നോമിനേഷന് മാനദണ്ഡം അനിവാര്യം / കെ. ജി. ജോര്‍ജ് കോടിയാട്ട്, കൈപ്പട്ടൂര്‍

 

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ “സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷന്‍” 2017 മാര്‍ച്ച് ഒന്നാം തീയതി കൂടുകയാണല്ലോ. ടി അസ്സോസിയേഷനില്‍ 47 പട്ടക്കാരേയും 94 അത്മായരേയും മാനേജിംഗ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കും. അവരോടൊപ്പം പുതിയ മാനേജിംഗ് കമ്മിറ്റിയിലേക്ക് പ. കാതോലിക്കാ ബാവാ 35-ല്‍ പരം ആളുകളെ നോമിനേറ്റ് ചെയ്യുമെന്ന് മനസ്സിലാക്കുന്നു. ഏതാണ്ട് 25 ശതമാനം പേര്‍.
നോമിനേഷന് എന്തെങ്കിലും മാനദണ്ഡം ഉണ്ടോ? വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള പ്രഗത്ഭരായ, നിഷ്പക്ഷമതികളായ, ആളുകളെ കണ്ടുപിടിച്ച് സഭയുടെ പുരോഗതിക്ക് നേതൃത്വപരമായ പങ്കുവഹിക്കുവാന്‍ കഴിയുന്നവരാകണം നോമിനേഷനിലൂടെ വരേണ്ടത്. വിദ്യാഭ്യാസരംഗത്ത്, രാഷ്ട്രീയ-സാമൂഹ്യ, കലാസാംസ്കാരിക രംഗത്ത്, മാധ്യമരംഗത്ത്, കാര്‍ഷിക-വ്യാവസായിക രംഗത്ത് പ്രവര്‍ത്തന മികവുള്ള കഴിവുള്ള പ്രതിഭകളെ കണ്ടുപിടിച്ച് നേമിനേറ്റ് ചെയ്യുവാന്‍ സഭ തയ്യാറാവണം. മറിച്ചെങ്കില്‍ നോട്ടുകെട്ടിന്‍റെ ബലത്തില്‍ നോമിനേഷന്‍ നടക്കുന്നുണ്ടോ എന്ന് വിശ്വാസികള്‍ സംശയിക്കപ്പെടുന്നപക്ഷം അതിനവരെ കുറ്റം പറയുവാന്‍ പറ്റുമോ.
തിരഞ്ഞെടുക്കപ്പെട്ട് വരുന്നവരോടൊപ്പം നോമിനേറ്റ് ചെയ്ത് വരുന്നവര്‍ക്ക് അസ്സോസിയേഷന്‍ സെക്രട്ടറി പോലുള്ള സ്ഥാനത്ത് തിരഞ്ഞെടുക്കപ്പെടുവാന്‍ വോട്ടവകാശം നല്‍കുന്നത് ജനാധിപത്യ വിരുദ്ധവും ജനാധിപത്യത്തിന്‍റെ സത്തയെ തന്നെ ഇല്ലാതാക്കുകയും ചെയ്യുന്നു. 25 ശതമാനം നോമിനേഷന്‍ എന്നു പറയുമ്പോള്‍ തിരഞ്ഞെടുക്കപ്പെട്ടു വരുന്നവരുടെ പ്രസക്തി തന്നെ ഫലത്തില്‍ ഇല്ലാതാക്കുകയല്ലേ! മാനേജിംഗ് കമ്മിറ്റി മെമ്പറാകാന്‍ മത്സരിച്ച് ദയനീയമാംവിധം പരാജയപ്പെട്ടവരെ ഏതു മാനദണ്ഡത്തിലൂടെയാണ് മാനേജിംഗ് കമ്മിറ്റിയിലേക്ക് നോമിനേറ്റ് ചെയ്യുക. അവിടെയാണ് വിശ്വാസികള്‍ സംശയിക്കുക. പ. കാതോലിക്കാ ബാവാ തിരുമനസ്സിലെ 259/2016 തീയതി 27-10-16-ലെ കല്പനയില്‍ പ്രസ്താവിച്ചിട്ടുള്ളതുപോലെ (ഇപ്പോഴത്തെ മാനേജിംഗ് കമ്മിറ്റി അംഗങ്ങളും, പള്ളി ഇടവകകളില്‍ നിന്നും നിയമാനുസരണം തിരഞ്ഞെടുക്കപ്പെട്ടവരുടെ പ്രതിനിധികളും ഈ കല്പന അനുസരിച്ചു കൂടുന്ന അസ്സോസിയേഷന്‍ യോഗത്തില്‍ സംബന്ധിക്കുന്നതിന് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ ഭരണഘടനപ്രകാരം അര്‍ഹതയുള്ള അംഗങ്ങളായിരിക്കും. എന്നാല്‍ മാനേജിംഗ് കമ്മിറ്റിയിലെ നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുള്ള അംഗങ്ങള്‍ക്ക് അസ്സോസിയേഷന്‍ തിരഞ്ഞെടുക്കേണ്ട ഏതെങ്കിലും സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നതിനുള്ള അവകാശം ഉണ്ടായിരിക്കുകയില്ല). പുതുതായി തിരഞ്ഞെടുക്കപ്പെട്ടു വരുന്ന മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ക്കുള്ളതുപോലെ നോമിനേറ്റ് ചെയ്തുവരുന്ന അംഗങ്ങള്‍ക്കും അസ്സോസിയേഷന്‍ സെക്രട്ടറി പോലെ തിരഞ്ഞെടുക്കപ്പെടേണ്ട ഏതെങ്കിലും സ്ഥാനത്തേക്ക് വോട്ടു ചെയ്യുന്നതിനുള്ള അവകാശം ഉണ്ടായിരിക്കരുത്. അതാണ് സുതാര്യവും നിയമാനുസൃതവും. അതുപോലെ നോമിനേറ്റ് ചെയ്തുവരുന്നവര്‍ തിരഞ്ഞെടുക്കപ്പെട്ടു വരുന്നതിന്‍റെ പരമാവധി 10 ശതമാനത്തില്‍ കൂടാതിരിക്കുന്നതാണ് ഉത്തമം.