മൂവാണ്ടില്‍ കൂടിവിചാരം ഉണ്ടാകുമ്പോള്‍ മാറി കല്‍പ്പിക്കുകയും… / ഡോ. എം. കുര്യന്‍ തോമസ്

1995-ലെ സുപ്രീംകോടതി വിധി അസോസിയേഷന്റെയും മാനേജിങ് കമ്മറ്റിയുടേയും കാലപരിധി അഞ്ചു വര്‍ഷമെന്നു നിശ്ചയിച്ചു. അതനുസരിച്ച് 2002 മുതല്‍ 5 വര്‍ഷത്തിലൊരിക്കല്‍ ആറുമാസം നീളുന്ന പ്രക്രിയയിലൂടെ അസോസിയേഷനും മാനേജിങ് കമ്മറ്റിയും തിരഞ്ഞെടുക്കപ്പെടുന്നു. ഇതിന്റെ ചുവടുപിടിച്ച് മെത്രാന്മാര്‍ ഒഴികെ തിരഞ്ഞെടുക്കപ്പെടുന്ന സ്ഥാനികളുടെ കാലാവധി അഞ്ചു വര്‍ഷമായി പിന്നീട് പരിമിതപ്പെടുത്തിയത് മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനാണ്. 1934-ല ഭരണഘടന മലങ്കര സഭയ്ക്ക് ഒരു എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് രൂപീകരിക്കുകയും വിശ്വാസം, പട്ടത്വം, അച്ചടക്കം ഇവയ്ക്കുള്ള അധികാരം പൂര്‍ണമായും അവര്‍ക്കു വിട്ടുകൊടുക്കുകയും ചെയ്തു

association_emblemAssociation_2017_March_18

ക്രിസ്തുമതം ഒരു ജനാധിപത്യ പ്രസ്ഥാനമായാണ് അതിന്റെ പ്രാരംഭമിട്ടത്. അപ്പോസ്ഥോലിക കാലത്തുതന്നെ സഭയിലുടലെടുത്ത തര്‍ക്കങ്ങള്‍ പരിഹരിച്ചിരുന്നത് ജനാധിപത്യപരമായ സംവാദങ്ങളിലൂടെയാണ്. യെറുശലേം സുന്നഹദോസ് എന്നറിയപ്പെടുന്ന ആദ്യയോഗത്തെപ്പറ്റി… ഈ സംഗതിയെക്കുറിച്ചു വിചാരിപ്പാന്‍ അപ്പോസ്ഥോലന്മാരും മൂപ്പന്മാരും വന്നുകൂടി… എന്നാണ് അപ്പോസ്ഥോല പ്രവര്‍ത്തികളില്‍ (1. 56) വിവരിക്കുന്നത്. എന്നാല്‍ ക്രിസ്തുവര്‍ഷം 313-ലെ മിലാന്‍ വിളംബരത്തിലൂടെ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി ക്രിസ്തുമതത്തെ റോമാ സാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമാക്കിയതോടെ ക്രൈസ്തവസഭയുടെ ഈ ജനാധിപത്യ സ്വഭാവത്തിനു മാറ്റം വന്നുതുടങ്ങി. ചക്രവര്‍ത്തിയില്‍നിന്നും താഴോട്ടൊഴുകുന്ന റോമാസാമ്രാജ്യ അധികാര ശ്രേണിപോലെ സഭയുടെ ഭരണക്രമവും രൂപീകരിച്ചു അതോടെ ജനാധിപത്യം വൈദികശ്രേണിയിലും ആത്യന്തികമായി മെത്രാന്മാരുടെ കൂട്ടമായ സുന്നഹദോസിലും മാത്രമായി ചുരുങ്ങി. അവൈദിക വിശ്വസികള്‍ സഭാഭരണത്തില്‍ നിന്നും നയരൂപീകരണത്തില്‍ നിന്നും പാടെ നിഷ്‌കാസിതരായി.

