മുംബൈ: ബ്രാൻഡിങ് വിദഗ്ധൻ കോട്ടയം വേളൂർ കൊണ്ടക്കേരിൽ കുര്യൻ മാത്യൂസ് (59) മുംബൈയിൽ അന്തരിച്ചു. സംസ്കാരം അവിടെ നടത്തി.
അനുസ്മരണ ശുശ്രൂഷ ഞായറാഴ്ച (8/10/2023) രാവിലെ 8.30നു വി. കുർബാനയെ തുടർന്ന് 11മണിക്ക് കോട്ടയം പുത്തൻ പള്ളിയിൽ നടത്തും.
പരസ്യ മേഖലയിലെ ശ്രദ്ധേയ സ്ഥാപനമായ മെറ്റൽ കമ്യൂണിക്കേഷൻസ് ചെയർമാനും മാനേജിങ് ഡയറക്ടറുമാണ്.
പരസ്യ ബ്രാൻഡിങ് മേഖലയിൽ മൂന്നര പതിറ്റാണ്ടിലേറെ പ്രവർത്തന പരിചയമുള്ള കുര്യൻ മാത്യൂസ് ബ്രാൻഡ് സ്ട്രാറ്റജി, ഡിജിറ്റൽ മാർക്കറ്റിങ് മേഖലകളിൽ വൈദഗ്ധ്യം തെളിയിച്ചിട്ടുണ്ട്. സോണി, നിവിയ, ലിംക, അമുൽ, സാംസനൈറ്റ്, ബജാജ് അലയൻസ്, ഇലക്ട്രലക്സ് തുടങ്ങിയ വൻകിട ബ്രാൻഡുകളുടെ പ്രചാരണത്തിൽ നിർണായക പങ്കു വഹിച്ചിട്ടുണ്ട്.
1988-ൽ കുര്യൻ മാത്യൂസിന്റെ കൂടി പങ്കാളിത്തത്തിൽ തുടങ്ങിയ ആന്തം കമ്യൂണിക്കേഷൻസ് പിന്നീട് രാജ്യാന്തര പരസ്യ ഏജൻസിയായ ടിബിഡബ്ല്യുഎയിൽ ലയിപ്പിച്ചു. 350 ജീവനക്കാരും വിവിധ നഗരങ്ങളിൽ ഓഫിസുകളു മായി രാജ്യത്തെ ഏറ്റവും വലിയ പരസ്യ സ്ഥാപനങ്ങളിലൊന്നായി ടിബിഡബ്ല്യുഎ വളർന്നു. അഡ്വർടൈസിങ് ഏജൻസീസ് അസോസിയേഷൻ ഓഫ് ഇന്ത്യ മാനേജിങ് കമ്മിറ്റി അംഗമായിരുന്നു. സിറ്റിസൻസ് ഫോർ പീസ്, ദ് സുഭാഷ് ഘോഷാൽ ഫൗണ്ടഷൻ എന്നിവയുടെ ട്രസ്റ്റിയായും പ്രവർത്തിച്ചു. ഇവാൻ ആർതറുമാ യി ചേർന്ന് ബാൻഡ്സ് അണ്ടർ ഫയർ’ എന്ന പുസ്തകവും രചിച്ചു.
ഭാര്യ: അഞ്ജു (എച്ച്ആർ, ഒംനികോം മീഡിയ).
മക്കൾ: നൈന (ന്യൂഡൽഹി), അമൻ (ലണ്ടൻ)
മരുമക്കൾ: ആയുഷ്, റിയ