സ്ഥാനം… സ്ഥാനി… ത്യാഗം… / ഡോ. എം. കുര്യന്‍ തോമസ്

സ്ഥാനം… സ്ഥാനി… ത്യാഗം… / ഡോ. എം. കുര്യന്‍ തോമസ്

e_m_philip_edavazhikkalpulikkottil_ii_e_m_philip

 

 

 

 

ഇ. എം. ഫീലിപ്പോസ് പുലിക്കോട്ടില്‍ രണ്ടാം ദീവന്നാസ്യോസിനൊപ്പം.

 

 

 PDF File

ഇക്കാലത്ത് സേവനമാണ് എല്ലാവരും ചെയ്യുന്നത്. സര്‍ക്കാര്‍സേവനം, വൈദീകസേവനം, സാമൂഹികസേവനം, സഭാസേവനം… സേവനസരണി അങ്ങിനെ നീണ്ടുപോകുന്നു. യഥാര്‍ത്ഥത്തില്‍ സേവനം എന്ന വാക്കിന് പ്രതിഫലം കൂടാത്ത അദ്ധ്വാനം എന്നാണ് ശരിയായ അര്‍ത്ഥം. പ്രതിഫലേഛ കൂടാത്ത പ്രവര്‍ത്തി മാത്രമാണ് സേവനം എന്നു വിശേഷിപ്പിക്കപ്പെടുവാന്‍ അര്‍ഹമായിട്ടുള്ളത്. അങ്ങിനെയെങ്കില്‍ അക്ഷരാര്‍ത്ഥത്തില്‍ ഇവയില്‍ എത്രയെണ്ണം സേവനം എന്ന മാനദണ്ഡത്തിന് അനുരൂപമാകുമെന്ന് ഒന്ന് ചിന്തിച്ചുനോക്കുക.
പ്രത്യക്ഷമായ സാമ്പത്തിക ആനുകൂല്യങ്ങള്‍ മാത്രമാണ് ഇന്ന് പ്രതിഫലമായി പരിഗണിക്കുന്നത്. അതിനാല്‍ അവൈദികരുടെ സഭാസേവനത്തെ സത്യസേവനത്തിലാണ് പലരും ഉള്‍പ്പെടുത്തുന്നത്. പക്ഷേ യഥാര്‍ത്ഥത്തില്‍ അങ്ങിനെയാണോ? സഭാസേവനത്തിലൂടെ ലഭിക്കുന്ന ബഹുമാന്യത, പ്രശസ്തി, സ്വാധീനം ഇവയൊക്കെ പ്രതിഫലം എന്ന വകുപ്പില്‍ ഉള്‍പ്പെടുത്തേണ്ടവയാണ്. പലരും – പ്രത്യേകിച്ച് അവൈദികര്‍ – സഭാ സേവനത്തിനു ഇറങ്ങുന്നത് ഇവമാത്രം ഉദ്ദേശിച്ചാണ് എന്ന സത്യം ഈ ലേഖകന്‍റെ വാദത്തെ ശരിവെക്കുന്നു. മലങ്കരസഭയില്‍ അങ്ങിനെ അല്ലാത്ത നിഷ്ക്കാമ കര്‍മ്മികളുടെ കുറ്റിയറ്റുപോയിട്ടില്ല എങ്കിലും ഇന്ന് അവരുടെ എണ്ണം അംഗുലീപരിമിതമാണ്. പരോക്ഷമായ സാമ്പത്തിക നേട്ടങ്ങളും രാഷ്ട്രീയ ഉന്നതിയും സഭാസേവനത്തിന്‍റെ പ്രതിഫലമായി ചിലരെങ്കിലും കൈപ്പറ്റുന്നു എന്ന വര്‍ത്തമാനകാല ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ സഭാ സ്ഥാനങ്ങളെ സേവനം എന്നു വിശേഷിപ്പിക്കുന്നത് ഔചിത്യരഹിതമാണ്.
