ഉഗ്രശബ്ദമുള്ള വെടിക്കെട്ട് ഹൈക്കോടതി നിരോധിച്ചു; അസ്തമയത്തിനും ഉദയനത്തിനുമിടയില്‍ ശബ്ദുമുണ്ടാക്കുന്ന വെടിക്കെട്ട് പാടില്ലെന്ന് കോടതി; സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് സര്‍ക്കാരിന്റെ ഏറ്റുപറച്ചിൽ
കൊച്ചി: പരവൂര്‍ വെടിക്കട്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ സൂര്യാസ്തമനത്തിനും സൂര്യോദയത്തിനുമിടയില്‍ ഉഗ്രശേഷിയുള്ള വെടിക്കെട്ട് ഹൈക്കോടതി നിരോധിച്ചു. രാത്രികാലത്ത് പാടില്ലന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
പരവൂരിലെ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ ദുരന്തമുണ്ടാക്കിയ വെടിക്കെട്ട് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചല്ലായിരുന്നെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ജസ്റ്റിസ് ചിദംബരേഷ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. അതെസമയം വെടിക്കെട്ട് നടത്തുന്നതുമായി ബന്ധപ്പെട്ട് ഏഴു ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടുവെന്നും, സ്‌ഫോടക വസ്തു നിയമം പാലിക്കപ്പെട്ടില്ലെന്നും കേന്ദ്രത്തിനായി സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ വ്യക്തമാക്കി. നിയലംഘനങ്ങളാണ് ദുരന്തത്തിന് കാരണമായതെന്നും കേന്ദ്രം കോടതിയില്‍ വ്യക്തമാക്കി.
കളക്ടര്‍ അനുമതി നിഷേധിച്ച വെടിക്കെട്ട് എങ്ങനെ നടന്നുവെന്നും, പൊലീസ് എന്തുകൊണ്ട് തടഞ്ഞില്ലെന്നും ചോദിച്ച കോടതി രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. കളക്ടറുടെ ഉത്തരവ് അട്ടിമറിക്കാന്‍ ആരോ ശ്രമിച്ചിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു
എത്രകിലോ വെടിമരുന്ന് വെടിക്കെട്ടിനായി ഉപയോഗിച്ചെന്ന കോടതിയുടെ ചോദ്യത്തിന് കമ്മീഷണര്‍ക്ക് മറുപടി ഉണ്ടായില്ല. പൊലീസും ജില്ലാ ഭരണകൂടവും സത്യവാങ്മൂലം നല്‍കണമെന്നും, കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കുമെന്നും ഹൈക്കോടതി പറഞ്ഞു. അന്വേഷണത്തില്‍ കേന്ദ്രസര്‍ക്കാരിന് പൂര്‍ണ തൃപ്തിയുണ്ടോ എന്നും കോടതി ചോദിച്ചു.വെടിക്കെട്ട് ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നമാണെന്നും, അന്വേഷണത്തിന്റെ കാര്യക്ഷമതയില്‍ വിശ്വാസമില്ലെന്നും കോടതി പറഞ്ഞു.
അമ്പലങ്ങളിലെ വെടിക്കെട്ട് ആചാരത്തിന്റെ ഭാഗമാണെന്നും പൂര്‍ണമായും വെടിക്കെട്ട് നിരോധിക്കുന്നതിനോട് യോജിപ്പില്ലെന്നും ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി ഇന്ന് മരണമടഞ്ഞു. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി സത്യനാണ് മരണമടഞ്ഞത്. ഇതോടെ ദുരന്തത്തില്‍ മരണമടഞ്ഞവരുടെ എണ്ണം 110 ആയി.