക്കുന്നുണ്ട്. സത്യവും അസത്യവും തമ്മിലുള്ള പോരാട്ടം ഈ ലോകത്തിന്‍റെ പ്രമാണമാണ്. സത്യം നിങ്ങളെ സ്വതന്ത്രരാക്കും എന്നു നാം സാധാരണ പറയാറുണ്ട്. എന്നാല്‍ “സത്യം” ദൈവമാണെന്നും അസത്യം സാത്താന്‍ (എതിരാളി) ആണെന്നും വി. വേദപുസ്തകം സാക്ഷിക്കുന്നു. ആകയാല്‍ അടിസ്ഥാനപരമായി ഈ മര്‍മ്മം ഗ്രഹിക്കുന്നവര്‍ക്ക് ചിന്തിക്കുവാനായി ചില കാര്യങ്ങള്‍ കുറിക്കട്ടെ.
1. സഭയില്‍ ഐക്യവും സമാധാനവുമാണ് ദൈവഹിതം. അത് ഏതുവിധം നടപ്പാക്കണമെന്ന കാര്യത്തിലാണ് അഭിപ്രായ വ്യത്യാസം ഉള്ളത്. സഭയുടെ ചരിത്രം പരിശോധിച്ചാല്‍, സഭയ്ക്കു നേരിടേണ്ടിവന്ന തര്‍ക്കങ്ങളും വേദവിപരീതങ്ങളുമെല്ലാം പരിശോധിച്ച് അന്ത്യതീരുമാനമെടുത്ത് നടപ്പാക്കാനായി സഭയുടെ സുന്നഹദോസുകള്‍ വിളിച്ചുകൂട്ടിയിരുന്നത് അതതു കാലത്തെ ദേശീയ ഭരണാധികാരികളായിരുന്നല്ലോ. യേശുക്രിസ്തു മുതല്‍ അപ്പോസ്തോലന്മാര്‍, രക്തസാക്ഷികള്‍ തുടങ്ങിയവരുടെ ജീവിതങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ദേശാധിപതികള്‍ക്ക് ദൈവം അധികാരം നല്‍കിയിട്ടുണ്ട്. ആ നിലയില്‍ ഭാരതത്തിന്‍റെ പരമോന്നത കോടതി നല്‍കിയ വിധിതീര്‍പ്പ് ദൈവികമാണെന്ന് എല്ലാവരും തിരിച്ചറിഞ്ഞ് ദൈവത്തോടെന്നപോലെ വിധേയപ്പെട്ട് അനുസരിക്കണം.
2. 1934-ലെ ഭരണഘടനയില്‍ പരാമര്‍ശിക്കുന്ന പരിശുദ്ധ അന്ത്യോഖ്യാ പാത്രിയര്‍ക്കീസും ഭാരതസഭയുടെ തലവനായ പരിശുദ്ധ കാതോലിക്കായും ഭരണഘടനയും 2017 ജൂലൈ മൂന്നിലെ സുപ്രീംകോടതിക്ക് വിധേയമായും പരസ്പരസ്വീകരണം നടത്തുവാന്‍ ആലോചനകള്‍ പുരോഗമിക്കുന്നതായി അറിയുന്നു. 1958-ലെ ലയനം നമുക്ക് മാതൃകയായിട്ടുണ്ടല്ലോ. അങ്ങനെ പരിശുദ്ധ പിതാക്കന്മാരുടെ ഒരു സംയുക്ത ഇടയലേഖനം മലങ്കരസഭയിലെ ഇരുവിഭാഗങ്ങളിലേയും പള്ളികള്‍ക്ക് ലഭിക്കുവാന്‍ സഭാമക്കള്‍ പ്രാര്‍ത്ഥനയോടും ക്ഷമയോടും കൂടി കാത്തിരിക്കണം. പരസ്പരം കുറ്റംപറഞ്ഞ് ഭിന്നത വര്‍ദ്ധിപ്പിക്കുവാനുള്ള എല്ലാ നീക്കങ്ങളും സാത്താന്‍റേതാണെന്ന് തിരിച്ചറിയുവാന്‍ പരിശുദ്ധാത്മാവ് സഭാമക്കളെ സഹായിക്കട്ടെ.
3. യാക്കോബായ വിഭാഗത്തിലെ ഭദ്രാസനങ്ങളും, മെത്രാപ്പോലീത്താമാരും, മറ്റു ഭരണസംവിധാനങ്ങളും ഇപ്പോഴുള്ള അവസ്ഥയില്‍ തന്നെ തുടരുവാന്‍ ധാരണ ഉണ്ടാകണം. നേരത്തെ പാത്രിയര്‍ക്കീസ് വിഭാഗത്തില്‍ നിന്നും ഓര്‍ത്തഡോക്സ് വിഭാഗത്തിലേക്ക് വന്ന് അനുഗ്രഹകരമായി പ്രവര്‍ത്തിക്കുന്ന രണ്ടു ഭദ്രാസനങ്ങള്‍ (തൃശൂര്‍, കണ്ടനാട് ഈസ്റ്റ്) നമുക്ക് നല്ല മാതൃകയാണല്ലോ. ആ തരത്തില്‍ ശേഷമുള്ള എല്ലാ മെത്രാപ്പോലീത്താമാരേയും സ്വീകരിക്കുവാന്‍ ഓര്‍ത്തഡോക്സ് വിഭാഗം സര്‍വ്വാത്മനാ തയ്യാറാകുമെന്നാണ് എന്‍റെ വിശ്വാസം. സാങ്കേതികമായി ഒരു സത്യവാങ്മൂലം രൂപപ്പെടുത്തി നിയമന കല്പന ഔദ്യോഗികമായി കാതോലിക്കാ ബാവായില്‍ നിന്നും സ്വീകരിക്കാനുള്ള സമീപനം ഉണ്ടാകണമെന്ന് മാത്രം.
4. യോജിച്ച സഭയുടെ പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ്, മാനേജിംഗ് കമ്മിറ്റി, വര്‍ക്കിംഗ് കമ്മിറ്റി എന്നിവ ഘട്ടംഘട്ടമായി ഭദ്രാസനതലത്തില്‍ സമ്മേളിച്ച് സഭാഭരണം വിഘ്നം കൂടാതെ നിര്‍വഹിക്കുവാന്‍ എല്ലാവരും നിസ്വാര്‍ത്ഥമായി സഹകരിക്കണം.
5. ശ്രേഷ്ഠകാതോലിക്കാ ബാവായെ എല്ലാവിധ ബഹുമാനാദരവുകളോടെ വിശ്രമിക്കുവാന്‍ അനുവദിക്കണം. ആ പിതാവിന്‍റെ എല്ലാ ജീവിതസൗകര്യങ്ങളും യാതൊരു കുറവും വരുത്താതെ അദ്ദേഹം ഇഷ്ടപ്പെടുന്ന സ്ഥലത്തും വിധത്തിലും ഏര്‍പ്പെടുത്തുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. എന്നാല്‍ ഭരണസംബന്ധമായ കാര്യങ്ങളില്‍ നേരിട്ട് ഇടപെടുന്നില്ലെങ്കിലും പിതാവിന്‍റെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരിഗണിച്ചുകൊണ്ട് തന്നെ മുന്നോട്ട് പോകണം.
6. യാക്കോബായ വിഭാഗത്തിലെ ഭരണമില്ലാത്ത എപ്പിസ്കോപ്പാമാര്‍, വൈദികര്‍ എന്നിവരുടെ തല്‍സ്ഥിതി തുടരാവുന്നതും, ഭാവിയില്‍ സഭയുടെ പരമോന്നത സമിതിയായ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ കൂടി തീരുമാനങ്ങള്‍ കൈക്കൊള്ളാവുന്നതുമാണ്.
7. മലങ്കരസഭ ഒന്നാണെന്ന ഐക്യബോധം തകര്‍ക്കുവാന്‍ ഇരുവിഭാഗത്തേയും ചുരുക്കം ചിലര്‍ ശ്രമിക്കുന്നത് ഖേദകരമാണ്. ഇരുവിഭാഗങ്ങളും ഒരു പരാതി/അഭിപ്രായ ശേഖരണ സമിതിയെ നിയമിച്ച് പ്രസിദ്ധപ്പെടുത്തുകയും അവരവരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ആ സമിതികളിലേക്ക് മാത്രം സ്വകാര്യമായി കൈമാറുകയും അവരുടെ നിര്‍ദ്ദേശങ്ങള്‍ക്കും നടപടി ക്രമങ്ങള്‍ക്കുമായി ക്ഷമയോടെ കാത്തിരിക്കുകയും ചെയ്യണം. വക്കീലന്മാരുടെ നിലനില്‍പ്പിന് കേസുകള്‍ നിലനിര്‍ത്തേണ്ടത് ആവശ്യമാകയാല്‍ അവരും അവരോട് അനുഭാവമുള്ളവരും വ്യവഹാരത്തിലേക്ക് ആകര്‍ഷിക്കുവാന്‍ ശ്രമിക്കുമെന്നത് സ്വാഭാവികമാണ്. പക്ഷേ, ഇത്രയുംനാള്‍ കോടതിക്ക് പുറത്ത് പരിഹാരം എന്നു പറഞ്ഞ് ഇനിയും കോടതിയിലേക്ക് സഭയെ വലിച്ചിഴയ്ക്കുന്നത് ദൈവികമാണോ എന്ന് അതിന് ആഹ്വാനം ചെയ്യുന്നവര്‍ ആത്മശോധന ചെയ്യുക.