എന്നാല്‍ യഥാര്‍ത്ഥത്തിലുള്ള അത്മായ ത്യാഗങ്ങളൊക്കെ മലങ്കരസഭാ ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ട്. ഒന്നാം സ്വാതന്ത്യ സമര നേതാക്കളായ മഹാനായ മാര്‍ത്തോമ്മാ ഒന്നാമന്‍റേയും ആഞ്ഞിലിമൂട്ടില്‍ ഇട്ടിത്തൊമ്മന്‍ കത്തനാരുടേയും ജീവന്‍ റോമന്‍ കത്തോലിക്കരുടെ കയ്യില്‍നിന്നും രക്ഷിക്കാന്‍ സ്വജീവന്‍ പണയം വെച്ച് പകരം വേഷപകര്‍ച്ച നടത്തിയ മുളന്തുരുത്തിക്കാരായ താടി നീട്ടിയ രണ്ടു വൃദ്ധരെ തല്‍ക്കാലം മറക്കാം. ഇരുപതാം നൂറ്റാണ്ടില്‍ ശരിയായ ത്യാഗം സഹിച്ച് സഭയെ സേവിച്ച സ്ഥാനികള്‍ അനേകരുണ്ട്. വര്‍ത്തമാനകാലത്തിനു അജ്ഞാതരായ – തമസ്ക്കരിക്കാന്‍ ആഗ്രഹിക്കുന്ന – നിഷ്ക്കാമ കര്‍മ്മികള്‍.
തിരുവിതാംകൂര്‍ സര്‍ക്കാര്‍ സര്‍വീസില്‍ നേരിട്ടു ഹെഡ്മാസ്റ്ററായി ലഭിച്ച നിയമനം ഉപേക്ഷിച്ചണ് മലങ്കരസഭയുടെ എക്കാലത്തെയും ഏറ്റവും പ്രഗ്തഭ അസോസിയേഷന്‍ സെക്രട്ടറിയായ ഇടവഴിക്കല്‍ മാത്തു പോത്തന്‍ എന്ന ഇ. എം. ഫിലിപ്പ് പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍റെ വ്യവഹാര കാര്യസ്ഥനായി സഭാ സേവനത്തിനിറങ്ങിയത്. ആദ്യകാലത്ത് നിശ്ചിത ശമ്പളം മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍ വാഗ്ദാനം ചെയ്തിരന്നെങ്കിലും കേസിന്‍റെ നൂലാമാലകളില്‍പ്പെട്ടുഴലുന്ന അദ്ദേഹത്തിനു അതിന്‍റെ ദശാംശമോ ശതാംശമൊ പോലും കൊടുക്കാന്‍ സാധിച്ചില്ല. പക്ഷേ ആ പേരില്‍ ഇ. എം. ഫിലിപ്പ് തന്നെ ഏല്പിച്ച പണി ഇട്ടിട്ടു പോയില്ല. പകരം സഭാസംബന്ധമായ പുതിയപുതിയ ബാദ്ധ്യതകള്‍ വലിച്ചു തലയില്‍ കയറ്റുകയായിരുന്നു. അക്കാലത്തെ പൊതുവായ ബുദ്ധിമുട്ടിനെക്കുറിച്ച് അദ്ദേഹം തന്‍റെ ആത്മകഥയായ മലങ്കര സഭയുടെ രഹസ്യപേടകം എന്ന കൃതിയില്‍ പരാമര്‍ശിക്കുന്നുണ്ടെങ്കിലും അതിന്‍റെ ആഴവും പരപ്പും അവിടെ ലഭ്യമല്ല. പക്ഷേ ഇ. എം. ഫിലിപ്പിന്‍റെ മരണശേഷം പ്രസിദ്ധീകരിച്ച ആ കൃതിയുടെ അവതാരികയില്‍ കെ. സി. മാമ്മന്‍ മാപ്പിള അത് ഭംഗിയായി വിവരിക്കുന്നുണ്ട്. ഒരു സംഭവം മാത്രം ഉദ്ധരിക്കാം.
… തിരുമേനിയും മാലിത്ര അച്ചനും ഇ. എം. പീലിപ്പോസുംകൂടി ആലപ്പുഴെ താമസിക്കുന്നതിനിടയില്‍ ഒന്നുരണ്ടുദിവസം പട്ടിണി ആയിപ്പോയി. പട്ടണിക്കേടുകൊണ്ട് മാലിത്ര അച്ചനും പീലിപ്പോസും വാടിത്തളര്‍ന്ന് ഒരു മുറിയില്‍ കിടക്കുകയായിരുന്നു. തിരുമേനി അടുത്ത മുറിയിലുണ്ട്. ڇവല്ലദിക്കില്‍നിന്നും സ്വല്‍പ്പം ധനസഹായം എത്തിച്ചു തരണേڈ എന്നു നെഞ്ചുരുകി ദൈവത്തോടു തിരുമേനി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയാണ്. പട്ടിണികൊണ്ടു പരവശനായി കിടക്കുന്ന ഇ. എം. പീലിപ്പോസു സഹദുഃഖിതനായ മാലിത്ര അച്ചനോടു അനുഭവാത്സകമായ ഫലിതരൂപേണ പറഞ്ഞു: – ڇഎന്‍റെ അച്ചാ! നമ്മുടെ പട്ടിണി വല്ല അമ്പതു നോമ്പുകാലത്തോ മറ്റോ ആയിരുന്നെങ്കില്‍ നമ്മുടെ ആത്മരക്ഷയ്ക്കെങ്കിലും അതു ഉപകരിച്ചേനെ!ڈ
