നൗഷാദ്, നീയെനിക്ക് വെറുമൊരു പേരല്ല

naushad

നൗഷാദ്, നീയെനിക്ക് വെറുമൊരു പേരല്ല;

മാതൃഭൂമിയില്‍ രഞ്ജിത്ത് എഴുതിയ ലേഖനം

കോഴിക്കോട് പാളയത്ത് മാന്‍ഹോളില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാന്‍ ജീവിതം ഹോമിച്ച നൗഷാദ് എന്ന ഓട്ടോ ഡ്രൈവറെക്കുറിച്ച് സംവിധായകനായ രഞ്ജിത്ത് എഴുതിയ ലേഖനമാണിത്. നൗഷാദ് നീയെനിക്ക് വെറുമൊരു പേരല്ല എന്ന തലക്കെട്ടിലുള്ള ലേഖനം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. മാതൃഭൂമി പത്രം പ്രസിദ്ധീകരിച്ച ലേഖനം ഞങ്ങള്‍ പുനപ്രസിദ്ധീകരിക്കുന്നു.

‘മേരേ മെഹ്ബൂബ് തുഝേ മേരി മുഹബത് കി കസം…”   നൗഷാദ് എന്നാല്‍, വിമൂകമായ ഉച്ചകളിലും തണുത്ത രാത്രികളിലും കേട്ട ഈ ഗാനമായിരുന്നു എനിക്ക് ഇതുവരെ. നൗഷാദ് എന്നാല്‍, രുചികരമായ ആഹാരങ്ങള്‍ വെച്ചുവിളമ്പുന്ന, കലാകാരന്‍കൂടിയായ തടിയന്‍ ചങ്ങാതിയായിരുന്നു… എന്നാല്‍, ഇന്ന് നൗഷാദ് എന്നാല്‍ എനിക്ക് ഇതൊന്നുമല്ല; രണ്ടുദിവസംമുമ്പ്, മുഖപരിചയംപോലുമില്ലാത്ത രണ്ടു മനുഷ്യരെ രക്ഷിക്കാന്‍വേണ്ടി മരണത്തിന്റെ മാന്‍ഹോളിലേക്കിറങ്ങിപ്പോയ, കോഴിക്കോട്ടെ സാധാരണക്കാരനായ ഓട്ടോറിക്ഷാഡ്രൈവറാണ്. അവന്‍ ജീവിച്ച്, പാതിവഴിക്കുവെച്ച് പിരിഞ്ഞുപോയ നഗരത്തില്‍ ജീവിക്കുന്നതില്‍ ഞാന്‍ വേദനയോടെ അഭിമാനിക്കുന്നു.

നാം മുന്നോട്ടാണോ പിന്നോട്ടാണോ യാത്രചെയ്യുന്നതെന്നകാര്യത്തില്‍ അതിയായ സങ്കടങ്ങളും സംശയങ്ങളുമുള്ളയാളാണു ഞാന്‍. ജാതി, മതം, സമുദായം, സമുദായരക്ഷായാത്രകള്‍, വോട്ടുബാങ്കുകള്‍, വോട്ടുചോര്‍ച്ചകള്‍, സമുദായസംഗമങ്ങള്‍, വെല്ലുവിളികള്‍, അധികാരവും ജാതിയും മതവും രാഷ്ട്രീയവും കച്ചവടംചെയ്യുന്ന മുതലാളിമാര്‍… എല്ലാംചേര്‍ന്നു പങ്കിട്ടെടുത്ത ഭൂമിയിലാണു നാം ജീവിക്കുന്നത്. പച്ചയായ മനുഷ്യസ്‌നേഹമെന്നത് ഖനനംചെയ്‌തെടുക്കേണ്ട ഒരു അപൂര്‍വവസ്തുവായിക്കഴിഞ്ഞിരിക്കുന്നു. ചുറ്റിലുമുള്ള മനുഷ്യരെമാത്രമല്ല പ്രകൃതിയെക്കൂടി നാം പലവര്‍ണങ്ങള്‍നല്‍കി പങ്കിട്ടെടുത്തുകഴിഞ്ഞു. തൊട്ടടുത്തിരിക്കുന്നയാള്‍ നമുക്ക് നമ്മെപ്പോലുള്ള ഒരു മനുഷ്യനല്ല ഇന്ന്, ഒരു പ്രത്യേക സമുദായക്കാരനാണ്, മതക്കാരനാണ്. ദുരിതാശ്വാസകേന്ദ്രങ്ങള്‍പോലും മതംനോക്കി കൂടാരങ്ങളൊരുക്കുന്ന കെട്ടകാലം… അവിടെയാണ് നൗഷാദ്, നീ, അപകടത്തില്‍ വീണവന്റെ ഊരോ പേരോ മതമോ സമുദായമോ നോക്കാതെ, മരണത്തിന്റെ മാന്‍ഹോളിലേക്കൂര്‍ന്നിറങ്ങി സ്വയം മൃതദേഹമായി തിരിച്ചുവന്നത്. നൗഷാദ്, നീയിന്നെനിക്ക് വെറുമൊരു പേരല്ല, സൂര്യനെക്കാള്‍ പ്രകാശമുള്ള നന്മയാണ്.

