പാലായില്‍ ഓര്‍ത്തഡോക്സ് സ്റ്റുഡന്‍റ്സ് സെന്‍റര്‍ തുടങ്ങി

pala_student_centre

പാലായിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പരിശീലനത്തിന് എത്തുന്നവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതിനായി പാലാ – അരുണാപുരം ബൈപാസ് റോഡരുകില്‍ നിര്‍മ്മിച്ച മാര്‍ ഈവാനിയോസ് ഓര്‍ത്തഡോക്സ് സ്റ്റുഡന്‍റ്സ് സെന്‍റര്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു. 1967 ല്‍ സ്ഥാപിതമായ സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് പളളി സുവര്‍ണ്ണജൂബിലി ഉദ്ഘാടനത്തോടനുബന്ധിച്ച് ചേര്‍ന്ന സമ്മേളനത്തില്‍ പാലാ അതിരൂപത സഹായമെത്രാന്‍ ബിഷപ്പ് ജേക്കബ് മുരിക്കന്‍ ജൂബിലി സന്ദേശം നല്‍കി. ജൂബിലിയോടനുബന്ധിച്ച് നവീകരിച്ച ദേവാലയത്തിന്‍റെയും പുതുതായി നിര്‍മ്മിച്ച കുരിശടിയുടെയും, പളളി ഓഫീസിന്‍റെയും കൂദാശ പരിശുദ്ധ കാതോലിക്കാ ബാവാ നിര്‍വ്വഹിച്ചു. അച്ചാമ്മ കുറിയാക്കോസ് എന്ന വിധവയ്ക്ക് വീടു വെയ്ക്കുന്നതിന് 16 ലക്ഷം രൂപ വില വരുന്ന 3 സെന്‍റ് സ്ഥലം നല്‍കി. സ്ഥലത്തിന്‍റെ ആധാരം കൈമാറിക്കൊണ്ട് സ്നേഹസ്പര്‍ശം പ്രോജക്ട് പരിശുദ്ധ ബാവാ തിരുമേനി ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ രംഗത്തെ സംഭാവനയ്ക്ക് പാലാ ബ്രില്യന്‍റ് സ്റ്റഡി സെന്‍ററിനും ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കും അവാര്‍ഡ് നല്‍കി ആദരിച്ചു. ഡോ. യൂഹാനോന്‍ മാര്‍ ദിയസ്കോറോസ് മെത്രാപ്പോലീത്ത അനുഗ്രഹ സന്ദേശം നല്‍കി. ഫാ. തോമസ് വര്‍ഗീസ് കാവുങ്കല്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എം.മാണി എം.എല്‍.എ, ജോസ് കെ. മാണി എം.പി, സഭാ സെക്രട്ടറി ഡോ ജോര്‍ജ് ജോസഫ്, ഫാ. ഡോ. ബേബി വര്‍ഗീസ് , ഫാ. ഫിലന്‍ പി. മാത്യൂ, വികാരി ഫാ. അലക്സ് ജോണ്‍, ഡോ. പോള്‍ മണലില്‍, പ്രൊഫ. റെബേക്ക ചെറിയാന്‍, കെ.എസ് മത്തായി കുഴിക്കാലായില്‍, സ്റ്റീഫന്‍, നിബു ജോണ്‍ മാത്യൂ എന്നിവര്‍ പ്രസംഗിച്ചു.