അടുത്തമുറിയില്‍ ഹൃദയവ്യഥയാല്‍ അസ്വസ്ഥനായി നടന്ന മെത്രാപ്പോലീത്താ തിരുമേനി തന്‍റെ വിശ്വസ്തശിഷ്യരുടെ അവശസ്ഥിതി എങ്ങനെയിരിക്കുന്നു എന്നറിയാന്‍ വന്ന് വാതിലുകള്‍ക്കിടയിലൂടെ എത്തിനോക്കിയപ്പോള്‍ കേട്ട വാചകം ഇതാണ്. മര്‍മ്മം പിളര്‍ക്കുന്ന വേദനയോടെ തിരുമേനി തല്‍ക്ഷണം മുഖംതിരിച്ചു നടന്നുകളഞ്ഞു. ഇ. എം. പീലിപ്പോസ് എഴുനേറ്റു നോക്കിയപ്പോള്‍ തിരുമേനിയുടെ കവിള്‍ത്തടങ്ങളിലൂടെ കണ്ണുനീര്‍ ധാരധാരയായി ഒഴുകുന്നു! … (മലങ്കരസഭയുടെ രഹസ്യപേടകം, 1993, ു ഃ്) കൂടുതല്‍ വിശദീകരണം ആവശ്യമില്ലാത്ത പ്രതിപാദനമാണിത്.
ഇ. എം. ഫിലിപ്പിനുശേഷം സഭാ സ്ഥാനികളില്‍ സ്മരണിയസ്ഥാനം നല്‍കേണ്ടത് അല്‍മായ ട്രസ്റ്റിയായിരുന്ന എറികാട്ടു കുഞ്ചപ്പന്‍ ഇ. ഐ. ജോസഫിനാണ്. അദ്ദേഹത്തെ ചുരുങ്ങിയ വാക്കുകളില്‍ ഇസഡ്. എം. പാറേട്ട് വിവരിക്കുന്നത് … 1106 മിഥുനം 26-ാം തീയതി എറികാട് ഇ. ഐ. ജോസഫിനെ, മരിച്ചുപോയ ചിറക്കടവില്‍ കൊച്ച് കോരുളയ്ക്കു പകരം അയ്മേനി ട്രസ്റ്റി ആയി തെരഞ്ഞെടുത്തു. അബ്ദള്ളായുടെ മുടക്ക് തട്ടിത്തകര്‍ത്ത വട്ടശ്ശേരില്‍ ദീവന്നാസ്യോസിനെ വീണ്ടും പൂട്ടുന്നതിന് -അഴിയാത്ത മുടക്ക് മുടക്കുന്നതിന്- ഒരുങ്ങി ഏലിയാസ് പാത്രിക്കീസു മലയാളത്തു വന്നു താമസിക്കുന്ന കാലത്താണ് ഈ തെരഞ്ഞെടുപ്പ് നടന്നത്. പിറ്റെന്നാള്‍തന്നെ പഴയ ട്രസ്റ്റികളായ ഗീവറുഗീസ് ദീവന്നാസ്യോസും, പാലപ്പള്ളില്‍ പൌലൂസു കത്തനാരും, ഇ. ഐ. ജോസഫും ചേര്‍ന്നു പത്തൊമ്പതു വര്‍ഷത്തെ വട്ടിപ്പണപലിശ വാങ്ങി. അതിനു ശേഷം ദീവന്നാസ്യോസ് അഭിമുഖീകരിച്ച പ്രശ്നങ്ങളിലും, അദ്ദേഹത്തിന്‍റെ കാലശേഷം മലങ്കര മെത്രാന്‍ട്രസ്റ്റി ആയിത്തീര്‍ന്ന ഗീവറുഗീസു ബസ്സേലിയോസിന്‍റെ കാലത്തും, ട്രസ്റ്റി എന്ന നിലയില്‍ ചുണയോടെ ഉറച്ചുനിന്ന് സഹകരിച്ച ദേഹമായിരുന്നു ഇ. ഐ. ജോസഫ്. … എന്നാണ്. (മലങ്കര നസ്രാണികള്‍, വാല്യം 5, 2017, പേജ് 280)

