നമുക്ക് പിതാക്കന്മാരുടെ കാലടികളെ പിന്തുടരാം / ഡോ. എം. കുര്യന്‍ തോമസ്


സ്തുതി ചൊവ്വാകപ്പെട്ട സത്യവിശ്വാസം പാലിക്കുക എന്നാല്‍ വാക്കാലും പ്രവര്‍ത്തിയാലും സത്യവിശ്വാസം വെളിവാക്കിത്തന്ന പിതാക്കന്മാരുടെ പാത അണുവിടാതെ പിന്തുടരുക എന്നൊരു വശം കൂടി ആതിനുണ്ട്. അപ്പോസ്തോലിക കാലത്തോ, മൂന്നു പൊതു സുന്നഹദോസുകളുടെ കാലത്തോ ജീവിച്ചിരുന്നവരെ മാത്രമല്ല സഭാപിതാക്കന്മാരായി കണക്കാക്കുന്നത്. സത്യവിശ്വാസത്തെ പാലിച്ച് നിലനിര്‍ത്തി നമുക്ക് ഏല്പിച്ചുതന്നവരായ എല്ലാവരും സ്ഥലകാലാതീതമായി സഭാ പിതാക്കന്മാരാണ്. പിതാക്കന്മാരെപ്പറ്റിയുള്ള പഠനങ്ങള്‍ (ുലൃശേശെേരെ) എന്ന വേദശാസ്ത്ര ശാഖ തന്നെ ഇവരെപ്പറ്റിയുള്ള പഠനത്തിനായി രൂപമെടുത്തതാണ്. മാതൃകായോഗ്യമായ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചതെങ്കില്‍ ഇവരില്‍ മലങ്കര മെത്രാപ്പോലീത്താമാരും ഇന്ത്യയിലെത്തിയ അന്ത്യോഖ്യന്‍ മെത്രാന്മാരും ഉള്‍പ്പെടും. അവരില്‍ ചിലരുടെ അനുകരണീയ യത്നങ്ങളെ നടപ്പിലാക്കി യഥാര്‍ത്ഥ ക്രൈസ്തവരാണ് നസ്രാണികള്‍ എന്നു തെളിയാക്കാനുള്ള അവസരം ഇപ്പോള്‍ സമാഗമമായിരിക്കുന്നു.
ക്രിസ്തുവിന്‍റെ ശരീരമായ മലങ്കരസഭയെ അനാവശ്യമായി വെട്ടിമുറിച്ച 1975-ലെ പിളര്‍പ്പ് സഭാംഗങ്ങളില്‍ ഭൂരിഭാഗത്തിനും വേദനാജനകമായ അനുഭവമാണെന്നതില്‍ രണ്ടുപക്ഷമില്ല. ഈ മുറിവ് ഇല്ലാതാകണമെന്ന് നിത്തലത്തെ രണ്ടുനേരത്തെ നമസ്ക്കാരത്തിലും കുറുവാനയിലും പ്രാര്‍ത്ഥിക്കുന്ന അനേകായിരങ്ങള്‍ ഇരുപക്ഷത്തുമുണ്ട്. ഇന്ത്യയുടെ അത്യുന്നത നീതിപീഠമായ സുപ്രീംകോടതിയും ഈ മുറിവ് ഇല്ലാതാക്കണമെന്ന് നിര്‍ദ്ദേശിച്ചു. അതു സാധിതപ്രായമായില്ലെന്നു മാത്രമല്ല, ഈ മുറിവ് ശാശ്വതമായ ഒരു പിളര്‍പ്പാക്കാനാണ് ഇന്ന് ശ്രമം നടക്കുന്നത്. ഇതിന് വിഭജനപ്രിയരായ രാഷ്ട്രീയ-ബിസിനസ് ലോബിയും, മദ്ധ്യസ്ഥവീരരായ ഉമ്മട്ടിപ്പണിക്കരുമാരും, തമ്മില്‍ത്തല്ലി തലകീറുമ്പോള്‍ ചിതറുന്ന രക്തത്തുള്ളികള്‍ നക്കിക്കുടിക്കാന്‍ നടക്കുന്ന കുറുക്കന്മാരും മാത്രമല്ല ഉത്തരവാദികള്‍. തരംതാണ ജനപ്രീതിയും കൈയടിയും കിട്ടാന്‍ എന്തു വിഡ്ഢിത്വവും മാധ്യമദ്വാരാ എഴുന്നള്ളിക്കാന്‍ മടിക്കാത്ത ഇരുപക്ഷത്തുമുള്ള ചില വൈദികസ്ഥാനികളും ഇതില്‍ ഉള്‍പ്പെടും എന്നത് നഗ്നസത്യമാണ്.
1975-ലെ പിളര്‍പ്പിന്‍റെ ഹേതുക്കളും പിതൃത്വവും ഇനിയും അന്വേഷിക്കേണ്ടതില്ല. അവയെല്ലാം അപ്രസക്തമാണെന്ന് സുപ്രീംകോടതി തന്നെ പറഞ്ഞിട്ടുണ്ട്. പക്ഷേ സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം 1995-ല്‍ ആരംഭിച്ച മുറിവുണക്കല്‍ പ്രക്രിയ എന്തുകൊണ്ടു പരാജയപ്പെട്ടു? ആരാണതിനു പിമ്പില്‍ എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. കുറ്റവാളിയെ കണ്ടെത്തി ശിക്ഷിക്കാനല്ല, മറിച്ച് അവയെ ഒഴിവാക്കി ആ പ്രക്രിയ യാഥാര്‍ത്ഥ്യമാക്കാനാണ്.
