വാകത്താനം∙ ഒട്ടേറെ ജീവകാരുണ്യ പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കുന്ന വാകത്താനം സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളിയുടെ സേവനങ്ങൾ മാതൃകാപരമാണെന്ന് ഡോ. ജോഷ്വ മാർ നിക്കോദീമോസ്. മലങ്കര ഓർത്തഡോക്സ് സഭാ പരിസ്ഥിതി ദിനവും പള്ളിയുടെ ശതോത്തര സപ്തതിയോടനുബന്ധിച്ചുള്ള ജീവകാരുണ്യ പദ്ധതികളും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികാരി ഫാ. ജോൺ ശങ്കരത്തിൽ അധ്യക്ഷത വഹിച്ചു.
ശതോത്തര സപ്തതി ഭവന പദ്ധതിയുടെ ഉദ്ഘാടനം വൈദിക ട്രസ്റ്റി ഫാ. ഡോ. എം.ഒ.ജോണും ചികിൽസാ പദ്ധതിയുടെ ഉദ്ഘാടനം അൽമായ ട്രസ്റ്റി ജോർജ് പോളും വിദ്യാഭ്യാസ സഹായ പദ്ധതിയുടെ ഉദ്ഘാടനം സഭാ സെക്രട്ടറി ബിജു ഉമ്മനും നിർവഹിച്ചു. സഭാ വർക്കിങ് കമ്മിറ്റി അംഗം പ്രഫ. ജേക്കബ് കുര്യൻ ഓണാട്ട്, സഭാ മാനേജിങ് കമ്മിറ്റി അംഗം ജേക്കബ് കൊച്ചേരി, ഫാ. യാക്കോബ് മാത്യു, ട്രസ്റ്റി ജേക്കബ് ജോൺ വെട്ടിയിൽ, സെക്രട്ടറി ജോൺ ജേക്കബ് പൂച്ചക്കേരിൽ എന്നിവർ പ്രസംഗിച്ചു.