സഭാ സമാധാനം: വീണ്ടും ചില വിചാരങ്ങൾ


ചില വിഷയങ്ങളിൽ മനസ്സ് സ്ഥിരമായി വ്യാപൃതമാകുന്നു. അപ്പോൾ അവയെ സംബന്ധിച്ച ചിന്തകൾ തുടർച്ചയായി ഉള്ളിൽ വന്നുകൊണ്ടിരിക്കും. ഇത് സ്വാഭാവികമാണ്. എന്നെ സംബന്ധിച്ച് ഞാൻ അംഗമായ സഭയുടെ അവസ്ഥ എനിക്ക് ഇത്തരമൊരു കാര്യമാണ്. മലങ്കരസഭയിൽ നിലനിന്ന് പോരുന്ന കലഹങ്ങൾ, വ്യവഹാരങ്ങൾ, ഭിന്നത, പ്രതിസാക്ഷ്യം എന്നിവയ്ക്ക് അന്ത്യം വരണം. ഇതിൽ ഐക്യം, സമാധാനം എന്നിവ പുലർന്ന് ക്രിസ്തു സാക്ഷ്യം നിർവ്വഹിക്കുന്ന സമൂഹമായിത്തീരണം എന്നത് ജീവിതാഭിലാഷമായി കാണുന്ന നിരവധി പേരിൽ ഒരാളാണ് ഞാൻ. അതുകൊണ്ട് ഈ വിഷയത്തിൻ്റെ വിവിധ വശങ്ങളെ കുറിച്ച് എത്ര എഴുതിയാലും പറഞ്ഞാലും പിന്നെയും അതു സംബന്ധിച്ച തുടർ ചിന്തകൾ സ്ഥിരം എൻ്റെ മനസ്സിൽ ഉയർന്ന് വന്നു കൊണ്ടിരിക്കുന്നു. സ്വന്തം കാര്യസാധ്യത്തിനും, ലക്ഷ്യ പൂർത്തീകരണത്തിനുമായി ഇരു കക്ഷിയിലും കടന്നുകൂടി അതിനെ നിയന്ത്രിക്കുന്ന പലർക്കും ഈ വ്യഥ ഉണ്ടാകാനിടയില്ല. ഇത് മനസ്സിലാവുകയുമില്ല. ക്രിസ്തീയ വേദ – ധർമ്മ – സഭാ ശാസ്ത്ര ചിന്തകളുടെ പാപ്പരത്തം മാത്രമല്ല അടിസ്ഥാന സംസ്ക്കാര സ്വാധീനം പോലും അവരുടെ വാക്കുകളിലും ഇടപെടലുകളിലും കാണാത്ത ദുരവസ്ഥയാണ്.

സഭയെ സംബന്ധിച്ചുള്ള ഭാരം സാന്ദർഭികമായി എന്നിൽ രൂപം കൊണ്ട ഒരു മാനസികാവസ്ഥ അല്ല . ഞാൻ പല തലമുറകളിലായി സഭാ ശുശ്രൂഷ രംഗത്തുള്ളവരുടെ കുടുംബത്തിൽ ജനിച്ച ഒരു വ്യക്തിയാണ്. സഭയിലെ പിളർപ്പും, അതിൻ്റെ പ്രത്യാഘാതങ്ങളും എന്നും കുടുംബ സദസ്സിലെ സ്ഥിരം ചർച്ചാവിഷയമായിരുന്നു. അതു കേട്ടു വളർന്ന എന്നെ സംബന്ധിച്ച്‌ സഭാ ബന്ധത്തിൽ നിന്നും അന്യപ്പെട്ട ഒരു ലോകവും, ജീവിതവും സങ്കല്പത്തിന് അതീതമാണ്. വിഭാഗ പരിമിതികളിൽ നില്ക്കുമ്പോഴും സ്വതന്ത്രചിന്തയും തുറന്ന അഭിപ്രായങ്ങളും പുലർത്തുവാൻ എന്നും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. വിഭാഗീയ നേതൃത്വ – സംവിധാനങ്ങളോട് അടിമത്ത സമീപനം പാലിക്കാറുമില്ല. അതുകൊണ്ട് തന്നെയാണ് 1995 ലെ സുപ്രീം കോടതി വിധിക്ക് ശേഷം സഭയെയും, വരും തലമുറയെയും പ്രതി ഐക്യ സാധ്യത തേടി 1995 ലെ സുപ്രീം കോടതി വിധി മാനിക്കുവാൻ തയ്യാറായവരുടെ കൂടെ മുൻനിരയിൽ ഞാനുമുണ്ടായിരുന്നത്. സഭ ക്രിസ്തു സാക്ഷ്യത്തിനായി നിയോഗിക്കപ്പെട്ട്, രൂപപ്പെട്ട ദൈവീക സംരംഭമാണ്, അവിടെ വ്യക്തിയുടെ / നേതാക്കന്മാരുടെ താൽപ്പര്യവും വികാരവും അല്ല ദൈവഹിതമാണ് നിറവേറേണ്ടത്.

