(ഒരേ)  കുടുംബത്തില്‍ പിറന്നവര്‍ | സഖറിയാ പെരുമ്പടവം

മലങ്കര നസ്രാണി ചരിത്രം ഇതഃപര്യന്തം പഠിക്കുമ്പോള്‍ കുടുംബത്തില്‍ പിറന്ന മേല്പ്പട്ടക്കാരുടെയും പട്ടക്കാരുടെയും ശെമ്മാശ്ശന്മാരുടെയും എല്ലാം ചരിത്രവും പാരമ്പര്യവും പഠനവിധേയമാക്കേണ്ടവയാണ്. പാരമ്പര്യത്തിനും പിന്തുടര്‍ച്ചയ്ക്കും ഏറെ പ്രാധാന്യം കല്പ്പിക്കുന്ന നസ്രാണി സമൂഹത്തില്‍ പാരമ്പര്യ പിന്തുടര്‍ച്ചയുടെ പേരില്‍ ധാരാളം കോളിളക്കങ്ങളും ഉണ്ടായിട്ടുണ്ട്. രക്തബന്ധങ്ങള്‍ അത് ഹിതമായാലും അവിഹിതമായാലും അതിന്‍പ്രകാരം ലഭിക്കുന്ന പിന്തുടര്‍ച്ചയ്ക്കും സ്ഥാനമാനമഹിമയയ്ക്കും ആരും അയ്ത്തം കല്പ്പിക്കാറില്ല എന്നതും ഒരു വസ്തുതയാണ്.

നസ്രാണി ചരിത്രത്തിലെ ജാതിക്കുതലവന്മാരും എപ്പിത്രോപ്പന്മാരും ഇത്തരത്തിലുള്ള കുടുംബവാഴ്ച്ചയുടെയും പാരമ്പര്യത്തിന്റെയും പിന്‍ബലത്തില്‍ ഏറെ ശോഭിച്ചിട്ടുണ്ട്. പക്ഷേ അതെല്ലാം കൃത്യമായി നിര്‍വ്വചിക്കപ്പെട്ട ബന്ധങ്ങളുടെയും പാരമ്പര്യങ്ങളുെടയും അടിസ്ഥാനത്തിലാണ്. പ്രസ്തുത പാരമ്പര്യങ്ങള്‍ വില്‍പ്നച്ചരക്കാക്കുന്ന മൂന്നാംകിടനിലവാരത്തിലേക്ക് അവരാരും പോയതായും എങ്ങും കേട്ടുകേള്‍വി പോലുമില്ല. ലബനോന്‍ താഴ്‌വരകളില്‍ രാത്രികാലങ്ങളില്‍ തട്ടിക്കൂട്ട് വില്‍പത്രപ്രകാരം ലഭിക്കുന്ന സ്ഥാനമാനങ്ങള്‍ നസ്രാണിപ്പഴമയിലെ വിശുദ്ധജീവിതങ്ങളുടെ വാലു തലയും കൂട്ടിതുന്നി കണ്ടുകാഴ്ച്ചയ്ക്കും കൈമുത്തിനും വേണ്ടി ഉപയോഗിക്കുന്നവര്‍ക്ക് ഈ ജാത്യാഭിമാനത്തിന്റെയും പാരമ്പര്യത്തിന്റെയും മാനാഭിമാനങ്ങളുടെ അന്തഃസത്ത മനസ്സിലാകണമെന്നില്ല; കാരണം ലൂസിഫര്‍ സിനിമയിലെ വര്‍മ്മസാറിനോട് ജതിന്‍ രാംദാംസ് പറയുന്ന ഡയലോഗ് തന്നെയാണ്.
