ഫാ. ബിജു പി തോമസ്.
എ പി ജെ അബ്ദുല്‍ കലാം എന്ന്‍ കേള്‍ക്കുമ്പോള്‍ റോക്കറ്റുകളും മിസൈലുകളും ആണ് മനോമുകുരത്തില്‍ ഓടി എത്തുക. അദ്ദേഹവും അവയെയും അവയുടെ അഗ്നി ചിറകുകളെയും നിര്‍മലമായി സ്നേഹിച്ചിരുന്നു. അവയോടൊപ്പം വാനത്തില്‍ ഉയര്‍ന്നു പറക്കുവാന്‍ അതിയായി ആഗ്രഹിച്ചിരുന്നു. ബാല്യ കാലം മുതല്‍ ഭാരതത്തിന്റെ തെക്കേ അറ്റത്ത്, കടല്‍ തീരത്തെ മണലില്‍ കിടന്നു തിരയുടെ ശക്തിയും അനന്തമായ ആകാശവും അതില്‍ പാറി പറക്കുന്ന കിളികളും കാഴ്ച പോലെ ജീവിത വീക്ഷണവും വിശാലമാക്കി. വിഹായുസ്സില്‍ പാറി പറക്കുന്ന പക്ഷികളെ പോലെ സ്വശരീരത്തിന്നു ചിറകു വച്ച് അതിര്‍ത്തി ഇല്ലാത്ത ജ്ഞാനത്തിന്‍റെ ലോകത്തേക്ക് പാറി പറക്കുവാന്‍ വെമ്പല്‍ കൊള്ളുന്ന ഒരു എരിയുന്ന മനസ്സ് അദ്ദേഹം രൂപപ്പെടുത്തി. അത്തരം അഗ്നിയുടെ തീവ്രതയുള്ള ഒരു മനസ്സുണ്ടായതിനാലാകാം അദ്ദേഹം സ്വപനം എന്നത് ഉറക്കത്തിലുണ്ടാകുന്ന ഒരു പ്രതിഭാസമല്ല മറിച്ചു ഉറക്കാതിരിക്കുന്നതാണ് എന്ന് വ്യാഖ്യാനിച്ചത്. ശാസ്ത്ര ജ്ഞാനത്തെ പ്രണയിച്ചു വിവാഹിതനാകാത്തതിന്‍റെ കാരണം അന്വേഷിച്ച ചോദ്യ കര്‍ത്താവിനോടു അദ്ദേഹത്തിന്‍റെ മറുപടി ഇപ്രകാരമായിരുന്നു; ആരു പറഞ്ഞു ഞാന്‍ വിവാഹിതനല്ലെന്നു, I am wedded to rockets. ഈ ആത്മീയ സത്യം ക്രിസ്തീയ സഭയിലെ ക്രിസ്തുവിന്‍റെ മണവാട്ടിമാരായ സന്യാസി/ സന്യാസിനികള്‍ക്കും ശ്രീ കൃഷ്ണനെ ആത്മാവില്‍ വരിച്ച മീരാ ഭായിയെ പോലെ ഉള്ളവര്‍ക്കും മനസ്സിലാകും. ഭാരതത്തിന്‍റെ ബഹിരാകാശ നേട്ടങ്ങള്‍ക്ക് ഭാരതം ഈ മഹത്തായ സമര്‍പ്പിത ജീവിതത്തോട് കടപ്പെട്ടിരിക്കുന്നു. അദ്ദേഹം ഇന്ധനം നിറച്ച വാഹനങ്ങള്‍ ഇന്നു വിദൂരമായ ചൊവ്വ ഗ്രഹം വരെ എത്തി നില്‍ക്കുന്നു.