എന്നാല്‍ റോമാ സാമ്രാജ്യത്തിന്റെയോ അവിടുത്തെ സഭാഘടനയുടെയോ സ്വാധീനത്തില്‍പ്പെടാത്ത കേരളം പോലെയുള്ള വിദൂര ദേശങ്ങളിലെ ക്രൈസ്തവ സമൂഹങ്ങള്‍ പൂര്‍വികമായ ജനാധിപത്യ ഘടനയില്‍ തന്നെ തുടര്‍ന്നു. കേരളത്തിലെ പൂര്‍വിക ക്രൈസ്തവരായ മലങ്കര നസ്രാണികള്‍ക്ക് മെത്രാന്‍ കേന്ദ്രീകൃത ഹെലനിക് പിരമിഡ് ഹൈരാര്‍ക്കി പരിചയപ്പടുത്തിയത് കാലാകാലങ്ങളില്‍ ഇവിടെത്തിയ പേര്‍ഷ്യന് മെത്രാന്മാരാണ്. പക്ഷേ തറക്കൂട്ടങ്ങളുടേയും പിന്നീട് നമ്പൂതിരി ഗ്രാമവ്യവസ്ഥയുടെയും ചുവടുപിടിച്ച് ഇടവക പള്ളിയോഗങ്ങളും മലങ്കര പള്ളിയോഗവും ജനാധിപത്യപരമായി ഇവിടെ നിലനിന്നു. ദേശത്തു കത്തനാരുമാരും ജാതിക്കു തലവനും യഥാക്രമം അവയ്ക്കു നേതൃത്വം നല്‍കി. പേര്‍ഷ്യന്‍ മെത്രാന്മാര്‍ ജാതിക്കു തലവനെ അര്‍ക്കദ്യക്കോന്‍ എന്ന പേര്‍ഷ്യന്‍ വൈദിക സ്ഥാനിയാക്കി പിരമിഡ് ഹൈരാര്‍ക്കിയുടെ ഭാഗമാക്കിയെങ്കിലും നസ്രാണികളുടെ ജനാധിപത്യ ഘടനയ്ക്ക് മാറ്റമൊന്നും വന്നില്ല.

പതിനാറാം നൂറ്റാണ്ടില്‍ കേരളത്തിലെത്തിയ പോര്‍ച്ചുഗീസ് മിഷിണറിമാര്‍ നസ്രാണികളെ റോമന്‍ കത്തോലിക്കാ സഭയില്‍പ്പെടുത്തി റോമാ പാപ്പായ്ക്കു വിധേയരാക്കാനുള്ള ശ്രമമാരംഭിച്ചു അതിന്റെ പാരമ്യത്തില്‍ 1599-ലെ കുപ്രസിദ്ധമായ ഉദയംപേരൂര്‍ സുന്നഹദോസിലൂടെ വൈദിക പിരമിഡ് ഹൈരാര്‍ക്കി നസ്രാണികളുടെമേല്‍ അടിച്ചേല്‍പ്പിച്ചു. റോമന്‍ സഭാ ഭരണസംവിധാനത്തിനു ഹിതമല്ലാത്ത നസ്രാണികളുടെ ജാതിക്കു തലവന്‍ ഉള്‍പ്പെടെയുള്ള ജനാധിപത്യ സംവിധാനങ്ങളെ ഇല്ലായ്മ ചെയ്യാനായിരുന്നു പിന്നീടുള്ള അവരുടെ ശ്രമം. പക്ഷേ ഈ ശ്രമം വിജയിച്ചില്ലന്നു മാത്രമല്ല, അതോടെ മലങ്കര പള്ളിയോഗം കൂടുതല്‍ ശക്തമായി. അതിന്റെ പരിണിതഫലമായി 1653 ജനുവരി 3-ന് മട്ടാഞ്ചേരിയില്‍ കൂടിയ മലങ്കര പള്ളിയോഗം റോമാ നുകം പൊട്ടിച്ചെറിഞ്ഞ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.

ഇന്ത്യയുടെ മണ്ണില്‍ യൂറോപ്യന്‍ അധിനവേശത്തിനെതിരായി നടന്ന ആദ്യ സ്വതന്ത്ര്യ സമരമായ കൂനന്‍കുരിശു സത്യം തികച്ചു ജനാധിപത്യപരമായിത്തന്നെ അന്നത്തെ ജാതിക്കു തലവനായ തോമാ അര്‍ക്കദ്യക്കോനെ വേദതലവനായി അംഗീകരിച്ചു. നാലു കത്തനാരുമാരെ അദ്ദേഹത്തിന്റെ കാര്യവിചാരകരായി നിയമിച്ചു. എന്നു മാത്രമല്ല, …മൂവാണ്ടില്‍ കൂടിവിചാരം ഉണ്ടാകുമ്പോള്‍ മാറി കല്‍പ്പിക്കുകയും… വേണം എന്നു നിശ്ചയിച്ചു 1653-ലെ മട്ടാഞ്ചേരി പടിയോലയിലൂടെ തങ്ങളുടെ ജനാധിപത്യ അധികാരം മലങ്കര പള്ളിയോഗം നിലനിര്‍ത്തുകയും ചെയ്തു. പില്‍ക്കാലത്തും മലങ്കര പള്ളിയോഗം മലങ്കര മെത്രാനു കാര്യവിചാരകരെ നിയമിച്ചതായി രേഖകളുണ്ട്.