മലങ്കരസഭാ ചരിത്രത്തോട് അഭേദ്യമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ഒരു കുടുംബപ്പേരാണ് പകലോമറ്റം. മാര്‍ത്തോമ്മാശ്ലീഹാ കേരളത്തില്‍ വന്ന് സുവിശേഷം അറിയിച്ചപ്പോള്‍ ക്രിസ്തുമതം സ്വീകരിച്ച പാലയൂരിലെ നാലു ബ്രാഹ്മണ കുടുംബങ്ങളിലൊന്നാണ് പകലോമറ്റം എന്നാണ് പാരമ്പര്യം. പഴയ പകലോമറ്റം തറവാട് സ്ഥിതിചെയ്തിരുന്നത് ഇന്നത്തെ ചാവക്കാട് ഹൈസ്‌കൂളിന്റെ സമീപത്തായിരുന്നു എന്ന് കരുതപ്പെടുന്നു. പകലോമറ്റം ബ്രാഹ്മണര്‍ സൂര്യാരാധകരായിരുന്നതിനാല്‍ ആദ്യം പകലോന്‍മഠം(മറ്റം)ആയിരുന്നു. പാലമറ്റം എന്നും ഈ പേരിന് ലോപമുണ്ട്. പകലോമറ്റവും മറ്റ് ബ്രാഹ്മണ കുടുംബങ്ങളും അവരുടെ പൂര്‍വ്വികസ്ഥാനം വിട്ടുപോയത് എ.ഡി.നാലാം നൂറ്റാണ്ടിലാണെന്ന് പറയപ്പെടുന്നു. അവസാനം അവര്‍ കുറവിലങ്ങാട് കാളികാവു ക്ഷേത്രത്തിനു സമീപമെത്തി അവിടെ താമസമാക്കി.
മലങ്കരസഭയുടെ ഭരണസാരഥ്യം ദീര്‍ഘനാള്‍ വഹിച്ചത് പകലോമറ്റം കുടുംബത്തില്‍നിന്നുള്ള അര്‍ക്കദിയാക്കോന്മാരായിരുന്നു. അവര്‍ക്ക് ജാതിക്കുതലവന്‍, ജാതിത്തലവന്‍, ജാതിക്കു കര്‍ത്തവ്യന്‍ എന്നീ പേരുകളും ഉണ്ടായിരുന്നു. കൂനന്‍കുരിശു സത്യം ചെയ്ത സന്ദര്‍ഭത്തില്‍ മലങ്കരനസ്രാണികളുടെ തലവനായിരുന്ന മഹാനായ മാര്‍ തോമ്മാ അര്‍ക്കദിയാക്കോന്‍ പ്രത്യേകം സ്മരണാര്‍ഹനാണ്. അദ്ദേഹത്തിന്റെ പിന്‍ഗാമികളായി എട്ടു മെത്രാന്മാര്‍ കൂടി മാര്‍ത്തോമ്മാമാരായി ഈ തറവാട്ടില്‍നിന്നുണ്ടായിട്ടുണ്ട്. 1817-ല്‍ ഒമ്പതാം മാര്‍ത്തോമ്മായെ (അയ്പ് മെത്രാന്‍) സ്ഥാനത്യാഗം ചെയ്യിച്ചതോടെ പകലോമറ്റം കുടുംബത്തിന്റെ (പാരമ്പര്യ) ഭരണം അവസാനിച്ചു. അനന്തിരവന്മാരും ജേഷ്ഠാനുജസഹോദരങ്ങളായുമാണ് പകലോമറ്റം പാരമ്പര്യ വൈദിക ശ്രേണി മുന്നോട്ട് പൊയ്‌ക്കൊണ്ടിരുന്നത്.
