സുപ്രസിദ്ധ സിനിമാനടി പ്രിയങ്കാ ചോപ്രയുടെ മാതാമഹി മധു ജോത്സ്ന അഖോരി എന്ന മേരി ജോണിന്‍റെ ശവസംസ്ക്കാരവുമായി ബന്ധപ്പെട്ട് കുമരകം ആറ്റാമംഗലം പള്ളിയും തോമസ് മാര്‍ തീമോത്തി യോസ് മെത്രാപ്പോലീത്തായും രണ്ടുതട്ടിലായി നിന്നു സ്വയം ന്യായീക രിക്കുകയും മാധ്യമങ്ങള്‍ വിവാദം വളര്‍ത്തിയെടുക്കുകയും ചെയ്യുന്ന കാഴ്ചയാണ് വര്‍ത്തമാനകാല വിശേഷം. ഹിന്ദുവായി എന്നതിനാല്‍ അവര്‍ക്കു ശവസംസ്ക്കാരം നിഷേധിച്ചു എന്നിത്യാദി ഈ സംഭവത്തെ വര്‍ഗ്ഗീയവല്‍ക്കരിക്കാനുള്ള ചില കേന്ദ്രങ്ങളുടെ ശ്രമം അവഗണിച്ചാലും പ്രസ്തുത വിഷയത്തെപ്പറ്റി കാനോനികമായ ഒരു വിശദീകരണം അനിവാര്യമാണ്.
കുമരകം ആറ്റാമംഗലം പള്ളി ഇടവകാംഗമായിരുന്ന മേരി ജോണ്‍ ഒരു ഉത്തരേന്ത്യനെ വിവാഹം ചെയ്തു. തുടര്‍ന്ന് മധു ജോത്സ്ന അഖോരി എന്നു പേരും മാറ്റി. മതം മാറി എന്നും ഇല്ല എന്നും പറയുന്നു. ഏതായാലും അവസാന കാലത്ത് അവര്‍ മുംബൈയിലെ ഒരു പള്ളിയുമായി ബന്ധപ്പെട്ടാണ് നിന്നിരുന്നത്. അവിടെ അവര്‍ ഇടവക ചേര്‍ന്നിരുന്നോ എന്നതു വ്യക്തമല്ല. അവരെ ജ്ഞാനസ്നാനം ചെയ്ത ആറ്റാമംഗലം പള്ളിയില്‍ അന്ത്യവിശ്രമം കൊള്ളണമെന്നതായിരുന്നു അവരുടെ ആഗ്രഹം. പക്ഷേ മരണശേഷം ഇടവക ഭരണസമിതി ഈ ആഗ്രഹം നിഷേധിച്ചു. തുടര്‍ന്ന് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്താ ഇടപെട്ട് പൊന്‍കുന്നം പള്ളിയില്‍ ക്രൈസ്തവ ആചാരപ്രകാരം ശവസംസ്ക്കാരം നടത്തി. ഇതാണ് വിഷയത്തിന്‍റെ സംക്ഷിപ്ത രൂപം.
രസകരമായ വസ്തുത, സ്വയം നീതീകരിച്ചുകൊണ്ട് ആറ്റാമംഗലം പള്ളിയിലെ ഫാ. സൈമണ്‍ മാനുവലും മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്തായും നിരത്തിയ ന്യായവാദങ്ങള്‍ രണ്ടും ശരിയാണ് എന്നതാണ്. ആദ്യമായി പള്ളിക്കമ്മിറ്റി ശവസംസ്ക്കാരം നിഷേധിച്ചതിനു ചൂണ്ടിക്കാട്ടിയ കാരണമെടുക്കാം. മതം മാറിയ വ്യക്തിയെ പള്ളിയില്‍ അടക്കാനാവില്ലെന്നും, മധു ജോത്സ്ന അഖോരി ജീവിച്ചിരുന്ന കാലത്ത് അത്തരമൊരു അപേക്ഷ നല്‍കിയിരുന്നില്ലെന്നും, അങ്ങിനെ ചെയ്തിരുന്നെങ്കില്‍ പള്ളി അക്കാര്യം അനുഭാവപൂര്‍വം പരിഗണിക്കുമായിരുന്നു എന്നുമാണ് അവരുടെ നിലപാട്. അതേസമയം അവരുടെ മാതൃ ഇടവകയില്‍ അവര്‍ക്കുള്ള പിന്തുടര്‍ച്ചാ അവകാശം പള്ളി നിഷേധിച്ചു എന്ന് എതിര്‍പക്ഷം വാദിക്കുന്നു.