ഒന്നര നൂറ്റാണ്ടുകാലത്തെ റോമന്‍ കത്തോലിക്കാ സഹവാസവും പിന്നീടുണ്ടായ അന്ത്യോഖ്യന്‍ ബന്ധവും മെത്രാന്‍ കേന്ദ്രീകൃത ഹെലനിക് പിരമിഡ് ഹൈരാര്‍ക്കി മലങ്കര നസ്രാണികള്‍ക്കും അനിവാര്യമാക്കി. അതിന്റെ ഫലമായി നൂറ്റാണ്ടുകളിലൂടെ മലങ്കര പള്ളിയോഗം അര്‍ക്കദ്യക്കോനെ മലങ്കര മെത്രനായും മലങ്കര മെത്രാപ്പോലീത്തായായും മലങ്കര മെത്രാപ്പോലീത്താ/കാതോലിക്കാ ആയും ഉയര്‍ത്തി. ജാതിക്കു തലവന്റെ അധികാരം- ഇതു പ്രധാനമായും മലങ്കര പള്ളിയോഗം വിളിച്ചുകൂട്ടാനുള്ളതാണ്- മലങ്കര മെത്രാനില്‍ ലയിപ്പിച്ചു. പക്ഷേ മലങ്കര പള്ളിയോഗം സര്വസക്തമായിത്തന്നെ തുടര്‍ന്നു. 17- 20 നൂറ്റാണ്ടുകളില്‍ ഹൈരാര്‍ക്കി, വിശ്വാസം, ആരാധന രീതി, ഭരണക്രമം തുടങ്ങിയ സുപ്രധാന വിഷയങ്ങളിലെല്ലാം തീരുമാനമെടുത്തത് മലങ്കര പള്ളിയോഗമാണ്. ഇന്നും ആത്യന്തികമായി ആ അധികാരങ്ങള്‍ മലങ്കര പള്ളിയോഗത്തിന്റെ സംസ്‌കൃത രൂപമായ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനില്‍ നിക്ഷിപ്തമാണ്.

പ്രാകൃത കമ്യൂണിസത്തില്‍നിന്നും പാര്‍ലമെന്ററി ജനാധിപത്യത്തിലേയ്ക്കുള്ള വളര്‍ച്ചപോലെ നസ്രാണികളുടെ ജനാധിപത്യവും പരിണമിച്ചിട്ടുണ്ട്. 17- 20 നൂറ്റാണ്ടുകളില്‍ ഇടവക പള്ളികളുടെ ഭരണം സുതാര്യവും കാര്യക്ഷമവും ആക്കാനും പരിമിത ജനാധിപത്യമെങ്കിലും ഉറപ്പുവരുത്താനും മലങ്കര പള്ളിയോഗം വിവിധ നിയമാവലികള്‍ രൂപികരിച്ചു. പക്ഷേ പൊതുമുതല്‍ ഒന്നും ഇല്ലാതിരുന്നതിനാല്‍ കേന്ദ്രഭരണത്തില്‍ കാര്യമായ ക്രമീകരണമൊന്നും വരുത്തിയില്ല. പത്തൊമ്പതാം നൂറ്റാണ്ടിന്റെ പ്രാരംഭപാദത്തില്‍ വട്ടിപ്പണ പലിശയും പഴയ സെമിനാരിയും പൊതുമുതലായി ഉണ്ടായതോടെ കേന്ദ്രഭരണത്തിനും ക്രമീകരണങ്ങള്‍ വരുത്തുന്നതിനു മലങ്കര നസ്രാണികള്‍ പ്രാരംഭമിട്ടു. പക്ഷേ അത് കാര്യമായ ഫലം ചെയ്തില്ല. മെത്രാന്മാരുടെ ഏകനായകത്വത്തിനെതിരായ മുറവിളി പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പാദത്തില്‍ ഉയര്‍ന്നു തുടങ്ങി.