1995 ലെയും 2017 ലെയും സിവിൽ കോടതി വിധിക്കു ശേഷവും നടന്നു വരുന്ന ഭിന്നത ഞാൻ പഠിച്ച വേദ – ധാർമിക – സഭാ വിജ്ഞാനിയങ്ങളുമായി പൊരുത്തപെടുന്നില്ല. ഒരേ ചരിത്രവും, വിശ്വാസ – സഭാ പാരമ്പര്യങ്ങളുമുള്ള ഒരു ക്രിസ്തീയ സമൂഹം കലഹിച്ച് നശിക്കുന്നതിന് എന്തെങ്കിലും ന്യായീകരണം ഉള്ളതായി എനിക്ക് ബോധ്യപ്പെട്ടിട്ടില്ല. ഒരു സമൂഹത്തെ സഭയാക്കുന്നത് അതിൻ്റെ നിയോഗ നിർവ്വഹണമാണ്. അത് എന്തെന്ന് കർത്താവ്‌ തൻ്റെ വിയോഗ സമയത്ത് ശിഷ്യ സമൂഹത്തോട് പറയുന്നുണ്ട്: നിങ്ങൾ ലോകാന്ത്യത്തോളം എൻ്റെ സാക്ഷികളായിരിക്കുവിൻ(അപ്പോ പ്ര.1: 8). ആ നിലയിൽ അധികാര – പ്രയോഗ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായി, നിലനിന്നു വരുന്ന ഭിന്നതയ്ക്കും, കലഹത്തിനും സാധൂകരണം ഇല്ല എന്ന് പറയേണ്ടി വരുന്നു. പ്രത്യേകിച്ച് നിയമപരമായ പരിഹാരം ഉണ്ടായ ശേഷം ക്രിസ്തു സാക്ഷ്യത്തിന് നിയോഗിതമായ സഭ – ഭരണ അധികാരങ്ങൾക്കായി നടത്തുന്ന കലഹം നിലനിർത്തുന്നതിന് ന്യായമൊന്നും കാണാനാവില്ല. തങ്ങളുടെ നിലപാടും, ലക്ഷ്യവും സാധൂകരിക്കുന്നതിനായി ഈ സമൂഹം ഭിന്നിച്ച് കഴിയുവാൻ തന്ത്രങ്ങൾ മെനയുന്ന സഭാ നേതാക്കന്മാർക്ക് സുവിശേഷ വെളിച്ചമോ, വേദശാസ്ത്ര പ്രബുദ്ധതയൊ,സത് ബുദ്ധിയൊ, സത്യബോധമൊ, സഭാ സ്നേഹമൊ ഒന്നും ഉണ്ട് എന്ന് ചിന്തിക്കാനാവുന്നില്ല. അപക്വവും, അനാസ്വാദ്യകരവുമായ പദപ്രയോഗങ്ങൾ കൊണ്ട് അന്യോന്യം ആക്ഷേപിക്കുന്നവരുടെ ലക്ഷ്യം ഐക്യമല്ല മറിച്ച് ഭിന്നതയാണ്. ശിഷ്യ സമൂഹം എന്നും ക്രിസ്തുവിൽ ഒന്നായിരിക്കണം എന്ന കർതൃപ്രാർത്ഥന (യോഹ:17)യ്ക്ക് കടകവിരുദ്ധമായി പരസ്പരം അക്രമിച്ചും പ്രത്യാക്രമണം നടത്തിയും കലുഷിതമാകുന്ന സഭാന്തരീക്ഷമാണ് ഇന്നുള്ളത്. ഇതു സാധൂകരിക്കാനാവാത്ത സാഹചര്യമായി അനുഭവപ്പെടുന്നത് കൊണ്ട് എനിക്ക് ഈ വിഷയത്തിൽ നിന്ന് ഒഴിഞ്ഞു നില്ക്കാനാവില്ല.

എൻ്റെ ശൈശവകാലഘട്ടവും എൻ്റെ ശുശ്രൂഷ ജീവിതത്തിൻ്റെ പ്രാരംഭവും ഞാൻ കഴിച്ചു കൂട്ടിയത് വിഭജിത സഭയിലാണ്. എന്നാൽ എൻ്റെ വിദ്യാഭാസ കാലഘട്ടം ഏകദേശം പൂർണ്ണമായി കഴിഞ്ഞത് ഐക്യമലങ്കര സഭയിലാണ്. അതിൻ്റെ നല്ല ഓർമ്മകൾ എൻ്റെ മനസ്സിൽ പച്ചപിടിച്ചു നില്പുണ്ട്. വിദ്യാർത്ഥി പ്രസ്ഥാനത്തിൽ 1968 – 73 കാലഘട്ടത്തിൽ ഞാൻ സജ്ജീവമായി പ്രവർത്തിച്ചിരുന്നു. എൻ്റെ സഹോദരൻ ജോസഫ് അച്ചൻ പഴയ സെമിനാരിയിൽ പഠിച്ചതും, വൈദീക ശുശ്രൂഷ ആരംഭിച്ചതുമെല്ലാം ആ സമയത്താണ്. സഭ ഭാരതത്തിലും പുറത്തും വളർച്ചയും സാക്ഷ്യവും, അംഗീകാരവും നേടിയ കാലഘട്ടമായിരുന്നു അത്. അഭൂതപൂർവ്വമായ ജനശ്രദ്ധയാണ് സഭ അന്നു നേടിയത്. ഇന്നത്തെ പുതു നേതൃത്വങ്ങൾക്ക് ഇതെല്ലാം ഭോഷത്തമായിരുന്നു. അതിന് നേതൃത്വം കൊടുത്ത പിതാക്കന്മാർ വിചാരണക്ക് വിധേയരാകുന്നു. എന്നാൽ ഈ നല്ല കാലത്തിൻ്റെ സ്വാധീനം എന്നിൽ ഇന്നും അവശേഷിക്കുന്നു. സഭാ ഐക്യത്തിനായി പ്രവർത്തിക്കുവാൻ അത് പ്രേരണ നല്കുന്നു.

