Interview with Merin Joseph IPS

merin_joseph_IPS

മൂന്നാറിന്റെ മെറിന്‍

മൂന്നാറിലെ എ.എസ്.പി മെറിന്‍ ജോസഫ് തന്റെ ജീവിതാനുഭവങ്ങളെക്കുറിച്ചും വിവാദങ്ങളെക്കുറിച്ചും മനസ്സ് തുറക്കുന്നു

merin_joseph_IPS_1

യൂണിഫോമില്‍ മെറിന്‍ ജോസഫ് വന്നിറങ്ങുന്നതു കണ്ടാല്‍ ഒരു മുതിര്‍ന്ന എന്‍.സി.സി.കേഡറ്റാണെന്നേ തോന്നൂ. അങ്ങനെയൊരു അനുഭവത്തെക്കുറിച്ച് മെറിന്‍ തന്നെ പറയുന്നു. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ഇടുക്കിയില്‍ നടക്കുന്നു. അവിടേക്കെത്തിയ മെറിനെ സെക്യൂരിറ്റി ജീവനക്കാരന്‍ തടഞ്ഞു. എന്‍.സി.സി.ക്കാരെ മുഖ്യമന്ത്രിക്കടുത്തേക്ക് വിടില്ല. സംഭവം കണ്ട് പോലീസുകാര്‍ ഓടിയെത്തി. സെക്യൂരിറ്റിക്കാരന്റെ മുഖം വിളറി. ക്ഷമ ചോദിച്ച് സ്ഥലം വിട്ടു. ഇക്കാര്യം പറയുമ്പോള്‍ മെറിന്‍ നിഷ്‌കളങ്കമായി ചിരിക്കുന്നു.

തന്റെ മലയാളം പ്രശ്‌നമാണെന്നും പറഞ്ഞുവരുമ്പോള്‍ കൂടുതലും ഇംഗ്ലീഷിലായിപ്പോകുമെന്നും ക്ഷമിക്കണമെന്നും പറഞ്ഞാണ് തുടങ്ങിയത്. പക്ഷേ ജനിച്ചതും വളര്‍ന്നതും ഡല്‍ഹിയിലായിട്ടും മെറിന്‍ മലയാളം സംസാരിക്കുന്നത് തനി പത്തനംതിട്ട റാന്നി ശൈലിയില്‍. കേരളത്തില്‍ ജനിച്ചു വളര്‍ന്നിട്ടും മലയാളം സംസാരിക്കാന്‍ ‘കഷ്ടപ്പെടുന്ന’വര്‍ ധാരാളമുള്ള നാടാണിത്.

മൂന്നാറില്‍ മഞ്ഞില്‍ മൂടിയ ഒരു സായാഹ്നം. കുന്നിന്‍ മുകളിലെ ഡിവൈ.എസ്.പി. ഓഫീസില്‍ ഔദ്യോഗിക തിരക്കുകളിലാണ് മെറിന്‍ ജോസഫ് എന്ന 25കാരി. വേതനവര്‍ധന ആവശ്യപ്പെട്ട് മൂന്നാറില്‍ തോട്ടം തൊഴിലാളികള്‍ ചേരിതിരിഞ്ഞ് സമരത്തിലാണ്. രാവിലെ മുതല്‍ സമരപ്പന്തല്‍ പരിസരത്ത് മെറിന്‍ ഉണ്ടായിരുന്നു. പൊമ്പിളൈ ഒരുമൈക്കാര്‍ ഒരു മകളോട് എന്ന പോലെയാണ് ഇടപെടുന്നത്. ഉച്ചതിരിഞ്ഞാണ് ഓഫീസിലേക്കെത്തിയത്. വിവാദങ്ങളിലൂടെയാണ് മെറിനെ മലയാളികള്‍ അറിഞ്ഞുതുടങ്ങിയത്. നിവിന്‍ പോളിക്കൊപ്പം ഫോട്ടോയെടുത്തതിലാണ് തുടങ്ങിയത്. ചില മാധ്യമങ്ങള്‍ തന്നെ അനാവശ്യമായി ഉപദ്രവിച്ചുവെന്ന് മെറിന് പരാതിയുണ്ട്. നിസ്സാര കാര്യങ്ങളെ ഊതിപ്പെരുപ്പിക്കുന്നുണ്ട്. ചിലര്‍ക്കിഷ്ടമുള്ള കാര്യങ്ങള്‍ അവര്‍ക്കിഷ്ടമുള്ള രീതിയില്‍ കൊടുക്കുകയാണ്. സത്യം പലപ്പോഴും അകലെയായിരിക്കുംമെറിന്‍ പറയുന്നു.
 

