പ. പാമ്പാടി തിരുമേനിയുടെ ഡയറിക്കുറിപ്പുകള്‍

1911

1086 ചിങ്ങം 1 – ഇന്നേ ദിവസം രാവിലെ കുര്‍ബാന ഉണ്ടായിരുന്നു. പാമ്പാടിക്കണ്ടത്തിലച്ചന്‍ കുര്‍ബ്ബാന ചൊല്ലി. വട്ടമല അബ്രഹാം ശെമ്മാശനും കരിങ്ങനാമറ്റത്തില്‍ മത്തിയൂസ് ശെമ്മാശനും പഠിക്കുന്നുണ്ട്. കരിങ്ങണാമറ്റത്തിലപ്പൂപ്പന്‍ ഇവിടെത്തന്നെ താമസിക്കുന്നു. നാടകശാലയുടെ മുകളില്‍ മുറിപണിയാണ്. എനിക്ക് ഒരു പെട്ടിയും പണിയുന്നു. കടുപ്പേല്‍ അബ്രഹാം വന്നു ഓരോ കാര്യങ്ങള്‍ പറഞ്ഞ കൂട്ടത്തില്‍ ഒരു യോഗം നടത്തിയാല്‍ കൊള്ളാമെന്ന് ഞാന്‍ പറഞ്ഞതില്‍ തൃപ്തിയായി സംസാരിച്ചു. കുമരകം ഉപദേശിക്ക് ഒരു എഴുത്തയച്ചു.

ചിങ്ങം 4 (ഓഗസ്റ്റ് 20) ശനി – ഇന്നേ ദിവസം ഒരു മൂന്നിന്മേല്‍ കുര്‍ബ്ബാന ഉണ്ടായിരുന്നു. അത് പുത്തന്‍കണ്ടത്തിന്‍റെ ആവശ്യത്തിലേക്കുമായിരുന്നു. അയാള്‍ ഒരു രൂപ തന്നു. ചേര്‍ക്കോണില്‍ ചാണ്ടി കുറെ അരിയും കൊണ്ടുവന്നു തന്നു. ശെമ്മാച്ചന്മാര്‍ പഠിക്കുന്നുണ്ട്. ആശാരിമാരില്‍ ഒരാളെ പണിതുള്ളു. മൂന്നിന്മേല്‍ കുര്‍ബ്ബാന ചൊല്ലിയത് ഞാനും, ഐക്കരപ്പടവിലച്ചനും പാമ്പാടിക്കണ്ടത്തിലച്ചനും ആയിരുന്നു. കുമ്പസാരക്കാരും കുറെയുണ്ടായിരുന്നു. കടവുംഭാഗത്ത് ശെമ്മാച്ചന്‍ കോട്ടയത്തുനിന്നും വന്നിട്ടുണ്ട്.

ചിങ്ങം 10 (ഓഗസ്റ്റ് 26) വെള്ളി – ഇന്നേ ദിവസം അബ്രഹാം ശെമ്മാച്ചനും മറ്റും പഠിക്കുന്നു. ഇരവികുളത്ത് ഇട്ടിയവിരച്ചേട്ടന്‍ മരിച്ചു കൊണ്ടുവന്നു. ഞാനും പാമ്പാടിക്കണ്ടത്തിലച്ചനും അബ്രഹാം ശെമ്മാച്ചനും മാത്യൂസ് ശെമ്മാച്ചനും ഉണ്ടായിരുന്നു. കുര്‍ബ്ബാനയുണ്ടായിരുന്നു. ഞാന്‍ തന്നെയാണ് ചൊല്ലിയത്. ചെറിയമഠത്തിലച്ചന്‍ വന്നിരുന്നു. പത്രം വന്നിരുന്നു. ഉച്ചശേഷം പുളിന്താനത്ത് മാണിയുടെ ഒരു കുട്ടിയും മരിച്ചുകൊണ്ടുവന്നു.

ചിങ്ങം 14 (ഓഗസ്റ്റ് 30) ചൊവ്വ – ഇന്നേ ദിവസം ആശാരിമാര്‍ കട്ടില്‍ പണിയുന്നു. ചാലില്‍ വര്‍ഗീസ് തട്ടിനു കീഴെയുള്ള മണ്ണ് എടുക്കുന്നു. ചാക്കോ ഒരു കുപ്പി പാനി കിഴക്കുനിന്നും കൊണ്ടുവന്നിരുന്നു. മീനടം കൊച്ച് കുശിനിജോലി നടത്തുന്നു. അബ്രഹാം ശെമ്മാച്ചനും മറ്റും പഠിക്കുന്നു. അപ്പൂപ്പന്‍ മുറ്റം നന്നാക്കുന്നു. പള്ളിവക ശമ്പളം രണ്ടു രൂപ തന്നു. വെള്ളുക്കുട്ടയില്‍ നിന്നും ഒരു സുഖക്കേടുകാരി സ്ത്രീയേയും കൊണ്ട് കുറെ ആളുകള്‍ വന്നിരുന്നു. പറക്കാവിലപ്പന്‍ വന്ന് എടങ്ങഴി എണ്ണ വാങ്ങിക്കൊണ്ടുപോയി.

ചിങ്ങം 22 (സെപ്റ്റംബര്‍ 7) ബുധന്‍ – ഇന്നേ ദിവസം സഭയിലുണ്ടായിരിക്കുന്ന കുഴപ്പങ്ങള്‍ക്ക് ഒരു നിവൃത്തിമാര്‍ഗ്ഗം ആലോചിക്കുന്നതിന് പാമ്പാടി പള്ളിമേടയില്‍ ഒരു യോഗം കൂടി ചില നിശ്ചയങ്ങള്‍ പാസ്സാക്കി. ചെറിയമഠത്തിലെ വല്യച്ചനായിരുന്നു അതിലെ അദ്ധ്യക്ഷന്‍. ഐക്കരപ്പടവിലച്ചനും കൂടെയുണ്ടായിരുന്നു. ഗായകസംഘക്കാരില്‍ ചിലരും ഉണ്ടായിരുന്നു. നാലര മണിക്ക് യോഗം പിരിഞ്ഞു. അബ്രഹാം ശെമ്മാച്ചനും മറ്റും പഠിക്കുന്നു.

ചിങ്ങം 24 (സെപ്റ്റംബര്‍ 9) വെള്ളി – ഇന്നേ ദിവസം മുറി പണിത ആശാരിമാര്‍ക്ക് സന്ധ്യയ്ക്കു ഭക്ഷണം കൊടുക്കുന്ന ഒരുക്കങ്ങളായിരുന്നു. സന്ധ്യയ്ക്കു പിണര്‍ക്കൊടിയിലെ പേരപ്പന്‍, കടുപ്പേല്‍ ആശാന്‍, കൊച്ചിക്കാ ജ്യേഷ്ഠന്‍, തലയ്ക്കലച്ചന്‍, ശെമ്മാശ്ശന്മാര്‍, വല്യചേട്ടന്‍ മുതലായവരും, അഞ്ചല്‍ മാസ്റ്റര്‍, സ്കൂള്‍ വാധ്യാര്‍ മുതലായവരും ഉണ്ടായിരുന്നു. ഒക്കെയും ഭംഗിയായിക്കഴിഞ്ഞു. അബ്രഹാം ശെമ്മാച്ചനും മറ്റും പഠിക്കുന്നു. അപ്പം, അവല്‍ മുതലായവയും ഉണ്ടായിരുന്നു. എല്ലാം അമ്മയുടെ വാത്സല്യം നിമിത്തം ആയിരുന്നു.