 സഹിഷ്ണുതയുടെയും അസഹിഷ്ണുതയുടെയും പേരില്‍, പോത്തിന്റെയും പശുവിന്റെയും പേരില്‍, അമ്പലത്തിന്റെയും പള്ളിയുടെയും പേരില്‍, കാവിയുടെയും കഅബയുടെയും പേരില്‍ ചേരിതിരിഞ്ഞ് മനുഷ്യര്‍ യുദ്ധസന്നദ്ധരായി നില്‍ക്കുന്ന ഭൂമിയിലാണ്, എന്റെ കോഴിക്കോട്ടുകാരനായ നൗഷാദ്, പറഞ്ഞ ചായക്കു കാത്തുനില്‍ക്കാതെ പരജീവനുവേണ്ടി പിടഞ്ഞെഴുന്നേറ്റോടിയത്. സ്വന്തം ജീവിതത്തിന് അല്പംപോലും പരിക്കേല്‍ക്കാതെ ‘എല്ലാക്കാര്യങ്ങളിലും സജീവമായി’ ഇടപെടുന്ന പ്രാക്ടിക്കല്‍ പേനയുന്തുകാരുടെ നടുവില്‍നിന്നാണ് നൗഷാദ്, നീ, ‘അന്യസംസ്ഥാനത്തൊഴിലാളി’കളെന്ന് നാം അറപ്പോടെ പറയുന്ന രണ്ട് ആന്ധ്രക്കാരുടെ, ആരും വിലയിടാത്ത, ജീവനുവേണ്ടി സ്വജീവിതവും ൈകയിലെടുത്തോടിയത്. നീ എത്രയോതവണ ഓട്ടോ ഓടിച്ചുപോയ വഴികളില്‍ ഞാനിന്ന് നിറകണ്ണുകളോടെ നില്‍ക്കുന്നു.
പോലീസ്, പട്ടാളം, അഗ്‌നിശമനസേന തുടങ്ങിയ രക്ഷാവിഭാഗങ്ങളെപ്പോലെയല്ല നൗഷാദ് ചായക്കടയില്‍നിന്ന് അപകടസ്ഥലത്തേക്കോടിയെത്തിയത്. ജോലിയുടെ ഭാഗമല്ല അയാളുടെ ഈ പ്രവൃത്തി. പച്ചയായ മനുഷ്യന്റെ കരച്ചില്‍കേട്ട് ഉള്ളംതകര്‍ന്നും ഉള്ളംകാല്‍ വെന്തും നടത്തിയ യാതനായജ്ഞമാണ്. അതാണ്, ഇതാണ് യഥാര്‍ഥ യജ്ഞം; അരണിയോ അഗ്‌നിയോ ഇല്ലാത്ത യജ്ഞം. നൗഷാദ്, ഇതിനു നിനക്ക് പാരിതോഷികങ്ങളും പരമവീരചക്രങ്ങളുമൊന്നും കിട്ടുമായിരുന്നില്ലല്ലോ, നിന്നെയാരും ആദരിക്കുമായിരുന്നില്ലല്ലോ, നിന്നെപ്പറ്റിയാരും പ്രശസ്തിപത്രങ്ങള്‍ ചമയ്ക്കുമായിരുന്നില്ലല്ലോ… എന്നിട്ടും എന്തിനാണ് നൗഷാദ്, നീ, മരണത്തിന്റെ ആ മാന്‍ഹോളിലേക്കിറങ്ങിപ്പോയത്? എന്താണു നീ ഞങ്ങളെപ്പോലെ അല്പം ‘പ്രാക്ടിക്കലാ’വാഞ്ഞത്?
അതിര്‍ത്തിയില്‍ ശത്രുപക്ഷത്തിന്റെ വെടിയേറ്റുവീണ പട്ടാളക്കാരനെ നാം ധീരജവാനെന്നു വിളിക്കും. അവന്റെ മൃതദേഹം നാം ആദരവോടെ ഏറ്റുവാങ്ങി വെടിയൊച്ചയുടെ അകമ്പടിയോടെ  മണ്ണിലേക്കോ അഗ്‌നിയിലേക്കോ ഇറക്കിെവക്കും. എന്നാല്‍, പ്രിയപ്പെട്ട നൗഷാദ്, നീ, മാന്‍ഹോളിന്റെ ഇരുട്ടില്‍നിന്ന് മിഴിപൂട്ടിപ്പുറത്തുവന്ന് ആറടിമണ്ണിലേക്കിറങ്ങിക്കിടക്കുമ്പോള്‍ നിനക്കുചുറ്റും കവചിതവാഹനങ്ങളോ നീ കിടക്കുന്ന മണ്ണിനു മുകളിലെ ആകാശത്തിലേക്ക് അലങ്കാരവെടികളോ ഉണ്ടാവില്ല. നിന്നെപ്പറ്റിയാരും കവിതയെഴുതില്ല. എങ്കിലും സാധാരണക്കാരായ ഒരുപാടു മനുഷ്യര്‍ നിനക്കുചുറ്റും നിറമിഴികളോടെ നില്‍പ്പുണ്ടാവും. അവസാനപിടി മണ്ണും എറിഞ്ഞ് പിരിയുമ്പോള്‍ അവര്‍ നിനക്കൊരു സല്യൂട്ട് തരും, ചുരുട്ടിപ്പിടിച്ചാല്‍ ഹൃദയത്തിന്റെ വലിപ്പമുള്ള വലതുകൈപ്പത്തികൊണ്ട്.