ഇവിടെയാണ് പിതാക്കന്മാരുടെ കാലടികളെ പിന്തുടരുക എന്ന ഓര്‍ത്തഡോക്സ് തത്വം പ്രസക്തമാകുന്നത്. മലങ്കരയില്‍ സമാനമായ ഒരവസ്ഥ സംജാതമാകുകയും ഒരുപക്ഷേ ഇന്നത്തേക്കാള്‍ മോശമായ സാഹചര്യങ്ങളിലേയ്ക്ക് അതു വളരുകയും ചെയ്തപ്പോള്‍ അത്തരമൊരു വിപരീതാവസ്ഥ തരണം ചെയ്യുവാന്‍ അന്ന് പിതാക്കന്മാര്‍ എന്തു ചെയ്തു എന്നും, അതിന്‍റെ ഗുണഫലം എന്തായിരുന്നു എന്നും മനസിലാക്കി, കാലികമായ പരിഷ്ക്കാരങ്ങളോടെ അവയെ നടപ്പിലാക്കുക എന്നതാണ് ഇന്ന് കരണീയം. സഭ നിര്‍ദ്ദേശിക്കുന്നതും അത്തരമൊരു നടപടിയാണ്. അതിന് രണ്ടര നൂറ്റാണ്ട് പിന്നോട്ട് പോകേണ്ടിയിരിക്കുന്നു. മലങ്കര മെത്രാപ്പോലീത്തായായ വലിയ മാര്‍ ദീവന്നാസ്യോസും അന്ത്യോഖ്യന്‍ മെത്രാന്‍ മാര്‍ ഈവാനിയോസ് യൂഹാനോനും 1770-ല്‍ സമാനമായ പ്രശ്നങ്ങള്‍ എപ്രകാരം പരിഹരിച്ചു എന്ന് പരിശോധിക്കുന്നത് ഇന്ന് തികച്ചും പ്രസക്തമാണ്.
മലങ്കരസഭയുടെ അന്ത്യോഖ്യന്‍ ബന്ധം ആരംഭിക്കുന്നത് 1665-ലാണ്. ആ വര്‍ഷമാണ് യേറുശലേമിലെ സുറിയാനി പാത്രിയര്‍ക്കീസ് പ. ഗ്രീഗോറിയോസ് അബ്ദല്‍ ജലീദ് കേരളത്തിലെത്തി മാര്‍ത്തോമ്മാ ഒന്നാമന്‍റെ മേല്പട്ടസ്ഥാനം ക്രമീകരിക്കുന്നത്. സഹായത്തിന്‍റെ ദൗത്യവുമായി (mission of help) യാണ് അദ്ദേഹം അന്ന് കേരളത്തിലെത്തിയത്. ഈ വസ്തുത അന്നത്തെ അന്ത്യോഖ്യാ പാത്രിയര്‍ക്കീസായ പ. ഇഗ്നാത്തിയോസ് അബ്ദല്‍ മ്ശീഹാ പ്രഥമന്‍ യൗനായ വര്‍ഷം 1996-ല്‍ (AD 1685) തെശ്റിന്‍ക്ദീം (ഒക്ടോബര്‍) 7-ാം തീയതി മലബാറിലെ സഭയ്ക്കയച്ച കല്പനയിലെ …നാം പറയുന്നതെന്തെന്നാല്‍, അബ്ദല്‍ ജലീല്‍ എന്ന ബഹുമാന്യനായ ഗ്രിഗോറിയോസ്, ദൈവീക മഹാമനസ്ക്കതയില്‍ നിന്നുള്ളവനായിരുന്നു. എന്തെന്നാല്‍ നിങ്ങള്‍ക്കു തന്നത്താന്‍ വന്ദ്യരായ മെത്രാന്മാരെ നിയമിക്കുവാനോ, വാഴിക്കുവാനോ സാദ്ധ്യമല്ലായിരുന്നു. പിന്നീട്, നിങ്ങള്‍ക്ക് വീണ്ടും ആവശ്യമുണ്ടാകുകയും മൂന്നു പ്രാവശ്യം നിങ്ങള്‍ നമ്മുടെ പേര്‍ക്ക് (ദൂതന്മാരെ) അയക്കുകയും ചെയ്തു. മ്ശീഹായുടെ സ്നേഹത്തില്‍, നിങ്ങളുടെ അപേക്ഷയ്ക്ക് നാം വഴങ്ങി, നമ്മുടെ പിതാവായ യല്‍ദോ പാത്രിയര്‍ക്കീസെന്ന നമ്മുടെ പിതാവ് മാര്‍ ബസ്സേലിയോസിനെയും അദ്ദേഹത്തെ അനുയാത്ര ചെയ്യുന്നവരുമായ നമ്മുടെ പിതാക്കന്മാരെയും നിങ്ങളുടെ പക്കലേയ്ക്കയച്ചു. അവരെ നാം അയച്ചത് നിങ്ങളോടൊത്ത് താമസിക്കാനല്ല, പിന്നെയോ നിങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും, നിങ്ങള്‍ക്ക് ബഹുമാന്യരായ മെത്രാന്മാരെയും മെത്രാപ്പോലീത്തന്മാരെയും വാഴിച്ചുതരുന്നതിനായിട്ടുമത്രേ. നിങ്ങളുടെ അപേക്ഷയെ നിവര്‍ത്തിച്ചതിനു ശേഷം അവരെ നമ്മുടെ പക്കലേക്ക് തിരികെ അയക്കുക. നിങ്ങളോടൊത്ത് അവര്‍ ദീര്‍ഘകാലം താമസിക്കണമെന്ന് നാം താല്പര്യപ്പെടുന്നില്ല. മൂന്നു വര്‍ഷത്തേക്കു മാത്രം… എന്ന ഭാഗം വ്യക്തമാക്കുന്നുണ്ട്.