വൃശ്ചികം 16 (ഡിസംബര്‍ 1) – ഇന്നേ ദിവസം കുര്‍ബ്ബാന ഉണ്ടായിരുന്നു. ഐക്കരപ്പടവിലച്ചന്‍ ആയിരുന്നു. ആശാരി നാടകശാലയില്‍ ഇഷ്ടിക ഇടുന്നു. കൊച്ചിക്കായും മാട്ടേല്‍ ഇട്ടിയവിരയും സഹായിക്കുന്നുണ്ട്. ചാലില്‍ ചെറിയാനും, മകനും വേലയ്ക്കു നില്‍ക്കുന്നു. കരിങ്ങനാമറ്റം ശെമ്മാച്ചനു ചൊറിയും, പനിയുമായതുകൊണ്ട് പഠിക്കാതെ താഴെ കിടക്കുന്നു. അബ്രഹാം ശെമ്മാച്ചനും, കൊച്ചുകൊച്ചും മറ്റും പഠിക്കുന്നു. ആശാനും മറ്റും കാപ്പി കൊടുത്തു. കരിങ്ങനാമറ്റത്തിലപ്പൂപ്പന്‍ കുളിപ്പുരയ്ക്ക് പണിയുന്നു. വലിയകൊച്ചുചേട്ടന്‍ ഇഷ്ടികയ്ക്കും കുമ്മായത്തിനും പോയി.

1086 കുംഭം 12 – ഇന്നേ ദിവസം ശെമ്മാശന്മാരും മര്‍ക്കോസും തോമാസും പഠിക്കുന്നു. ചാക്കോ കിഴക്കോട്ട് പോയി തിരികെ വന്നു. ആശാന്മാര്‍ക്ക് കാപ്പി കൊടുത്തു. പോത്തച്ചേട്ടന്‍ ഉച്ചവരെ കുശ്ശിനിജോലി നടത്തി. കൊച്ചുകത്തനാര് വന്നിരുന്നു. തറയത്ത് ഒരാള്‍ മരിച്ചുപോയി എന്ന് കേട്ടു. അഞ്ചല്‍ മാസ്റ്റര്‍ വൈകിട്ട് വന്നിരുന്നു.

1912

1087 ചിങ്ങം 12 തിങ്കള്‍: ഞാനും കടുപ്പേലാശാനും തലയ്ക്കല്‍ കൊച്ചും  കൂടി കവലയ്ക്കല്‍ പോയി ചെറിയമഠത്തില്‍  വലിയച്ചനെ കണ്ട് ദയറായുടെ കാര്യത്തെപ്പറ്റി ആലോചിച്ചു. അച്ചന്‍റെ മറുപടി സന്തോഷപ്രദമായിരുന്നു.

വ്യാഴം 15 – ഇന്നേ ദിവസം പൊത്തന്‍പുറം എഴുതിച്ചു.

വെള്ളി 16 – പൊത്തന്‍പുറത്തില്‍ പോയി.

27 – ആശാരിയെക്കൊണ്ടു കെട്ടിടത്തിനും കിണറിനും സ്ഥാനം കാണിച്ചു.

കന്നി 26 – ഇന്നേദിവസം പാമ്പാടിയില്‍നിന്നു ആലുവായിലേക്കു പുറപ്പെട്ടു. രാത്രിയില്‍ പഴയ സെമിനാരിയില്‍ താമസിച്ചു.

27 രാവിലെ കോട്ടയം കച്ചേരിക്കടവില്‍ നിന്നു ബോട്ടുകയറി ആലപ്പുഴയ്ക്കു പോയി. ഉച്ചയോടുകൂടി ആലപ്പുഴയില്‍ എത്തി. അവിടെനിന്നും കൊച്ചിയിലേക്കു പുറപ്പെട്ടു. സന്ധ്യയോടുകൂടി കൊച്ചിയിലെത്തി. ബോട്ട് വഴിമദ്ധ്യേ ഉറച്ചുപോയതുകൊണ്ടു താമസിച്ചാണ് എത്തിച്ചേര്‍ന്നത്. രാത്രി കോട്ടയ്ക്കകത്ത് സുറിയാനിപ്പള്ളിയില്‍ താമസിച്ചു. യൂദപ്പള്ളി രണ്ടും സന്ദര്‍ശിച്ചു.

1087 കന്നി 28. ബോട്ടില്‍ എറണാകുളത്തെത്തി. അവിടെനിന്നും  തീവണ്ടിയില്‍ ആലുവായിക്കു പോയി. 9 മണിയോടുകൂടി ആലുവായിലെത്തി. ശീമറമ്പാന്മാര്‍ക്കായി കൊണ്ടുപോയിരുന്ന ഇടക്കെട്ടുകള്‍ മുറിമറ്റത്തു തിരുമേനിയെ ഏല്പിച്ചു. അതില്‍ ഒന്ന് പ. പാത്രിയര്‍ക്കീസ് ബാവായ്ക്ക് കൊടുക്കണമെന്നുള്ള  മുറിമറ്റത്തു തിരുമേനിയുടെ നിര്‍ദ്ദേശമനുസരിച്ചു തിരുമേനിയോടൊന്നിച്ചു അതു ബാവായ്ക്കു സമര്‍പ്പിച്ചു അനുഗ്രഹം വാങ്ങിച്ചു. 11 മണിക്കുള്ള വണ്ടിയില്‍ ബാവാ എഴുന്നെള്ളി.

29 – ഇന്നേദിവസം വി. കുര്‍ബ്ബാന ചൊല്ലി, പ്രസംഗിച്ചു. മുറിമറ്റത്തു തിരുമേനിയും ഉണ്ടായിരുന്നു. ചാല റമ്പാന്‍, ഔഗേന്‍ റമ്പാന്‍, വടകര റമ്പാന്‍, മാണിക്കത്തനാര്‍ മുതലായവരും കൂടെയുണ്ടായിരുന്നു. എറണാകുളത്തെത്തി കാക്കു അച്ചന്‍റെ പള്ളിയില്‍ താമസിച്ചു.

30 – രാവിലെ കൊച്ചിയിലെത്തി. ബോട്ടില്‍ ആലപ്പുഴയെത്തി. അവിടെനിന്നും കോട്ടയത്തെത്തി. വണ്ടിയില്‍ പാമ്പാടിക്കു പോന്നു.

തുലാം 3 – ഇന്ന് പഴയസെമിനാരിയില്‍ കുര്‍ബ്ബാന ചൊല്ലി. വെയില്‍ ഉറച്ചുപോയതുകൊണ്ടു മനോരമയില്‍ വിശ്രമിച്ചു. എല്ലാവര്‍ക്കും മനോരമയില്‍നിന്നും കേമമായ ഭക്ഷണം കൊടുത്തു. എം. ഏ. അച്ചനും പീലിപ്പോച്ചനും തോപ്പിലച്ചനുമുണ്ടായിരുന്നു.