പാത്രിയർക്കീസു കക്ഷിയിൽ കണ്ടനാട് ഭദ്രാസന അധ്യക്ഷനായി 1990 മുതൽ 1997 വരെ ശുശ്രൂഷ ചെയ്തത് കൊണ്ട് ആ കക്ഷിയിൽ നിന്നും നിയോഗം മറന്ന് രൂപം പ്രാപിച്ച ഇന്നത്തെ യാക്കോബായ ക്രിസ്ത്യാനി സഭയിലെ അംഗങ്ങളുമായി എനിക്കുണ്ടായിരുന്ന അടുപ്പം അവർ വിച്ഛേദിച്ചെങ്കിലും ഒഴിവാക്കാനാവാത്ത ഒരു കുടുംബ ബന്ധമായി അത് ഇന്നും എന്നിലുണ്ട്. നിയമവും, ദൈവഹിതവും മനസ്സിലാക്കാതെ അവർ പുതിയ ചേരി സൃഷ്ടിച്ച് നില ഉറപ്പിച്ചെങ്കിലും അവരുമായി നിലനിന്നിരുന്ന സൗഹൃദം അവർ മാത്രം ശ്രമിച്ചത് കൊണ്ട് ഇല്ലാതാകുന്നില്ല. അവരും കോടതി വിധി അംഗീകരിച്ച് സഭാ ഭരണഘടനയുടെ ചട്ടക്കൂട്ടിൽ ഐക്യ സഭയുടെ ഭാഗം ആകണം എന്നുള്ള എൻ്റെ ആഗ്രഹത്തിന് മാറ്റമില്ല. ക്രിസ്ത്യാനിയായി തീർന്ന ശൗൽ പൗലോസ് ആയശേഷം തന്നെ ശത്രുവായി ഗണിച്ച യഹൂദന്മാരുടെ രക്ഷ എന്ത് മാത്രം ആഗ്രഹിച്ചു എന്നത് റോമ ലേഖനം സാക്ഷിക്കുന്നു (റോമർ10:1). അതുപോലെ എൻ്റെ ജനം തന്നെയായ പാത്രിയർക്കീസ് കക്ഷിയിലെ വിശ്വാസികളെയും ഐക്യസഭയിലെത്തിക്കുന്നതിനും അവർ ഏക സഭയുടെ ഭാഗമാകുന്നതിനും എനിക്കുള്ള വ്യഗ്രത നിലനില്ക്കുന്നു. മാത്രമല്ല അവർ തട്ടിക്കൂട്ടി ഉണ്ടാക്കിയ, നിയമ സാധുതയില്ലാത്ത സഭയ്ക്ക് ഭാവിയൊ, സാക്ഷ്യമൊ ഒരു കാലത്തും ഉണ്ടാകില്ല എന്ന എൻ്റെ ബോധ്യവും അതിൻ്റെ ഭാവിയെ സംബന്ധിച്ച ആശങ്കയും അവരും ഐക്യ സഭയുടെ ഭാഗമായി തീരണം എന്ന എൻ്റെ ജീവിത ലക്ഷ്യവും ഈ ഐക്യശ്രമത്തിന് എന്നെ ശക്തീകരിക്കുന്നു. ഈ സഭാ സമാധാനത്തെ ദുർവ്യാഖ്യാനം ചെയ്യുന്നവർ ഉണ്ട് എന്ന് ചിന്തിച്ച് ഈ കാര്യത്തിൽ മൗനവും, നിസംഗതയും പുലർത്തുവാനോ പിന്തിരിയുവാനോ ഞാൻ ഉദ്ദേശിക്കുന്നില്ല. സഭാ വ്യവഹാരങ്ങളിൽ ഓർത്തഡോക്സ് വിഭാഗത്തിൻ്റെ വാദം അംഗീകരിക്കപ്പെട്ടത് ദൈവ ഇഷ്ടമാണ് എന്നും, അതു മലങ്കരസഭയുടെ ഐക്യത്തിന് വഴിതെളിയിക്കണം എന്നും ആഗ്രഹിക്കുന്നവരാണ് ഓർത്തഡോക്സ് വിശ്വാസികളിൽ മിക്കവരും. ഒരു മുൻകാല പാത്രിയർക്കീസ് കക്ഷി സഹയാത്രികൻ എന്ന നിലയിൽ ഈ സന്ദർഭത്തിൽ സഭാ ഐക്യശ്രമങ്ങളിൽ സജ്ജീവമായി പങ്ക് വഹിക്കേണ്ട ബാധ്യത എനിക്കുണ്ട് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതുകൊണ്ട് സഭാ സമാധാനം യാഥാർത്ഥ്യമാക്കുവാനുള്ള പ്രക്രിയ യാഥാർത്ഥ്യമാകാതെ എൻ്റെ സാന്നിധ്യം പിൻവലിക്കാൻ എനിക്കാവില്ല.

അതോടൊപ്പം കോടതി വിധി പ്രകാരമുള്ള ഐക്യം പാത്രിയർക്കീസ് പക്ഷത്തിൻ്റെ പ്രത്യേക ആവശ്യമാണ്. പാത്രിയർക്കീസ് വിഭാഗത്തിൻ്റെ ചരിത്രം അന്ത:ച്ഛിദ്രത്തിൻ്റെ തുടർ കഥയാണ് എന്ന് മുൻ കാല ചരിത്രം പഠിക്കുന്നവർക്ക് വ്യക്തമാകും. വ്യക്തമായ, നിയമാനുസൃതമായ ഒരു ഭരണരേഖയൊ, കൂട്ടായ നേതൃത്വമൊ ആ വിഭാഗത്തിനില്ല അധികാരസ്ഥാനങ്ങൾ തമ്മിൽ വ്യക്തമായ ബന്ധ നിർവ്വചനമില്ല. പാത്രിയർക്കീസന്മാരുടെ ഗോത്രസ്വഭാവമായ സ്വേച്ഛാധിപത്യം എന്ന ഏക ഭരണ മാനദണ്ഡം മാത്രം നിലനില്ക്കുന്ന സഭയിൽ നീതിയൊ, സ്വാതന്ത്ര്യമൊ സമാധാനമൊ പ്രതീക്ഷിക്കേണ്ടതില്ല. അതുകൊണ്ട് അന്ത:ച്ഛിദ്രം മാറുന്ന ഒരു കാലം ഉണ്ടാകില്ല എന്ന് അവർ തിരിച്ചറിയേണ്ടതുണ്ട്. ക്നാനായ സമുദായത്തിൻ്റെ സമീപകാല ചരിത്രം മാത്രംമതി കാര്യം വിശദമാക്കുവാൻ. പാത്രിയർക്കീസ് വിഭാഗത്തിനു അവർക്ക് നിയമാനുസൃതമായ ഒരു ഭരണ ക്രമീകരണം ഉണ്ടാക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ അംഗീകാരമുള്ള നിയമസാധുതയുള്ള 1934 ഭരണഘടന അംഗീകരിച്ച് 1958 ലെ മുൻ തലമുറക്കാരായ പിതാക്കന്മാർ പ്രകടിപ്പിച്ച വിവേകം കാണിക്കുകയാണ് ബുദ്ധി. സഭാസമൂഹത്തിൻ്റെ രക്ഷയ്ക്കും ഭാവിക്കും നല്ലതും അതാണ്. ഭരണഘടനാപരവും, നിയന്ത്രിതവുമായ പാത്രിയർക്കാ ബന്ധം നിലനിർത്താനാവുകയും ചെയ്യാം. സഭാംഗങ്ങളെ തെറ്റിദ്ധരിപ്പിച്ച് അവരെ ഈ പ്രതിസന്ധിയിൽ എത്തിച്ച്‌ കുഴിയിൽ വീഴിച്ചിട്ടും വീണ്ടുവിചാരമൊ, കുറ്റബോധമൊ ആ നേതൃത്വത്തിൽ കാണുന്നില്ല. ആ കൂട്ടത്തിൽ നിലനില്ക്കുന്ന ആഭ്യന്തര കലാപവും, ചേരിതിരിവുകളും, അരാജകത്വവും മാറണമെങ്കിൽ സഭാ ഐക്യത്തിൽ പങ്കു ചേർന്ന് വ്യവസ്ഥാപിത ചട്ടക്കൂടിൽ വരികയാണ് വേണ്ടത്. അതു വഴി അന്ത്യോഖ്യ പാത്രിയർക്കീസിൻ്റെ അധീശത്ത ശ്രമങ്ങളിൽ നിന്ന് മോചനം കിട്ടുകയും ചെയ്യും. വ്യവസ്ഥാപിതവും, നിയതവുമായ ഭരണരേഖ ഇല്ലാതെ മനസ്സ് ഐക്യമില്ലാത്ത ഒരു സമൂഹത്തിന്, വ്യവസ്ഥകൾ ഇല്ലാതെ ഇടപെടുന്ന ഒരു പാത്രിയർക്കേറ്റിൻ്റെ കീഴിൽ എങ്ങനെ നിലനില്ക്കാനാവും?