ഇവിടെ ഇരുപക്ഷവും വിസ്മരിച്ച ഒരു സുപ്രധാന വസ്തുതയുണ്ട്. ഇതരമതത്തില്‍ മാത്രമല്ല, സ്വമതത്തില്‍ വിവാഹം ചെയ്താലും വിവാഹത്തോടെ എല്ലാ സ്ത്രീകള്‍ക്കും തങ്ങളുടെ പിതാവിന്‍റെ ഇടവകയിലെ പിന്തുടര്‍ച്ചാവകാശം നഷ്ടമാകുന്നു എന്നതാണത്. ഇത് കുടുംബത്തെക്കുറിച്ചുള്ള നസ്രാണി നിര്‍ദ്ധാരണത്തിന്‍റെ (ഉലളശിശശേീി) ഫലമാണ്. നസ്രാണികള്‍ക്ക് വ്യക്തിയല്ല കുടുംബമാണ് അടിസ്ഥാന സഭാ ഏകകം (ൗിശേ). ഇടവകയിലെ അംഗത്വവും കുടുംബത്തിനാണ്. ഒരു സ്ത്രീയെ മറ്റൊരു കുടുംബത്തിലേയ്ക്ക് വിവാഹം ചെയ്തയയ്ക്കുമ്പോള്‍ എടത്തിലെ മര്യാദ അനുസരിച്ച് സ്വകുടുംബാവകാശത്തില്‍ നിന്ന് അവര്‍ വിശ്ചേദിക്കപ്പെടും. അതോടൊപ്പം പിതൃ ഇടവകയില്‍ നിന്നും ഒഴിവാകും. അതേസമയം വിവാഹത്തോടെ അവര്‍ ഭര്‍തൃകുടുംബത്തിന്‍റെ അവിഭാജ്യ ഘടകമാകും. സ്വാഭാവികമായും അതോടെ ഭര്‍ത്താവിന്‍റെ ഇടവകയിലെ അംഗവുമാകും. ഭര്‍ത്താവ് മരിച്ചാല്‍പോലും ഈ രണ്ട് അംഗത്വവും ഇല്ലാതാകുന്നില്ല. സ്വസഭയിലല്ലാതെ വിവാഹിതയായാലും പിതൃ ഇടവകയിലെ അംഗത്വം നഷ്ടപ്പെടും. മറ്റൊരിടത്തും ആ അംഗത്വം ലഭിക്കില്ലാ എന്നു മാത്രം. ഈ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ മധു ജോത്സ്ന അഖോരിക്ക് ആറ്റാമംഗലം പള്ളി സെമിത്തേരിയില്‍ പിന്തുടര്‍ച്ചാവകാശവാദം (വലൃലറശമേൃ്യ/ൗരെരലശൈീി ൃശഴവേ) ഉന്നയിക്കാനാവില്ല.
എന്നാല്‍ അവര്‍ സ്വമതത്തിലേയ്ക്കു മടങ്ങിവരികയും മുംബൈയിലെ ഒരു പള്ളിയില്‍ ഇടവക ചേരുകയും ചെയ്തിരുന്നെങ്കില്‍ തന്‍റെ പിതാവിന്‍റെ ഇടവകയില്‍ അന്ത്യവിശ്രമം കൊള്ളണമെന്നു അവര്‍ ആഗ്രഹിച്ചതിനു ന്യായീകരണമുണ്ട്. പക്ഷേ അതിനു ചില നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഒരു വ്യക്തിക്കു സഭയില്‍ ചേരുവാനോ സഭയിലേയ്ക്കു മടങ്ങിവരാനോ പൂര്‍ണ്ണ സ്വാതന്ത്ര്യം ഉണ്ട്. കാനോനികമായി അത് എപ്രകാരം വേണമെന്നത് സഭയില്‍ ഉള്‍പ്പെടുത്തുന്ന വൈദികന്‍റെ വിവേചനാധികാരത്തില്‍ മാത്രം ഉള്‍പ്പെട്ട വസ്തുതയാണ്. അത്തരക്കാര്‍ക്ക് ക്രൈസ്തവ ശവസംസ്ക്കാരം ലഭിക്കുന്നതിനും തുല്യ അവകാശമുണ്ട്. പക്ഷേ ഇടവക ചേര്‍ക്കുക, സെമിത്തേരിയില്‍ ഇടം തേടുക ഇവയൊക്കെ അതത് ഇടവകയില്‍ നിലവിലിരിക്കുന്ന ചട്ടങ്ങള്‍ക്ക് വിധേയമാണ്. ഒന്നുകില്‍ മേരി ജോണ്‍ അവരുടെ ജീവിതകാലത്തു തന്നെ അപേക്ഷ നല്‍കി ആറ്റാമംഗലം പള്ളിയുടെ മുന്‍കൂര്‍ അനുമതി നേടിവയ്ക്കേണ്ടിയിരുന്നു. അല്ലെങ്കില്‍ മരണശേഷം മുംബൈയിലെ പ്രസ്തുത പള്ളി വികാരി ആറ്റാമംഗലം പള്ളിയെ രേഖാമൂലം വിവരം അറിയിച്ചു സമ്മതം വാങ്ങേണ്ടിയിരുന്നു. രണ്ടു രീതിയിലായാലും കുടുംബക്കല്ലറയില്‍ അടക്കണമെങ്കില്‍ അവരുടെ പൂര്‍വകുടുംബത്തില്‍പ്പെട്ട ആ കല്ലറയുടെ ഇന്നത്തെ അവകാശികളായ ഇടവകാംഗങ്ങളുടെ സമ്മതവും ആവശ്യമാണ്. അവ പാലിച്ചിട്ടില്ലെങ്കില്‍ ആറ്റാമംഗലം പള്ളിയുടെ നടപടി തികച്ചും കാനോനികമാണ്.
മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്താ ഇടപെട്ട് പൊന്‍കുന്നം പള്ളിയില്‍ മേരി ജോണിന്‍റെ ശവസംസ്ക്കാരം നടത്തിയതും കാനോനി കമായ നടപടിയും അതിനാല്‍ സാധൂകരണമുള്ളതുമാണ്. അനാഥര്‍ക്കും പരദേശികള്‍ക്കും ക്രൈസ്തവമായ ശവസംസ്ക്കാരം നടത്തുന്നു എന്ന് ഉറപ്പു വരുത്തേണ്ടത് എപ്പിസ്ക്കോപ്പായുടെ കാനോനിക ബാദ്ധ്യത യാണ്. പിന്‍തുടര്‍ച്ചക്കാരില്‍ ആരും ക്രൈസ്തവര്‍ അല്ലാത്ത സ്ഥിതിക്ക് മേരി ജോണ്‍ എന്ന ക്രിസ്ത്യാനി ഒരു എപ്പിസ്ക്കോപ്പായ്ക്ക് കാനോനികമായി അനാഥ തന്നെയാണ്. മുംബൈയില്‍ മരിച്ച വ്യക്തിയുടെ മൃതദേഹം കേരളത്തില്‍ എത്തിച്ച സ്ഥിതിക്ക് പരദേശിയും. മേരി ജോണ്‍ മരിച്ചത് ക്രിസ്ത്യാനി ആയി ആണ് എന്ന് ഉറപ്പുണ്ടെങ്കില്‍ അവര്‍ക്ക് ക്രൈസ്തവവും മാന്യവുമായ ശവസംസ്ക്കാരം ഏര്‍പ്പാടാക്കിയതില്‍ മെത്രാപ്പോലീത്തായുടെ ഭാഗത്ത് നിയമവിരുദ്ധമായി ഒന്നുമില്ല.
ആറ്റാമംഗലം പള്ളിയുടെ നിലപാടിനെ കണ്ണുമടച്ച് എതിര്‍ക്കുന്നവര്‍ വിസ്മരിക്കുന്ന ഒരു യാഥാര്‍ത്ഥ്യമുണ്ട്. ജീവിതകാലം മുഴുവന്‍ നവീന സഭകളുടേയും കൂട്ടായ്മകളുടേയും ആള്‍ദൈവങ്ങളുടേയും പുറകെ ആടിപ്പാടി കൂത്താടി നടന്നിട്ട് കേവലം മാന്യതയ്ക്കു മാത്രമായി നസ്രാണിപ്പള്ളി സെമിത്തേരികളില്‍ ഇടംതേടി വരുന്നവരോടും സഭ സ്വീകരിക്കുന്ന നിലപാട് ഇതു തന്നെയാണ്. മാര്‍ തീമോത്തിയോസിന്‍റെ നടപടിയെ എതിര്‍ക്കുന്നവര്‍ നിഷേധിക്കുന്നത് അടിസ്ഥാന ക്രൈസ്തവ ധര്‍മ്മങ്ങളില്‍ ഒന്നുമാണ്.
(മലങ്കര ഓര്‍ത്തഡോക്സ് ടി.വി., 13 ജൂണ്‍ 2016)