മുക്കാല്‍ നൂറ്റാണ്ടു കഴിഞ്ഞപ്പോള്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്‍റെ സഹായത്തിന്‍റെ ദൗത്യം എന്ന മനോഭാവത്തിനു മാറ്റം വന്നു. അത് അധിനിവേശത്തിന്‍റെ മുഷ്ക്കിലേയ്ക്കു മാറി. ഇതിന് പാത്രിയര്‍ക്കീസിനെ മാത്രം കുറ്റം പറഞ്ഞിട്ടു കാര്യമില്ല. സ്വകാര്യസിദ്ധിക്കായി ഏതു ചെകുത്താനെയും കൂട്ടുപിടിക്കുന്ന മാപ്പിളയുടെ സ്വഭാവവിശേഷത്തിനും ഇതില്‍ കാര്യമായ പങ്കുണ്ട്. 1708-ല്‍ കേരളത്തിലെത്തി നെസ്തോറിയന്‍ വിശ്വാസവും റോമന്‍ കത്തോലിക്കാ വിശ്വാസവും തരംപോലെ സ്വീകരിച്ച് മാറിമാറിക്കളിച്ച മാര്‍ ഗബ്രിയേല്‍ എന്ന പേര്‍ഷ്യന്‍ മെത്രാനും ഇവിടെ അനുയായികളുണ്ടായി എന്ന വസ്തുത ഇത് ശരിവയ്ക്കുന്നു. എന്തു കാരണത്താലായാലും ഈ അനുകൂലാവസ്ഥ മുതലെടുത്താണ് അന്നത്തെ അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് മലങ്കരയുടെമേല്‍ അധികാരമുറപ്പിക്കാനുള്ള വ്യക്തമായ പദ്ധതിയുമായി മഫ്രിയാനാ മുതല്‍ ശെമ്മാശു വരെയുള്ള സ്ഥാനികളടങ്ങുന്ന ഒരു വൈദികവൃന്ദത്തെ പാശ്ചാത്യ സുറിയാനി പാരമ്പര്യത്തിലുള്ള ഗ്രന്ഥങ്ങള്‍, മദ്ബഹാ ഉപകരണങ്ങള്‍, തിരുശേഷിപ്പുകള്‍ ഇവ കൂടാതെ …മലയാളത്തില്‍ വാഴുന്ന മാര്‍ത്തോമ്മന്‍ മെത്രാനെ മാര്‍ ദിവന്നസ്യോസു മെത്രാപൌലിത്താ ആയിട്ടു വാഴിക്കത്തക്കവണ്ണം സൌത്താത്തിക്കോനും, വടിയും, മുടിയും, സ്ലീവായും… (നിരണം ഗ്രന്ഥവരിയുടെ ഭാഷ്യം) സഹിതം അയച്ചത്. അന്നത്തെ അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് പ. ഇഗ്നാത്തിയോസ് ഗീവര്‍ഗീസ് തൃതീയന്‍, മാര്‍ത്തോമ്മാ അഞ്ചാമന് 1749 ഓഗസ്റ്റ് 15-നും, 1753 ചിങ്ങം 25-നും എഴുതിയ കത്തുകളില്‍ ….അദ്ദേഹം (ശക്രള്ള മഫ്രിയാന) വിശ്വാസികള്‍ മുഴുവന്‍റെയും, പട്ടക്കാരുടെയും, ശെമ്മാശന്മാരുടെയും, പ്രധാന പുരോഹിതരുടെയും, മലബാറിലെ ഇടവക മുഴുവന്‍റെയും തലവനായിരിക്കും… എല്ലാ കാര്യങ്ങള്‍ക്കുമുള്ള അധികാരം അദ്ദേഹത്തിനു നല്‍കിയിരിക്കുന്നു…. എന്നും …അദ്ദേഹത്തിന്‍റെ കല്പനകള്‍ അനുസരിക്കണമെന്നും… ആവര്‍ത്തിച്ചു ആവശ്യപ്പെടുന്നത് ഈ അധിനിവേശ മോഹത്തിന്‍റെ പ്രകടമായ തെളിവാണ്. അതിനുമപ്പുറം, … പാത്രിയര്‍ക്കാ ഭോഗങ്ങളുടെയും യറുശലേമിലെ വി. കബറിടത്തിലേക്കുള്ള ഭോഗങ്ങളുടെയും ശേഖരണത്തിന്‍റെ ചുമതല അദ്ദേഹത്തിനായിരിക്കും… എന്ന് യാക്കോബ് തൃതീയന്‍ പാത്രിയര്‍ക്കീസ്, സമകാലിക രേഖകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ സുറിയാനി സഭാ ചരിത്രത്തില്‍ രേഖപ്പെടുത്തുമ്പോള്‍ ആത്മീയം മാത്രമല്ല ലൗകികവും ശീമ മെത്രാന്മാരുടെ ഭരണത്തിലാക്കാനാണ് അന്ന് പാത്രിയര്‍ക്കീസ് ഉദ്ദേശിച്ചതെന്ന് വ്യക്തമാകുന്നു.