1841-ലെ കൊച്ചി പഞ്ചായത്തു കോടതിയുടെ കൊച്ചിന്‍ അവാര്‍ഡ് എന്ന വിധിപ്രകാരം പൊതുമുതലുകളുടെ ഭരണത്തിനായി മലങ്കര മെത്രാനോടൊപ്പം ഒരു കത്തനാരും ഒരു അവൈദീകനും കൂട്ടു ട്രസ്റ്റികളായി ആവശ്യമായി വന്നു. അതനുസരിച്ച് 1869 ല്‍ പാലക്കുന്നത്ത് മാത്യൂസ് മാര്‍ അത്താനാസ്യോസ് മലങ്കര മെത്രാപ്പോലീത്താ കൂട്ടു ട്രസ്റ്റികളെ തിരഞ്ഞെടുക്കുകയും കാര്യവിചാരണയ്ക്കു ഒരു കമ്മറ്റി രൂപീകരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പിന്‍ഗാമിയായ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍ മലങ്കര മെത്രാപ്പോലീത്താ 1873-ല്‍ പരുമലയിലും 1876-ല്‍ മുളന്തുരുത്തിയിലും കൂടിയ മലങ്കര പള്ളിയോഗങ്ങളില്‍ വച്ച് മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനും അതിനൊരു മാനേജിങ് കമ്മറ്റിയും രൂപീകരിച്ചു. അതോടെ മലങ്കര പള്ളിയോഗത്തിന്റെ ആധുനീകരണത്തിനു പ്രാരംഭമിട്ടു.

1934-ല്‍ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ മലങ്കര സഭാ ഭരണഘടന പാസാക്കി നടപ്പില്‍ വരുത്തി. അതനുസരിച്ച് 21 വയസ് തികഞ്ഞ പുരുഷന്മാര്‍ക്ക് എല്ലാം ഇടവകപള്ളി യോഗങ്ങളില്‍ വോട്ടവകാശം ലഭിച്ചു. 2010-ല്‍ ഭരണഘടനാ ഭേദഗതിയിലൂടെ വനിതകള്‍ക്കും വോട്ടവകാശം ലഭിച്ചു. ഭരണഘടനപ്രകാരം ഓരോ ഇടവകപ്പള്ളിക്കും വലപ്പച്ചെറുപ്പം കൂടാതെ ഒരു വൈദികനും രണ്ട് അവൈദികരുമായിരുന്നു മലങ്കര അസോസിയേഷനിലെ പ്രാധിനിത്യം. 1958-ല്‍ ഇന്ത്യന്‍ സുപ്രീംകോടതി ശരിവെച്ച ഭരണഘടന 1995-ല്‍ സുപ്രീംകോടതി തന്നെ ഭേദഗതി ചെയ്ത് ഇടവകയില്‍നിന്നുള്ള അവൈദിക പ്രതിനിധികളുടെ എണ്ണം ജനസംഖ്യാനുസൃതമാക്കി. മാനേജിങ് കമ്മറ്റിയെ മാത്രമല്ല, കാതോലിക്കാ/മലങ്കര മെത്രാപ്പോലീത്താ, മെത്രാന്മാര്‍, കൂട്ടു ട്രസ്റ്റികള്‍ ഇവരെ തിരഞ്ഞെടുക്കാനും ഭരണഘടന ഭേദഗതി ചെയ്യാനുമുള്ള അധികാരം ഇന്ന് 1934-ല ഭരണഘടന മാനേജിങ് കമ്മറ്റിയേയും കൂട്ടു ട്രസ്റ്റികളേയും ഇതര സ്ഥാനികളേയും തിരഞ്ഞെടുക്കാനുള്ള അധികാരം നിലനി്ര്‍ത്തിയെങ്കിലും അവര്‍ക്ക് കാലപരിധിയൊന്നും നിശ്ചയിച്ചിരുന്നില്ല.

