1. ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസിന്‍റെ കേരള സന്ദര്‍ശനവും സഭാസമാധാനവും
ശീമയിലെ സിറിയന്‍ ഓര്‍ത്തഡോക്സ് പാത്രിയര്‍ക്കീസ് ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍റെ കേരള സന്ദര്‍ശനവേളയില്‍ സഭാ സമാധാനത്തെപ്പറ്റി അദ്ദേഹം പുറപ്പെടുവിച്ചിട്ടുള്ള പ്രസ്താവനകളിലും നടത്തിയിട്ടുള്ള പ്രസംഗങ്ങളിലും മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സമുദായത്തിന്‍റെ അഭിമാനത്തെ ക്ഷതപ്പെടുത്തുന്ന ചില പരാമര്‍ശങ്ങള്‍ ഉള്ളതിനാല്‍ അവയെപ്പറ്റി പ. സുന്നഹദോസ് ആലോചിച്ചശേഷം താഴെപ്പറയുന്നപ്രകാരം തീരുമാനിച്ചു.
1958-ലെ സഭാസമാധാന വ്യവസ്ഥകളില്‍ നിന്നും സ്വയം പിന്മാറിയ യാക്കോബ് തൃതീയന്‍ പാത്രിയര്‍ക്കീസും അദ്ദേഹത്തിന്‍റെ അനുയായികളും ചെയ്തിട്ടുള്ള താഴെ കൊടുത്തിരിക്കുന്ന തെറ്റുകള്‍ തിരുത്തുക മാത്രമാണ് സമാധാനത്തിനുള്ള ഏക മാര്‍ഗ്ഗം.
1) 1958-ല്‍ സഭയില്‍ സമാധാനം സ്ഥാപിച്ചശേഷം അതിന്‍റെ അടിസ്ഥാനപ്രമാണമായ മലങ്കരസഭാ ഭരണഘടനയ്ക്കു വിരുദ്ധമായ നടപടികള്‍ സ്വീകരിച്ച് അതില്‍നിന്നും പടിപടിയായി യാക്കോബ് തൃതീയന്‍ പാത്രിയര്‍ക്കീസ് പിന്മാറി.
2) മാര്‍ത്തോമ്മാ ശ്ലീഹായുടെ പൗരോഹിത്യത്തെയും സിംഹാസനത്തെയും ചോദ്യം ചെയ്തുകൊണ്ട് യാക്കോബ് തൃതീയന്‍ പാ ത്രിയര്‍ക്കീസ് 1970-ല്‍ അദ്ദേഹത്തിന്‍റെ 203-ാം നമ്പര്‍ കല്പന പുറപ്പെടുവിച്ചു.
3) മലങ്കരസഭയുടെ വ്യവസ്ഥാപിത ഭരണഘടകങ്ങളായ മലങ്കര സുന്നഹദോസിന്‍റെയും മലങ്കര അസോസ്യേഷന്‍ മാനേജിംഗ് കമ്മിറ്റിയുടെയും ഏകകണ്ഠമായ എതിര്‍പ്പിനെ വകവയ്ക്കാതെ യാക്കോബ് തൃതീയന്‍ പാത്രിയര്‍ക്കീസ് അപ്രേം ആബൂദി മെത്രാപ്പോലീത്തായെ മലങ്കരയിലേയ്ക്കു ഡെലിഗേറ്റായി അയച്ചു.
4) മലങ്കരസഭാ സുന്നഹദോസിന്‍റെയും അസോസ്യേഷന്‍ മാനേജിംഗ് കമ്മിറ്റിയുടെയും പ്രതിഷേധത്തെ ധിക്കരിച്ചും, മലങ്കര അസോസ്യേഷന്‍റെ തെരഞ്ഞെടുപ്പു കൂടാതെയും മലങ്കരസഭയ്ക്കായി തുടരെ തുടരെ മേല്പട്ടക്കാരെ വാഴിച്ചത് മലങ്കരസഭാ ഭരണഘടനയുടെ വ്യക്തമായ ലംഘനമായിരുന്നു.
5) മലങ്കര അസോസ്യേഷന് എതിരായി ‘യാക്കോബായ അസോസ്യേഷന്‍’ എന്ന പേരില്‍ ഒരു ബദല്‍ സംഘടനയ്ക്കു യാക്കോബ് തൃതീയന്‍ പാത്രിയര്‍ക്കീസ് അംഗീകാരം നല്‍കി.
6) മലങ്കരസഭയുടെ അറിവോ സമ്മതമോ കൂടാതെയും മലങ്കര അസോസ്യേഷന്‍റെ തെരഞ്ഞെടുപ്പ് ഇല്ലാതെയും അദ്ദേഹം ഒരു എതിര്‍ കാതോലിക്കായെ വാഴിച്ചു.
7) മലങ്കരയിലുള്ള യഥാര്‍ത്ഥ കാതോലിക്കായേയും മേല്പട്ടക്കാരെയും ജനങ്ങളെയും പുറന്തള്ളിയതായി (മുടക്കിയതായി) 1974-ല്‍ യാക്കോബ് തൃതീയന്‍ പാത്രിയര്‍ക്കീസ് അനധികൃത പ്രസ്താവന ഇറക്കി.
8) കാതോലിക്കായുടെ ഭരണസീമയില്‍ ക്ഷണിക്കപ്പെടാതെ പാത്രിയര്‍ക്കീസ് പ്രവേശിച്ചുകൂടാ എന്നുള്ള വ്യക്തമായ കാനോന്‍ വിധികളെ ലംഘിച്ചുകൊണ്ട് യാക്കോബ് തൃതീയന്‍ പാത്രിയര്‍ക്കീസിന്‍റെ പിന്‍ഗാമിയായ സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് മലങ്കരയിലേക്കു വന്നു.
9) സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് മലങ്കരയില്‍ വച്ച് മൂറോന്‍ കൂദാശ നടത്തിയതും മേല്പട്ടക്കാരെ വാഴിച്ചതും കാനോന്‍ ലംഘനവും അനധികൃതവുമാണ്.
മേല്പറഞ്ഞ തെറ്റുകള്‍ക്കു പരിഹാരമുണ്ടാക്കാതെ മലങ്കര ഓര്‍ത്തഡോക്സ് സഭ സമാധാനത്തിനു തയ്യാറല്ല. എന്നാല്‍ സഭാസമാധാനത്തിനുള്ള ക്രിയാത്മകമായ എല്ലാ നടപടികള്‍ക്കും ഓര്‍ത്തഡോക്സ് സഭ എക്കാലവും പരിപൂര്‍ണ്ണ സഹകരണം നല്കുന്നതാണ്.
(1982 ഫെബ്രുവരി സുന്നഹദോസ് നിശ്ചയങ്ങള്‍)