കൂട്ടുകാരിക്കു വേണം ചോരാത്തൊരു സ്നേഹക്കൂട്; കുട്ടികള്‍ തിരക്കിലാണ്

dn_binoji

 

സെന്റ് സ്റ്റീഫന്‍സ് സ്കൂള്‍ വിദ്യാര്‍ഥികള്‍ സഹപാഠി അഞ്ജലിക്കായി നിര്‍മിക്കുന്ന വീടിന്റെ കോണ്‍ക്രീറ്റ് പണികളില്‍ ഏര്‍പ്പെട്ടപ്പോള്‍.
പത്തനാപുരം . ചോരുന്ന കൂരയ്ക്കു കീഴെ തീരാദുരിതത്തിലായ പ്രിയപ്പെട്ട വിദ്യാര്‍ഥിനിയെ സഹായിക്കാന്‍ അധ്യാപകരും കൂട്ടുകാരിയുടെ കണ്ണീരൊപ്പാന്‍ സഹപാഠികളും മുന്നിട്ടിറങ്ങിയപ്പോള്‍ ഒരു കുടുംബത്തിന്റെ വീടെന്ന സ്വപ്നത്തിനു ചിറകു മുളച്ചു. പഠിക്കാന്‍ മിടുക്കിയാണു പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് സ്കൂളിലെ അഞ്ജലി. എന്നാല്‍, അവളുടെ ഉള്ളില്‍ സങ്കടങ്ങളുടെ കടലിരമ്പുന്നതു കൂട്ടുകാരോ, അധ്യാപകരോ അറിഞ്ഞിരുന്നില്ല. ഒരു ചാറ്റല്‍മഴ പെയ്താല്‍ മതി അവളുടെ ഉള്ളു പിടയാന്‍.

ടാര്‍പോളിന്‍ വലിച്ചുകെട്ടിയ ചോരുന്ന കൂരയ്ക്കു കീഴില്‍ നനയാത്ത ഒരിടം കണ്ടെത്താനുള്ള വെപ്രാളമാണു പിന്നെ. അവള്‍ക്കു നനയാതെ ഇരിക്കാനല്ല; ഏറെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ നനയരുതല്ലോ. അയല്‍വീട്ടിലെ ട്യൂബ്ലൈറ്റിന്റെ പ്രകാശമെത്തുന്ന സ്ഥലങ്ങളില്‍ ഇരുന്നു വേണം ഹോംവര്‍ക്ക് ചെയ്യാന്‍. ദാരിദ്യ്രത്തിന്റെ ഇരുട്ടുവീണ കൂരയില്‍ വൈദ്യുതി പോയിട്ട് മണ്ണെണ്ണവിളക്കു പോലും ആഡംബരമല്ലേ? എന്നിട്ടും അവള്‍ പഠനത്തില്‍ വീഴ്ച വരുത്തിയില്ല. അവളുടെ സങ്കടങ്ങള്‍ ആരും അറിഞ്ഞതുമില്ല.

അഞ്ജലിയുടെ അവസ്ഥ സ്കൂള്‍ അധികൃതര്‍ അറിഞ്ഞത് ഇൌയിടെയാണ്. മകളുടെ പഠനനിലവാരം വിലയിരുത്താന്‍ സ്കൂളിലെത്തിയ മാതാവില്‍ നിന്നു യാദൃച്ഛികമായി. കഥ കേട്ട് വെറുതേ സഹതപിക്കുകയല്ല അവര്‍ ചെയ്തത്. അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും സ്നേഹകൂട്ടായ്മ ചേര്‍ന്ന് അഞ്ജലിക്കു സ്നേഹവീടൊരുക്കാന്‍ തീരുമാനിച്ചു. ബ്ലോക്ക് പഞ്ചായത്തില്‍ നിന്ന് ഇവര്‍ക്ക്
വീട് അനുവദിക്കുകയും ആദ്യഗഡു കൈപ്പറ്റുകയും ചെയ്തിരുന്നു. പക്ഷേ, അടിത്തറ നിര്‍മിച്ചത് യഥാസ്ഥാനത്തല്ലെന്നു ചൂണ്ടിക്കാട്ടി അധികൃതര്‍ പൊളിപ്പിച്ചു. അപ്പോഴേക്കും കൈയിലെ കാശു തീരുകയും കുടുംബം കടത്തിലാകുകയും ചെയ്തു. തുടര്‍ പ്രവര്‍ത്തനത്തിനു പണമില്ലാതെ വിഷമിക്കുമ്പോഴാണു സഹപാഠികളുടെ സഹായം സ്നേഹക്കൂടിന്റെ അടിത്തറ പാകിയത്. ക്രിസ്മസിനു കാര്യമായ ആഘോഷം വേണ്ടെന്നുവച്ചും പലരുടെ മുന്നില്‍ കൈനീട്ടിയും കുട്ടികള്‍ കൂട്ടുകാരിക്കായി പണം കണ്ടെത്തി.

നിര്‍മാണത്തിനു വേണ്ട കല്ലും മണ്ണുമൊക്കെ സ്കൂളിലെ എന്‍എസ്എസ് കൂട്ടുകാര്‍ ചുമന്നെത്തിച്ചു. നിര്‍മാണത്തിന്റെ ഓരോ ഘട്ടത്തിലും വിദ്യാര്‍ഥികള്‍ കൈയ് മെയ് മറന്നു സഹായിച്ചതോടെ മാസങ്ങള്‍ക്കുള്ളില്‍ വീട് ഉയര്‍ന്നു. കോണ്‍ക്രീറ്റ് പൂര്‍ത്തിയാക്കിയ വീടിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് ഇനിയും പണം വേണം. മൂന്നു ലക്ഷം രൂപ കൂടി ലഭിച്ചാല്‍ വീട് പൂര്‍ത്തിയാക്കി അഞ്ജലിക്കു കൈമാറാനാകും.

Source