ഡബ്ലിൻ ഓർത്തഡോക്സ് പള്ളി ദശാബ്ദി ജൂബിലി നിറവിൽ 

13325625_1730641530526293_1845649654260958066_n 13344775_1732102817046831_4477757955658058091_n 13342990_1732101990380247_2994355955123764502_n
അയർലണ്ട് ഡബ്ലിൻ സെൻറ് തോമസ്‌ ഓർത്തഡോക്സ് പള്ളിയുടെ ദശാബ്ദി ജൂബിലി മെയ്‌ 27 മുതൽ ജൂൺ 6 വരെയുള്ള ദിവസങ്ങളിൽ നടത്തപ്പെട്ടു. ജൂബിലിയുടെ ഭാഗമായി മെയ്‌ 27 മുതൽ 29 വരെയുള്ള ദിവസങ്ങളിൽ കൊയ്നോണിയ – 2016 (കുടുംബ സംഗമം) നടത്തപ്പെട്ടു. നിങ്ങളുടെ ദൈവമായ യഹോവ എന്ന ഞാൻ വിശുദ്ധനാകയാൽ നിങ്ങളും വിശുദ്ധരായിരിക്കുവിൻ (ലേവ്യ പുസ്തകം 19:2) എന്നതായിരുന്നു മുഖ്യ ചിന്താവിഷയം. ക്ലാസുകൾ, വിവിധ സമ്മേളനങ്ങൾ, ചർച്ചകൾ, നമസ്കാരങ്ങൾ, വിശുദ്ധ കുർബ്ബാന, ബൈബിൾ നാടകം എന്നിവ കൊയ്നോണിയയുടെ ഭാഗമായി നടത്തപ്പെട്ടു. അടൂർ കടമ്പനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. സഖറിയാസ് മാർ അപ്രേം തിരുമേനി ക്ലാസ്സിനും ആരാധനക്കും നേതൃത്വം നൽകി.
ജൂബിലി ആരാധനയും സമ്മേളനവും ജൂൺ 4 ശനിയാഴ്ച നടത്തപ്പെട്ടു. രാവിലെ 9 മണിക്ക് ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. മാത്യൂസ്‌ മാർ തീമോത്തിയോസ്, അടൂർ കടമ്പനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. സഖറിയാസ് മാർ അപ്രേം എന്നീ തിരുമേനിമാരുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബ്ബാന നടത്തപ്പെട്ടു. തുടർന്ന് നടന്ന ജൂബിലി സമ്മേളനം അഭിവന്ദ്യ ഡോ. സഖറിയാസ് മാർ അപ്രേം തിരുമേനി ഉദ്ഘാടനം ചെയ്തു. അഭിവന്ദ്യ ഡോ. മാത്യൂസ്‌ മാർ തീമോത്തിയോസ് തിരുമേനി യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഫാ. റ്റി. ജോർജ്, ഫാ. നൈനാൻ പി. കുര്യാക്കോസ്, റവ. ഫിലിപ്പ് വർഗീസ്‌, ഫാ. ജോസ് ഭരണിക്കുളങ്ങര, ഫാ. എൽദോ വർഗീസ്‌ എന്നിവർ ആശംസകൾ അർപ്പിച്ചു. വികാരി ഫാ. അനിഷ് കെ. സാം സ്വാഗതവും ട്രസ്റ്റി അലക്സ്‌ പി. ഏബ്രഹാം നന്ദിയും അർപ്പിച്ചു. ജൂബിലി ശുശ്രൂഷകളിൽ അയർലണ്ടിലെ എല്ലാ വിശ്വാസികളും പങ്കു ചേർന്നു.
വിശുദ്ധ മദ്ബഹായിലെ ശുശ്രൂഷകരുടെ സമ്മേളനം ജൂൺ 6-ന് ഡബ്ലിൻ കാതോലിക്കേറ്റ് മന്ദിരത്തിൽ (മലങ്കര ഹൗസ്) വച്ച് നടത്തപ്പെട്ടു. ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. മാത്യൂസ്‌ മാർ തീമോത്തിയോസ് തിരുമേനി അദ്ധ്യക്ഷത വഹിച്ചു. ഫാ. എൽദോ വർഗീസ്‌ ക്ലാസ് നയിച്ചു. ഡബ്ലിൻ സെൻറ് തോമസ്‌, ലൂക്കൻ സെൻറ് മേരീസ്, ദ്രോഹിഡ സെൻറ് പീറ്റർ & സെൻറ് പോൾ എന്നീ പള്ളികളിൽ നിന്നും ശുശ്രൂഷകർ സംബന്ധിച്ചു. ഗീവർഗീസ് ജോ ജോൺസണെ അയർലണ്ട് ശുശ്രൂഷക സംഘം കോ-ഓർഡിനേറ്റർ ആയി തെരഞ്ഞെടുത്തു. ജൂബിലി ശുശ്രൂഷകൾക്ക് ഇടവക വികാരി ഫാ. അനിഷ് കെ. സാം, കൈക്കാരൻ അലക്സ്‌ പി. ഏബ്രഹാം, സെക്രട്ടറി ബിനു വർഗീസ്‌, കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.