പോക്കണോസ് (പെന്‍സില്‍വേനിയ)∙ അടിയുറച്ച സഭാസ്‌നേഹത്തിന്റെയും ആത്മവിശുദ്ധിയുടെ മഹത്വവും വിളിച്ചോതി മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന് ഭക്തിനിര്‍ഭരമായ തുടക്കം. കുടുംബക്കൂട്ടായ്മയുടെ പ്രാധാന്യം ഉയര്‍ത്തിക്കാണിച്ച് വൈകിട്ട് ഏഴിനു നടന്ന വര്‍ണ്ണശബളമായ ഘോഷയാത്രയോടെയാണ് കോണ്‍ഫറന്‍സിന് തുടക്കമായത്. ഭക്തിഗാനങ്ങളുടെയും സഭാവിശ്വാസപ്രഖ്യാപനങ്ങളുടെയും, സഭയോടും മെത്രാപ്പോലീത്തമാരോടുമുള്ള കൂറും വിധേയത്വവും പ്രഖ്യാപിച്ചു കൊണ്ടും ശിങ്കാരിമേളത്തിന്റെയും അകമ്പടിയോടെ കുട്ടികളും, യുവജനങ്ങളും, സ്ത്രീപുരുഷന്മാരും വൈദികരും മെത്രാപ്പോലീത്തന്മാരും ഒരുമിച്ചു ചേര്‍ന്നു നടത്തിയ ഘോഷയാത്ര അവിസ്മരണീയമായി. ഭക്തിഗാനങ്ങളുടെയും സഭാവിശ്വാസപ്രഖ്യാപനങ്ങളുടെയും, സഭയോടും മെത്രാപ്പോലീത്തമാരോടുമുള്ള കൂറും വിധേയത്വവും പ്രഖ്യാപിച്ചു കൊണ്ടും ശിങ്കാരിമേളത്തിന്റെയും അകമ്പടിയോടെ കുട്ടികളും, യുവജനങ്ങളും, സ്ത്രീപുരുഷന്മാരും വൈദികരും മെത്രാപ്പോലീത്തന്മാരും ഒരുമിച്ചു ചേര്‍ന്നു നടത്തിയ ഘോഷയാത്ര അവിസ്മരണീയമായി. മുത്തുക്കുടകളും കൊടികളും വഹിച്ചു കൊണ്ടായിരുന്നു ഘോഷയാത്ര. ശിങ്കാരിമേളമായിരുന്നു ഒരു ഹൈലൈറ്റ്. എല്‍മോണ്ട് സെന്റ് ഗ്രിഗോറിയോസ് ഇടവകയുടെ നേതൃത്വത്തിലായിരുന്നു മേളം.
രാവിലെ ഒമ്പതു മുതല്‍ തന്നെ വിശ്വാസികള്‍ കലഹാരിയിലേക്ക് ഒഴുകിയെത്തി, വാട്ടര്‍ തീം പാര്‍ക്കിലെ സൗകര്യങ്ങള്‍ മൂന്നു മണി വരെ പ്രയോജനപ്പെടുത്തി. നാലു മണിക്ക് ലഘുഭക്ഷണം. 5.30-ന് എല്ലാ വിഭവങ്ങളും നിറഞ്ഞ സമൃദ്ധമായ അത്താഴം. രാത്രി 8.30-ന് താമസിച്ച് എത്തിയവര്‍ക്കു വേണ്ടി വീണ്ടും ബുഫേ ഒരുക്കിയിരുന്നു. കഥാപ്രസംഗത്തിനു ശേഷം നാടന്‍ ഏത്തക്കാപ്പവും പരിപ്പുവടയും വീണ്ടും. അനു ജോസഫ് ചെയര്‍പേഴ്‌സണായ ടീം ഷൈനോ-യിലെ കുട്ടികള്‍ സ്തുത്യര്‍ഹമായ സേവനാണ് നടത്തിയത്.
ഫാമിലി കോണ്‍ഫറന്‍സിന്റെ ചരിത്രത്തിലാദ്യമായി ഭദ്രാസനത്തിലെ 53 ഇടവകകളില്‍ നിന്നുള്ള പങ്കാളിത്തമായിരുന്നു ശ്രദ്ധേയം. കാനഡ- ടൊറന്റോയിലെ വിവിധ ഇടവകകളില്‍ നിന്നും വൈദികരടക്കം നിരവധി പേര്‍ എത്തിച്ചേര്‍ന്നിരുന്നു. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി ഐസ് ബ്രേക്കിങ് സെഷന്‍ (അന്യോന്യം പരിചയപ്പെടുന്നതിനുള്ള സമയം) ഒരുക്കിയിരുന്നു. ക്യാമ്പ് ഫയറും അവര്‍ക്കായി ഏര്‍പ്പെടുത്തിയിരുന്നു.
സഭയുടെയും സമൂഹത്തിന്റെയും ഉയര്‍ച്ചയ്ക്കും വളര്‍ച്ചയ്ക്കും നാം ഓരോരുത്തരും പരസ്പരം പ്രോത്സഹാപ്പിക്കേണ്ടതും ശക്തീകരിക്കേണ്ടതും അത്യന്താപേക്ഷിതമാണെന്നും തന്റെ ഉദ്ഘാടന പ്രസംഗതത്ില്‍ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത ഉദ്‌ബോധിപ്പിച്ചു. കോണ്‍ഫറന്‍സിന്റെ സുഗമമായ നടത്തിപ്പിന് 500-ല്‍ കൂടാത്ത അംഗസംഖ്യ മതിയെന്നു തീരുമാനിച്ചിരുന്നുവെങ്കിലും ജനങ്ങളുടെ താത്പര്യവും ആവശ്യവും പരിഗണിച്ച് ആയിരം പേരെ പങ്കെടുപ്പിക്കാന്‍ കഴിഞ്ഞുവെന്നത് തികച്ചും ചാരിതാര്‍ത്ഥ്യജനകമാണെന്നു തിരുമേനി അറിയിച്ചു.
പരസ്പരം പ്രബോധനവും പ്രാര്‍ത്ഥനയും പ്രോത്സാഹനവും കൊണ്ട് ക്രിസ്തീയസഭയിലുണ്ടായ മാറ്റങ്ങളും വളര്‍ച്ചയും സഭാ ചരിത്ര രേഖകള്‍ ഉദ്ധരിച്ചു കൊണ്ട് കോണ്‍ഫറന്‍സിന്റെ മുതിര്‍ന്നവര്‍ക്കു വേണ്ടിയുള്ള മുഖ്യ പ്രാസംഗികന്‍ റവ. ഫാ. ഡോ. എം.ഒ. ജോണ്‍ വിവരിച്ചു. മറ്റുള്ളവരെ ചെറുതാക്കി കാണിക്കാനോ, മറ്റുള്ളവരുടെ കുറവുകളെ ഉയര്‍ത്തിക്കാണിക്കാനോ ശ്രമിക്കാതെ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനും ഉയര്‍ത്താനും ശ്രമിക്കേണ്ടത് ക്രിസ്തീയ ധര്‍മ്മമാണെന്ന് യുവാക്കള്‍ക്കു വേണ്ടി മുഖ്യപ്രസംഗം നടത്തുന്ന ഡോ. ഡോണ റിസ്‌ക് ഉദ്‌ബോധിപ്പിച്ചു. കോണ്‍ഫറന്‍സില്‍ അന്നന്നു നടക്കുന്ന കാര്യങ്ങളുടെ പ്രസക്തമായ കാര്യങ്ങള്‍ അന്നന്നു തന്നെ പ്രസിദ്ധീകരിക്കുന്നതിനും അതു കോണ്‍ഫറന്‍സില്‍ സംബന്ധിക്കുന്ന എല്ലാവര്‍ക്കും വിതരണ ചെയ്യുന്നതിനും ‘കോണ്‍ഫറന്‍സ് ക്രോണിക്കിള്‍’ എന്ന പേരില്‍ ഒരു പ്രസിദ്ധീകരണം പുറത്തിറക്കുന്നുണ്ട്. ബുധനാഴ്ചത്തെ ‘കോണ്‍ഫറന്‍സ് ക്രോണിക്കിള്‍’ ചീഫ് എഡിറ്റര്‍ ലിന്‍സി തോമസില്‍ നിന്നും ഒരു കോപ്പി ഏറ്റു വാങ്ങി മാര്‍ നിക്കോളോവോസ് പ്രകാശനം ചെയ്തു.
കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റര്‍ ഫാ.ഡോ. വറുഗീസ് എം. ഡാനിയേല്‍ തന്റെ സ്വാഗതപ്രസംഗത്തില്‍ കോണ്‍ഫറന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ ഇത്രയും ഭംഗിയായി തീര്‍ക്കാന്‍ അണിയറയിലും ദൂരത്തിരുന്നും പ്രവര്‍ത്തിച്ചവരെ പ്രത്യേകം അനുമോദിച്ചു സ്വാഗതം ചെയ്തു. കോണ്‍ഫറന്‍സ് ട്രഷറര്‍ ജീമോന്‍ വറുഗീസ് നന്ദി പ്രകാശിപ്പിച്ചു. കോണ്‍ഫറന്‍സിന്റെ സെക്യൂരിറ്റിയുടെ ചുതലക്കാരില്‍ ഒരാളായ മനു ഏബ്രഹാം (ടൊറന്റോ) കോണ്‍ഫറന്‍സിന്റെ നിയമാവലികളും പെരുമാറ്റ ചട്ടങ്ങളും വിശദീകരിച്ചു. ഫാ. മാത്യു തോമസ്, ഫാ. സുജിത്ത് തോമസ്, ഫാ. ബാബു കെ. മാത്യു, ഫാ. ലാലി ജോര്‍ജ് പനയ്ക്കാമറ്റം, ഡീക്കന്‍ ഗീവറുഗീസ് (ബോബി വറുഗീസ്), ഡോ.ഫിലിപ്പ് ജോര്‍ജ്, സജി എം. പോത്തന്‍, സാജന്‍ മാത്യു, ജോസഫ് ഏബ്രഹാം, എബി കുര്യാക്കോസ് എന്നിവരും വേദിയില്‍ സന്നിഹിതരായിരുന്നു.