ഓർത്തഡോക്സ് വിഭാഗത്തിനും സഭയുടെ പുനരൈക്യം ആവശ്യമാണ്. ഭരണഘടനയെ നോക്കുകുത്തിയാക്കി ഇവിടെ വർദ്ധിച്ചു വരുന്ന ഏകാധിപത്യ പ്രവണത അനാരോഗ്യകരമായ കീഴ് വഴക്കമാണ് സൃഷ്ടിച്ച് കൊണ്ടിരിക്കുന്നത്. ചിന്താശേഷിയുള്ള സഭാംഗങ്ങളിൽ സൃഷ്ടിക്കുന്ന ഉത്കണ്ഠയും ആശങ്കയും ചെറുതല്ല. സഭാ സമിതികൾ നിർവ്വീര്യമാക്കപ്പെടുന്ന, സഭാസ്ഥാനികൾ അവഗണിക്കപ്പെടുന്ന സാഹചര്യം, കൂട്ടായ ആലോചനയും ചർച്ചയുമില്ലാതെ നടപടികൾ, അഭിമാനകരമല്ലാത്ത പ്രസ്താവനകൾ എന്നിവ ഇവിടെ ഉണ്ടാവുന്നു. എപ്പിസ്ക്കോപ്പൽ സിനഡ് ഉൾപ്പെടെയുള്ള സമിതികളിൽ സഭയിലെ ഗൗരവമായ വിഷയങ്ങൾ സ്വതന്ത്രമായി ചർച്ച ചെയ്യപ്പെടുവാനുള്ള അന്തരീക്ഷം ഇല്ലാതായിരിക്കുന്നു എന്ന ആക്ഷേപം നിലനില്ക്കുന്നു. അധികാരം കയ്യാളുന്നവരും, അവരെ പിന്തുണക്കുന്ന പാർശ്വവർത്തികളും ചേർന്ന ഭരണമാണ് ഇന്ന് നടക്കുന്നത് എന്ന ചിന്ത ജനത്തിന് വന്നിരിക്കുന്നു. സഭാ കാര്യങ്ങളിൽ മാറ്റമുണ്ടാകണം എന്ന് ആഗ്രഹിക്കുന്ന പ്രഗത്ഭരായ വൈദിക – അൽമായ നേതാക്കൾ പരസ്യമായി അവഹേളിക്കപ്പെടുന്നു. സഭാ ഭിന്നത എന്ന തുറുപ്പ് ചീട്ട് ഉയർത്തിക്കാട്ടി ഭരണഘടനാപിതാക്കൾ വിഭാവനം ചെയ്ത ജനാധിപത്യ – എപ്പിസ്കോപ്പൽ ഭരണഘടനാ മൂല്യങ്ങൾ അവമതിക്കപ്പെടുകയാണ്. ഇതിന് മാറ്റം വരണമെങ്കിൽ സഭയിൽ ഐക്യവും, സമാധാനവും നിലവിൽ വരണം. ഏകാധിപത്യ പ്രവണത വളരുന്നതിനു് അനുകൂലമായ സാഹചര്യം എവിടെയും സൃഷ്ടിക്കപ്പെടുന്നു. അന്ത്യോഖ്യൻ അധീശത്വത്തിനെതിരെയുള്ള പോരാട്ടം എന്ന പേരിൽ അതിൻ്റെ മറവിൽ സ്വേച്ഛാധിപത്യം വളർത്തിയാൽ അത് സഭയിൽ ജനാധിപത്യ മൂല്യങ്ങളും എപ്പിസ്കോപ്പൽ കൊളീജിയാലിറ്റിയും തകർത്ത് ആഭ്യന്തര അടിമത്വത്തിന് വഴി തെളിയിക്കാവുന്നതാണ്. അത് സഭയ്ക്ക് ഉണ്ടാകുന്ന ദോഷം വലുതായിരിക്കും. ഓർത്തഡോക്സ് സഭയിൽ ജനാധിപത്യ മൂല്യങ്ങൾ അവഗണിക്കുന്ന അധികാര പ്രയോഗ ശൈലി അവസാനിപ്പിക്കുന്നതിന് സഭാ ഐക്യം സഹായകമാകും എന്നാണ് ചിന്താശേഷിയുള്ളവരുടെ വിലയിരുത്തലും നിഗമനവും. സഭാവഴക്കിൻ്റെ മേൽവിലാസത്തിൽ നടക്കുന്ന അധീശത്ത – അധികാര പ്രയോഗ പ്രവണതകൾക്ക് അനുകൂല സാഹചര്യം ഒരുക്കിയിരിക്കുന്ന സഭാ ഭിന്നതക്ക് വിരാമം വന്നാലെ ഇവിടെ നീതിയും ന്യായവും പുലരൂ. കൂടാതെ കേസ് നടത്തിപ്പ് നീണ്ടു നിന്നാൽ സഭയുടെ സാമ്പത്തിക സ്ഥിതി പരിതാപകരമാകും എന്ന് ആർക്കാണ് അറിയാത്തത്. അതങ്ങനെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതും. ചുരുക്കത്തിൽ അന്തസ്സായ ഒരു ഐക്യം (dignified Union) ഇനി എങ്കിലും സഭയുടെ ഭാഗം എന്ന നിലയിൽ ഇരുകൂട്ടർക്കും അനുപേഷണിയമാണ്.

എന്നാൽ സഭാ ഐക്യത്തോട് ഇരു വിഭാഗത്തിലെയും നിയന്ത്രണം കയ്യാളുന്നവർക്ക് താത്പര്യമില്ല എന്നത് പ്രകടമാണ്. ശ്രേഷ്ഠ കാതോലിക്കായുടെ ഭാഷയിൽ സഭാ ഐക്യം എന്ന പദം അദ്ദേഹത്തിൻ്റെ നിഘണ്ടുവിൽ ഇല്ല. ഓർത്തഡോക്സ് സഭയുടെ ഗതി നിയന്ത്രിക്കുന്ന വിഭാഗത്തിന് കോടതി വഴി കഴിയുന്നത്ര പള്ളികൾ സ്വന്തമാക്കുക എന്ന് മാത്രമാണ് ലക്ഷ്യം. ഇക്കാര്യം ഭരണാധികാരികളെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. പള്ളികൾ ഓർത്തഡോക്സ് സഭയെ ഏൽപ്പിച്ച് പാത്രിയർക്കീസ് വിഭാഗം സ്ഥലം ഒഴിയട്ടെ എന്ന നിലപാടാണ് അവർക്കുള്ളത്. സഭയ്ക്ക് സ്വത്ത് ജനമാണ് എന്ന ചിന്ത ഇതുവരെ അവരുടെ മനസ്സിൽ കയറിയ ലക്ഷണമില്ല. സഭയുടെ ഐക്യത്തെപ്പറ്റിയോ, ഭിന്നതയുടെ പ്രത്യാഘാതങ്ങളെപ്പറ്റിയൊ ഇവിടെ ആരും ചിന്തിക്കുന്നില്ല. ഭിന്നിച്ച് വഴക്കടിക്കുമ്പോൾ സഭയ്ക്ക് നഷ്ടപ്പെടുന്ന വരും തലമുറയെ പറ്റിയുള്ള ഭാരവും ആർക്കും ഉള്ള ലക്ഷണമില്ല.