തുലാം 13 – മണര്‍കാട്ടുപള്ളിയില്‍ വി. കുര്‍ബ്ബാനചൊല്ലി, പ്രസംഗം നടത്തി. പള്ളിയില്‍ താമസിക്കണമെന്നു പള്ളിക്കാര്‍ നിര്‍ബന്ധിച്ചു. കുര്‍ബ്ബാനയ്ക്കു കൈവിറയല്‍ ഉണ്ടായി.

16 – പഴയസെമിനാരിയിലെത്തി കൂറിലോസ് തിരുമേനിയെ കണ്ടു പല കാര്യങ്ങള്‍ സംസാരിച്ചു. അദ്ദേഹം വളരെ കോപിഷ്ഠനായിട്ടാണു സംസാരിച്ചത്.

18 – നാല്പതു ദിവസത്തേക്ക് ഒരു നോമ്പ് എടുക്കാന്‍ തീരുമാനിച്ചതനുസരിച്ച് ഇന്നേദിവസം ആരംഭിച്ചു.

29 – കക്ഷിതിരിവില്‍ ഏതുഭാഗത്തു നില്ക്കണമെന്നു പള്ളിയില്‍ ഒരു ആലോചന നടന്നു. ഒന്നും തീരുമാനിക്കാതെ പിരിഞ്ഞു.

വൃശ്ചികം 8 – വാകത്താനത്തെ റമ്പാച്ചന്‍ വന്നിരുന്നു.

10 – റമ്പാച്ചന് ഒരു ഏവന്‍ഗേലി സമ്മാനിച്ചു.

25 – കോട്ടയം ചെറിയപള്ളിയില്‍ ഒരടിലഹള നടന്നതായി കേട്ടു.

വൃശ്ചികം 27 – ജോര്‍ജ്ജ് ചക്രവര്‍ത്തിയുടെ കിരീടധാരണം ആയിരുന്നു.

29 – കല്ലൂപ്പാറ സ്വദേശി ഒരു ഹിന്ദുസന്യാസി വന്നുതാമസിക്കുന്നു. അയാള്‍ ഒരു ഭക്തനും ജ്ഞാനമുള്ളവനുമാണെന്നു തോന്നുന്നു.

ധനു 4 – ശെമ്മാശന്‍ മേല്‍മീശ കൂടുതലായി വെട്ടിച്ചതിനു അയാളോടു നീരസപ്പെട്ടു.

6 – സമരിയുടെ അപ്പീലു ട്രസ്റ്റികളെയും ഉള്‍പ്പെടുത്തി വിധിച്ചു.

12 – ചെറിയമഠം ഇന്നു സെമിനാരിയില്‍വച്ചു പട്ടം ഏറ്റു.

17 – ഇന്നേദിവസം കടവുംഭാഗത്തു ശെമ്മാശന് മാര്‍ ദീവന്നാസ്യോസ് മെത്രാച്ചന്‍ പഴയസെമിനാരിയില്‍വച്ചു കത്തനാരുപട്ടം നല്‍കി.

18 – കാക്കുളിലച്ചന്‍ മരിച്ചതായി കേട്ടു.

19 – മൂന്നു ദിവസത്തേക്ക് ഒരു പ്രത്യേക നോമ്പ് എടുത്തു നടത്തുന്നു.

20 – പാതാളവേതാളം എന്ന പുസ്തകത്തിന് എഴുതിയിരുന്നത് വന്നുചേര്‍ന്നു.

23 – പ്രത്യേക മൂന്നുനോമ്പു വീടലായിരുന്നു. ഇരുപത്തഞ്ചുനോമ്പുവീടലായിരുന്നു. 10-15 നേര്‍ച്ചയുണ്ടായിരുന്നു.

27 – പഴയസെമിനാരിയിലെത്തി. തിരുമേനിയുമായി പല കാര്യങ്ങളും സംസാരിച്ചു. തിരുമനസ്സുകൊണ്ടു തട്ടുള്ള ഒരു മുറിയില്‍ താമസിക്കുന്നെങ്കില്‍ അതിന്‍റെ ഒരു മൂലയില്‍ റമ്പാച്ചനും ഒരു മൂലയില്‍ തിരുമേനിയും താമസിക്കാം. ഒരു തുടം വെള്ളമെനിക്കെങ്കില്‍ പകുതി റമ്പാച്ചനും എന്നു തിരുമേനി കല്പിച്ചു.  കൂറിലോസ് തിരുമേനിയെ കണ്ടില്ല. അതിനു വല്യതിരുമേനിക്കിഷ്ടമില്ലായിരുന്നു. കൊച്ചച്ചന്‍ പട്ടമേറ്റശേഷം ആദ്യംചെയ്ത ഒരു ശുശ്രൂഷ ഒരു കുട്ടിയുടെ ശവമടക്കമായിരുന്നു.

മകരം 1 – ഇന്ന് കൊച്ചച്ചന്‍റെ പുത്തന്‍കുര്‍ബ്ബാനയായിരുന്നു. കവലയ്ക്കുപോയി (വാഴൂര്‍ 14-ാംമൈല്‍). മട്ടയ്ക്കലച്ചനും എം. എ. അച്ചനുമുണ്ടായിരുന്നു. എം. എ. അച്ചന്‍ പ്രസംഗിച്ചു.

6 –  ഇന്ന് കുര്‍ബ്ബാനയുണ്ടായിരുന്നു. മട്ടയ്ക്കലച്ചനുമുണ്ടായിരുന്നു. അച്ചന്‍ പ്രസംഗിച്ചു.

14 – സെമിനാരിയില്‍ എത്തി താമസിക്കുന്നു. പാമ്പാടി പള്ളിയിലും കക്ഷിവഴക്കു പ്രബലപ്പെട്ടുതുടങ്ങി. റമ്പാച്ചന്‍റെ ആവശ്യങ്ങള്‍ മുട്ടു കൂടാതെ നടത്തണമെന്നു തിരുമേനി അച്ചനെ ശട്ടംകെട്ടിയിരുന്നു.

കുഭം 3 – നിരണത്തു പള്ളികൂദാശയ്ക്കു പോയിരുന്നു. വല്യതിരുമേനിയും അല്‍വാറീസ് മെത്രാച്ചനുമുണ്ടായിരുന്നു.

14 – പാത്രിയര്‍ക്കീസ് ബാവായ്ക്ക് അയയ്ക്കുന്നതിനുള്ള ഒരു കത്ത് എഴുതാന്‍ ഏല്പിച്ചിരുന്നത് എഴുതുന്നു.

18 – ഇന്നു കൊച്ചുകുഞ്ഞു മുതല്‍പേര്‍ തേങ്ങാ ഇടുവിക്കാനും പൊത്തുകെട്ടിക്കാനും സെമിനാരിപ്പറമ്പില്‍ വന്നു. കുറെ ജോലിയൊക്കെ ചെയ്യിച്ചു. തിരുമേനിയുടെ വിരോധം മൂലം മുഴുവനായില്ല. മല്പാനെ പിടിച്ചുതള്ളുക മുതലായവ ചെയ്തു. തിരുമേനി മല്പാനിട്ട് ഒന്നു കൊടുത്തതായും കേട്ടു.