കുട്ടികളോടും യുവക്കളോടും സംവദിക്കുവാനും ഇടപഴകുവാനും ഈ മഹാത്മാവിന്‍റെ അഭിവാഞ്ച അടങ്ങാത്ത കടല്‍ പോലെ തീവ്രമായിരുന്നു. അത്തരം ഒരു സന്ദര്‍ഭത്തിലാണ് ഞാന്‍ അദ്ദേഹത്തെ ആദ്യമായി കാണുന്നത്. അന്നദ്ദേഹം ഭാരതത്തിന്‍റെ പ്രസിഡന്‍റല്ല. പൊക്രാനില്‍ ഇന്ത്യ വിജയകരമായി അണുവായുധം പരീക്ഷിച്ച വര്‍ഷം.. അദ്ദേഹം ഭാരതം മുഴുവന്‍ ഓടിനടന്നു സ്കൂള്‍ കുട്ടികളുമായി ചര്‍ച്ചകള്‍ നടത്തുകയും ഭാരതത്തിന്‍റെ വികസനത്തിനായി സ്വപ്നം കാണാന്‍ അഗ്നികനലുകള്‍ ബാല്യ ഹൃദയങ്ങളിലേക്ക് പകരുകയും ചെയ്യുന്ന പരിപാടി അസൂത്രണം ചെയ്യുകയാണ്. രാജസ്ഥാന്‍റെ ഉദ്യാന നഗരമായ ഉദയപൂരില്‍ അദ്ദേഹം ഒരു വലിയ ഹാളില്‍ പ്രഭാഷണത്തിനായി എത്തി. ഏകദേശം രണ്ടായിരത്തോളം കുട്ടികളും അദ്ധ്യാപകരും നിറഞ്ഞ സദസ്സ്. ഒരു ശാസ്ത്രജ്ഞന്‍ നേത്രുത്വം നല്‍കുന്ന പരിപാടി നിശ്ചയമായും ‘ബോറന്‍’ അവതരണം ആയിരിക്കും എന്നാണ് കരുതിയത്. എന്നാല്‍ ഞങ്ങളുടെ എല്ലാം പ്രതീക്ഷകളെ മാറ്റി മറിച്ചു, ഹാള്‍ ഇളകി മറിയുകയായിരുന്നു. കുട്ടികളോട് ചോദ്യങ്ങള്‍ ചോദിച്ചും, തമാശകള്‍ പറഞ്ഞും സ്വപ്നങ്ങള്‍ കാണുവാന്‍ പ്രേരിപ്പിച്ചും പ്രതിജ്ഞകള്‍ എടുപ്പിച്ചും കുട്ടികള്‍ക്ക് ഹസ്തദാനം നല്‍കിയും ലളിതവും ചെറിയ വാചകങ്ങളായ പ്രഭാഷണം ഹൃദയ സ്പര്ശിയായിരുന്നു. കുട്ടികളുടെ കൂടെ ശിശു മനസ്സും നിര്‍മ്മലവുമായ പെരുമാറ്റം കൊണ്ട് മനസ്സ് കുളിരണിയുന്ന ഒരു അനുഭവം ആയിരുന്നു അത്. ലക്ഷകണക്കിന് കുട്ടികളെ അദ്ദേഹം കണ്ടു കാണും. ആംഗലേയതില്‍ ഒരു പ്രയോഗമുണ്ട് lighted to lighten – പ്രകാശിപ്പിക്കുവാന്‍ പ്രകാശിതരായവര്‍. പ്രകാശം ചൊരിയുന്ന മണ ചിരാതില്‍ നിന്നും കോടികണക്കിന് ചിരാതുകളിലേക്ക് വെളിച്ചം പകരാം. ഒരു കുറവും ആദ്യ വെളിച്ചത്തിനുണ്ടാകയില്ല. ക്രിസ്തു അതുകൊണ്ടാണ് ഉപദേശിച്ചത് വിളക്ക് പറയിന്‍ കീഴില്‍ വയ്ക്കരുത് എന്ന്. മറ്റുള്ളവരെ പ്രകാശിപ്പിക്കുന്നതിനാണ് നമ്മില്‍ വെളിച്ചം പകര്‍ന്നിരിക്കുന്നത്. അത് നന്നായി മനസ്സിലാക്കിയ ഭാരതത്തിന്‍റെ സത് ഗുരുവായിരുന്നു ഇദ്ദേഹം. കുട്ടികള്‍ക്ക് തന്നില്‍ നിന്നും വെളിച്ചം പകരുന്ന പ്രക്രിയയില്‍ തന്നെ ഇഹലോകവാസം വാസം വെടിഞ്ഞത് തമ്പുരാന്‍ നല്‍കിയ അനുഗ്രഹം ആയി കാണണം. അടുത്ത ജന്മവും അദ്ധ്യപകനാകുവാന്‍ കൊതിച്ച മനസ്സിനു നല്‍കിയ അനുഗ്രഹം.