ഭീമമായ വില നല്‍കേണ്ടി വന്നെങ്കിലും ഇതു വകവെച്ചു കൊടുക്കുവാന്‍ അന്നത്ത മലങ്കര മെത്രാനായിരുന്ന മാര്‍ത്തോമ്മാ അഞ്ചാമന്‍ തയാറായില്ല. പക്ഷേ അങ്ങുമിങ്ങും രണ്ടെജമാനന്മാരുള്ള അന്നത്തെ അവസ്ഥ സഭയ്ക്ക് ഗുരുതരമായ പരിക്കേല്‍പ്പിച്ചു. ഏതാണ്ട് ഇന്നത്തേതിനു സമാനമായ രീതിയില്‍ സഭ പിളര്‍ന്നു നില്‍ക്കുമ്പോഴാണ് അദ്ദേഹം കാലം ചെയ്യുന്നതും പിന്‍ഗാമിയായി മാര്‍ത്തോമ്മാ ആറാമന്‍ സ്ഥാനമേല്‍ക്കുന്നതും. പിന്നീടു നടന്ന സംഭവങ്ങളാണ് ശ്രദ്ധേയം. സമകാലികമായ നിരണം ഗ്രന്ഥവരി ഈ സംഭവ പരമ്പര ഇപ്രകാരം വിവരിക്കുന്നു:
…പരരാജ്യക്കാരുമായിട്ടുള്ള പിണക്കത്തിന, നമ്മിലുള്ള ആളുകള്‍തന്നെ ശത്രുതയായിട്ടു തുടങ്ങിയിരിക്കയാല്‍, ദ്രവ്യവും ആളാണ്മയും ഉള്ളവരാകകൊണ്ടു അവരെ ജയിച്ചു ഇസ്ഥാനം നിലനിര്‍ത്തിക്കൊള്ളുവാന്‍ പരാദീനമെന്നും, അങ്ങും ഇങ്ങും രണ്ട യജമാനന്മാര്‍ കഴിവോളും നിരപ്പിനു സംഗതി വന്നില്ലെന്നും, പുത്തന്‍കുറ്റുംപിറത്തുള്ള ആളുകള്‍ തന്നെ രണ്ടു പകുതി ആയിട്ടുനിന്ന തമ്പുരാന്‍റെ മാര്‍ഗ്ഗത്തോടു മറുത്തു സിദ്ധാന്തമായിട്ടു നടപ്പാകകൊണ്ടും, പള്ളികളിലൊക്കെയും പല മര്യാദയും, മറുകൂറ്റുകാരുടെ പരിഹാസവും, ഇങ്ങനെ ആകയാല്‍ മാര്‍ഗ്ഗത്തിന് അഴിവു വരുമെന്നും ബോധജ്ഞാനപ്പെട്ട, അശ്ചന്‍ (മാര്‍ത്തോമ്മാ ആറാമന്‍) നിശ്ചയിച്ച ഏതുപ്രകാരമെങ്കിലും നിരപ്പായിട്ടു നടക്കണമെന്നും, തമ്പുരാനില്‍ ശരണപ്പെട്ട നിരൂപണ ഉറെച്ചു, സ്വഭാവക്കേടുളള ആളുകളെ നീക്കി, മാറിവാനിയോസ് അപ്പസ്ക്കോപ്പാ കല്ലിശേരി വന്നപ്പോള്‍ ചെങ്ങന്നൂനിന്നും കല്ലിച്ചേരി ചെന്നു. തമ്മില്‍ കണ്ടുപറഞ്ഞ, ശത്രുക്കളുടെ വാക്കുകള്‍ രണ്ടു കൂട്ടക്കാരും നീക്കി ഏകോല്‍ഭവിച്ചു. അശ്ചന്‍ ചെങ്ങന്നൂര്‍ക്ക പോരികയും ചെയ്തു. ഇതിനിടയില്‍ ഉണ്ടായിരിക്കുന്ന കാര്‍യ്യങ്ങള്‍ ഒക്കെയും എഴുതുവാന്‍ പെരികെ പരപ്പാകുന്നു…
വലിയ മാര്‍ ദീവന്നാസ്യോസിന്‍റെ സന്തത സഹചാരികളിലൊരാളും തീര്‍ച്ചയായും ആ പക്ഷപാതിത്വം പുലര്‍ത്തുന്ന വ്യക്തിയുമായ നിരണം ഗ്രന്ഥവരി കര്‍ത്താവിന്‍റെ വിവരണം ശരിവയ്ക്കുന്ന വിവരങ്ങളാണ് സുറിയാനി രേഖകളെ അവലംബിച്ച് യാക്കൂബ് തൃതീയന്‍ പാത്രിയര്‍ക്കീസ് നല്‍കുന്നത്:
…1768 സെപ്റ്റംബര്‍ 11-ാം ഈയാവാനിസ് യൂഹാനോന്‍ തെക്കന്‍ പ്രദേശത്തുള്ള ഒരു പള്ളിയില്‍നിന്നും തോമാ ആറാമന് ഒരു കത്തയച്ചു. അതില്‍… ഞങ്ങളുടെ സ്വന്തനാട് വിട്ടശേഷം നിങ്ങളുടെയും വിശ്വാസികളായ ജനത്തിന്‍റെയും നന്മയും മാത്രമേ പരിചിന്തിച്ചിട്ടുള്ളു. കഴിഞ്ഞുപോയതില്‍ ശ്രദ്ധപതിപ്പിക്കാതെ, തമ്മില്‍ കാണുമ്പോള്‍ നമുക്ക് സംസാരിച്ച് പ്രവര്‍ത്തിക്കാം. ഞങ്ങള്‍ വടക്കന്‍ പ്രദേശങ്ങളില്‍ ആയിരിക്കുമ്പോള്‍ ഞങ്ങളുമായി സമാധാനത്തില്‍ കഴിയാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നതായി ഞങ്ങള്‍ക്ക് അറിവു ലഭിച്ചു. ആയതിലേക്ക് വിശ്വാസികളില്‍ ചിലരെ നിങ്ങള്‍ വിളിക്കുകയും, അവര്‍ നാലു സുറിയാനി രീതികള്‍ സ്വീകരിക്കുവാന്‍ നിങ്ങളോട് അപേക്ഷിക്കുകയും ചെയ്തു. വിശ്വാസികളുടെ ഒരു യോഗം വിളിച്ചുകൂട്ടി അവിടെ ഇവയെപ്പറ്റി ആലോചിക്കാമെന്ന് നിങ്ങള്‍ മറുപടി പറഞ്ഞു. ആകയാല്‍ ഞങ്ങള്‍ കായംകുളത്തേക്ക് വേഗം വന്ന് വടക്കും തെക്കും നിന്നുമായി നിങ്ങള്‍ നിയോഗിച്ച പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. അവര്‍ ഈ നാലു രീതികള്‍ വ്യത്യാസപ്പെടുത്താന്‍ ബുദ്ധിമുട്ടാകുമെന്ന് പറകയും ചെയ്തു. ഈ നാലും വ്യത്യാസപ്പെടുത്താന്‍ പ്രയാസമെങ്കില്‍ അവയില്‍ മൂന്നെണ്ണം വേണ്ടെന്നു വെച്ച് വി. കുര്‍ബാനയെ സംബന്ധിക്കുന്ന ഒന്നിനോടു മാത്രം മുറുകെ പിടിക്കുവാന്‍ ഞങ്ങള്‍ ഉപദേശിക്കുകയും ചെയ്തു. മകനേ, ഞങ്ങള്‍ ഈ നാട്ടില്‍ അപരിചിതരാണ്. ഞങ്ങളുടെ സഹോദരങ്ങളേയും ബന്ധുക്കളേയും സുഹൃത്തുക്കളെയും ഞങ്ങള്‍ ഉപേക്ഷിച്ചു. യഥാര്‍ത്ഥത്തില്‍ ഞങ്ങള്‍ക്ക് നിങ്ങള്‍ അവരേപ്പോലെയാണ്…
തുടര്‍ന്ന് മാവേലിക്കര കൂടിയ മലങ്കര പള്ളിയോഗം ഒരു സമാധാന സന്ധിക്കു രേഖാരൂപം നല്‍കി. നിരണം ഗ്രന്ഥവരിയിലെ പരാമര്‍ശനപ്രകാരം 1769-ല്‍ …പുതിയകാവില്‍ വച്ച പുത്തന്‍ക്രമം നമസ്ക്കാരവും, പട്ടം കെട്ടുകയും കാപ്പയിട്ടു കുറുവാന ചൊല്ലുകയും, പെണ്‍കെട്ടും മാമോദിസായും പഴയക്രമം നടന്നുകൊള്ളത്തക്കവണ്ണവും ഒരു പടിയോല എഴുതി. അതിന്‍വണ്ണം നടന്നുവന്നു… ഇതോടൊപ്പംതന്നെ മലങ്കര പള്ളിയോഗം വലിയ മാര്‍ ദീവന്നാസ്യോസിന്‍റെ സമ്പൂര്‍ണ്ണാധികാരം അംഗീകരിച്ച് യോഗസാധനം നല്‍കി. ഇതിനെ തുടര്‍ന്ന് വലിയ മാര്‍ ദീവന്നാസ്യോസും മാര്‍ ഈവാനിയോസ് യൂഹാനോനും പരസ്പരം സഹകരിച്ച് പ്രവര്‍ത്തിച്ചു. മാര്‍ ഈവാനിയോസ് യൂഹാനോന്‍ പിന്നീടൊരിക്കലും ഭരണത്തില്‍ കൈകടത്താതെ ഗുരുവും ഉപദേശകനുമായി തുടര്‍ന്നു.
എന്നാല്‍ അന്നും ഇത്തരമൊരു ഒത്തുതീര്‍പ്പില്‍ ഭഗ്നാശരായ സ്ഥാനികളും സ്ഥാനമോഹികളും ഉണ്ടായിരുന്നു. അതിന്‍റെ പ്രതിഫലനമാണ് മാര്‍ ഗ്രീഗോറിയോസ് യൂഹാനോന്‍ കാട്ടുമങ്ങാട്ട് റമ്പാനെ ബദല്‍ മെത്രാനായി പട്ടംകെട്ടിയത്. പക്ഷേ യോജിച്ച സഭയും വലിയ മാര്‍ ദീവന്നാസ്യോസും മാര്‍ ഈവാനിയോസ് യൂഹാനോനും ചേര്‍ന്ന് അദ്ദേഹത്തെ തിരുവിതാംകൂറില്‍ നിന്നും കൊച്ചിയില്‍ നിന്നും നാടുകടത്തി. അദ്ദേഹത്തില്‍ നിന്നും നിയമരഹിതമായി പട്ടമേറ്റവര്‍ക്ക് ശിക്ഷയും നല്‍കി സഭയെ ഒന്നിച്ചു നിര്‍ത്തി.
നിരണം ഗ്രന്ഥവരിയുടെ ഭാഷയില്‍ …ഉണ്ടായിരുന്ന പിണക്കങ്ങളൊക്കെയും തമ്പുരാന്‍റെ തിരുമനസ്സാലെ മാര്‍ത്തോമ്മാശ്ലീഹായുടെ വാഴ്വാലെയും തീര്‍ന്ന നിരപ്പായിട്ടും ഒപിയാലയും ഐമോസ്യത്താലയും നടന്നുവരുമ്പോള്‍… നസ്രാണി സമൂഹത്തിനുണ്ടായ പുരോഗതി എത്ര വിപുലമായിരുന്നു എന്നു ചിന്തിക്കണം. വട്ടിപ്പണം, കണ്ടനാട് പടിയോല, മലയാളം വേദപുസ്തകം, സെമിനാരി ഒക്കെ ഈ കാലഘട്ടത്തിന്‍റെ സംഭാവനയാണ്. മാത്രമല്ല, തുരത്തപ്പെട്ട കാട്ടുമങ്ങാടന്‍റെ പിന്‍ഗാമികളായ തൊഴിയൂര്‍ മെത്രാന്മാര്‍ മലങ്കരമെത്രാന്‍റെ അനന്തരവന്‍ സ്ഥാനിയായി മുഖ്യധാരയിലേയ്ക്കു ഇക്കാലത്ത് തിരികെ പ്രവേശിക്കുകയും ചെയ്തു.