1995-ലെ സുപ്രീംകോടതി വിധി അസോസിയേഷന്റെയും മാനേജിങ് കമ്മറ്റിയുടേയും കാലപരിധി അഞ്ചു വര്‍ഷമെന്നു നിശ്ചയിച്ചു. അതനുസരിച്ച് 2002 മുതല്‍ 5 വര്‍ഷത്തിലൊരിക്കല്‍ ആറുമാസം നീളുന്ന പ്രക്രിയയിലൂടെ അസോസിയേഷനും മാനേജിങ് കമ്മറ്റിയും തിരഞ്ഞെടുക്കപ്പെടുന്നു. ഇതിന്റെ ചുവടുപിടിച്ച് മെത്രാന്മാര്‍ ഒഴികെ തിരഞ്ഞെടുക്കപ്പെടുന്ന സ്ഥാനികളുടെ കാലാവധി അഞ്ചു വര്‍ഷമായി പിന്നീട് പരിമിതപ്പെടുത്തിയത് മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനാണ്. 1934-ല ഭരണഘടന മലങ്കര സഭയ്ക്ക് ഒരു എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് രൂപീകരിക്കുകയും വിശ്വാസം, പട്ടത്വം, അച്ചടക്കം ഇവയ്ക്കുള്ള അധികാരം പൂര്‍ണമായും അവര്‍ക്കു വിട്ടുകൊടുക്കുകയും ചെയ്തു. 2006-ല്‍ എപ്പിസ്‌കോപ്പ്ല്‍ സുന്നഹദോസ് നടപടിച്ചട്ടം ഭേദഗതി ചെയ്തു. അതനുസരിച്ച് കാതോലിക്കാ/മലങ്കര മെത്രാപ്പോലീത്താ, ഇടവക മെത്രാപ്പോലീത്താമാര്‍ എന്നിവര്‍ ഒഴികെ സുന്നഹദോസ് തിരഞ്ഞെടുത്തു നിയമിക്കുന്ന എല്ലാ എപ്പിസ്‌ക്കോപ്പല്‍ സ്ഥാനികളുടെയും കാലവധി അഞ്ചു വര്‍ഷമെന്നും, രണ്ടു പ്രാവശ്യത്തില്‍ കൂടുതല്‍ ഒരാള്‍ ഒരു സ്ഥാനത്തു തുടരാന്‍ പാടില്ലെന്നും തീരുമാനിച്ചു.

ഈ ഭേദഗതിക്ക് മുന്‍കൈയെടുത്ത തോമസ് മാര്‍ അത്താനാസ്യോസ് സീനിയര്‍ മെത്രാപ്പോലീത്താ 2007-ല്‍ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി സ്ഥാനവും എംഡി.& കാതോലിക്കേറ്റ് സ്‌കൂളുകളുടെ മാനേജര്‍ സ്ഥാനവും ഒഴിഞ്ഞ് ഈ ഭേദഗതി നടപ്പില്‍വരുത്തുന്നതിനു പ്രാരംഭമിട്ടു. തുടര്‍ന്ന് 2012-ലും 2017ലും എപ്പിസ്‌ക്കോപ്പല്‍ സ്ഥാനകളെ മാറിക്കല്‍പ്പിച്ചു. ദൗര്‍ഭാഗ്യവശാല്‍ മെത്രാന്‍ ഇതര സ്ഥാനികളുടെ കാര്യത്തില്‍ ഇന്നും ഇത്തരമൊരു കാലപരിമിതി നിശ്ചയിച്ചിട്ടില്ല. ഇന്ന് മലങ്കര അസോസിയേഷന് കോട്ടയം എംഡി സെമിനാരിയില്‍ കൂടുന്നത് മാനേജിങ് കമ്മറ്റിയേയും കൂട്ടു ട്രസ്റ്റികളേയും തിരഞ്ഞെടുക്കുന്നതിനാണ്. 2002 മുതല്‍ അഞ്ചുവര്‍ഷത്തിലൊരിക്കല്‍ മാര്‍ച്ച് മാസത്തില്‍ ഈ സ്ഥാനങ്ങളിലേയ്ക്കു തിരഞ്ഞെടുപ്പു നടത്തേണ്ടത് സുപ്രീം കോടതി വിധിപ്രകാരം അനിവാര്യമാണ്. ലോകത്തിലെ ഏറ്റവും വലിയ മത പാര്‍ലമെന്റും ഏറ്റവും വിപുലമായ ക്രൈസ്തവ ജനാധിപത്യ പ്രക്രിയയ്ക്കും വീണ്ടും കോട്ടയം എംഡി സെമിനാരി വേദിയാകുന്നു.