സമാധാനം പുനഃസ്ഥാപിക്കാൻ ദൈവം ഒരുക്കിയ അവസരം: പ. പിതാവ്


കോട്ടയം∙ സുപ്രീം കോടതി വിധി സഭയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ദൈവം നൽകിയ അവസരമായി കരുതണമെന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിലെ എല്ലാ പള്ളികളിലും വായിക്കുന്നതിനായി പുറപ്പെടുവിച്ച പ്രത്യേക കൽപനയിലാണു കാതോലിക്കാ ബാവായുടെ ആഹ്വാനം.

ഇടക്കാലത്തു വേറിട്ടുനിന്നവർ അന്യരല്ലെന്നും ഒരേ വിശ്വാസവും പൈതൃകവും പേറുന്ന സഹോദരങ്ങളാണെന്നും അവർ മാതൃസഭയിലേക്കു മടങ്ങിവരണമെന്നും അദ്ദേഹം അഭ്യർഥിച്ചു. വിജയത്തിൽ അമിത ആഹ്ലാദമോ വികാരപ്രകടനമോ പാടില്ല. പരാജയപ്പെടുന്നവരെ വേദനിപ്പിക്കുന്നതു ക്രൈസ്തവ സമീപനമല്ല. സഭയിൽ ശാശ്വത സമാധാനം കൈവരിക്കുന്നതിനായി സഭാ ഭരണഘടനയുടെയും സുപ്രീം കോടതി വിധിയുടെയും അടിസ്ഥാനത്തിൽ പ്രവർത്തിക്കുകയും പ്രാർഥിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. 

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാ സുന്നഹദോസ് അംഗങ്ങളുടെ അടിയന്തരയോഗം ഇന്നു മൂന്നിനു കാതോലിക്കാ ബാവായുടെ അധ്യക്ഷതയിൽ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ചേരും. എല്ലാ മെത്രാപ്പോലീത്തമാരും പങ്കെടുക്കും.