e_i_joseph

ഇ. ഐ. ജോസഫ്
എറികാട്ട് കുഞ്ചപ്പന്‍റെ പീഡനം ആരംഭിക്കുന്നത് 1946 ജൂലൈ 15-നു അദ്ദേഹത്തിന്‍റ നിര്യാണശേഷമാണ്. പാറേട്ടിന്‍റെ വാക്കുകളില്‍ … സമുദായക്കേസില്‍ (1113-ല്‍ 111) ട്രസ്റ്റി എന്ന നിലയില്‍ കക്ഷി ആയിരുന്ന അദ്ദേഹത്തിന്‍റെ നിര്യാണശേഷം ഭാര്യയെയും സന്താനങ്ങളെയും കേസില്‍ കക്ഷി ചേര്‍ത്തു ശല്യപ്പെടുത്താന്‍ വാദികള്‍ ശ്രമിച്ചു എന്നു പറയുമ്പോള്‍ ഇ. ഐ. ജോസഫ് എത്രമാത്രം ഉറച്ചാണ് നിന്നിരുന്നതെന്ന് ഊഹിക്കാമല്ലോ. … എന്ന് ഇത് പറഞ്ഞുപോകുന്നു. വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസ്, മാര്‍ ഗീവറുഗീസു ബസ്സേലിയോസ് എന്നീ മലങ്കര മെത്രാന്‍ട്രസ്റ്റികളോടൊപ്പം അത്മേനി ട്രസ്റ്റിയായിരുന്ന ഇ. ഐ. ജോസഫ് സഭാ സ്വത്തുക്കള്‍ ദുരുപയോഗം ചെയ്തെന്നും അത് അദ്ദേഹത്തിന്‍റെ കുടുംബസ്വത്തുക്കളില്‍നിന്നും ഈടാക്കണമെന്നും കാണിച്ച് പാത്രിയര്‍ക്കീസ് വിഭാഗം സിവിള്‍ വ്യവഹാരം ഫയല്‍ ചെയ്തു. എറികാട്ട് കുഞ്ചപ്പന്‍റെ ഭാര്യയോടൊപ്പം പ്രായപൂര്‍ത്തിയാവാത്ത മക്കള്‍വരെ കേസില്‍ പ്രതികളായിരുന്നു. ഇതിന്‍റെ ഭാഗമായി ഇ. ഐ. ജോസഫിന്‍റെ ഭവനം സര്‍ക്കാര്‍ പൂട്ടി മുദ്രവച്ചു. അദ്ദേഹത്തിന്‍റെ കുടുംബത്തിനു ഏതാനും ചില മുറികള്‍ ഉപയോഗിക്കുവാന്‍ മാത്രമാണ് (ഒരു മുറി, ഒരു തളം, അടുക്കള) അനുവദിച്ചത്! വര്‍ഷങ്ങളോളം ഈ നില തുടര്‍ന്നു.
ഇവിടെ വിസ്മരിക്കരുതാത്ത ഒരു വ്യക്തിത്വുമുണ്ട്. അവര്‍ സഭാ സ്ഥാനിയൊന്നുമായിരുന്നില്ല. അത് എറികാട്ട് ശ്രീ ഇ. ഐ. ജോസഫിന്‍റെ ഭാര്യ ശ്രീമതി മേരി ജോസഫ് ആണ്. സ്വന്തം ഭര്‍ത്താവിന്‍റെ സഭാസേവനംകൊണ്ടുമാത്രം പീഡിപ്പിക്കപ്പെട്ട ആ സ്ത്രീരത്നം പിടിച്ചുനിന്നു. അകാലത്തില്‍ വിധവയായ തനിക്ക് മാനുഷിക പരിഗണനപോലും നല്‍കാതെ സ്വന്തം ഭവനത്തില്‍പ്പോലും എതിര്‍കഷികള്‍ പ്രവര്‍ത്തനനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും അവര്‍ തളര്‍ന്നില്ല. സമ്പന്നതയുടെ നടുവിലും സാമ്പത്തിക പരാധീനത വരുത്തിവെച്ച ഭര്‍ത്താവിന്‍റെ സഭാഭക്തിയെ അവര്‍ പഴിച്ചില്ല. ഈ പ്രാരാബ്ദങ്ങളുടെ നടുവിലും മക്കളെ നല്ലനിലയില്‍ വളര്‍ത്തി ഉന്നതനിലയില്‍ എത്തിച്ചു. സീമന്തപുത്രന്‍ പിതാവിന്‍റെ കാലടികളിലൂടെ നടന്ന് സഭാസേവനസരണിയില്‍ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചു. അതിവൃദ്ധതയില്‍ 1986-ല്‍ ഇഹലോകംവിട്ട ആ മഹതിയെ ഒരു പ്രാവശ്യം നേരിട്ടു കാണാനുള്ള ഭാഗ്യം ഈ ലേഖകനു സിദ്ധിച്ചിട്ടുണ്ട്. മാര്‍ത്തോമ്മാ അഞ്ചാമന്‍റെ ഡച്ചുപീഡ ഒഴിവാക്കാന്‍ സ്വന്തം മെയ്യാഭരണങ്ങള്‍ ഉരിഞ്ഞുകൊടുത്ത നിരണം ഇലഞ്ഞിക്കല്‍ പീത്തമ്മത്തങ്കിയുടെ പിന്‍മുറക്കാരില്‍ നിസംശയം ഉള്‍പ്പെടുത്താവുന്ന തികഞ്ഞ നസ്രാണി പെമ്പിള ആയിരുന്നു ആ സ്വാദ്ധി.