19 – തിരുവല്ലായില്‍ നിന്നും ആളുകളെ ക്ഷണിക്കാന്‍ തിരുമേനി പോയി.

20 – താഴത്തങ്ങാടിക്കാര്‍ വന്നു തെങ്ങിന്‍റെ പൊത്തെടുത്തു.

22 – അല്‍വാറീസ് മെത്രാച്ചന്‍ സന്ധ്യയ്ക്കുശേഷം പോകുവാന്‍ ഒരുങ്ങുന്നു.

27 – ഇന്നുമുതല്‍ കുറെ ആളുകളെ സെമിനാരിയില്‍ താമസിപ്പിച്ചുവരുന്നു.

മീനം 5 – സെമിനാരി, ചെറിയപള്ളി മുതലായവ പൂട്ടി.

13 – പാത്രിയര്‍ക്കീസ് കക്ഷിക്കാരും കാവലിട്ടു.

15 – ഒരു യാമനമസ്ക്കാരം എഴുതിവരുന്നു.

20 – തിരുവല്ലാ ആനപ്പാപ്പിയെ അടിച്ച് ആസന്നമരണനായി കിടക്കുന്നതായി കേട്ടു.

ഇടവം 7 – ഇന്നേദിവസം അബ്ദേദ് മിശിഹാബാവാ പുറപ്പെട്ടതായി അദ്ദേഹത്തിന്‍റെ ഒരു കമ്പി വന്നു.

പഴയസെമിനാരി

26 – ബാവാ ബാംഗ്ലൂരില്‍നിന്നും പുറപ്പെട്ടതായി അച്ചന്‍റെ കമ്പികിട്ടി.

29 – ബാവായുടെ കൊച്ചിയിലേക്കുള്ള യാത്രയ്ക്കു കൊച്ചി ഗവര്‍മ്മെന്‍റുവക മോട്ടോര്‍ കാറും ഹജൂരിലെ ശിപായിമാരെയും അനുവദിച്ചിരിക്കുന്നതായി കമ്പിവന്നു.

മിഥുനം 3 – ശെമ്മാശന്മാര്‍ക്ക് ഊറാറായും ശുശ്രൂഷക്കുപ്പായവുമില്ലാതിരുന്നതുകൊണ്ടു തിരുമേനി വളരെ ദേഷ്യപ്പെട്ടു.

10 – ശുശ്രൂഷക്കുപ്പായം ഇല്ലാത്തതുകൊണ്ടു കുറെ ശെമ്മാശന്മാര്‍ മനോരമയ്ക്കു കടന്നുകളഞ്ഞു.

14 – തിരുമേനി ബാവായെ കാണാന്‍ എറണാകുളത്തിനുപോയി.

25 – ബാവായെ ഗവര്‍മെന്‍റും ജനങ്ങളും സ്വീകരിക്കരുതെന്നു സ്റ്റേറ്റു സെക്രട്ടറിയുടെ കമ്പി വന്നതായി കേട്ടു.

30 – സ്വന്തം കൈപ്പടയില്‍ എഴുതിയ നമസ്ക്കാരപുസ്തകം ബയന്‍റുചെയ്തു കിട്ടി. വളരെ പ്രയത്നിച്ചുണ്ടാക്കിയ ഈ പുസ്തകം കണ്ടിട്ടും കണ്ടിട്ടും കൊതി അടങ്ങുന്നില്ല.

കര്‍ക്കടകം 23 – രാജിയാലോചനക്കായി മെത്രാച്ചന്‍ ആവശ്യപ്പെട്ടതനുസരിച്ച് കുര്യനും മറ്റും വന്നിരുന്നു. യോജിക്കാതെ പിരിഞ്ഞു.

26 – തിരുമേനിയോടൊന്നിച്ച് പരുമലയ്ക്കുപോയി. ഇവിടെ വന്നു ബാവായെ കണ്ടു.

1088 ചിങ്ങം 1 – പരുമല മൂന്നിന്മേല്‍ കുര്‍ബ്ബാനയുണ്ടായിരുന്നു. ശീമക്കാരാണ് വി. കുര്‍ബ്ബാന ചൊല്ലിയത്.

5 – പ. ബാവായെ കാണാന്‍ അനവധിയാളുകള്‍ വന്നുകൊണ്ടിരിക്കുന്നു. ബാവാ അവരെ അനുഗ്രഹിച്ച് സന്തോഷത്തോടെയാണ് പിരിച്ചയയ്ക്കുന്നത്.

19 – തിരുമേനി പരുമലയ്ക്കു പോകുന്നതിനു മുമ്പായി റമ്പാച്ചനു സ്ഥാനം തരുന്നതിനെപ്പറ്റി പറഞ്ഞു. കാതോലിക്കായുടെ ആദ്യത്തെ പ്രവൃത്തി റമ്പാച്ചനില്‍ ആകട്ടെ എന്നും മറ്റും പറയുകയുണ്ടായി.

25 – ചെറിയമഠത്തില്‍ വല്യച്ചനെകണ്ടു സ്ഥാനമേല്ക്കുന്നതിനെ സംബന്ധിച്ചു അഭിപ്രായങ്ങളും മറ്റും അടങ്ങിയ ഒരു ലേഖനം കൊടുത്തു.

ആലാംപള്ളി സ്കൂളിന്‍റെ പണിക്കു 4 രൂപാ കൊടുത്തു.

30 – മുറിമറ്റത്തു തിരുമേനിയെ മപ്രിയാനായായി വാഴിക്കുന്നതുസംബന്ധിച്ച് സെമിനാരിയിലുള്ള ശെമ്മാശന്മാര്‍ക്കും മറ്റും ഒരു കാപ്പി നടത്തി. എല്ലാവര്‍ക്കും തൃപ്തിയായി. കാപ്പിക്ക് ഒന്നേമുക്കാല്‍ രൂപാ ചെലവായി.

ചിങ്ങം 31 – മുറിമറ്റത്തു മെത്രാച്ചനെ മപ്രിയാനായായി വാഴിച്ചു. നിരണത്തു പള്ളിയില്‍ വച്ച്.

കന്നി 6 – പണിക്കരച്ചനും പീലിപ്പോസുവക്കീലും വന്നിരുന്നു. പുസ്തകം വേഗം എഴുതി തീര്‍ക്കണമെന്നും ബാവായെ പാമ്പാടിക്കു കൊണ്ടുപോകണമെന്നും മറ്റും പറഞ്ഞു.

തുലാം 16 – ബാവായെ കാണുന്നതിനു പരുമലയ്ക്കുപോയി. കൈമുത്തി. സമ്മാനങ്ങള്‍ കാതോലിക്കാബാവായുടെ മുറിയില്‍ വയ്ക്കാന്‍ കല്പിച്ചു. അന്നു ബാവായ്ക്കും മറ്റും മാന്നാര്‍ സ്കൂളുകാരുടെ മംഗളപത്രം ഉണ്ടായിരുന്നു. 30-ാമത്തെ വയസ്സില്‍ സ്ഥാനമേല്ക്കണമെന്നു കാതോലിക്കാബാവാ സന്തോഷമായി കല്പിച്ചു.

