അതിൽ തന്നെ നിഗൂഡതകൾ ഒളിപ്പിച്ചവയാണ് മഹാനഗരങ്ങൾ. പുറം മോടിക്കും അപ്പുറം യാഥാർത്ഥ്യങ്ങളുടെ തെരുവുകളിലേക്ക് വെളിച്ചം വീഴാൻ മടിക്കുമ്പോലെ തോന്നും അവയെ അടുത്തറിയാൻ ശ്രമിച്ചാൽ. മിക്കപ്പോഴും പുറം മോടി കൃത്യമായ ചെറുത്ത് നില്പ്പിന്റെ ഉപാധിയാണ്. സത്യങ്ങളായി എപ്പോഴും ഉയർത്തിക്കാട്ടുന്നതും ഈ നഗരക്കാഴ്ചകളെയാണ്. അത് കൊണ്ട് തൃപ്തിപ്പെടാനാണ് മഹാഭൂരിപക്ഷത്തിനും ആഗ്രഹം. അതിനുമപ്പുറത്തേക്ക് നോക്കുവാൻ ആഗ്രഹിക്കുന്നവർക്ക് എതിർപ്പുകളുണ്ടാകുമെന്നത് സ്വാഭാവികമാണ്. അത്തരം കാഴ്ചകളിലേക്കാണ് യോനായെ യഹോവയായ ദൈവം നോക്കുവാൻ പ്രേരിപ്പിച്ചത്. മഹാനഗരമായ നിനവെയ്ക്കെതിരെ ശബ്ദിക്കുവാനാണ് യോനാ നിയോഗിക്കപ്പെട്ടത്.
മഹാനഗരത്തോട് മല്ലിടുമ്പോൾ
മൂന്ന് നോമ്പിന്റെ പ്രധാന സന്ദേശം ഇത് തന്നെയാണ്. മ്ളേച്ചത മഹാശക്തികളായി വളർന്നാലും അവയ്ക്കെതിരെ വിരൽ ചൂണ്ടാനുള്ള ഉത്തരവാദിത്തത്തിൽ നിന്നും നമുക്ക് പിൻവാങ്ങാൻ സാധിക്കുകയില്ല. ദൈവപദ്ധതിക്ക് ചെവിയോർക്കുകയും അവയുടെ ലംഘനങ്ങളിൽ വിചാരപ്പെടുകയും ചെയ്യുകയാണ് വേണ്ടത്. നീതിക്ക് വേണ്ടി പീഡനം ഏല്ക്കുന്നവർക്കാണ് സ്വർഗ്ഗം (വി.മത്തായി 5:10)
ക്രിസ്തുവിന്റെ വിചാരത്തിൽ പീഡനം എന്ന് പറഞ്ഞാൽ ശാരീരിക പീഡനം മാത്രമായിരിക്കില്ല. മാനസികസംഘർഷങ്ങളിലൂടെയും സ്വന്തമായ സുരക്ഷിത വലയങ്ങളിലെ അസ്വസ്ഥമായ ഇടപെടലുകളെല്ലാം അതിൽ ഉൾപ്പെടാം. ഇങ്ങനെ ഉറങ്ങാത്ത രാത്രിയാണല്ലോ പീലാത്തോസിന്റെ ഭാര്യയുടെ അപേക്ഷയിൽ നിഴലിക്കുന്നത്. “നീതിമാനായ ഈ മനുഷ്യൻ നിമിത്തം സ്വപ്നത്തിൽ ഏറെ കഷ്ടം സഹിച്ചു” എന്നവർ പറയുന്നിടത്ത് ശാരീരിക ക്ളേശങ്ങൾക്ക് പുറമെ മാനസിക സംഘർഷങ്ങളാണല്ലോ ദ്യോതിപ്പിക്കുന്നത്.
കളവുകൾ രൂഢമൂലമായി വൻവൃക്ഷങ്ങൾ കണക്കെ വളർന്ന് നില്ക്കേ, അവയുടെ നേർക്കുള്ള ചൂണ്ട് വിരലുകളാകാനാണ് ഈ നോമ്പ് ആഹ്വാനം ചെയ്യുന്നത്. എല്ലാ തെരഞ്ഞെടുപ്പുകളും ഇങ്ങനെ നീതിക്ക് വേണ്ടി നിലനിൽക്കാനാണ് അവസരം നല്കുന്നത്. തെരഞ്ഞെടുപ്പുകൾക്ക് ശേഷം കളം ചൂടാറുമ്പോഴും നീതിക്ക് വേണ്ടിയും നന്മയ്ക്ക് വേണ്ടിയും സ്വർഗ്ഗരാജ്യത്തിനു വേണ്ടിയുമുള്ള ദാഹം നിലനിർത്തുന്നിടത്ത് ദൈവീക ഇടപെടലിന്റെ നീരുറവകൾക്ക് സാധ്യതയുണ്ട്. ഉറവകളിലേക്കുള്ള യാത്രയാണ് നമ്മുടേത്. ഉറവകൾ തേടിയുള്ള യാത്രയാകണം നമ്മുടേത്.
ആമേൻ!