ഒരേ കുടുംബത്തില്‍ നിന്ന് പിന്നീട് ചരിത്രത്തില്‍ കാണുന്ന രണ്ട് മത്രാപ്പോലീത്താമാര്‍ തൊഴിയൂര്‍ സഭയുടെ സ്ഥാപകനും; സഭയുടെ ഒന്നാമത്തെ മെത്രാപ്പോലീത്തായുമായ കാട്ടുമങ്ങാട്ട് അബ്രാഹാം മാര്‍ കൂറീലോസ് ഒന്നാമനും കാട്ടുമങ്ങാട്ട് ഗീവര്‍ഗീസ് മാര്‍ കൂറീലോസ് രണ്ടാമനുമാണ്. ഇവര്‍ ഒരേ രക്തബന്ധത്തില്‍ പിറന്ന സഹോദരങ്ങളായിരുന്നു. മുളന്തുരുത്തി സ്വദേശികളായ ഇവര്‍ മലങ്കരസഭയുടെ ചരത്രത്തില്‍ ഏറെ പ്രാധാന്യമുണ്ട്. കുന്നംകുളത്തിനടുത്ത് അഞ്ഞൂര്‍, തൊഴിയൂര്‍, തോഴൂര്‍ എന്നീ വിവിധ പേരുകളുള്ള ഒരു സ്ഥലത്ത്  ആസ്ഥാനമാക്കിയിട്ടുള്ള ഈ സഭ, ‘മലബാര്‍ സ്വതന്ത്ര സുറിയാനി സഭ‘ എന്ന പേരിലാണ് ഔദ്യോഗികമായി അറിയപ്പെടുന്നത്. മലങ്കരസഭയുടെ പൂര്‍വിക വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും ആചാരങ്ങളും ആരാധനകളും ഈ സഭ അഭംഗം സംരക്ഷിക്കുന്നു.
മലങ്കരനസ്രാണികളുടെയും കേരളജനതയുടെയും ചരിത്രത്തില്‍ ഒരുപോലെ സ്വാധീനം ചെലുത്തിയിട്ടുള്ള രണ്ട് പിതാക്കന്മാരാണ് പത്തൊമ്പതാം നൂറ്റാണ്ടില്‍ രണ്ട് കാലഘട്ടങ്ങളിലായി മേല്‍പ്പട്ടസ്ഥാനത്തേക്ക് വരുന്നത്. കുന്നകുംളം പുലിക്കോട്ടില്‍ കുടുംബത്തില്‍പെട്ട പുലിക്കോട്ടില്‍ ഒന്നാമനായ ജോസഫ് മാര്‍ ദിവന്നാസിയോസ് രണ്ടാമനും, പുലിക്കോട്ടില്‍ രണ്ടാമനായ ജോസഫ് മാര്‍ ദിവന്നാസിയോസ് അഞ്ചാമനും. പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് രണ്ടാമന്റെ സ്ഥാനോരഹണത്തിലൂടെയാണ് പകലോമറ്റം പാരമ്പര്യം നിലച്ചത്. മാര്‍ ദീവന്നാസ്യോസ് ദ്വിതീയന്റെ സഹോദര പൗത്രനായിരുന്നു മാര്‍ ദീവന്നാസ്യോസ് അഞ്ചമന്‍. തൊഴിയൂര്‍ സഭയുടെ കുത്തൂര്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മാര്‍ ദീവന്നാസ്യോസ് അഞ്ചമന്റെ മാതൃസഹോദരന്‍ ആയിരുന്നു.
പാലക്കുന്നത്ത് അബ്രാഹാം മല്പാന്റെ സഹോദരപുത്രനായിരുന്നു പാലക്കുന്നത്ത് മാത്യൂസ് മാര്‍ അത്താനാസിയോസ്. മാര്‍ത്തോമ്മാ സഭാ സ്ഥാപകന്‍ പാലക്കുന്നത്ത് തോമസ് മാര്‍ അത്താനാസിയോസും, ടൈറ്റസ് ഒന്നാമന്‍ മാര്‍ത്തോമ്മായും മല്പാന്റെ മക്കളായിരുന്നു.  ടൈറ്റസ് രണ്ടാമന്‍ മാര്‍ത്തോമ്മാ പാലക്കുന്നത്ത് മാത്യൂസ് മാര്‍ അത്താനാസിയോസിന്റെ സഹോദരപുത്രന്‍ ആണ്.
കണ്ടനാട് ഇടവകയില്‍പ്പെട്ട കരവട്ട്‌വീട്ടിലെ രണ്ട് മേല്‍പ്പട്ടക്കാരാണ്. അതിനു ശേഷം കടന്നുവരുന്ന കുടുംബക്കാര്‍. നാളാഗമത്തിന്റെ പേരില്‍ സഭാചരിത്രത്തില്‍ ഏറെ പ്രസിദ്ധിയാര്‍ജ്ജിച്ച കരവട്ട്‌വീട്ടില്‍ ശെമവൂന്‍ മാര്‍ ദീവന്നാസിയോസ് മെത്രാപ്പോലീത്തായും ഇദ്ദേഹത്തിന്റെ സഹോദരപുത്രന്‍ കരവട്ട്‌വീട്ടില്‍ യൂയാക്കിം മാര്‍ ഈവാനിയോസുമാണ് ഇവര്‍. കൊച്ചി ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തായായ ശെമവൂന്‍ മാര്‍ ദീവന്നാസിയോസില്‍ നിന്നാണ് യൂയാക്കിം മാര്‍ ഈവാനിയോസ് പൂര്‍ണ്ണശെമ്മാശപട്ടം സ്വീകരിക്കുന്നത്.
കാതോലിക്കേറ്റിന്റെ രത്‌നദീപമായ പുത്തന്‍കാവില്‍ കൊച്ചു തിരുമേനി എന്നറിയപ്പെടുന്ന കിഴക്കേതലയ്ക്കല്‍ ഗീവര്‍ഗീസ് മാര്‍ പീലക്‌സിനോസ് തിരുമേനിയുടെ സഹോദരപുത്രനാണ് ചെങ്ങന്നൂര്‍ മെത്രാസനത്തിന്റെ മുന്‍ മെത്രാപ്പോലീത്തായായിരുന്ന കിഴക്കേതലയ്ക്കല്‍ തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്താ.
തുമ്പമണ്‍ ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്തായായിരുന്ന ദാനിയേല്‍ മാര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്തായുടെ സഹോദരപൗത്രന്‍ ആണ് ഇപ്പോഴത്തെ തുമ്പമണ്‍ ഭദ്രാസനമെത്രാപ്പോലീത്താ ആയ ഡോ. എബ്രാഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്താ.
ബോംബേ ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്തായായിരിക്കുന്ന ഡേ. ഗീവര്‍ഗീസ് മാര്‍ കൂറീലോസ് മെത്രാപ്പോലീത്തായുടെ പിതൃസഹോദരപൗത്രനാണ് വിഘടിത വിഭാഗത്തിലെ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറീലോസ് മെത്രാപ്പോലീത്താ.
വിഘടിതവിഭാഗത്തില്‍ ഉള്‍പ്പെട്ട പച്ചിലക്കാട്ട് തോമസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്തായുടെ  സഹോദരപുത്രനാണ് പച്ചിലക്കാട്ട് ഐസക് മാര്‍ ഒസ്താത്തിയോസ്  മെത്രാപ്പോലീത്താ.
ഈ വിധം നസ്രാണികളുടെ മേല്പ്പട്ടക്കാരുടെ ചരിത്രത്തില്‍ അനേകര്‍ വളരെ അടുത്തതും ആഴമേറിയതുമായ രക്തബന്ധങ്ങളും കടുംബബന്ധങ്ങളും പുലര്‍ത്തുന്നവരാണ്. ഈ വിഷയത്തില്‍ ഏറെ കൗതുകമേറിയ ഒന്ന് പരസ്പരബന്ധുക്കളായ പലരും സ്വീകരിച്ചരിക്കുന്നത് ഒരേ സ്ഥാനപ്പേരുകള്‍ ആണ് എന്നതു തന്നെയാണ്. മാത്രമല്ല ഇവര്‍ തമ്മിലുള്ള കുടുംബബന്ധം ഏതെങ്കിലും വിധത്തില്‍ മുള്ളിത്തെറിച്ചതായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഇന്നുവരെ അവിഭക്ത മലങ്കരസഭയില്‍ രക്ത-കുടുംബ ബന്ധമുള്ള മെത്രാന്‍ സ്ഥാനികള്‍ ഇവര്‍ മാത്രമാണ്.
ഭിന്നിപ്പിച്ച് ഭരിക്കുക എന്ന കുതന്ത്രത്തില്‍ മാത്രം ആകൃഷ്ടരായ വൈദേശികാധിപതികളുടെ മുമ്പില്‍ beg you എന്ന് പല ആവര്‍ത്തി ഉരുവിട്ട് സ്വത്വബോധവും സ്വാതന്ത്രവും തീറെഴുതി ഇരുമ്പുനുകത്തെ കണ്ഠാഭരണമായി ഏറ്റുവാങ്ങന്നവര്‍ക്ക് തങ്ങളുടെ വേഷഭൂഷാധികള്‍ക്ക് അതിന്റെ ജൗളിവിലമാത്രമേയുള്ളൂ എന്ന തിരിച്ചറിവ് ഇടയ്ക്കുദിക്കുമ്പോള്‍ സമാശ്വാസപ്പെടുവാന്‍ കുടുംബത്തില്‍പിറന്ന ചിലരുടെ വീട്ടുപേരും പാരമ്പര്യവും വാടകയ്‌ക്കെടുകേണ്ട ദൈന്യത; ഹാ കഷ്ടം തന്നെ!. കീഴാളനായി കാര്യസ്ഥപ്പണി ഏറ്റുവാങ്ങി തിരിച്ചത്തുമ്പോള്‍ ഒന്നുമറക്കേണ്ട, കണ്ഠാഭരണം ഏറെ വൈകാതെ കണ്ഠകോടാലിയായി മാറുക തന്നെ ചെയ്യും. സ്ഥാനമഹിമയ്ക്കുവേണ്ടി ഏതറ്റംവരെയും തലകുനിക്കാന്‍ കാണിക്കുന്ന അധാര്‍മ്മികയുടെ പാരമ്യത്തില്‍ നിശ്ചയമായും ഇരുമ്പുനുകം ഒരു ബാധ്യതയാവാന്‍ ഏറെ താമസമില്ല.
പെയ്ഡ് പ്രമോഷനും, ലൈവ് മാനിയായും, എനിക്കോ ഫ്‌ളക്‌സില്ലാതെ പ്രശംസിപ്പാനിടവരുതെന്ന ദൂര്‍വ്വേദവും പുത്തന്‍പണത്തിന്റെ പകിട്ടില്‍ പുത്തന്‍കുരിശുകള്‍ ഉയരുമ്പോള്‍ പണിയുന്നവരും പണിയപ്പെടുന്നവരും മറക്കുന്ന ഒരു കാര്യം, എന്നാലോ ഇത് പണിയപ്പെടുന്നത് ഉറച്ച പാറമേലല്ല പിന്നെയോ അയഞ്ഞ മണലിന്മേലാകുന്നു; പാതാളഗോപുരങ്ങള്‍ ഇതിനായ് കാത്തിരിക്കുന്നു. സിംഹാസങ്ങള്‍ പറിച്ച് നടപ്പെടുമ്പോള്‍, വ്യാജപത്രങ്ങളുടെ പിന്‍ബലത്തില്‍ രാത്രികാലങ്ങളില്‍ കര്‍ത്താവിന്റെ ഭവനങ്ങളെ കൊള്ളയടിച്ച് പള്ളവീര്‍പ്പിക്കാന്‍ പള്ളിത്തിട്ടുകളും, സമ്പ്രദായങ്ങളും ഉയരുമ്പോള്‍ മര്‍ക്കടഗര്‍ദ്ദഭന്യായം പോലെ മാലോകര്‍ സ്തുതികള്‍ കരേറ്റിയിരിക്കാം. പക്ഷേ ഓര്‍ത്തുകൊള്ളുക ഇതൊന്നും കുടുംബത്തില്‍ പിറന്നവര്‍ക്ക് പറഞ്ഞിട്ടുള്ളതല്ല; ഓര്‍ത്താല്‍ നന്ന്.