വത്തിക്കാന്‍ സിറ്റി: കുട്ടികള്‍ക്കെതിരേ ലൈംഗിക അതിക്രമങ്ങള്‍ നടത്തുന്ന പുരോഹിതരെ സംരക്ഷിക്കുന്ന ബിഷപ്പുമാരെ പദവിയില്‍ നിന്ന് നീക്കം ചെയ്യുന്നതിനുള്ള പേപ്പല്‍ ബൂളയ്ക്ക് (നിയമം) ഫ്രാന്‍സിസ് മാര്‍പാപ്പ അനുമതി നല്‍കി. പുരോഹിതരുടെ ലെംഗിക ചൂഷണത്തിനു വിധേയരായവരും, അവരെ പിന്തുണയ്ക്കുന്നവരും ഏറെക്കാലമായി ആവശ്യപ്പെട്ടു വരുന്ന കാര്യമാണിത്. ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നതാണെന്നും മാര്‍പാപ്പ പറഞ്ഞു. കുട്ടികളെ ലൈംഗികപരമായി പീഢിപ്പിക്കുന്ന പുരോഹിതരുടെ കാര്യത്തില്‍ നടപടി എടുക്കുന്നതില്‍ വീഴ്ച വരുത്തുന്ന ബിഷപ്പുമാര്‍ക്കെതിരേ നടപടി സ്വീകരിക്കാവുന്നതാണെന്ന് കാനന്‍ ലോയില്‍ വ്യവസ്ഥയുണ്ടെങ്കിലും, ‘വളരെ ഗുരുതരതരമായ’ ഈ കേസില്‍ കൃത്യമായ നിര്‍വചനം വേണമെന്ന് തോന്നിയതു കൊണ്ടാണ് ഇത്തരമൊരു നിയമം ആവഷ്‌കരിക്കുന്നതെന്ന് മാര്‍പാപ്പ വ്യക്തമാക്കി. ഇത്തരം കേസുകള്‍ പരിഗണിച്ച് ബിഷപ്പുമാരെ ഡിസ്മിസ് ചെയ്യുന്നതിന് തന്നെ സഹായിക്കുന്നതിന് ഒരുപറ്റം നിയമജ്ഞരെ മാര്‍പാപ്പ നിയോഗിച്ചതായും വത്തിക്കാന്‍ വക്താവ് ഫ്രെഡറിക്കോ ലൊമ്പാര്‍ദി അറിയിച്ചു. ഇത്തരത്തില്‍ ആരോപണ വിധേയരാകുന്ന പുരോഹിതരുടെ കാര്യം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാതെ ഇടവകകളില്‍ നിന്ന് സ്ഥലംമാറ്റുക മാത്രമാണ് പല ബിഷപ്പുമാരും ചെയ്യുന്നതെന്ന് ആക്ഷേപമുണ്ട്. ഇടവകകളില്‍ നടക്കുന്ന ചൂഷണങ്ങള്‍ പുറത്തു കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ 2014 ല്‍ ഒരു വത്തിക്കാന്‍ കമ്മീഷന് മാര്‍പാപ്പ രൂപം നല്‍കിയിരുന്നു. പുരോഹിതര്‍ക്കെതിരേയുള്ള ലൈംഗിക ആരോപണങ്ങള്‍ ഏതാനും വര്‍ഷമായി വത്തിക്കാനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