e_j_joseph

ഇ. ജെ. ജോസഫും ഭാര്യയും

 
1917-ല്‍ ജനിച്ച എറികാട്ട് കുഞ്ചപ്പന്‍റെ മൂത്തപുത്രന്‍ ഇ. ജെ. ജോസഫ് പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ ഭരണകാലത്ത് 1951 മുതല്‍ 1966 വരെ 15 വര്‍ഷവും പ. മാത്യൂസ് പ്രഥമന്‍ ബാവായുടെ ഭരണകാലത്ത് 1980 മുതല്‍ 1985 വരെ അഞ്ചു വര്‍ഷവും സ്തുത്യര്‍ഹമായി അസോസിയേഷന്‍ സെക്രട്ടറി സ്ഥാനം വഹിച്ചു. ബി. എ., ബി. എല്‍. ബിരുദങ്ങള്‍ നേടി പ്രഗത്ഭനായ അഭിഭാഷകന്‍ എന്ന നിലയില്‍ ഖ്യാതി നേടിയ അദ്ദേഹത്തിനു പക്ഷേ ജ്വരം സഭാസേവനമായിരുന്നു. ബാങ്കിംഗ് മേഖലയില്‍ പ്രവര്‍ത്തിച്ചു വന്ന ബേബിച്ചായന്‍ നിസ്വാര്‍ത്ഥമായ സഭാസേവനത്തിനിടയില്‍ സ്വന്തം കൈയിലെ പണമെടുത്ത് സഭാകാര്യങ്ങള്‍ക്കുപയോഗിച്ചതുകൊണ്ടും, ശ്രദ്ധ സഭയില്‍ കേന്ദ്രീകരിച്ചതുകൊണ്ടുംമറ്റും മൂലം ബാങ്കിംഗ് സ്ഥാപനം തകര്‍ന്നു.എന്നിട്ടും സഭാസേവന രംഗത്തുനിന്നും പിന്മാറാന്‍ അദ്ദേഹം തയ്യാറായില്ല. സ്വന്തം ഭാര്യയ്ക്ക് പ്രസവമടുത്ത സമയത്ത് അവരെ ദൈവത്തെ ഭരമേല്പിച്ചിട്ട് സഭാകാര്യങ്ങള്‍ക്കായി പോകുവാന്‍മാത്രം തീക്ക്ഷണമായിരുന്നു അദ്ദേഹത്തിന്‍റെ സഭാ ഭക്തി. അതും പൂര്‍ണ്ണമായും സ്വന്തം ചിലവില്‍!
പ്രൊട്ടസ്റ്റന്‍റ് വിശ്വാസത്തേയും കുടുംബവാഴ്ചയേയും കുടിയിറക്കി മലങ്കര സഭ വന്നിക്കൊടി പാറിച്ച 1889 – 1909 കാലത്ത് ഇ. എം. ഫിലിപ്പായിരുന്നു അസോസിയേഷന്‍ സെക്രട്ടറിയെങ്കില്‍ അതിനേക്കാള്‍ അധികം പൊന്‍തൂവലുകള്‍ എറികാട്ടു ബേബിയുടെ തലയിലുണ്ട്. 1951-ലെ മലങ്കരസഭയ്ക്കെതിരായ വീരരീഘവയ്യരുടെ കുപ്രസിദ്ധമായ ഹൈക്കോടതി വിധിയെത്തുടര്‍ന്ന് കൊട്ടാരക്കര നിന്നും കോട്ടയത്തേക്ക് പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായ്ക്കു നല്‍കിയ സ്വീകരണം, 1958-ലെ ചരിത്രപ്രസിദ്ധമായ സുപ്രീംകോടതി വിധിയും സഭാ യോജിപ്പും, 1958 ഡിസംബര്‍ 26-ന് നടന്ന പുത്തന്‍കാവ് അസോസിയേഷന്‍, 1964-ലെ കാതോലിക്കാ വാഴ്ച, 1970-ലെ എം. ഡി. സെമിനാരി അസോസിയേഷന്‍, 1982-ല്‍ സഭയാകമാനം ആഘോഷിച്ച കാതോലിക്കേറ്റ് സപ്തതി, അതിന്‍റെ ഭാഗമായി കോട്ടയത്തു നടന്ന സമ്മേളനം, 1984-ല്‍ ആഘോഷിച്ച പ. വട്ടശ്ശേരില്‍ തിരുമേനിയുടെ ചരമ കനക ജൂബിലി, അതോടനുബന്ധിച്ച് കോട്ടയത്തു നടന്ന മഹാസമ്മേളനം തുടങ്ങി അദ്ദേഹം അസോസിയേഷന്‍ സെക്രട്ടറിയായിരിക്കെ അതീവ വിജയകരമായും ആക്ഷേപരഹിതമായും നടന്ന പ്രധാന സംഭവങ്ങള്‍ നിരവധിയാണ്.