ഈ സംഭവ പരമ്പരകളെപ്പറ്റി നിരണം ഗ്രന്ഥവരി, യാക്കൂബ് തൃതീയന്‍ പാത്രിയര്‍ക്കീസ് എന്നിവര്‍ നല്‍കുന്ന വിവരങ്ങളെ താഴെ പറയുംവിധം സംഗ്രഹിക്കാം.
1. വിദേശികളുമായുള്ള മല്‍സരമാണ് മുഖ്യ വിഷയം.
2. അതിനായി തമ്മില്‍തല്ലുന്നത് നസ്രാണികളാണ്.
3. ഇത്തരത്തില്‍ സഭയെ മുമ്പോട്ടുകൊണ്ടുപോകുക ബുദ്ധിമുട്ടാണ്.
4. മലങ്കരയില്‍ രണ്ട് അധികാര സ്ഥാനങ്ങള്‍ നിലനില്‍ക്കുവോളം സമാധാനം സാദ്ധ്യമല്ല.
5. ഒരേ വിശ്വാസത്തിലുള്ളവര്‍ രണ്ടു ഭാഗമായി പിരിഞ്ഞ് മല്‍സരിക്കുന്നത് ദൈവനിന്ദയാണ്.
6. ഈ മല്‍സരംകൊണ്ട് പള്ളികളില്‍ പല നിയമങ്ങളാണ് നിലവിലിരിക്കുന്നത്.
7. ഈയവസ്ഥ മൂലം ഇതര ക്രൈസ്തവര്‍ നസ്രാണികളെ പരിഹസിക്കുന്നു.
8. ഇപ്രകാരം പോയാല്‍ മാര്‍ഗ്ഗം (സഭ) ഇല്ലാതാകും.
ഇത്രയും യാഥാര്‍ത്ഥ്യം ബോദ്ധ്യമായതിനാലാണ് വലിയ മാര്‍ ദീവന്നാസ്യോസ് എങ്ങനെയും സമാധാനമുണ്ടാക്കണമെന്ന് ദൈവത്തില്‍ ആശ്രയിച്ചുകൊണ്ട് ദൃഢനിശ്ചയം ചെയ്തത്. ഇതിനെത്തുടര്‍ന്നാണ് അദ്ദേഹം മാര്‍ ഈവാനിയോസ് യൂഹാനോനുമായി കൂടിക്കാഴ്ച നടത്തുന്നത്.
മാര്‍ ഈവാനിയോസ് യൂഹാനോന് ഇക്കാര്യത്തിലുണ്ടായിരുന്ന നിലപാടും സമാനമായിരുന്നു. അവയെ ഇപ്രകാരം സംഗ്രഹിക്കാം.
1. കഴിഞ്ഞുപോയതിനെക്കുറിച്ച് ഇനി ചിന്തിക്കേണ്ടതില്ല.
2. ആരാധനാരീതി സംബന്ധിച്ച തന്‍റെ നാലു നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കണം.
3. അതു സാധ്യമല്ലെങ്കില്‍ വി. കുര്‍ബാന സംബന്ധിച്ച ഒരു നിര്‍ദ്ദേശമെങ്കിലും അംഗീകരിക്കണം.
ഇവിടെ സ്വല്‍പ്പം വിശദീകരണം ആവശ്യമുള്ള രണ്ടു വസ്തുതകളുണ്ട്. ഒന്നാമതായി മലയാളം അടച്ചുഭരിക്കാന്‍ പാത്രിയര്‍ക്കീസിന്‍റെ സുസ്ഥാത്തിക്കോനുമായി വന്ന മാര്‍ ബസേലിയോസ് ശക്രള്ളാ മഫ്രിയാനായുടെ സഹയാത്രികനായിരുന്നു മാര്‍ ഈവാനിയോസ് യൂഹാനോന്‍. അത്തരത്തിലുള്ള ഭരണാവകാശ വാദങ്ങളെല്ലാം അദ്ദേഹം ഇവിടെ ഉപേക്ഷിക്കുകയാണ്.
രണ്ടാമതായി 1599-ല്‍ ഉദയംപേരൂര്‍ സുന്നഹദോസ് നടപ്പിലാക്കിയ ലത്തീനീകരിച്ച കല്‍ദായ ക്രമങ്ങളാണ് 1770-ലും മലങ്കരയില്‍ നടപ്പിലിരുന്നത്. അവ പാശ്ചാത്യ സുറിയാനി ക്രമങ്ങളാക്കാനുള്ള ശ്രമം കൂനന്‍കുരിശു സത്യത്തിനുശേഷം ഒരു നൂറ്റാണ്ടു കഴിഞ്ഞിട്ടും നടപ്പായിരുന്നില്ല. ഈ ക്രമീകരണമാണ് മാര്‍ ഈവാനിയോസ് യൂഹാനോന്‍ സൂചിപ്പിക്കുന്നത്. അതിന്‍റെ അടിസ്ഥാനത്തിലാണ് …പുത്തന്‍ക്രമം നമസ്ക്കാരവും, പട്ടം കെട്ടുകയും കാപ്പയിട്ടു കുറുവാന ചൊല്ലുകയും, പെണ്‍കെട്ടും മാമോദിസായും പഴയക്രമം നടന്നു കൊള്ളത്തക്കവണ്ണവും ഒരു പടിയോല എഴുതിയത്.