17 – പരുമല പെരുനാള്‍ ആയിരുന്നു. പ. ബാവായും കാതോലിക്കാ ബാവായും റമ്പാച്ചനും കൂടെ മൂന്നിന്മേല്‍ കുര്‍ബ്ബാന ചൊല്ലി. ബാവായ്ക്കും മറ്റും എം.ജി.എം. സ്കൂളുകാരുടെ മംഗളപത്രം ഉണ്ടായിരുന്നു. വൈദികയോഗവുമുണ്ടായിരുന്നു.  വല്യമെത്രാച്ചന്‍ പ്രസംഗിച്ചു. എല്ലാവരും കരഞ്ഞു.

1913

1913 ഓഗസ്റ്റ് 18: ഇന്നേദിവസം ശീമകത്തുകളില്‍ ചിലതെഴുതുന്നു. കുര്‍ബ്ബാന തക്സാ വി. പത്രോസിന്‍റെ ക്രമം എഴുതുവാന്‍ ആരംഭിച്ചെങ്കിലും മുന്‍പറഞ്ഞതിന്‍റെ ജോലി നിമിത്തം ഉപേക്ഷിക്കേണ്ടി വന്നു. ശീമകത്തു മുഴുവനും എഴുതിതീര്‍ത്തു. എനിക്കു കുപ്പായം തയ്ക്കുന്നതിലേക്കുള്ളതെടുത്ത് ബാക്കി കൊടുക്കണമെന്നു പറഞ്ഞ് വലിയ മെത്രാച്ചന്‍ ഒരു പവന്‍ തന്നു. ഞാന്‍ എഴുത്തുജോലി നിമിത്തം കടയില്‍ പോയില്ല.

1914

1914 നവംബര്‍ 18: ഇന്നേദിവസം ഇലവുക്കടുപ്പില്‍ കപ്യാരുടെ അമ്മയ്ക്കു ഉപ്രീശ്മാ കഴിക്കാന്‍ പോയി. ടി സ്ത്രീ ഏറെ താമസിയാതെ മരിച്ചുപോയി. വലിയ ശെമ്മാശ്ശന്‍, മീനടം ശെമ്മാശന്‍ മുതല്‍പേരും അപ്പൂപ്പനും കൂടെ താമസിച്ചുവരുന്നു. മഠത്തിലാശ്ശാന്‍ ഒരു പവന്‍റെ മോതിരം സമ്മാനിച്ചു.

1915

1090 ചിങ്ങം 12 – ഇന്നേ ദിവസം വി. മാതാവിന്‍റെ വാങ്ങിപ്പിന്‍റെ പെരുന്നാള്‍ (മാറാനായ) ആയിരുന്നു. ഞാന്‍ തെക്കന്‍ പാമ്പാടി പള്ളിയില്‍ ആയിരുന്നു. ഐക്കരപ്പടവിലച്ചനും ശെമ്മാശനുമുണ്ടായിരുന്നു. പാമ്പാടിയില്‍ അടി ലഹളയുണ്ടായതായി കേട്ടു.

1918

1918 ജൂണ്‍ 14: ഇന്നേദിവസം രാവിലെ വി. കുര്‍ബ്ബാന ചൊല്ലി. മീനടം,  തെക്കുഭാഗത്തെ പള്ളിക്കൂടത്തില്‍ പോയി. മല്ലകാട്ടെ ഇട്ടിയൗരായെ അനുമോദിക്കുന്നതിനു കൂടിയ യോഗത്തില്‍ അദ്ധ്യക്ഷം വഹിച്ചു. ചിറയ്ക്കല്‍ കുഞ്ഞാണു ഒരു മോതിരവും ഞാന്‍ ഒരു വടിയും സമ്മാനിച്ചു. വടിക്ക് ആറു രൂപ വില വരുന്നതാണ്. ഇടക്കര കുഞ്ഞൂഞ്ഞ് എനിക്കു സമ്മാനിച്ചതാണ്.

1918 നവംബര്‍ 11, പഴയസെമിനാരി: ഇന്നേദിവസം തിരുമേനികളെ കണ്ട് ആശിര്‍വ്വാദം വാങ്ങി. വലിയ തിരുമേനി 21 രൂപയും കണ്ടനാട്ടെ തിരുമേനി 10 രൂപയും ചെറിയമഠത്തില്‍ സ്കറിയാ കത്തനാര്‍ 3 രൂപയും തിരുമനസ്സിലെ അനന്തിരവന്‍ പീലിപ്പോസ് കശീശ്ശാ 1 രൂപയും ഇങ്ങനെ 35 രൂപ കിട്ടി. ഞാന്‍ ഇതൊന്നും കരുതിപോയതല്ല. ദൈവം ഇങ്ങിനെ തന്നതാണ്. കരുണയുള്ള ദൈവം കൃപ ചെയ്ത് ഈ ദേവാലയപണി അവസാനിക്കുന്നതുവരെ ഇങ്ങനെ ഓരോരുത്തരെകൊണ്ട് തരുവിക്കട്ടെ. ഞങ്ങള്‍ പത്തു മണിക്ക് പഴയസെമിനാരിയില്‍ നിന്നു പുറപ്പെട്ടു നാലു മണിയോടുകൂടി ദയറായില്‍ എത്തി.

1924

1924 മാര്‍ച്ച് 11 (1099 കുംഭം 28 ചൊവ്വ): ഇന്നേ ദിവസം മനോരമ പത്രം വി. പി. ആയി വന്നതിന് 2 രൂപാ 10 ചക്രം 2 കാശ് കൊടുത്തു. ഈപ്പന്‍ വശം തിരുനക്കരക്ക് 2 രൂപാ 14 ചക്രം കൊടുത്തയച്ചു. 2 മലയാള നമസ്കാര പുസ്തകവും, ഇടങ്ങഴി ചെറുപയറും, കുറെ കടലാസ് മുതലായവയും വാങ്ങിപ്പിച്ചു. ആശാരിമാരിരുവരും വെള്ളയിടുന്നു. ആശാരിക്ക് 1 രൂപാ കൊടുത്തു. മത്തായിയും അബ്രഹാവും കുമ്മായം കൂട്ടുന്നു. ആലാമ്പള്ളില്‍ നിന്നും 4 പാട്ട കുമ്മായം കൊണ്ടുവന്നു. ഐക്കരപ്പടവിലച്ചനെ കാണാന്‍ പോയി. അച്ചന് 1 രൂപായും കുറെ അരിയും, ഒരു ഏത്തക്കുലയും സമ്മാനമായി കൊടുത്തു. സന്ധ്യ കഴിഞ്ഞ് മഴ നന്നായി പെയ്തു.