e_j_joseph

ഇ. ജെ. ജോസഫ്
ഇവരുടെയൊക്കെ സഭാസേവനം നിശബ്ദമായിരുന്നു. ഇടവഴിക്കല്‍ പോത്തച്ചന് വിക്കുണ്ടായിരുന്നതുകൊണ്ടാണ് അരങ്ങുകള്‍ വിട്ടുനിന്നത് എന്നു വാദിച്ചാലും ഒരു അഭിഭാഷകനായിരുന്ന എറികാട്ടു ബേബിച്ചായന്‍ സ്വയം അരങ്ങിനു പുറകില്‍ ഒതുങ്ങിക്കൂടിയതാണെന്നു സമ്മതിക്കേണ്ടിവരും. അതായിരുന്നു അവരുടെ ശൈലി. അവരുടെ മാത്രമല്ല, മലങ്കരസഭാ സ്ഥാനികളില്‍ ഒട്ടുമുക്കാല്‍പേരുടേയും. നിഷ്കാമകര്‍മ്മികളായ ഇവര്‍ക്കൊക്കെ തീര്‍ച്ചയായയും പ്രതിഫലം ലഭിച്ചിട്ടുണ്ട്. ആ പ്രതിഫലം നല്‍കിയത് ദൈവമാണ്. പക്ഷേ അവര്‍ പ്രതിഫലം ഇശ്ചിച്ചല്ല സഭസേവനം നടത്തിയത്. തനിക്കുണ്ടായ ജീവിതവിജയത്തെപ്പറ്റി ഇ. എം. ഫിലിപ്പ് തന്‍റെ ആത്മകഥയില്‍ വിവരിച്ചിട്ടുണ്ട്. ഇ. ജെ. ജോസഫിന്‍റെ നാലു മക്കളും അതിപ്രശസ്തമായ രീതിയില്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കുകയും പ്രഗത്ഭരായിത്തീരുകയും ചെയ്തു. ജീവിതത്തിന്‍റ സിംഹഭാഗവും സഭയ്ക്കായി ഉഴിഞ്ഞുവെച്ച ഇടവഴിക്കല്‍ പോത്തച്ചന്‍ 1914 ഓഗസ്റ്റ് 25-ന് 57-ാം വയസില്‍ ഇഹലോകം വിട്ടു. എറികാട്ടു ബേബിച്ചായനാകട്ടെ 96-ാം വയസില്‍ അതിവൃദ്ധതയില്‍ 2013 ജൂണ്‍ 26-നാണു വിടവാങ്ങിയത്.
ഇതൊക്കെയാണ് യഥാര്‍ത്ഥ ത്യാഗവും സേവനവും. അല്ലാതെ അരങ്ങുകണ്ടാല്‍ അനവസരത്തില്‍ വരുംവരായ്കകള്‍നോക്കാതെ തട്ടുപൊളിപ്പന്‍ പ്രസംഗങ്ങള്‍ നടത്തി കൈയ്യടി വാങ്ങുന്നതല്ല. സ്വന്തം സാമ്പത്തിക – രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി സഭയെ തീറെഴുതുന്നതുമല്ല. ഇന്ന് സഭാസ്ഥാനികളായി സേവനം അനുഷ്ടിക്കാന്‍ തയാറായി വരുന്നവരില്‍ എത്രപേര്‍ക്ക് കുനിഞ്ഞ് ഇവരുടെ ചെരിപ്പിന്‍റെ വാറഴിക്കാന്‍ യോഗ്യതയുണ്ട്? നിശിതമായ ആത്മവിമര്‍ശനം ആവശ്യമുള്ള വിഷയമാണിത്. ഈ തിരഞ്ഞെടുപ്പുവേളയില്‍ ഗൗരവമായി ചിന്തിക്കേണ്ടതും അതാണ്.