പരിശുദ്ധ ബസേലിയോസ്‌ ഗീവർഗ്ഗീസ്‌ ദ്വിതീയൻ ബാവായുടെ ഓർമ്മപ്പെരുന്നാൾ കൊണ്ടാടി

MBM Get-together-3

കുവൈറ്റ്‌ : മലങ്കരസഭയുടെ മൂന്നാമത്‌ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായിരുന്ന പരിശുദ്ധ ബസേലിയോസ്‌ ഗീവർഗ്ഗീസ്‌ ദ്വിതീയൻ ബാവായുടെ 53-​‍ാം ഓർമ്മപ്പെരുന്നാൾ സെന്റ്‌ ഗ്രീഗോറിയോസ്‌ ഓർത്തഡോക്സ്‌ മഹാ ഇടവക സമുചിതം കൊണ്ടാടി. പരി. ബാവായുടെ നാമധേയത്തിൽ കഴിഞ്ഞ 43 വർഷമായി, ഇടവകയിൽ പ്രവർത്തിച്ചു വരുന്ന ആത്മീയ-ജീവകാരുണ്യപ്രസ്ഥാനമായ മാർ ബസേലിയോസ്‌ മൂവ്മെന്റ്‌ പെരുന്നാൾ ആഘോഷങ്ങൾക്ക്‌ നേതൃത്വം നൽകി.

ജനുവരി 6, വെള്ളിയാഴ്ച്ച രാവിലെ നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ നടന്ന വിശുദ്ധ സമൂഹബലിയ്ക്ക്‌ മലങ്കര ഓർത്തഡോക്സ്‌ സഭയുടെ കൽക്കത്താ ഭദ്രാസനാധിപൻ ഡോ.  ജോസഫ്‌ മാർ ദിവന്നാസിയോസ്‌ മെത്രാപ്പോലീത്ത മുഖ്യകാർമ്മികത്വം വഹിച്ചു. മഹാഇടവക വികാരി ഫാ. രാജു തോമസ്‌, സഹവികാരി ഫാ. ജേക്കബ്‌ തോമസ്‌ എന്നിവർ സഹകാർമ്മികരായിരുന്നു. തുടർന്ന്‌ പ്രത്യേക ധൂപപ്രാർത്ഥനയും നേർച്ചവിളമ്പും നടത്തി.

വൈകിട്ട്‌ 7.30-ന്‌ അബ്ബാസിയ യുണൈറ്റഡ്‌ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന മാർ ബസേലിയോസ്‌ മൂവ്മെന്റിന്റെ കുടുംബസംഗമം മലങ്കര സഭയുടെ എപ്പിസ്കോപ്പൽ സുന്നഹദോസ്‌ സെക്രട്ടറിയും, കണ്ടനാട്‌ വെസ്റ്റ്‌ ഭദ്രസനാധിപനുമായ ഡോ. മാത്യൂസ്‌ മാർ സേവേറിയോസ്‌ മെത്രാപ്പോലീത്താ ഭദ്രദീപം തെളിയിച്ച്‌ ഉത്ഘാടനം ചെയ്തു. ഡോ.  ജോസഫ്‌ മാർ ദിവന്നാസിയോസ്‌ മെത്രാപ്പോലീത്താ മുഖ്യപ്രഭാഷണം നടത്തി. 60-​‍ാം പിറന്നാളിന്റെ നിറവിലായിരിക്കുന്ന ഡോ. മാർ ദിവന്നാസിയോസ്‌ മെത്രാപ്പോലീത്തായെ ചടങ്ങിൽ പൊന്നാടയണിച്ച്‌ ആദരിച്ചു.

ഇടവക സഹവികാരി ഫാ. ജേക്കബ്‌ തോമസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി ജെറി ജോൺ കോശി സ്വാഗതവും, കൺവീനർ ഏബ്രഹാം അലക്സ്‌ നന്ദിയും പ്രകാശിപ്പിച്ചു.

സെന്റ്‌ ബേസിൽ ഓർത്തഡോക്സ്‌ ഇടവക വികാരി ഫാ. ഷാജി പി. ജോഷ്വാ, സെന്റ്‌ സ്റ്റീഫൻസ്‌ ഓർത്തഡോക്സ്‌ ഇടവക വികാരി ഫാ. സഞ്ചു ജോൺ, മലങ്കര സഭാ മാനേജിംഗ്‌ കമ്മിറ്റിയംഗങ്ങളായ ഷാജി എബ്രഹാം, ജെയ്സൺ വർഗ്ഗീസ്, സാബു ടി. ജോർജ്ജ്, ഇടവക ട്രഷറാർ തോമസ്‌ കുരുവിള, ഇടവക സെക്രട്ടറി ജിജി ജോൺ, സംഘടനാ വൈസ്‌ പ്രസിഡണ്ട്‌ ഏബ്രഹാം സി. മാലേത്ത്‌ എന്നിവർ ആശംസകൾ അർപ്പിച്ചു. മലങ്കരസഭാ അസോസിയേഷൻ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട സംഘടനാംഗങ്ങളായ ജെറി ജോൺ കോശി, ജിജി ജോൺ, ജോൺ ജോർജ്ജ്, ഷൈജു കുര്യൻ, കൽക്കത്താ ഭദ്രാസന പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട അനീഷ് തോമസ്, ഏബ്രഹാം അലക്സ്, സിബു അലക്സ്, മനോജ് തോമസ്, പി.ജി. അലക്സാണ്ടർ, നിക്സൺ തോമസ്, ക്രിസ്തുമസ് കരോൾ ഗാനങ്ങൾ രചിച്ച് ഈണം നൽകിയ ടൈറ്റസ് മാത്യൂ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.

സംഘടനാ ട്രഷറാർ സിസിൽ ചാക്കോ, ജോയന്റ്‌ സെക്രട്ടറി സിബി അലക്സാണ്ടർ, ഓർഗനൈസിംഗ്‌ സെക്രട്ടറി ജോഫിൻ സാമുവേൽ, ജോയന്റ്‌ കൺവീനർ സിബു അലക്സ്‌, വർഗീസ്‌ ജോസഫ്‌ എന്നിവർ പരിപാടികൾക്ക്‌ നേതൃത്വം നൽകി. ഇടവക ഭരണസമിതിയംഗങ്ങൾ, ഇതര ജീവകാരുണ്യപ്രസ്ഥാനങ്ങളുടെ ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.