നൗഷാദിനെപ്പോലുള്ള മനുഷ്യര്‍ ഈ ഭൂമിയില്‍ ആദ്യമല്ലെന്ന് ഞാന്‍ തിരിച്ചറിയുന്നു. പരജീവിതങ്ങള്‍ക്കു വേണ്ടി പലരും സ്വജീവന്‍ എറിഞ്ഞുകൊടുത്തിട്ടുണ്ട്. ബി.പി. മൊയ്തീനെയും ഞാന്‍ അക്കൂട്ടത്തിലോര്‍ക്കുന്നു. അവരുടെ ശ്രേണിയിലേക്ക് ഏറ്റവും പ്രകാശമുള്ള ഒരു പന്തംപോലെ, ഒരിക്കലും അസ്തമിക്കാത്ത നക്ഷത്രംപോലെ നൗഷാദ് നീ ഇന്ന് കയറിവന്നിരിക്കുന്നു. ഇരുട്ടില്‍ നക്ഷത്രവെളിച്ചമായി നീയിനി ഞങ്ങള്‍ അന്ധര്‍ക്കു വഴികാട്ടും.

പ്രിയപ്പെട്ട നൗഷാദ്, നീ മരിച്ചതല്ല എന്നുപോലും ഞാന്‍ വിശ്വസിക്കുന്നു. മതംകൊണ്ടും സമുദായംകൊണ്ടും പണംകൊണ്ടും പെരുമകൊണ്ടും പാര്‍ട്ടികൊണ്ടും മനുഷ്യരെ ഭിന്നിപ്പിച്ച് നടുവില്‍നിന്നു ചോരകുടിക്കുന്ന ചെകുത്താന്‍മാരുടെ നടുവില്‍നിന്ന് മനുഷ്യത്വത്തിന്റെ മാന്‍ഹോളിലേക്കിറങ്ങി ആത്മബലിചെയ്യുകയായിരുന്നു നീ. മലിനജലത്തില്‍, ഇരുട്ടില്‍ അവസാനശ്വാസമെടുക്കുമ്പോള്‍ നീ സ്വയം ചോദിച്ചിട്ടുണ്ടാവും: എന്തുകൊണ്ട് നമുക്കൊന്നു നന്നായിക്കൂടാ?

നൗഷാദ്, ഇനി എന്റെ പ്രിയപ്പെട്ട കോഴിക്കോട് നഗരത്തിലൂടെ പകലുകളില്‍, സന്ധ്യകളില്‍, രാത്രികളില്‍ നടക്കുമ്പോള്‍ നീ ചോദിച്ച ഈ ചോദ്യം എനിക്കുപിറകെയുണ്ടാവും. അപ്പോഴെല്ലാം പ്രിയപ്പെട്ട പാട്ടുകാരനെയും പാചകക്കാരനെയും മറന്ന് ഞാന്‍ നിന്റെ വിരലില്‍ തൊടാന്‍ വെറുതേ ശ്രമിക്കും; മറ്റൊന്നിനുമല്ല, അമരത്വമെന്തെന്നറിയാന്‍. നൗഷാദ് നീയെനിക്കിന്ന് വെറുമൊരു പേരല്ല; നെഞ്ചിലെ നേരും നെറിയും നിഷ്‌കളങ്കതയുമാണ്. ഇതാ ഒരു മനുഷ്യന്‍ എന്ന് ചൂണ്ടിക്കാണിക്കാവുന്ന രൂപമാണ്.