1924 മാര്‍ച്ച് 18 (1099 മീനം 5 ചൊവ്വ): ഇന്നേ ദിവസം രാവിലെ ഐക്കരപ്പടവില്‍ അച്ചനെ കാണാന്‍ പോയി. ഞാന്‍ അവിടെ എത്തിയപ്പോള്‍ അച്ചന് അല്പം ശ്വാസം മാത്രമേ ഉണ്ടായിരുന്നുള്ളു. ഞാന്‍ പ്രാര്‍ത്ഥന കഴിഞ്ഞ് ദയറായിലേയ്ക്ക് മടങ്ങിപ്പോന്നു. ദയറായിലെത്തി അല്പം കഴിഞ്ഞപ്പോള്‍ അച്ചന്‍ മരിച്ചുപോയി എന്ന് ആള്‍ വന്നു പറഞ്ഞു. ഏകദേശം 10 മണി ആയിക്കാണും. വീണ്ടും 3 മണിയോടുകൂടി അച്ചന്‍റെ വീട്ടിലെത്തി രണ്ട് തെശ്മെശ്ത്താ കഴിച്ച് മടങ്ങിപ്പോന്നു. പാമ്പാടിക്കണ്ടം, വല്ല്യമണ്ണില്‍, വയലപ്പള്ളില്‍, വട്ടമല, മണ്ണൂക്കടുപ്പില്‍ എന്നീ പട്ടക്കാരും ഉണ്ടായിരുന്നു. വല്ല്യമണ്ണില്‍ അച്ചന്‍ പാമ്പാടിക്കണ്ടത്തിലച്ചനോടൊന്നിച്ച് അങ്ങോട്ടും, ശേഷം അച്ചന്മാര്‍ ദയറായിലേക്കും പോന്നു. ചെറിയമഠത്തില്‍ സ്കറിയാ കത്തനാര്‍ സന്ധ്യയോടുകൂടി ഇവിടെ വന്നിട്ടുണ്ട്.

1924 മാര്‍ച്ച് 19 (1099 മീനം 6 ബുധന്‍): ഇന്നേ ദിവസം അച്ചന്മാരോടൊന്നിച്ച് ഐക്കരപ്പടവിലെത്തി 2 തെശ്മെശ്ത്താ കൂടി കഴിച്ചു. അനന്തരം കുട, കുരിശ് മുതലായ പള്ളിസാധനങ്ങളോടും, ജനക്കൂട്ടത്തോടും കൂടി അച്ചന്‍റെ മൃതശരീരം പാമ്പാടി പള്ളിയിലേക്ക് കൊണ്ടുപോയി. വഴിക്കുവെച്ച് ചെറിയമഠത്തില്‍ ചെറിയ യാക്കോബു കത്തനാരും കൂടി. പള്ളിയില്‍ വച്ച് 2 തെശ്മെശ്ത്തായും ചെറിയമഠത്തില്‍ സ്കറിയാ കത്തനാരുടെ പ്രസംഗവും കഴിഞ്ഞ്, അനന്തര ചടങ്ങുകളെല്ലാം നിവര്‍ത്തിച്ച് മദ്ബഹായുടെ തെക്കുവശത്ത് അച്ചന്‍റെ മൃതശരീരം സംസ്കരിച്ചു. അച്ചന്മാരുടെ കാപ്പി പുത്തന്‍പുരയ്ക്കല്‍ നിന്നും കൊണ്ടുവന്നിരുന്നു. എല്ലാം ഏകദേശം 1 മണിയോടുകൂടി അവസാനിച്ചു. 2 മണിക്കുശേഷം

തോട്ടയ്ക്കാട്ടച്ചനോടൊന്നിച്ച് ഞാന്‍ ദയറായിലേക്ക് പോന്നു. അച്ചന്‍ ഉടന്‍തന്നെ വീട്ടിലേയ്ക്കു പോയി. കല്ലാശാരിമാര്‍ മൂവരും വെള്ളയിടുന്നു. മദ്ബഹായുടെ മുകള്‍ മുഴുവനും മിനുക്കി തീര്‍ന്നു.

1924 ഏപ്രില്‍ 5 (1099 മീനം 24 ശനി): ഇന്നേ ദിവസം രാവിലെ സ്കറിയാ കത്തനാര്‍ വി. കുര്‍ബ്ബാന അണച്ചു. ശെമ്മാശനും, ഈപ്പനും, പീലിപ്പോസും ഉണ്ടായിരുന്നു. മണ്ണൂക്കടുപ്പില്‍ കത്തനാര്‍ വന്നു താമസിക്കുന്നു. മരയാശാരിമാര്‍ കുഞ്ഞനും, മകനും, കൊച്ചുമകനും കതക് പണിയുന്നു. കല്ലാശാരിമാര്‍ മദ്ബഹായുടെ വടക്കു വശത്തെ ഭിത്തിക്ക് മിനുക്ക് കുമ്മായം ഇടുന്നു. അവര്‍ക്ക് 3 രൂപാ 3 ചക്രം കൊടുത്തു. ആലാമ്പള്ളില്‍ കൊച്ചു കൊച്ചു ചേട്ടന്‍റെ വീട്ടില്‍ നിന്ന് 1 ചക്കയും കുറെ നാളികേരവും കൊണ്ടുവന്നു. മത്തായി കുമ്മായം കൂട്ടുന്നു.

1924 ജൂലായ് 29 (1099 കര്‍ക്കടകം 14 ചൊവ്വ): ഇന്നേ ദിവസം, ഞാന്‍ ആദ്യം പുത്തന്‍ കുര്‍ബ്ബാന ചൊല്ലിയ ദിവസം ആയിരുന്നു. മഠത്തിലാശാന്‍ വന്നിരുന്നു. വഴക്ക് വളരെ കുറവുണ്ടായിരുന്നു. താഴത്തങ്ങാടി തൈപ്പറമ്പില്‍ തോമ്മാച്ചനും, ലൂക്കോച്ചനും, ചെറിയമഠത്തില്‍ സ്കറിയാ അച്ചനും, ചെമ്പകശേരില്‍ ദെസ്തോസ് ചേട്ടനും ഓരോ എഴുത്തുകള്‍ അയച്ചു.

1929

1929 ഫെബ്രുവരി 12 ചൊവ്വ: ഇന്നേദിവസം കോട്ടയത്തു നിന്നു വന്നിരുന്ന കാറേല്‍ പാമ്പാടിക്കണ്ടത്തിലച്ചനോടും വട്ടമല അച്ചനോടുമൊന്നിച്ച് പഴയസെമിനാരിയില്‍ വന്നു. വലിയ മെത്രാച്ചനും കുറിച്ചി മെത്രാച്ചനും ബഥനി മെത്രാച്ചനും പഴയസെമിനാരിയിലുണ്ടായിരുന്നു. ഇന്നേദിവസം മുഴുവനും വളരെ സങ്കടത്തോടും വേദനയോടും കൂടിയത്രെ കഴിച്ചുകൂട്ടിയത്.

1929 ഫെബ്രുവരി 13 ബുധന്‍: ഇന്നേദിവസം കൊച്ചു മെത്രച്ചന്‍ വി. കുര്‍ബ്ബാന ചൊല്ലി. ഇന്ന് ഇന്നലത്തേതില്‍ കൂടുതല്‍ മനസ്സമാധാനമുണ്ട്. കണ്ടഞ്ചിറ തോമ്മാ അഞ്ചു രൂപാ വിലയുള്ളതും മനോഹരവുമായ രണ്ടു ചെരുപ്പു കൊണ്ടുവന്നു. വലിയ തിരുമനസ്സുകൊണ്ട് മെത്രാന്‍സ്ഥാനം ഏല്‍ക്കുമ്പോള്‍ ഉപയോഗിക്കേണ്ടുന്നതിനായി ഒരു മോതിരവും ആദ്യ കാതോലിക്കാ ബാവാ ഉപയോഗിച്ചിരുന്ന കുരിശും ഒരു ചുവന്ന കുപ്പായവും തന്നു.