അതുല്യ പ്രതിഭ ആയിരുന്നു. ബഹുമുഖ പ്രതിഭയെന്നു യഥാര്‍ത്ഥത്തില്‍ വിശേഷിപ്പിക്കാവുന്ന വിരള വ്യക്തിത്വത്തിന്നുടമ. അമൂല്യമായ മുത്തുകള്‍ വളരെ ശ്രദ്ധയോടെ ക്രമപ്പെടുത്തിയ മുത്തുമാല പോലെ സുന്ദരം. കുട്ടികളെയും യുവാക്കളെയും സ്വന്തം പിതാവിനെക്കാള്‍ ഏറെ സ്നേഹിച്ച പിതൃ ഭാവം, മനുഷ്യപ്പറ്റുള്ള ശാസ്ത്രജ്ഞന്‍, ലോകത്തെ വിശ്വവിദ്യാലയമായി പരിഗണിച്ച ഉത്തമ അദ്ധ്യാപകന്‍, പ്രകൃതി സ്നേഹി, സ്വപ്നം കാണുവാന്‍ പ്രേരിപ്പിച്ചു കൊണ്ടിരുന്ന ദര്ഷകന്‍., കേള്‍വിക്കാരെ കോള്‍മയിര്‍ കൊള്ളിക്കുന്ന പ്രഭാഷകന്‍, തന്‍റെ മതത്തിന്‍റെ അന്തസത്തയില്‍ നിന്നും വഴി മാറാതെ മതേതരത്വത്തില്‍ മുറുകെ പിടിച്ച ഒരു ഉത്തമ ഇസ്ലാം, മികച്ച നൈപുണ്യമുള്ള ഭരണാധികാരി വ്യക്തതയുള്ള എഴുത്തുകാരന്‍… ഇങ്ങനെ പോകും ആ മഹനീയ വ്യക്തിത്വത്തിന്‍റെ വിവരണനം.
ഈ മനുഷ്യ സ്നേഹി എന്തിനു നുക്ലിയര്‍ ആയുധ നിര്‍മ്മാണത്തിന് കൂട്ടുനിന്നു. .. വല്ലാതെ ആലോസരപെടുത്തിയിരുന്നു. അദ്ദേഹത്തിനു വ്യക്തമായ മറുപടി ഉണ്ട്. ഇന്ത്യയുടെ ആയുധം ഉപയോഗിക്കുന്നതിനല്ല. മറ്റു അയല്‍ രാജ്യങ്ങള്‍ ആയുധങ്ങള്‍ വഴി ശക്തരാകുമ്പോള്‍ നമ്മുടെ രാജ്യത്ത് അരക്ഷിതാവസ്ഥയും ജനങ്ങള്‍ സുരക്ഷിതരല്ല എന്ന ഭീതിയും ഉണ്ടാകും. അത് രാജ്യത്തിന്‍റെ വളര്‍ച്ചയെയും വികസനത്തെയും നിഷേധാത്മകമായി ബാധിക്കും. നമ്മള്‍ ശക്തരാകുമ്പോള്‍ നമ്മെ ആക്രമിക്കുവാന്‍ അയല്‍ രാജ്യങ്ങള്‍ മടിക്കും, ഭയപ്പെടും. ശക്തന്മാര്‍ക്കു മാത്രമേ ഇന്നത്തെ ലോക ക്രമത്തില്‍ നിലനില്‍ക്കുവാന്‍ കഴിയൂ. ഈ രാജ്യത്തിന്‍റെ ആത്മീയതയിലും ധാര്‍മീകതയിലും അദ്ദേഹത്തിനു വലിയ വിശ്വാസം ഉണ്ടായിരുന്നു. അഹിംസയാണ് നമ്മുടെ ആത്മീയത. ഉരുബിനെയും പാമ്പിനെയും ഉപദ്രവിക്കാതെ സംരക്ഷിക്കുന്ന ആത്മീയത, ഒരിക്കലും ഹിമസക്കായി നുക്ലെയര്‍ ആയുധം ഉപയോഗിക്കില്ല എന്ന് വിശ്വസിച്ചിരുന്നു.
അന്ധകാരത്തില്‍ തപ്പിതടയുമ്പോള്‍ ചില അപൂര്‍വ്വ നക്ഷത്രങ്ങള്‍ മനുഷ്യനു വെളിച്ചമായി പ്രത്യക്ഷപെടും. അത്തരം ഒരു അപൂര്‍വ്വ നക്ഷത്രം രാമേശ്വരത്ത് ഉദിച്ചു നിയമത്തിനു വിരുദ്ധമായി പൂര്‍വ്വ ദിക്കില്‍ അസ്തമിച്ചു.