സിവില്‍ സര്‍വീസിലേക്കെത്തിയത്

ഡല്‍ഹി കോണ്‍വെന്റ് ഓഫ് ജീസസ് ആന്റ് മേരി സ്‌കൂളിലാണ് പഠിച്ചത്. തുടര്‍ന്ന് സെന്റ് സ്റ്റീഫന്‍സില്‍നിന്ന് എം.എ.ഹിസ്റ്ററി സ്വര്‍ണമെഡലോടെ പാസായി. പി.ജി.പഠനത്തിനൊപ്പമാണ് സിവില്‍ സര്‍വീസിനു തയ്യാറെടുത്തത്. പ്രത്യേകമായി പഠിച്ചൊന്നുമില്ല. കോളജില്‍നിന്ന് നേരെ സിവില്‍ സര്‍വീസിലേക്കായിരുന്നു. സെന്റ് സ്റ്റീഫന്‍സില്‍ ഒരാള്‍ ആര്‍ട്‌സ് വിഷയം മെയിനാക്കി പഠിക്കുകയെന്നു വെച്ചാല്‍ സിവില്‍ സര്‍വീസ് ലക്ഷ്യമുണ്ടെന്നാ അര്‍ഥം. ഐ.പി.എസ്.രണ്ടാം ഓപ്ഷനായിരുന്നു. ആദ്യ ശ്രമത്തില്‍ത്തന്നെ കിട്ടിയതിനാല്‍ രണ്ടാമതു പരീക്ഷയെഴുതാനൊന്നും മെനക്കെട്ടില്ല. ഐ.പി.എസ്. വളരെ ചലഞ്ചിങ് കരിയറാണ്. ഓരോ ദിവസവും ഓരോ പുതിയ സംഭവങ്ങള്‍.

കുടുംബം

അച്ഛന്‍ ജോസഫ് എബ്രഹാം ഇന്ത്യന്‍ ഇക്കണോമിക് സര്‍വീസിലാണ്. ഇപ്പോള്‍ കൃഷി മന്ത്രാലയത്തില്‍ പ്രിന്‍സിപ്പല്‍ അഡ്‌ൈവസര്‍. സിവില്‍ സര്‍വീസുകാരനായ അച്ഛനെ കണ്ടാണ് അങ്ങനെയൊരാഗ്രഹം എന്നിലുമുണ്ടായത്. അച്ഛന്റെ കുടുംബം(പുന്നമൂട്ടില്‍) റാന്നിയിലാണ്. പിന്നീട് അവര്‍ തിരുവനന്തപുരത്തേക്ക് മാറിത്താമസിച്ചു. 35 വര്‍ഷമായി ഡല്‍ഹിയിലാണ്. അമ്മ മെറീന ജോര്‍ജ് കോട്ടയംകാരിയാണ്. അമ്മയുടെ പേരില്‍നിന്നാണ് മെറിന്‍ എന്ന പേര് എനിക്കിട്ടത്. ചങ്ങനാശ്ശേരിക്കാരനായ ഭര്‍ത്താവ് ക്രിസ് എബ്രഹാം ഡോക്ടറാണ്. തിരുവനന്തപുരം മെഡിക്കല്‍ കോേളജിലാണ് പഠിച്ചത്. ഇപ്പോള്‍ മദ്രാസ് മെഡിക്കല്‍ കോേളജില്‍ സൈക്യാട്രിയില്‍ എം.ഡി.ചെയ്യുന്നു. ഈ വര്‍ഷം ഫിബ്രവരിയിലായിരുന്നു കല്യാണം.