1104 കുംഭം 4 (1929 ഫെബ്രുവരി 15 വെള്ളി): ഇന്നേദിവസം രാവിലെ വലിയ മെത്രാച്ചനും കൊച്ചു മെത്രാച്ചനും ബഥനി മെത്രാച്ചനും യാക്കോബു റമ്പാനും ഞാനും കൂടെ മനോരമയ്ക്കു പോയി. വലിയ മെത്രാച്ചന്‍ വി. കുര്‍ബ്ബാന ചൊല്ലി. കൊച്ചു മെത്രാച്ചനെ കാതോലിക്കായായി വാഴിച്ചു. അച്ചന്മാരും ജനങ്ങളും അനവധിയായിരുന്നു. എല്ലാം കഴിഞ്ഞ് ഞങ്ങള്‍ അഞ്ചു മണിയോടുകൂടെ പഴയസെമിനാരിക്കു പോന്നു.

1104 കുംഭം 5 (1929 ഫെബ്രുവരി 16 ശനി): ഇന്നേദിവസം രാവിലെ എല്ലാവരും കൂടെ മനോരമയ്ക്കു പോയി. കാതോലിക്കാ ബാവാ വി. കുര്‍ബ്ബാന ചൊല്ലി. എന്നെയും യാക്കോബു റമ്പാനെയും മെത്രാന്മാരായി വാഴിയ്ക്കുകയും ചെയ്തു. വലിയ മെത്രാച്ചനും കൊച്ചു മെത്രാച്ചനും ഉണ്ടായിരുന്നു. ഇന്നലത്തേതിലും ഇരട്ടി ആളുകളും അച്ചന്മാരും ഉണ്ടായിരുന്നു. യോഗത്തില്‍വച്ച് കണ്ണോത്ര ചെറിയാന്‍ ഒരു മോതിരവും വാളക്കട മാത്തുക്കുട്ടി ഒരു ചെറിയ സമ്മാനവും നല്‍കുകയുണ്ടായി. കെങ്കേമമായ എതിരേല്പോടുകൂടെ പഴയസെമിനാരിക്കു പോന്നു. രാത്രി വെടിക്കെട്ടും ഉണ്ടായിരുന്നു.

1104 കുംഭം 10 (1929 ഫെബ്രുവരി 21 വ്യാഴം), പഴയസെമിനാരി – പാമ്പാടി: ഇന്നേദിവസം ബാവാ വി. കുര്‍ബ്ബാന ചൊല്ലി. രണ്ടു മണിയോടുകൂടി ബാവായോടൊന്നിച്ച് പാമ്പാടി ദയറായിലേക്കു പുറപ്പെട്ടു. കോട്ടയത്തെ യോഗ്യന്മാരായ പലരും യാത്രയെ അനുഗമിച്ചിരുന്നു. എട്ടാം മൈലില്‍ പാണമ്പടി കുട്ടിയുടെ വീട്ടില്‍ കാപ്പി ഒരുക്കിയിരുന്നതില്‍ സംബന്ധിച്ചു. അവിടെനിന്നും പുറപ്പെട്ടു പാമ്പാടി, മീനടം മുതലായ കിഴക്കന്‍ പള്ളിക്കാരുടെ എതിരേല്‍പ്പു സ്ഥലമായ ഒമ്പതാം മൈലില്‍നിന്ന് എതിലേല്‍പ്പോടെ യാത്ര പുറപ്പെട്ടു. പാമ്പാടി ഗവണ്മെന്‍റു സ്കൂളിന്‍റെ പടിക്കല്‍ കെട്ടിഅലങ്കരിച്ചിരുന്ന പന്തലില്‍ പ്രവേശിച്ച് വൈ.എം.സി.എ. ക്കാരുടെ മംഗളപത്രം സ്വീകരിക്കുകയും അവിടെനിന്നും പുറപ്പെട്ട് ആറുമണിയോടുകൂടി ദയറായിലെത്തി കിഴക്കന്‍ ഇടവകക്കാര്‍ പ്രത്യേകം അച്ചടിച്ചു തയ്യാര്‍ ചെയ്തിരുന്ന മംഗളപത്രം സ്വീകരിക്കുകയും ചെയ്തു. യോഗത്തില്‍വച്ച് താഴത്തങ്ങാടി ഈ. ഐ. ലൂക്കോസ് സ്വര്‍ണ്ണ സ്ലീബാ സമ്മാനമായി നല്‍കുകയും ചെയ്തു. യോഗാനന്തരം പ്രാര്‍ത്ഥനയും അനന്തരം ബാവായുടെ ആശിര്‍വ്വാദവും അതിനുശേഷം വെടിക്കെട്ട് മുതലായവയും കഴിഞ്ഞ് ജനം പിരിയുകയും ചെയ്തു. എട്ടാം മൈലില്‍വച്ചു നടത്തിയ കാപ്പി സദ്യയില്‍വച്ച് കന്നുകുഴിയില്‍ കുഞ്ഞൂഞ്ഞ് അവര്‍കള്‍ ഒരു കുരിശുമാല സമ്മാനിച്ചുവെന്നത് പ്രസ്താവ്യമാണ്.

1929 ഡിസംബര്‍ 8: തിരുവനന്തപുരം: ഇന്നേദിവസം രാവിലെ കാതോലിക്കാ ബാവാ വി. കുര്‍ബ്ബാനയ്ക്കൊരുങ്ങി. 7 മണിയോടുകൂടി വൈസ്രോയിയും പത്നിയും അനുചരന്മാരും കുര്‍ബ്ബാന കാണുന്നതിനായി വന്നു. ഞങ്ങളാണ് കൈകൊടുത്ത് അവരെ സ്വീകരിച്ചത്. അവര്‍ പള്ളിയില്‍ പ്രവേശിച്ചു. ഉടന്‍തന്നെ മറ നീക്കുകയും വി. കുര്‍ബ്ബാന ആരംഭിക്കുകയും ചെയ്തു. ഞാന്‍ അവരുടെ അടുക്കല്‍ അല്പം തെക്കോട്ടുമാറി കിഴക്കുവശത്തായും അവര്‍ ഇരുവരും പടിഞ്ഞാറുവശത്തായും അവരോടുകൂടെ ഉണ്ടായിരുന്നവര്‍ വടക്കുഭാഗത്ത് രണ്ടു നിരയായുമാണ് ഇരുന്നത്. എല്ലാവരും അഴിക്കകത്താണിരുന്നതെന്നുള്ളതും പ്രസ്താവ്യമാണ്. ഞാന്‍ ഇരിക്കുമ്പോള്‍ അവര്‍ ഇരിക്കയും ഞാന്‍ എണീക്കുമ്പോള്‍ അവര്‍ എണീക്കയും ചെയ്തു. കുര്‍ബ്ബാനയാരംഭിക്കുന്നതിനു മുമ്പ് ഇന്നത്തെ കുര്‍ബ്ബാന പതിവുപോലെയുള്ളതു മാത്രമല്ല, വൈസ്രോയിയേയും ഭാര്യയേയും സംബന്ധിച്ചുള്ള ഒരു സ്തോത്രകുര്‍ബ്ബാനയാണെന്നും മറ്റും സി. എം. തോമസ്സു ശെമ്മാശന്‍ ഇംഗ്ലീഷില്‍ ഒരു ചെറിയ പ്രസംഗം ചെയ്തു. കുര്‍ബ്ബാനാനന്തരം കാതോലിക്കാ ബാവാ മദ്ബഹായില്‍ നിന്നും ഇറങ്ങിവന്നു. പട്ടില്‍ ബയന്‍റുചെയ്ത ഒരു സുറിയാനി കുര്‍ബ്ബാന തക്സാ പ്രഭുവിക്കും ഒരു സുറിയാനി ആണ്ടുതക്സാ പ്രഭുവിനും സമ്മാനിക്കുകയും പ്രഭുവിനേയും മറ്റും ആശിര്‍വ്വദിക്കുകയും ചെയ്തു. മഹാറാണി തിരുവനന്തപുരം പള്ളിക്കു കാഴ്ചവെച്ചതായ വെള്ളിക്കുരിശും വൈസ്രോയിയെ കാണിച്ചു. മുന്‍ ചെയ്തപ്രകാരം ഞാന്‍ വൈസ്രോയിയെ കാറിന്‍റെ അടുക്കല്‍ വരെ കൊണ്ടുചെല്ലുകയും കൈകൊടുത്തു യാത്ര അയയ്ക്കുകയുമുണ്ടായി. വൈസ്രോയി എല്ലാവിധത്തിലും സന്തോഷിച്ചാണു പോയത്.