സ്വാഭാവികമായും സഭയിൽ ഐക്യ സ്ഥാപനം നടക്കാതെ മുന്നോട്ടു പോകുന്ന സാഹചര്യത്തിൽ ഉണ്ടാകാവുന്ന പരിണിത ഫലങ്ങൾ ഏകദേശം മുൻകൂട്ടി കാണാനാവും.

1. ഓർത്തഡോക്സ് വിഭാഗത്തിന് അംഗങ്ങൾ ഉള്ള പള്ളികൾ വിധി നടത്തിപ്പ് വഴി കിട്ടാവുന്നതാണ്. എന്നാൽ പാത്രിയർക്കീസ് വിഭാഗ വിശ്വാസികൾക്ക് സ്വന്തം ദേവാലയം നിയമം ധിക്കരിക്കുന്നത് വഴി നഷ്ടപ്പെടുന്നു. കോടതിയിൽ വിധി നടത്തിപ്പിന് പോകുന്ന പള്ളികൾ ഒഴിച്ചുള്ളവ പാത്രിയർക്കീസ് കക്ഷി പള്ളികളായി തുടർന്നേക്കും. എന്നാൽ ഓരോ പള്ളിയ്ക്കും കേസു നടത്തി ഓർത്തഡോക്സ് സഭ സാമ്പത്തീകമായി തളരുകയും, സഭാ ശുശ്രൂഷയെയും സാക്ഷ്യത്തെയും അത് കാര്യമായി ബാധിക്കുകയും ചെയ്യും. സമൂഹത്തിൽ സഭയെന്ന നിലയിൽ പ്രതിച്ഛായ നഷ്ടപ്പെടുകയും ചെയ്യും.

2. നിയതമായ ഭരണ ക്രമീകരണവും, ഭരണഘടനയും ഇല്ലാത്ത പാത്രിയർക്കീസ് വിഭാഗം അരാജകത്വത്തിലേക്കും, തകർച്ചയിലേക്കും വിധേയമാകും എന്നതിന് സംശയം വേണ്ട.
3. കോടതി വിധി അംഗീകരിക്കാതെ ഇടവക ഉപേക്ഷിച്ച് പുറത്തു പോയ പാത്രിയർക്കീസ് വിഭാഗം കക്ഷിക്കാർ സ്വന്തം നേതാക്കന്മാരാൽ കബളിക്കപ്പെട്ടു എന്ന ചിന്തയിൽ സഭാധ്യക്ഷന്മാരെ ഒഴിവാക്കി സ്വന്തം ട്രസ്റ്റുകൾ സൃഷ്ടിക്കുന്നു. അങ്ങനെ സഭയുടെ അടിസ്ഥാന സ്വഭാവം നഷ്ടപ്പെട്ട് സ്വകാര്യ തുരുത്തുകളായി മാറുന്നു.

4. അവർക്ക് കോടതി വിധി പ്രകാരം അംഗീകൃത ഭരണഘടന ഇല്ലാത്തതുകൊണ്ട് സാമ്പത്തിക കാര്യങ്ങൾ വ്യവസ്ഥാപിതമായി നടത്തുവാൻ സാധിക്കാതെ വരുന്നു. അതു കൊണ്ട് ആ പള്ളികളിലെ ധനം പലപ്പോഴും കൈസ്ഥാനക്കാരുടെ സ്വതന്ത്ര കൈകാര്യത്തിൽ വരുന്നു. അതോടെ പണത്തിൻമേലുള്ള ഇടവക ജനത്തിൻ്റെയും സഭാധികാരികളുടെയും നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്യും. അങ്ങനെ പാത്രിയർക്കീസ് വിഭാഗത്തിൻ്റെ പള്ളികളിലെ ധനം പള്ളി അധികാരികൾ സ്വന്ത ഇഷ്ടപ്രകാരം കൈകാര്യം ചെയ്യുകയും സാമ്പത്തിക ക്രമക്കേടുകൾ വർദ്ധിക്കുകയും പള്ളിതോറും സംഘർഷങ്ങൾ സാധാരണമായി തീരുകയും ചെയ്യും. മാത്രമല്ല പാത്രിയർക്കീസ് വിഭാഗത്തിലെ മേല്പട്ടക്കാർക്ക് പള്ളികളിലോ ജനത്തിലോ നിയമപരമായി നിയന്ത്രണാവകാശങ്ങൾ ഇല്ലാത്തതിനാൽ അവരുടെ ഇടവകകൾ വന്നെത്തുന്നത് അരാജകത്വത്തിലേക്കും ശിഥിലീകരണത്തിലേക്കും (total disintegration) ആയിരിക്കും. ഇത് ജനത്തെ മാനസിക അടിമത്തത്തിലേക്കും ആത്മീക മുരടിപ്പിലേക്കുമാണ് എത്തിക്കുന്നത്. കക്ഷി ഭ്രാന്ത് മൂലം മറുഭാഗത്തോട് വിദ്വേഷവും, വെറുപ്പും വച്ചു പുലർത്തി ഇരുവിഭാഗക്കാരും സമൂഹത്തിൽ അവഹേളിതരാകുകയും ചെയ്യും. ഇരു കൂട്ടരുടെയും വാട്ട്സ്ആപ്പിലെ മെസേജുകൾ മാത്രം വായിച്ചാൽ മതി ജനങ്ങളുടെ മാനസീകാവസ്ഥ എവിടെ എത്തി എന്നറിയാൻ. ഇതിൽ സഭാനേതൃത്വങ്ങൾ തങ്ങളുടെ പങ്ക് തിരിച്ചറിയുന്നുപോലുമില്ല. സ്വയം നശിക്കുന്ന സമൂഹമാകാൻ നാം വിധിക്കപ്പെട്ടിരിക്കുകയാണ്.