ഇഷ്ടങ്ങള്‍

യാത്ര,വായന,സംഗീതം.അഫ്ഗാനില്‍ ജനിച്ച അമേരിക്കന്‍ എഴുത്തുകാരന്‍ ഖാലിദ് ഹുസൈനിയെയാണ് ഏറ്റവും ഇഷ്ടം. ഇപ്പോള്‍ വായിച്ചു കൊണ്ടിരിക്കുന്നത് സിദ്ധാര്‍ഥ് ധന്‍വന്ത് സാങ്‌വിയുടെ ‘ദ ലാസ്റ്റ് സോങ് ഓഫ് ഡസ്‌ക്കാ’ണ് (മേശപ്പുറത്തുനിന്ന് പുസ്തകമെടുത്തു കാണിക്കുന്നു) .മലയാളം വായിക്കാന്‍ അറിയാത്തതിനാല്‍ ബഷീര്‍,വിജയന്‍,എം.ടി.,മുകുന്ദന്‍ തുടങ്ങിയവരെയൊന്നും വായിക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനു ശ്രമിക്കുകയാണിപ്പോള്‍. 
പുതുതലമുറ ഇഷ്ടപ്പെടുന്ന എല്ലാ പാട്ടുകളും എനിക്കും ഇഷ്ടമാ. അതിനു ഹിന്ദി,മലയാളം എന്ന വ്യത്യാസമൊന്നുമില്ല. ഐ.പി.എസ്.ട്രെയിനിങ്ങിന്റെ ഭാഗമായി ഇന്ത്യയൊട്ടാകെ സഞ്ചരിച്ചു. കേരളത്തില്‍ കാസര്‍കോട് ഒഴികെയെുളള എല്ലാ ജില്ലകളിലും യാത്ര ചെയ്തു. അതൊരു ക്രേസാണ്. ടീച്ചിങ് വലിയ ഇഷ്ടമാണ്. സിവില്‍ സര്‍വീസില്‍ വന്നില്ലായിരുന്നെങ്കില്‍ ടീച്ചറായേനെ.

വിവാദങ്ങള്‍

എന്റെ ആദ്യത്തെ ഔദ്യോഗിക പോസ്റ്റിങ്ങാണിത്. മൂന്നാറിലേക്ക് അയച്ചത് പണിഷ്‌മെന്റായിട്ടാണെന്നു വരെ ചിലര്‍ വാര്‍ത്ത നല്‍കി. നോക്കൂ മുന്‍ ഡി.ജി.പി. ബാലസുബ്രഹ്മണ്യംസാറിന്റെ ആദ്യ പോസ്റ്റിങ് ഇവിടെയായിരുന്നു. വളരെ ചലഞ്ചിങ് ആയ ഒരു സ്ഥലത്തേക്ക് അയച്ചത് തന്റെ കഴിവിലുള്ള വിശ്വാസമായിട്ടാണ് കരുതുന്നത്. 

തോട്ടം തൊഴില്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ പോലീസ് കൈകാര്യം ചെയ്യുന്നത് പതിവു രീതികള്‍ വിട്ടാണ്. നയമാണ് ആവശ്യം. ക്രമസമാധാനപാലനമാണ് പോലീസിന് ആവശ്യം. അത് ഫലപ്രദമായി ചെയ്യുന്നുണ്ടെന്നാണ് വിശ്വാസം.

സിവില്‍ സര്‍വീസ് മോഹികളോട് പറയാനുള്ളത്

കോളജ്തലം മുതല്‍ അങ്ങനെയൊരു ലക്ഷ്യത്തില്‍ നീങ്ങണം. ഞാന്‍ പി.ജി.ക്ക് ഒപ്പമാണ് പഠിച്ചത്. രണ്ടുവര്‍ഷമൊക്കെ കഷ്ടപ്പെട്ടാല്‍ കിട്ടാവുന്നതേയുള്ളൂ. ഡല്‍ഹിയിലൊക്കെ ഒരു സിവില്‍ സര്‍വീസ് അന്തരീക്ഷമുണ്ട്. 
നാം ആഗ്രഹിക്കുന്ന പുസ്തകങ്ങളൊക്കെ എളുപ്പത്തില്‍ കിട്ടും. ഇപ്പോള്‍ കേരളത്തിലും മികച്ച പരിശീലന കേന്ദ്രങ്ങളുണ്ട്. സ്ഥിരോത്സാഹവും കഠിനാദ്ധ്വാനവും മാത്രം മതി.

Source