ഈ പശ്ചാത്തലത്തില്‍ ഐക്യം ഉണ്ടാക്കാനെടുത്ത നടപടികള്‍ താഴെ പറയുന്നവയാണ്.
1. എങ്ങനെയും സമാധാനം ഉണ്ടാക്കണമെന്ന് ദൈവത്തില്‍ ആശ്രയിച്ച് ദൃഢനിശ്ചയം ചെയ്തു.
2. പൂര്‍വകാലചെയ്തികളെ അവഗണിച്ചു.
3. സ്വഭാവദൂഷ്യ (വ്യക്തിതാല്‍പ്പര്യം) മുള്ളവരെ ഇരുവരും ഒഴിവാക്കി.
4. വലിയ മാര്‍ ദീവന്നാസ്യോസും മാര്‍ ഈവാനിയോസ് യൂഹാനോനും നേരിട്ട് ചര്‍ച്ച നടത്തി.
5. വിശദാംശങ്ങള്‍ ഇരു കൂട്ടരുടേയും പ്രതിനിധികള്‍ ചര്‍ച്ച ചെയ്തു.
6. (ഐക്യ) വിരോധികളുടെ തടസവാദങ്ങള്‍ തള്ളിക്കളഞ്ഞു.
7. ഇരുകൂട്ടരും ഐക്യപ്പെട്ടു ഒന്നായി.
8. മലങ്കര പള്ളിയോഗം വിളിച്ചുകൂട്ടി ഐക്യത്തിനു നിയമപരിരക്ഷ നല്‍കി പടിയോല എഴുതി.
9. യാഥാര്‍ത്ഥ്യമായ ഐക്യത്തില്‍ ഇരുപക്ഷവും ഉറച്ചു നിന്നു.
കൂടുതല്‍ വിശദീകരണങ്ങളൊന്നും കൂടാതെ തന്നെ വ്യക്തമാകുന്ന ഒരു വസ്തുതയുണ്ട്. 1770-ലെ സ്ഥിതി തന്നെയാണ് ഇന്നും മലങ്കരയില്‍ നിലവിലുള്ളത്. അതിനാല്‍ 1770-ലെ ചികില്‍സ തന്നെ ഇന്നും ഫലിക്കും എന്നു തീര്‍ച്ചയാണ്. അതിലുമുപരി, 1770-നേക്കാള്‍ തികച്ചും അനുകൂലമായ പല ഘടകങ്ങളും ഇന്നുണ്ട്. അവ,
1. വിദേശികളുമായി ഇന്ന് മല്‍സരമില്ല. 1770-ലേതുപോലെ മെസപ്പെട്ടോമ്യന്‍ വംശജരാരും ഇന്ന് മലങ്കരയുടെ ഭരണാധികാരം അവകാശപ്പെട്ടുകൊണ്ട് കേരളത്തിലില്ല.
2. ആരാധനക്രമങ്ങളുടേയും സഭാവിജ്ഞാനീയത്തിന്‍റെയും കാര്യത്തില്‍ ഇന്നൊരു തിരുത്തല്‍ ആവശ്യമില്ല. അന്ത്യോഖ്യന്‍ സഭയേക്കാള്‍ ഇന്ന് പാശ്ചാത്യ സുറിയാനി ക്രമങ്ങള്‍ സൂക്ഷ്മാംശത്തില്‍ അനുവര്‍ത്തിക്കുന്നത് മലങ്കരസഭയാണ്. പോപ്പിനേക്കാള്‍ വലിയ കത്തോലിക്കന്‍ എന്നു പറഞ്ഞാലും തെറ്റില്ലാത്ത അവസ്ഥയാണ് ഇക്കാര്യത്തില്‍ ഇന്നുള്ളത്. ആകെയുള്ളത് മാപ്പിളയുടെ തമ്മില്‍ത്തല്ലു മാത്രം.
പക്ഷേ 1770-ല്‍ നിലവിലുണ്ടായിരുന്ന പ്രതികൂല സാഹചര്യങ്ങള്‍ അതിനേക്കാള്‍ രൂക്ഷമായി ഇന്നും നിലവിലുണ്ടെന്നു വിസ്മരിച്ചു കൂടാ. അന്ന് ഭരിക്കുന്ന മെത്രാനെ മുട്ടുകുത്തിക്കുന്നതിലുള്ള വ്യക്തിപരമായ ചാരിതാര്‍ത്ഥ്യവും, വേണ്ടപ്പെട്ടവര്‍ക്ക് ദേശകുറി കൂടാതെ കേവലം ഒരു കത്തനാര്‍ സ്ഥാനവുംകൊണ്ട് തൃപ്തിപ്പെടുന്നതായിരുന്നു മാപ്പിളയുടെ വിപ്ലവം. പക്ഷേ 2014-ല്‍ സ്ഥിതി കുറച്ചുകൂടി വിശാലമാണ്. മൂന്നു മാല, ചുവന്ന കുപ്പായം, കോറി, കത്തനാര്‍, കമാണ്ടര്‍, ഷെവലിയാര്‍ സ്ഥാനങ്ങള്‍ എന്നിവ മാത്രമല്ല, മലങ്കരസഭയെ സ്വന്തം പാര്‍ലമെന്‍ററി വ്യാമോഹത്തിനുള്ള ചവിട്ടുപടിയായും, സഭാ സ്വത്തുക്കളെ സ്വന്തം ബിസിനസ് ആവശ്യത്തിനുള്ള മൂലധനമായും കണക്കാക്കുന്ന ചില സഭാസ്ഥാനികളുടെ ആര്‍ത്തിയും ഐമോസ്യപ്പെടുന്നതിന് തടസമായി നില്‍ക്കുന്നുണ്ട് എന്ന യാഥാര്‍ത്ഥ്യം വിസ്മരിച്ചു കൂടാ.