മലങ്കര സഭയിലെ വ്യവഹാരം ലക്ഷ്യമിട്ടത് വസ്തു വകകളും, ഭരണവും നിയന്ത്രണത്തിൽ കൊണ്ടു വരുവാനല്ല. തർക്കപരിഹാര പ്രകാരം സഭ ഐക്യത്തിൽ വരുന്നതിനാണ്. അവിടെ ജയ തോല് വികളില്ല. തർക്കം തീർന്ന് വസ്തുതകൾ അംഗീകരിച്ച് സഭാംഗങ്ങൾ ഏകസഭയായി തീരുകയാണ് വേണ്ടിയിരുന്നത്. അങ്ങനെയാണ് സഭ ജയിക്കുക. എന്നാൽ ഇന്ന് ഇരു വിഭാഗങ്ങളും ഇതിൽ നിന്ന് പിന്തിരിഞ്ഞ് പിളർപ്പ് ശ്വാശ്വതമാകുമ്പോൾ സഭ പരാജയപ്പെടുന്നു. ഭരണഘടനയുടെ ആധികാരികത, കാതോലിക്കേറ്റിൻ്റെ നിയമസാധുത, പാത്രിയർക്കീസിൻ്റെ സ്ഥാനം, സഭാസ്ഥാനികളും സഭയും തമ്മിലുള്ള ബന്ധം എന്നിവയെല്ലാം കോടതിയുടെ പഠന -വിശകലനങ്ങൾക്ക് വിധേയമായി കൃത്യമായ തീരുമാനം വിധിയിലുണ്ട്. അതിൻ്റെ അടിസ്ഥാനത്തിൽ തർക്കം തീർത്ത് ഐക്യമാവുകയാണ് സഭയെന്ന നിലയിൽ വേണ്ടത്. ഇവിടെ ആരെയും അവകാശ വിമുക്തമാക്കുന്നില്ല. എങ്ങനെ സഭയുടെ അംഗമായി/ഇടവകയായി/ഭാഗമായി നിയമാനുസൃതം ആയിത്തീരണം എന്നതാണ് വിധിയുടെ അന്ത:സത്ത. വിധി നിയമങ്ങൾ നിഷേധിക്കുന്നവർ സ്വാഭാവികമായും സഭയ്ക്കും /പള്ളിയ്ക്കും പുറത്താകും അങ്ങനെ സ്വയം പുറത്താകാൻ പാത്രിയർക്കീസുപക്ഷം സ്വയം തീരുമാനിച്ചതോടെ പല പള്ളികളിലും സമാന്തര പള്ളികൾ ഉണ്ടായി. അവർ ഇടവക പള്ളിയിലെ അവകാശം സ്വയം നഷ്ടപ്പെടുത്തുകയായിരുന്നു. എന്നാൽ ന്യായമായി സംഭവിക്കേണ്ടിയിരുന്നത് 1958 ലെ പോലെ കോടതി വിധിക്കനുസരിച്ച് ഐക്യത്തിലേക്ക് വരുവാൻ സാധിക്കയാണ്. വിധിക്കെതിരെ ഭള്ളു പറയുകയും, വിധിപ്രകാരം വസ്തുതകൾ അംഗീകരിക്കാതിരിക്കുകയും ചെയ്യുന്ന പാത്രിയർക്കീസ് കക്ഷി നേതൃത്വത്തിലുള്ളവർ ജനങ്ങളെ വിശ്വാസത്തിൻ്റെ പേരു പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് പള്ളിക്ക് സ്വയം പുറത്താകാൻ പ്രേരിപ്പിക്കയാണ്. അങ്ങനെ ഭിന്നത നിലനിർത്തി നേതാക്കന്മാർ അധികാരം സംരക്ഷിക്കുന്നു. അവരുടെ പിറകെ പോയ ജനം കബളിക്കപ്പെടുകയും ചെയ്യുന്നു. അതുപോലെ മറുഭാഗത്തെ നിയമ വിധേയമായി ഉൾക്കൊള്ളാൻ മടി കാണിക്കുന്ന ഓർത്തഡോക്സുകാരും ഐക്യത്തിന് തടസ്സം സൃഷ്ടിക്കുന്നു.

പാത്രിയർക്കീസ് വിഭാഗം കോടതിയുടെ വിധി മാനിച്ച് ഐക്യത്തിൽ വരുന്നതിന് ‌എതിരെ ഓർത്തഡോക്സ് സഭയിലെ ചില കാര്യകർത്താക്കൾ വ്യക്തിപരമായി പ്രകോപനം നടത്തുന്നുമുണ്ട്. കോടതി വിധി പ്രകാരം 1934 ഭരണഘടനയുടെ ചട്ടക്കൂട്ടിൽ ഐക്യമുണ്ടാകണം എന്ന സഭയുടെ എപ്പിസ്കോപ്പൽ സുന്നഹദോസിൻ്റെ തീരുമാനം അട്ടിമറിക്കുന്നതിനായി ഇത്തരക്കാർ വിദഗ്ദമായി വക്ര മാർഗ്ഗങ്ങൾ അവലംബിക്കുന്നു. “സഭ ആഗ്രഹിക്കുന്നത് ശാശ്വത സമാധാനമാണ്, സഭയുടെ ലക്ഷ്യം വ്യവഹാര രഹിത സഭയാണ് “. എന്നിങ്ങനെയുള്ള പ്രസ്താവനകളുടെ ലക്ഷ്യം ഐക്യമല്ല; ഭിന്നത നിലനിർത്തലാണ്. എന്നാൽ ആകർഷകമായ ഈ പ്രയോഗങ്ങളുടെ അർത്ഥമെന്ത് എന്ന് വിശദീകരിക്കുന്നില്ല .ആശയ വ്യക്തത (conceptual clarity) വരുത്തുന്നുമില്ല. കോടതി വിധിയൊ, ഭരണഘടനയൊ ഒന്നും ഇവിടെ പരിഗണനക്ക് വിധേയമാകുന്നില്ല. ഇവ അവഗണിച്ച് ശാശ്വത സമാധാനം ഉണ്ടാക്കുവാനൊ വ്യവഹാര വിമുക്ത സഭ സൃഷ്ടിക്കുവാനൊ എങ്ങനെ കഴിയും? അവ്യക്തമായ ചില പദപ്രയോഗങ്ങൾ കൊണ്ടുള്ള അഭ്യാസം മാത്രമാണ് ഇവിടെ നടക്കുന്നത്. വലിയ ധാരണയില്ലാതെ എവിടെ നിന്നൊ കടമെടുത്ത മേൽ പറഞ്ഞ പദങ്ങൾ സമാധാന ശ്രമങ്ങൾ പരാജയപ്പെടുത്തുവാനായി ഉരുവിടുകയാണ്. എന്താണ് ശാശ്വത സമധാനം ? ഏത് സംവിധാനത്തിലും സഭയിൽ നേതൃത്വം വഹിക്കുന്നവർക്കും അധികാരം പ്രയോഗിക്കുന്നവർക്കും സ്വാർത്ഥ താല്പര്യങ്ങൾ ഉണ്ടാകാം, പലരുമായി ആശയ ഭിന്നതയ്ക്കും സാധ്യതയുണ്ട്. സഭയിൽ ഉണ്ടാകുന്ന തർക്കങ്ങൾ രമ്യമായി പരിഹരിക്കുന്നതിനുള്ള പ്രാപ്തിയൊ, നേതൃത്വ ഗുണമൊ കാണണമെന്നുമില്ല. അതുകൊണ്ട് ഭിന്നതയും അസമാധാനവും ഉണ്ടാകുന്നതിന് സാധ്യത ഏതു സാഹചര്യത്തിലും തള്ളിക്കളയാനാവില്ല. ഏതെങ്കിലും നിയമ സംവിധാനങ്ങൾ വഴി ശാശ്വത സമാധാനം ഉറപ്പിക്കാനാവില്ല. നേതൃത്വഗുണവും സത്യസന്ധതയും സഭാ സ്നേഹവും തുറന്ന മനസ്സും, സുവിശേഷ വെളിച്ചവും നിയമത്തോടുള്ള ആദരവും ഉള്ള നേതാക്കന്മാർ ആണ് ഓരോ സമയത്തും സമാധാന നിലനില്പിന് നിർണ്ണായകം. എന്നാൽ ഏതൊരു സഭാസമൂഹത്തിലും സമാധാന സാധ്യത തള്ളിക്കളയാനാവില്ല. സഭാസമൂഹത്തിൽ അനീതി ഉണ്ടാകുമ്പോഴും കരുതലോടും ജാഗ്രതയോടും പ്രവർത്തിച്ച് ഭിന്നത ഒഴിവാക്കുന്നതും സമാധാനം നിലനിർത്തുന്നതും സത്യസന്ധതയും നേതൃത്വഗുണവുമുള്ള നേതൃത്വമാണ്. അത്തരം നേതൃത്വസ്ഥാനികൾ സഭയിൽ ഇല്ലാതെ പോകുന്നതാണ് ഭിന്നത സൃഷ്ടിക്കപ്പെടുന്നതിൻ്റെയും, അസമാധാനം നിലനില്ക്കുന്നതിൻ്റെയും പ്രധാന കാരണം. മുൻകൂർ സമാധാനം ഉറപ്പിക്കാൻ ആർക്കും പറ്റില്ല. അസമാധാന – വിഭജന സാധ്യതകൾ എന്നും എവിടെയുമുണ്ട്. ശ്ലീഹന്മാരുടെ കാലത്തു തന്നെ സഭയിൽ നീതി അവഗണിക്കുന്നതും, ഭിന്നതയുണ്ടാകുന്നതായും നാം വായിക്കുന്നു. യവന വിധവമാരെ അവഗണിക്കുന്നതാണ് ഒരിക്കൽ പ്രശ്നമായി മാറിയത് (അ.പ്ര.6:1-7).എന്നാൽ ആദിമ ക്രൈസ്തവ നേതൃത്വം കൂട്ടായി തന്നെ അതിനെ വിവേകപൂർവ്വം പരിഹരിക്കുന്നു. വീണ്ടും പരിച്ഛേദന സംബന്ധിച്ച തർക്കം ഉണ്ടായപ്പോഴും (അ. പ്ര. 15: 1 – 21). അതിന് പരിഹാരം ഉണ്ടായത് കൂട്ടായ അന്വേഷണം വഴിയാകുന്നു. അതുകൊണ്ട് അനീതിയും, തർക്കവുമെല്ലാം ഏത് സമൂഹത്തിലും, സാഹചര്യത്തിലും ഏത് സമയത്തും ഉണ്ടാകാം എന്നതിൻ്റെ സൂചനയാണീ വേദഭാഗങ്ങൾ. തർക്കസാധ്യതകൾ പഴുതിട്ട് അടച്ച് തടഞ്ഞ് ശാശ്വത സമാധാനം സൃഷ്ടിക്കാനാവില്ല. വിവേകമുള്ള നേതൃത്വമാണ് ഓരോ കാലത്തും സമാധാന സൃഷ്ടി നടത്തുന്നത്. സഭയിൽ ശാശ്വത സമാധാനം ഉറപ്പിക്കാനാവില്ല എന്നത് മലങ്കര സഭയുടെ ഇരു വിഭാഗത്തിൻ്റെയും വർത്തമാനകാല അനുഭവമാണ്. അത് ലക്ഷ്യമായി പ്രവർത്തിക്കാൻ സഭ ഓരോസാഹചര്യത്തിലും വിവേകപൂർവ്വം പ്രവർത്തിക്കുക മാത്രമേ സാധിക്കൂ. അതിന് സഭാംഗങ്ങൾ മുഴുവനും ജാഗ്രത പുലർത്തേണ്ടതുമുണ്ട്. ആർച്ച് ബിഷപ് ഫുൾട്ടൻ ജെ ഷീനിൻ്റെ വാക്കുകൾ പ്രസക്തമാണ്.

Who is going to save our Church?
Not our bishops, not our priests and Religious. It’s up to you, the people, you have the minds, the eyes , the ears, to save the church. Your mission is to see that your priests act like priests, your bishops act like bishops and your Religious action like Religious.

