കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭയുടെ വിപസ്സന വൈകാരിക സഹായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വൈകാരിക പ്രശ്നങ്ങൾ: ശാസ്ത്രീയവും സാമൂഹികവുമായ മാനങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി ഓർത്തഡോക്സ് സ്റ്റുഡന്റ് സെന്ററിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു.
ഓർത്തഡോക്സ് സഭയുടെ മുംബൈ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറീലോസ് മെത്രാപ്പൊലീത്ത സെമിനാർ ഉദ്ഘാടനം ചെയ്തു. വൈകാരിക പ്രതിസന്ധിനേരിടുന്ന വ്യക്തികളെ സമാശ്വസിപ്പിക്കുന്ന ശുശ്രൂഷയ്ക്ക് കാലദേശാതിവർത്തിയായ സാംഗത്യം ഉണ്ടെന്ന് മെത്രാപ്പൊലീത്താ പറഞ്ഞു. വ്യക്തികേന്ദ്രീക്റുതമായ സമീപനങ്ങളിൽ സന്നദ്ധപ്രവർത്തകരുടെ പങ്കിന് പ്രസക്തി ഏറിക്കൊണ്ടാണിരിക്കുന്നത്. എം.ജി.ഓ.സി.എസ്.എം ജനറൽ സെക്രട്ടറി ഫാ. ഫിലൻ പി. മാത്യു അധ്യക്ഷത വഹിച്ചു.
അമേരിക്കയിലെ ടെക്സാസ് എ ആൻഡ് എം യൂണീവേഴ്സിറ്റി പ്രൊഫസർ ഡോക്ടർ ബിനു തരകൻ, പുഷ്പഗിരി മെഡിക്കൽ കോളജ് പ്രൊഫസർ ഡോ. എൽഷേബ മാത്യു എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. വിപാസ്സന ഡയറക്ടർ ഡോ. സിബി തരകൻ, ഡോ. ജോസഫ് പി. വർഗ്ഗീസ്, ഡോ.റോസമ്മ അലക്സ്, ഡോ.വൈ.അന്നമ്മ വർഗ്ഗീസ്, ഫാ.മാത്യു കെ.മാത്യു, ഡോ. ജോൺ കുന്നത്ത് എന്നിവർ പ്രസംഗിച്ചു.
മലങ്കര ഓർത്തഡോക്സ് സഭയുടെ മാനവശാക്തീകരണ വിഭാഗം, ഓർത്തഡോക്സ് മെഡിക്കൽ ഫോറം എന്നിവയുടെ ചുമതലയിലാണ് വിപാസ്സന വൈകാരിക സഹായ കേന്ദ്രം പ്രവർത്തിക്കുന്നത്. വൈകാരിക പ്രതിസന്ധി നേരിടുന്നവർക്ക് 0481-2584533, 7025067695 എന്നീ ഹെൽപ്പ് ലൈൻ നമ്പരുകളിൽ വിളിക്കാവുന്നതാണ്.