പക്ഷേ, ഈ പ്രതികൂല സാഹചര്യങ്ങളിലും 1770-ല്‍ വലിയ മാര്‍ ദീവന്നാസ്യോസും മാര്‍ ഈവാനിയോസ് യൂഹാനോനും അനുവര്‍ത്തിച്ച നടപടികള്‍ പിന്തുടര്‍ന്നാല്‍ ഐക്യം സുസാദ്ധ്യമാണ്. അന്ന് അവര്‍ … ഏതുപ്രകാരമെങ്കിലും നിരപ്പായിട്ടു നടക്കണമെന്നു, തമ്പുരാനില്‍ ശരണപ്പെട്ട നിരൂപണ ഉറെച്ചു, സ്വഭാവക്കേടുളള ആളുകളെ നീക്കി,… കഴിഞ്ഞുപോയതില്‍ ശ്രദ്ധപതിപ്പിക്കാതെ,…. ശത്രുക്കളുടെ വാക്കുകള്‍ രണ്ടു കൂട്ടക്കാരും നീക്കി ഏകോല്‍ഭവിച്ചു. ഇന്ന് പ. മാര്‍ പത്രോസ് ശ്ലീഹായുടെ സിംഹാസനത്തില്‍ വാഴുന്ന പാത്രിയര്‍ക്കീസ് ബാവായും പ. മാര്‍ത്തോമ്മാ ശ്ലീഹായുടെ സിംഹാസനത്തില്‍ വാഴുന്ന കാതോലിക്കാ ബാവായും 1770-ല്‍ മാര്‍ ഈവാനിയോസ് യൂഹാനോന്‍ നിര്‍ദ്ദേശിച്ചതുപോലെ തമ്മില്‍ കാണുമ്പോള്‍ നമുക്ക് സംസാരിച്ച് പ്രവര്‍ത്തിക്കാം എന്നു നിശ്ചയിച്ച് പ്രവര്‍ത്തിച്ചാല്‍ മലങ്കരസഭയുടെ ഐക്യം നിഷ്പ്രയാസമാണ്. അതോടൊപ്പം മുകളില്‍ പറഞ്ഞ സ്വാര്‍ത്ഥമതികളായ … സ്വഭാവക്കേടുളള ആളുകളെ നീക്കി,… കഴിഞ്ഞുപോയതില്‍ ശ്രദ്ധപതിപ്പിക്കാതെ,…. ശത്രുക്കളുടെ വാക്കുകള്‍ രണ്ടു കൂട്ടക്കാരും നീക്കി… പ്രവര്‍ത്തിക്കാന്‍ ഇരുവരും തയാറാകണം. അങ്ങിനെ സംഭവിച്ചാല്‍ …ഉണ്ടായിരുന്ന പിണക്കങ്ങളൊക്കെയും തമ്പുരാന്‍റെ തിരുമനസ്സാലെ മാര്‍ത്തോമ്മാശ്ലീഹായുടെ വാഴ്വാലെയും തീര്‍ന്ന നിരപ്പായിട്ടും ഒപിയാലയും ഐമോസ്യത്താലെയും നടന്നുവരും… എന്നത് നിസംശയമാണ്. അത് ആയാസകരമായ ഒരു പ്രവര്‍ത്തിയുമല്ല.
2017-ല്‍ നിലവിലുള്ള സഭാ സമിതികളുടേയും സ്ഥാനികളുടേയും കാലാവധി അവസാനിക്കും. അതിനു മുമ്പ് പാത്രിയര്‍ക്കീസ് ബാവായും കാതോലിക്കാ ബാവായും ഐമോസ്യപ്പെടണം. 2002 മാര്‍ച്ച് 20-ന് സംഭവിക്കണമെന്ന് ബഹു. സുപ്രീംകോടതി ആഗ്രഹിച്ച ഒരു സഭ, ഒരു ഭരണഘടന, ഒരു പാത്രിയര്‍ക്കീസ്, ഒരു കാതോലിക്കാ എന്നത് 2017 മാര്‍ച്ച് 20-ന് കൂടുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനില്‍ സംഭവിക്കട്ടെ. അതിനായി നിയുക്ത ശ്രേഷ്ഠ കാതോലിക്കാ, ശ്രേഷ്ഠനിയുക്ത കാതോലിക്കാ, മെത്രാന്‍ സ്ഥാനങ്ങളിലേയ്ക്ക് ഇക്കാലത്ത് തിരഞ്ഞെടുപ്പോ സ്ഥാനാരോഹണമോ ഇരുപക്ഷവും നടത്തരുത്. ഇക്കാലത്ത് ഇരുകൂട്ടരും …സ്വഭാവക്കേടുളള ആളുകളെ നീക്കി,… കഴിഞ്ഞുപോയതില്‍ ശ്രദ്ധപതിപ്പിക്കാതെ,…. ശത്രുക്കളുടെ വാക്കുകള്‍ രണ്ടു കൂട്ടക്കാരും നീക്കി… പ്രവര്‍ത്തിക്കണം. അങ്ങനെ …ഉണ്ടായിരുന്ന പിണക്കങ്ങളൊക്കെയും തമ്പുരാന്‍റെ തിരുമനസ്സാലെയും മാര്‍ത്തോമ്മാശ്ലീഹായുടെ വാഴ്വാലെയും തീര്‍ന്ന നിരപ്പായിട്ടും ഒപിയാലയും ഐമോസ്യത്താലയും നടന്നുവരാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം. പ്രവര്‍ത്തിക്കാം.
(മലങ്കര ഓര്‍ത്തഡോക്സ് ടി.വി., ഏപ്രില്‍ 2, 2014, ബഥേല്‍ പത്രിക, 2014 ഏപ്രില്‍)