വ്യവഹാരവും ഒഴിവാക്കാനാവില്ല. എവിടെയെങ്കിലും നീതി നടക്കാതിരിക്കയും, നിയമങ്ങൾ അവഗണിക്കപ്പെടുകയും, നീതി നിഷേധിക്കപ്പെട്ടവർ തള്ളപ്പെടുകയും ചെയ്യുമ്പോൾ വ്യവഹാരം സ്വാഭാവികമായും ഉണ്ടാകുന്ന പ്രതികരണമാണ്. അതുണ്ടാകണം. ഇവിടെ നിയമത്തിൻ്റെയൊ, സംവിധാനത്തിൻ്റെയൊ കുഴപ്പമല്ല. നീതി വ്യവസ്ഥയ്ക്ക് ക്ഷതമേല്ക്കുകയോ, നീതി സംവിധാനത്തെ തകർക്കുകയൊ നേതാക്കൾ സ്വേച്ഛാദിപതികളാകുകയോ ചെയ്യുന്ന സാഹചര്യത്തിൽ വ്യവഹാരം ഉണ്ടായേ തീരൂ. ശാശ്വത സമാധാനവും, വ്യവഹാര വിമുക്ത സമൂഹവും സൃഷ്ടിക്കപ്പെടുന്നത് സ്നേഹത്തിലും, നീതിയിലും സമൂഹസൃഷ്ടി നടക്കുമ്പോഴാണ്. ഇതിനുവേണ്ടത് ഓരോ സമയത്തും സഭാനേതൃത്വത്തിന് വിവേകം ഉണ്ടാവുകയാണ്. ഇത് ഉറപ്പിക്കാൻ കഴിയുമ്പോഴേ ലക്ഷ്യ ആശയമായ വ്യവഹാര രഹിത സമൂഹവും നിലവിൽ വരൂ. നീതിബോധമുള്ള നേതൃത്വവും ,സ്നേഹവും നീതിയുമുള്ള സമൂഹ സൃഷ്ടിക്കായി അദ്ധ്വാനിക്കുന്ന ജാഗ്രതയുള്ള വിശ്വാസസമൂഹവും നിലവിൽ വരിക മാത്രമാണ് അതിന് വേണ്ടത്. മനുഷ്യന് സൃഷ്ടിക്കാവുന്ന നിത്യമായ ക്രമീകരണമല്ല ശാശ്വത സമാധാനവും, വ്യവഹാര വിമുക്ത സമൂഹവും. അതൊരു dynamic ആയ പ്രക്രിയ ആക്കുവാനേ സാധിക്കൂ. ഏതു സമൂഹത്തിലും അനീതിയും ഭിന്നതയും ഉണ്ടാകുവാനുള്ള സാധ്യത എന്നുമുണ്ട്. അജൈവിക വസ്തുക്കൾകൊണ്ട് സൃഷ്ടിച്ച ഒന്നല്ല ഒരു സമൂഹം. അത് ജൈവ സ്വഭാവം ഉള്ള ഒന്നാണ്. അതുകൊണ്ട് ചരിത്രത്തിൽ മുന്നോട്ടു ഗമിക്കുന്ന ഒരു മത പ്രസ്ഥാനത്തിൽ ഭിന്നതയുണ്ടാകുക സ്വഭാവികം മാത്രം. അനീതി, സ്വാർത്ഥത, സ്വേച്ഛാധികാരം, അധികാരമോഹം എന്നിവ സഭയിലും നേതൃത്വത്തിലും നിലനില്ക്കുന്നിടത്തോളം കാലം ശാശ്വത സമാധാനത്തെ പറ്റിയൊ, വ്യവഹാര സ്വതന്ത്ര സമൂഹത്തെ പറ്റിയൊ, സത്യസന്ധതയുള്ളവർക്ക് പറയാനാവില്ല. സാമൂഹ്യ ശാസ്ത്രം പഠിച്ചവർക്ക് അത് മനസ്സിലാവുകയുമില്ല. ഇതെല്ലാം അവർ പറയുന്നത് സമാധാനം അട്ടിമറിക്കുവാനുള്ള ശ്രമത്തിൻ്റെ ഭാഗമായി മാത്രം കാണേണ്ടതാണ്.

അസമാധാനവും, വിഭാഗീയതയും നിറഞ്ഞ ലോകത്തിൽ അതു നടക്കുമ്പോൾ കാഴ്ചക്കാരാകുവാനല്ല കർത്താവ് പറയുന്നത്. സമാധാനം സൃഷ്ടിക്കുകയാണ് കർതൃശിഷ്യന്മാരുടെ നിയോഗം. അതാരെയും പുറത്താക്കിയൊ, പിൻതള്ളിയൊ അല്ല നേരെ മറിച്ച് സ്നേഹത്തിൻ്റെയും, സഹിഷ്ണുതയുടെയും, നീതിയുടെയും, കരുതൽ വ്യാപരിക്കുന്ന സമൂഹം സൃഷ്ടിച്ച് സകലരെയും ഉൾക്കൊണ്ട് നീതിയുടെ പുന:സൃഷ്ടി നടത്തിയാണ്. ആ സമാധാന സ്ഥാപനത്തിനുള്ള നിയോഗമാണ് നമുക്കുള്ളത്. ഭിന്നത ഉണ്ടാക്കിയ മുറിവുകൾ സൗഖ്യമാക്കി നിരപ്പും കൂട്ടായ്മയും സൃഷ്ടിച്ചാണ് അത് നടത്തുന്നത്. അങ്ങനെ ചെയ്ത് അനുഗ്രഹിതരാകുന്നതാണ് കർതൃനിയോഗം .ക്രിസ്തു സഭയ്ക്ക് നൽകിയ സമാധാനം ഓരോ കാലത്തും രൂപപ്പെടുമ്പോൾ അവിടെ ഐക്യത്തിൻ്റെ സമാധാനത്തിൻ്റെ പുനർനിർമ്മാണമാണ് നടക്കുന്നത്. ഭിന്നത സൃഷ്ടിക്കുന്നത് ആത്യന്തികമായി സമൂഹത്തിൽ/സഭയിൽ ഭരണ കർതൃത്വം കൈകാര്യം ചെയ്യുന്നവരുടെ വീക്ഷണരാഹിത്യവും, സ്വാർത്ഥതയുമെല്ലാമാണ്. അതാണ് മലങ്കര സഭയുടെ ചരിത്രത്തിൽ നടന്നുവന്നത്. ഇപ്പോൾ നടക്കുന്നതും. സമാധാനം നൃഷ്ടിക്കുന്നതും നിലനില്ക്കുന്നതും, വിവേകവും, സന്മനസും, ഭാവിചിന്തയും ധൈര്യവും നേതൃത്വഗുണത്തിന് ഉണ്ടാകുമ്പോഴാണ്. അതിനുള്ള മാതൃകയാണ് യരൂശലേം സഭാ സമൂഹത്തിൽ നാം കാണുന്നത് (അ. പ്ര.6 :1-7,15: 1 – 17). പലപ്പോഴും ഇവ സൃഷ്ടിക്കേണ്ടവരാണ് ഭിന്നത സൃഷ്ടിക്കുന്നതും, ഐക്യത്തിനുള്ള വഴി അടയ്ക്കുന്നതും. ആത്മാർത്ഥതയും, നീതിബോധവും, നേതൃത്വഗുണവും നേതാക്കന്മാർക്ക് ഉണ്ടാവുകയാണ് ഐക്യവും സമാധാനവും ആർജ്ജിക്കുവാനുള്ള മാർഗ്ഗം. ഐക്യത്തിനുള്ള സമ്മർദ്ദം സഭയിൽ സൃഷ്ടിക്കപ്പെടണം. അപ്പോൾ സമാധാനം രൂപപ്പെടും.