1947 ജനുവരി

1122 ധനു 25 വ്യാഴാഴ്ച (1947 ജനുവരി 9) – … ഇന്നേ ദിവസം രാവിലെ നാലര മണിക്കു പള്ളിയില്‍ പോയി പ്രാര്‍ത്ഥനയും അനന്തരം വി. കുര്‍ബ്ബാനയും ചൊല്ലി. കണ്ണാത്തുകുഴിയില്‍ എളയമ്മയും കന്നുകുഴിയില്‍ കുഞ്ഞൂഞ്ഞിന്‍റെ ഇളയ സഹോദരിയും മകന്‍ … കുഞ്ഞിന്‍റെ ഭാര്യയും വന്നു. കോട്ടയില്‍ നിന്നു കുറെ സാമാനങ്ങള്‍ കൊണ്ടുവന്നു. ഓലിക്കര കുഞ്ഞൂഞ്ഞിന്‍റെ രണ്ടാം മകന്‍റെ വിരുന്നു പ്രമാണിച്ചു ഏതാനും സാമാനങ്ങളും കൊണ്ടുവന്നു. എല്ലാവര്‍ക്കും കാപ്പി കൊടുത്തയച്ചു. കോരേച്ചന്‍റെ മൂത്ത മകനും അളിയനും ഭാര്യയുടെ ചേട്ടത്തിയുടെ ഭര്‍ത്താവും കോരേച്ചന്‍റെ അമ്മായിപ്പനും കൂടി ഈ വഴി വന്നു. ഓലിക്കര വിരുന്നിനു ശേഷം അന്നമ്മ കുറെ അരിയും മീനും മറ്റു സാധനങ്ങളും …

1122 ധനു 26 വെള്ളി (1947 ജനുവരി 10) – ഇന്നേ ദിവസം രാവിലെ അഞ്ചു മണിക്ക് പ്രാര്‍ത്ഥനകള്‍ കഴിച്ചു. പ്രാര്‍ത്ഥനാനന്തരം വി. കുര്‍ബ്ബാന ചൊല്ലി. റിബേക്കായും വേറെ ഒന്നുരണ്ടു സ്ത്രീകളുമുണ്ടായിരുന്നു. കുറിയായും ശെമ്മാശനും ശുശ്രൂഷകരായിട്ടുണ്ടായിരുന്നു.

ഉമയാറ്റുകര പള്ളി കൂദാശയ്ക്ക് ചെല്ലണമെന്ന് കാണിച്ചയച്ചിരുന്ന എഴുത്തു കിട്ടി. ചെല്ലുന്നതിന് സാധിക്കില്ലെന്ന് പള്ളിക്കാരെ അറിയിക്കേണ്ടതിന് ബാവായുടെ ശെമ്മാശന്‍റെ പേര്‍ക്ക് മത്തായി വശം എഴുതിയയച്ചു. നാളെ ഇവിടെ വച്ചു കൂടുന്ന മാനേജിംഗ് കമ്മട്ടിക്കാരുടെ സദ്യയുടെ ആവശ്യത്തിലേക്ക് കുറെ തൈര് വാങ്ങുന്നതിന് ഓലിക്കര പോത്തച്ചനു കൊടുപ്പാന്‍ കുറിയായുടെയും തോമ്മായുടെയും  കൈവശം കുറെ കാശ് കൊടുത്തയച്ചു. റിബേക്കാ ഇവിടെയുണ്ട്. പുത്തന്‍പുരയ്ക്കല്‍ കത്തനാര്‍ വന്നിരുന്നു.

1957

1957 മാര്‍ച്ച് 19 (കാരാപ്പുഴ പള്ളി): ഇന്നേദിവസം രാവിലെ നമസ്കാരം നടത്തി. കൊച്ച് താമസിക്കുന്നു (യോഹന്നാന്‍ റമ്പാച്ചന്‍). ചാമക്കാല കുഞ്ഞുകുഞ്ഞ് വന്നിരുന്നു.

ശെമ്മാശന്‍ ദയറായ്ക്കുപോയി. അരി മുതലായ സാധനങ്ങള്‍ എടുത്തു കൊടുത്തു. അവിടെ വിശേഷം ഒന്നുമില്ല എന്ന് അയാള്‍ വന്ന് പറഞ്ഞു. ഡോ. സന്തോഷ് പുത്രന്‍ (ഡോ. മാത്യൂസ് ജോര്‍ജ്) ജില്ലാ ആശുപത്രിയില്‍ നിന്നു വന്നു പരിശോധിച്ചു. ക്ഷീണം കൂടുതല്‍ ആണ്.

നിരണത്തുകാരന്‍ ഒരാള്‍ നല്ല സ്ഥിരത ഇല്ലാതെ ഇവിടെ വന്ന് പ്രാര്‍ത്ഥിച്ച് ഇവിടെ താമസിക്കുന്നു.

(പ്രൊഫ. കെ. എം. കുറിയാക്കോസ് എഴുതിയ ജീവചരിത്രത്തില്‍ നിന്നും; പി. സി. യോഹന്നാന്‍ റമ്പാന്‍ പാമ്പാടി ദയറാ ബുള്ളറ്റിനിലും പാമ്പാടി കത്തീഡ്രല്‍ പുനര്‍ നിര്‍മ്മാണ സ്മരണികയിലും പ്രസിദ്ധീകരിച്ച ഡയറിക്കുറിപ്പുകളില്‍ നിന്നും ജോയ്സ് തോട്ടയ്ക്കാട് സമാഹരിച്ചത്.)