സത്യത്തെ സ്നേഹിച്ച് അതിനുവേണ്ടി എല്ലാ സ്വാര്‍ത്ഥതയും ഉപേക്ഷിക്കുന്നവരോടു കൂടി ദൈവം പ്രവര്‍ത്തിച്ച് അനുഗ്രഹിക്കുമെന്ന് ഉറച്ച് വിശ്വസിക്കുക. പ. പൗലൂസ് ശ്ലീഹായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: “സത്യത്തെ വിശ്വസിക്കാതെ അനീതിയില്‍ രസിക്കുന്ന ഏവര്‍ക്കും ന്യായവിധി വരേണ്ടതിന് ദൈവം അവര്‍ക്ക് ഭോഷ്ക് വിശ്വസിക്കുമാറ് വ്യാജത്തിന്‍റെ വ്യാപാരശക്തി അയയ്ക്കുന്നു” (2 തെസ. 2:11-12).
ശ്രദ്ധിക്കുക: സത്യത്തെ സ്നേഹിക്കാനും സ്വീകരിക്കാനും മനസ്സില്ലാത്തവരെ, നുണ വിശ്വസിക്കേണ്ടതിന് നുണ മാത്രം പറയുന്നവനായ സാത്താനെ ഏല്പിക്കുമെന്ന് അറിയുക. സമാധാനം നടത്തുന്നവരാണ് (ആലോചിക്കുന്നവരോ, തര്‍ക്കിക്കുന്നവരോ അല്ല) ദൈവത്തിന്‍റെ പുത്രന്മാര്‍ എന്ന് വിളിക്കപ്പെടുന്നതും. നാം ദൈവമക്കളായി തീരുവാനാണ് പിതാക്കന്മാരെല്ലാം നമ്മോട് ഉപദേശിച്ചിട്ടുള്ളത്. അതിന് യേശുവിന്‍റെ മാര്‍ഗ്ഗം “ഞാന്‍ തന്നെ വഴിയും സത്യവും ജീവനുമാകുന്നു” എന്ന ഏകമാര്‍ഗ്ഗം നമുക്ക് തെരഞ്ഞെടുക്കാം. മറ്റ് എല്ലാ വഴികളും നാശത്തിലേക്കാണ് നയിക്കുന്നത് എന്ന് തിരിച്ചറിഞ്ഞ് ഉണര്‍ന്ന് ദൈവാശ്രയത്തോടെ, ക്ഷമയോടെ കാത്തിരുന്ന് ദൈവം നല്‍കാന്‍ ആഗ്രഹിക്കുന്ന ഐക്യത്തിനും സമാധാനത്തിനും വളര്‍ച്ചയ്ക്കുമായി പ്രാര്‍ത്ഥനയോടും ഉപവാസത്തോടും കൂടി കാത്തിരിക്കുക. ദൈവം നമുക്കായി വന്‍ കാര്യങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അതിലേക്ക് നാം ഓരോരുത്തരുടേയും “പൂര്‍ണ്ണ ശക്തിയോടും, മനസ്സോടും, ആത്മാവോടും കൂടിയുള്ള സമര്‍പ്പിത സഹകരണം ആവശ്യപ്പെടുന്നു. വെളി. 3:20-22 “ഞാന്‍ വാതില്‍ക്കല്‍ നിന്ന് മുട്ടുന്നു; ആരെങ്കിലും എന്‍റെ ശബ്ദം കേട്ട് വാതില്‍ തുറന്നാല്‍ ഞാന്‍ അവന്‍റെ അടുക്കല്‍ ചെന്ന് അവനോടും അവന്‍ എന്നോടും കൂടെ അത്താഴം കഴിക്കും…. ജയിക്കുന്നവന് ഞാന്‍ എന്നോടുകൂടെ എന്‍റെ സിംഹാസനത്തില്‍ ഇരിക്കാന്‍ വരം നല്‍കും. ആത്മാവ് സഭകളോട് പറയുന്നത് എന്തെന്ന് ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.”