മസ്ക്കറ്റ്: മലങ്കര ഓര്‍ത്തഡോക്സ് സഭ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ മസ്ക്കറ്റില്‍ ശ്ലൈഹിക സന്ദര്‍ശനം നടത്തുന്നു. സോഹാര്‍ സെന്‍റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളിയുടെ ക്ഷണം സ്വീകരിച്ചെത്തുന്ന പരുശുദ്ധ കാതോലിക്കാ ബാവാ പരിശുദ്ധ പരുമല കൊച്ചുതിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളിന് മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ഗാല സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകയും സന്ദര്‍ശിക്കും. നവംബര്‍ 5ന് എത്തുന്ന പരിശുദ്ധ കാതോലിക്കാ ബാവായുടെ സോഹാറിലെയും ഗാലയിലെയും ആദ്യ ശ്ലൈഹിക സന്ദര്‍ശനം കൂടിയാണിത്. നവംബര്‍ 5, 6 തീയതികളില്‍ സോഹാര്‍ സെന്‍റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ ആചരിക്കും. 5ന് വൈകിട്ട് 5.30ന് സണ്‍ഡേസ്കൂള്‍ കുട്ടികളുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം 6.30ന് പരിശുദ്ധ കാതോലിക്കാ ബാവാ ആനുകാലിക വിഷയങ്ങളെ ആസ്പദമാക്കി യുവതി-യുവാക്കളുമായി സംവാദിക്കും. തുടര്‍ന്ന് നടക്കുന്ന സന്ധ്യാപ്രാര്‍ത്ഥനയിലും ഭക്തിനിര്‍ഭരമായ റാസയിലും നൂറുകണക്കിന് വിശ്വാസികള്‍ സംബന്ധിക്കും. 6ന് പരിശുദ്ധ കാതോലിക്കാ ബാവായുടെ കാര്‍മികത്വത്തില്‍ നടക്കുന്ന കുര്‍ബ്ബാനയ്ക്കുശേഷം പൊതുസമ്മേളനത്തില്‍ ഇടവകയുടെ ഈ വര്‍ഷത്തെ ആതുര സേവന സംരംഭമായ കനിവ് ഭവന നിര്‍മ്മാണ പദ്ധതിയുടെ ആദ്യ തുക കൈമാറും. 12.30ന് നടക്കുന്ന സമാപന പ്രാര്‍ത്ഥനയ്ക്കും നേര്‍ച്ച വിളമ്പോടുംകൂടി പെരുന്നാളിന് കൊടിയിറങ്ങും. പെരുന്നാളിന്‍റെ സുഗമമായ നടത്തിപ്പിനുവേണ്ടി വികാരിയുടെയും മാനേജിംങ് കമ്മിറ്റിയുടെയും നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചു. നവംബര്‍ 7ന് രാവിലെ 6.45ന് ഗാല സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകയില്‍ പരമ്പരാഗത രീതിയില്‍ പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് വരവേല്‍പ്പ് നല്‍കും. പരിശുദ്ധ പരുമല മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ 113-ാം ഓര്‍മ്മപ്പെരുന്നാളും, മസ്ക്കറ്റില്‍ കാലംചെയ്ത കല്‍ക്കട്ടാ ഭദ്രാസനാധിപനായിരുന്ന ഡോ. സ്തേഫാനോസ് മാര്‍ തേവോദോസിയോസ് തിരുമേനിയുടെ ആറാമത് ഓര്‍മ്മപ്പെരിന്നാളും സംയുക്തമായി പരിശുദ്ധ കാതോലിക്കാ ബാവായുടെ നേതൃത്വത്തില്‍ ഗാല ഗുഡ് ഷെപ്പെര്‍ഡ് ഹാളില്‍ നടത്തപ്പെടും. വിശുദ്ധ കുര്‍ബ്ബാനയെ തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തില്‍ പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യപ്രഭാഷണം നടത്തും. ഇടവക വികാരി ഫാ. ജോര്‍ജ്ജ് വര്‍ഗീസ്, ട്രസ്റ്റി പി.സി. ചെറിയാന്‍, സെക്രട്ടറി കെ.സി. തോമസ്, ഇടവക മാനേജിംങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു.